എന്തുകൊണ്ടാണ് അഫ്ഗാനിസ്ഥാൻ ഫാത്തിമാ മാതാവിന് സമർപ്പിക്കപ്പെട്ടിരിക്കുന്നത്?

1933 -ൽ കാബൂളിലെ ഇറ്റാലിയൻ എംബസിയിൽ ഒരു ചാപ്പൽ നിർമ്മിച്ചു. എന്നാൽ ഔദ്യോഗിക കണക്കുകൾ പ്രകാരം അഫ്ഗാനിസ്ഥാനിലെ തദ്ദേശീയ ക്രൈസ്തവരുടെ എണ്ണം ‘പൂജ്യം’ ആണ്. വിദേശികളായ കത്തോലിക്കാ വിശ്വാസികൾക്ക് ഈ ചാപ്പൽ ശക്തമായ ആത്മീയസാന്നിധ്യമാണ്. ഏവരും ഇവിടെയെത്തി സമാധാനത്തിനായി പ്രാർത്ഥിക്കുന്നു.

ചാപ്പലിലെ വൈദികനായ ഫാ. ജിയോവാന്നി സ്കെലെസ് 2017 -ൽ അഫ്ഗാനിസ്ഥാൻ, ഫാത്തിമ മാതാവിനും അവിടുത്തെ വിമലഹൃദയത്തിനും സമർപ്പിക്കുകയുണ്ടായി. “ഓരോ ദിവസവും സ്ഥിതി കൂടുതൽ വഷളായിക്കൊണ്ടിരിക്കുന്നതിനാലാണ് ഈ സമർപ്പണം നടത്തിയത്. അവസാന പ്രതീക്ഷയെന്ന നിലയിൽ സ്വർഗ്ഗമാണ് ആശ്രയം. ഫാത്തിമാ ദർശനത്തിന്റെ നൂറാം വാർഷികം ആഘോഷിക്കുന്ന ഈ വേളയിൽ ഫാത്തിമാ മാതാവിനും അവിടുത്തെ വിമലഹൃദയത്തിനുമായി സമർപ്പിക്കുന്നത് നന്നായിരിക്കുമെന്നു തോന്നി.

അതുപോലെ തന്നെ റഷ്യയിലെ കമ്മ്യൂണിസ്റ്റ് ഭരണം അവസാനിച്ചപ്പോൾ കൂടുതൽ ആളുകൾ വിശ്വാസത്തിലേക്ക് വന്നതും പരിശുദ്ധ അമ്മയ്ക്കായി സമർപ്പിക്കപ്പെട്ടതിനു ശേഷമാണ്. ഫാത്തിമയിൽ പ്രത്യക്ഷപ്പെട്ട സമയത്ത് പരിശുദ്ധ അമ്മ, അമ്മയ്ക്കായി പ്രത്യേക സമർപ്പണം നടത്തുമ്പോൾ നൽകപ്പെടുന്ന വലിയ സമാധാനത്തെക്കുറിച്ച് വിശദമാക്കിയിരുന്നു” – ഫാ. ജിയോവാന്നി പറഞ്ഞു.

എല്ലാത്തിനും ഉപരിയായി ഫാത്തിമ മാതാവിനോട് ജപമാല ചൊല്ലി പ്രാർത്ഥിക്കുവാനും അദ്ദേഹം ആഹ്വാനം ചെയ്തു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.