എന്തിനാണ് നിങ്ങൾ കുമ്പസാരക്കൂടിനെ ആക്രമിക്കുന്നത്?

ഫാ. ക്ലീറ്റസ് കാരക്കാടൻ

ഈ അടുത്തകാലത്തായി വളരെയധികം ആക്രമിക്കപ്പെടുന്ന ഒരുകൂദാശയാണ്‌ കത്തോലിക്കാസഭയിലെ വിശുദ്ധ കുമ്പസാരം. തലങ്ങും വിലങ്ങും ഒളിഞ്ഞും തെളിഞ്ഞും നിരന്തരം കൂമ്പസാരക്കൂടുകൾ ആക്രമണത്തിന് വിധേയമാകുന്നതിന്റെ പ്രധാനകാരണം ആ കൂദാശയുടെ അവർണ്ണനീയവും മനുഷ്യബുദ്ധിക്ക്‌ അഗ്രാഹ്യവുമായ മഹത്വം തന്നെ!

ഒരു കത്തോലിക്കാ വിശ്വാസിയായിരിക്കുന്നതിലെ ഏറ്റവും പ്രധാനപ്പെട്ട സവിശേഷത ഒരു പാപിക്ക്‌ ജീവിതനവീകരണത്തിന്‌ രണ്ടാമത് ഒരവസരം – ഒരു സെക്കന്റ്‌ ചാൻസ്‌ ഉണ്ടെന്ന സഭയുടെ പ്രബോധനം തന്നെയാണ്‌. ജീവിതമാകുന്ന പുസ്തകത്തിന്റെ വെണ്മ നിറഞ്ഞ താളുകളിൽ തിന്മകളാകുന്ന അക്ഷരപിശകുകൾ നിറഞ്ഞ്‌ കേടുപാടുകളും മലിനവുമായ ഏടുകളെ പിഴുതെറിഞ്ഞ്‌ പുതിയ വെളുത്ത താളുകൾ തുന്നിച്ചേർക്കുന്ന ഒരു ആത്മീയ പണിശാലയാണ് കുമ്പസാരക്കൂട്‌.

കുമ്പസാരക്കൂടിന്റെ നിശബ്ദതയിൽ മനസ്സിന്റെ നഗ്നത തുറന്നുകാട്ടുവാൻ, അനുതാപത്തിന്റെ കണ്ണീരൊഴുക്കി കടന്നുവരുന്ന ഒരാൾ കടന്നുപോകുന്ന ആത്മസന്തോഷത്തിന്റെ വഴികൾ മനുഷ്യന്റെ വീഴ്ചകളെ പൊലിപ്പിച്ചു കാണിച്ച് കാശുണ്ടാക്കാനിരിക്കുന്നവർക്ക്‌ മനസ്സിലാകുന്ന ഒന്നല്ല. അതറിയാൻ സ്വന്തം മനഃസാക്ഷിയിലേക്ക്‌ ഒന്നു തിരിഞ്ഞുനോക്കി പാപം എന്തെന്ന് തിരിച്ചറിയണം. അനുതാപം എന്തെന്ന് തിരിച്ചറിയണം. ഈ ലോകജീവിതത്തിന്റെ നൈമിഷീകതയും നിത്യജീവിതത്തിന്റെ മഹത്വവും തിരിച്ചറിയണം. കുമ്പസാരം എന്തെന്നറിയണം.

കഴിഞ്ഞ പത്തൊൻപതു വർഷമായി കുമ്പസാരക്കൂട്‌ എന്റെ ജീവിതത്തിന്റെ അവിഭാജ്യ ഘടകമാണ്‌. ക്രിസ്തുവിന്റെ സീമകളില്ലാത്ത കാരുണ്യം തേടിപ്പോയ അനുതാപിയായ പാപിയായി കുമ്പസാരക്കൂട്ടിൽ മുട്ടുകുത്തിയും ക്രിസ്തുവിന്റെ വ്യവസ്ഥകളില്ലാത്ത സ്നേഹം തേടിവന്ന പശ്ചാത്താപത്തിന്റെ കണ്ണീർ പൊഴിച്ച പാപിക്കു മുന്നിൽ മറ്റൊരു ക്രിസ്തുവായി കുമ്പസാരക്കൂടിന്റെ മറുവശത്തിരുന്നും ആ കാരുണ്യവും ക്ഷമയും സാന്ത്വനവും അനുഭവിച്ചും പകർന്നുനൽകിയും കടന്നുപോയ നീണ്ടവർഷങ്ങൾ എന്റെ ജീവിതത്തിലെ ഏറ്റവും വലിയ ഭാഗ്യമാണ്‌. കുമ്പസാരക്കൂട്ടിൽ കാതുകൾ സാകൂതം തുറന്നുവച്ച്‌ ശിരസ്സു താഴ്ത്തി അതീവശ്രദ്ധയോടെ പാപിയെ ശ്രവിക്കുവാൻ ക്രിസ്തുവിന്റെ മനോഭാവത്തോടെയിരിക്കുമ്പോൾ എന്നും എന്റെ മനസ്സ്‌ പിടയ്ക്കാറുണ്ട്‌. ഈ മഹത്വപൂർണ്ണമായ കൂദാശ പരികർമ്മം ചെയ്യുവാൻ ഞാൻ യോഗ്യനാണോ? എന്നു ചോദിക്കാത്ത ഒരു കുമ്പസാരവും ഇന്നുവരെ എന്റെ ജീവിതത്തിലുണ്ടായിട്ടില്ല. അപ്പോഴെല്ലാം ഉള്ളിൽ പ്രതിധ്വനിക്കുന്ന ഒരു ആത്മനിമന്ത്രണമുണ്ട്‌. നീ ക്രിസ്തുവാണ്‌… മറ്റൊരു ക്രിസ്തു.

