ദൈവം പാപികളെ കൂടുതല്‍ സ്‌നേഹിക്കുന്നത് എന്തുകൊണ്ടാണ് ?

ദൈവത്തിന് പാപികളെയാണ് കൂടുതലിഷ്ടമെന്ന് നാം പറഞ്ഞു കേട്ടിട്ടുണ്ടല്ലോ. നീതിമാന്മാരെയല്ല, പാപികളെ വിളിക്കാനാണ് താന്‍ വന്നിരിക്കുന്നതെന്ന് ക്രിസ്തു വചനത്തിലൂടെ പറയുകയും ചെയ്തിട്ടുണ്ട്. എന്നാല്‍, ഇത്തരത്തില്‍ ദൈവം പാപികളെ കൂടുതല്‍ സ്‌നേഹിക്കാനുള്ള കാരണമെന്തെന്ന് ചിന്തിച്ചിട്ടുണ്ടോ?

ദൈവം ആരെയാണ് സ്‌നേഹിക്കുന്നത് എന്ന് വ്യക്തമാക്കുന്ന തിരുവചന ഭാഗമാണ് റോമ അഞ്ചാം അധ്യായം എട്ടാം വാക്യം. അവിടെ നാം വായിക്കുന്നത് ഇപ്രകാരമാണ്: ‘എന്നാല്‍ നാം പാപികളായിരിക്കെ ക്രിസ്തു നമുക്കുവേണ്ടി മരിച്ചു. അങ്ങനെ നമ്മോടുള്ള തന്റെ സ്‌നേഹം ദൈവം പ്രകടമാക്കിയിരിക്കുന്നു.’

വിശുദ്ധരെ സ്‌നേഹിക്കാന്‍ എളുപ്പമാണ്. പക്ഷേ പാപികളെ സ്നേഹിക്കാന്‍ ബുദ്ധിമുട്ടാണ്. ഈ തിരുവചനത്തിലെ ‘ആയിരിക്കെ’ എന്നതാണ് നാം കൂടുതല്‍ ശ്രദ്ധിക്കേണ്ടത്. ‘നാം പാപികളായിരിക്കെ ദൈവം നമ്മെ സ്‌നേഹിച്ചു.’

ലോകത്തില്‍ വിലമതിക്കപ്പെടുന്നവര്‍ക്കു വേണ്ടി എന്തെങ്കിലും ചെയ്യാന്‍ ഒരുപാടു പേരുണ്ടാവും. പക്ഷേ ആരുമല്ലാത്തവര്‍ക്കു വേണ്ടി എന്തെങ്കിലും ചെയ്യാന്‍ എത്ര പേര്‍ തയ്യാറാവും? എന്നാല്‍ യേശുക്രിസ്തു നമുക്കുവേണ്ടി മരിച്ചത്, ജീവന്‍ നല്കിയത് നാം പാപികളായതു കൊണ്ടാണ്. അല്ലാതെ വിശുദ്ധരായതു കൊണ്ടല്ല. അതുകൊണ്ട് തിരിച്ചറിയണം. ഞാന്‍ പാപിയും ബലഹീനനും ആയതു കൊണ്ടാണ് ക്രിസ്തു എന്നെ സ്‌നേഹിച്ചതെന്ന്. അതുപോലെ തന്നെ പാപികളും ബലഹീനരുമായവരെ തേടിപ്പിടിച്ച് സ്‌നേഹിക്കാന്‍ നാം തയ്യാറാവുകയും വേണം.