ഇന്ന്, ക്രിസ്തുവിനു വേണ്ടത്‌ നിന്നെയാണ്‌. പാപിയെ ശ്രവിക്കുവാൻ നിന്റെ കാതുകളും ആശ്വസിപ്പിക്കുവാൻ നിന്റെ വാക്കുകളും കരം നീട്ടി അനുഗ്രഹിക്കുവാൻ നിന്റെ കൈകളും – അതുകൊണ്ട്‌ നീ ക്രിസ്തുവാകുക; മറ്റൊരു ക്രിസ്തു. ആ ആത്‌മവിശ്വാസത്തിന്റെ കരുത്തിൽ എന്റെ അയോഗ്യതകളുടെ പൂർണ്ണ അവബോധത്തിൽ ക്രിസ്തുവായി രൂപാന്തരപ്പെട്ട്‌ കുമ്പസാരക്കൂട്ടിലിരുന്നപ്പോൾ ഞാൻ ഇന്നുവരെ കേട്ടത്‌ പൊട്ടിച്ചിരികളായിരുന്നില്ല; തേങ്ങിക്കരച്ചിലുകളായിരുന്നു. ആരോടും ഇന്നുവരെ പറയാത്ത ഹൃദയവ്യഥകളുടെ ഭാണ്ഡക്കെട്ടുകൾ ഇറക്കിവയ്ക്കുമ്പോൾ, ആരോടും പറയാനാവാത്ത അരുതായ്മകളുടെ കുത്തൊഴുക്കിൽ ജീവിതം മലിനമാക്കപ്പെട്ടതിന്റെ പാപഭാരങ്ങൾ ഇറക്കിവയ്ക്കുമ്പോൾ, അനുതാപിയോടൊപ്പം എന്റെയും നെഞ്ചുപൊട്ടുന്നത്‌-ഉള്ളം പൊള്ളുന്നത്‌-കണ്ണു നിറയുന്നത്‌ മാത്രമായിരുന്നു എന്റെ അനുഭവം.

അപ്പോഴൊന്നും ടി.വി. ചാനലുകളിലെ കോമാളികൾ കാണിച്ചുകൂട്ടുന്ന സംസ്കാരമില്ലായ്മ നിറഞ്ഞ വിക്രിയകളുടെ ലാഞ്ചന പോലും എന്റെ മനസ്സിലുണ്ടായിരുന്നില്ല. കാരണം, കുമ്പസാരക്കൂട്ടിൽ നടക്കുന്നത്‌ കരുണ നിറഞ്ഞ ക്രിസ്തുവും അനുതാപിയായ പാപിയും തമ്മിലുള്ള ആത്മസംഭാഷണമാണ്‌. ആ കുമ്പസാരക്കൂട് നൽകിയ പുനർജന്മത്തിന്റെ ശക്തിയാൽ നിരർത്ഥകമായി നശിച്ചുപോയേക്കാമായിരുന്ന ജീവിതങ്ങളെ തിരിച്ചുപിടിച്ച കോടിക്കണക്കിനു മനുഷ്യര്‍ ഇന്നും ഈ ഭൂമിയിൽ ജീവിക്കുന്നു. അവരുടെ കണ്ണുകളിൽ നിന്നും  ഉതിർന്നുവീണ അനുതാപക്കണ്ണീരാൽ നനഞ്ഞ കുമ്പസാരക്കൂടുകൾ ഈ ഭൂമിയിലുള്ളിടത്തോളംകാലം ഒരു കോമാളികളുടെയും വക്രബുദ്ധിക്ക്‌ എടുത്തുകളയാനാവില്ല ഈ കുമ്പസാരക്കൂടിന്റെ വിശുദ്ധി.

ഫാ. കാരക്കാടൻ