ജലത്തിൽ പേരെഴുതപ്പെട്ടവർ

ജി. കടൂപ്പാറയിൽ

ജി. കടൂപ്പാറയിൽ

വർഷങ്ങൾക്ക്  മുൻപ് നടന്ന സംഭവമാണ്. കൃത്യമായി പറഞ്ഞാൽ 2009 മാർച്ചു മാസത്തിൽ. അന്ന് റോമിലായിരുന്നു. നിത്യ നഗരം എന്ന് വിളിക്കപ്പെടുന്നയിടം. ചിത്രകാരനും എഴുത്തുകാരനും സഹ വൈദികനും ആയ മാത്യു മണ്ണടയെ റോമിന്റെ പ്രധാന കാഴ്ചകൾ കാണിക്കാനുള്ള യാത്രയിലാണ്. വത്തിക്കാൻ, കൊളോസിയം, മരിയ മേജ്ജോറ, പാന്തയോൺ, ഫോന്താനാ ദി ട്രേവി അങ്ങനെയുള്ള സ്ഥലങ്ങളെല്ലാം പിന്നിട്ടു. വി. പൗലോസിന്റെ പേരിലുള്ള ബസിലിക്കയിലേയ്ക്ക് പോകുന്ന വഴിയാണ് റോമിലെ പിരമിഡ്. സേഷ്യസിന്റെ പിരമിഡ് (Pyramid of Cestius) എന്നാണ് ഇതിന്റെ പേര്. ബി.സി. 18 – 12 കാലയളവിൽ പണികഴിപ്പിക്കപ്പെട്ടു എന്ന് കരുതപ്പെടുന്നു. റോമിലെ രണ്ട് പുരാതന പാതകളായ വിയ ഒസ്തിഎന്സിസും വിയ മാർമൊരാത്തയും ചേരുന്ന ഇടത്താണ് ഇത്. ഈ പിരമിഡിനോട് ചേർന്നാണ് റോമിലെ പ്രൊട്ടസ്റ്റന്റ് സെമിത്തേരി. ഇംഗ്ലീഷ്‌കാരുടെ സെമിത്തേരി എന്നും ഇത് അറിയപ്പെടുന്നു. 

ഞങ്ങൾ പിരമിഡിന്റെ സമീപത്തു എത്തിയപ്പോൾ മഴ തുടങ്ങി. കൈയിൽ കുട കരുതിയിട്ടില്ല. ചെറിയ ചാറ്റൽ മഴയാണ്. അത് വക വയ്ക്കാതെ നടക്കാം എന്ന് തീരുമാനിച്ചു. നടന്നു തുടങ്ങി. പ്രൊട്ടസ്റ്റന്റ് സെമിത്തേരിയുടെ മതിലിനോട് ചേർന്നാണ് നടന്നിരുന്നത്. ഉയരമുള്ള മതിലാണ്. മഴ കാരണം നടക്കാനും മറ്റു സ്ഥലങ്ങൾ കാണാൻ പോകാനും ഉള്ള താല്പര്യം കൂടി ഇല്ലാതായി. അങ്ങനെ നടക്കുമ്പോൾ സിമിത്തേരിയുടെ മതിലിൻറെ ഇടയിൽ ഒരു വിടവ് കണ്ടു. അതിലൂടെ അകത്തേയ്ക്ക് നോക്കിയാൽ ചില കല്ലറകൾ കാണാം. വെറുതെ നോക്കി. ചാറ്റൽ മഴയ്ക്കിടയിലൂടെ ഒരു കല്ലറയിൽ എഴുതി വച്ചിരിക്കുന്നത് കണ്ണിൽ തടഞ്ഞു. പണ്ടെവിടെയോ വായിച്ചിട്ടുള്ള വാക്യം! ഒന്നുകൂടി നോക്കി. ആദ്യം വായിച്ചത് ശരി തന്നെ. അതെ വാക്യം – Here lies One / Whose Name was writ in Water – ജലത്തിൽ പേരെഴുതപ്പെട്ട ഒരുവൻ ഇവിടെ ശയിക്കുന്നു! ഇംഗ്ലീഷ് കാല്പനിക കവി ജോൺ കീറ്റ്സിന്റെ കബറിടത്തിൽ എഴുതിയിരിക്കുന്ന വാക്യമാണല്ലോ ഇത് എന്ന് മനസ് പറഞ്ഞു. ബ്രിട്ടീഷുകാരനായ കവിയുടെ കബറിടം എങ്ങനെയാണ് ഇവിടെ ഇറ്റലിയിൽ? സംശയമായി. സെമിത്തേരിയുടെ ഉള്ളിൽ പ്രവേശിച്ചു സംശയം തീർക്കാം എന്ന് തീരുമാനിച്ചു. മുൻപോട്ടു നടന്ന് പ്രധാന കവാടത്തിൽ എത്തിയപ്പോൾ അത് പൂട്ടിയിരുന്നു. അവധി ദിവസമാണ്! അതോടെ തിരിച്ചു നടന്നു. കീറ്റ്സ്, ശവകുടീരം, സ്‌കൂളിൽ പഠിച്ച കവിതകൾ, രാപ്പാടിയോടുള്ള ഗീതം (Ode to Nightingale)… മനസ്സിൽ ആയിരം ചിന്തകൾ! 

 വൈകിട്ട് ‘വിയ കാസലീന’യിലെ ‘ഒബ്ലാത്തി ഡി മരിയ വെർജിൻ’ സന്യാസ സമൂഹം നടത്തുന്ന ഹോസ്റ്റലിൽ എത്തി. അവിടെയാണ് റോമിൽ ചിലവഴിച്ച അഞ്ചു വർഷവും താമസിച്ചിരുന്നത്. സ്വന്തം മുറിയിൽ എത്തിയപ്പോൾ ആദ്യം ചെയ്തത് ഇന്റർനെറ്റ് ഓണാക്കി ജോൺ കീറ്റ്സിനെക്കുറിച്ചു സെർച്ച് ചെയ്യുക എന്നതായിരുന്നു. വായിച്ചു തുടങ്ങി. 

“കാല്പനിക കവികളിൽ ഏറ്റവും ഒടുവിൽ ജനിച്ചതും എന്നാൽ ഏറ്റവും ചെറിയ പ്രായത്തിൽ മരിച്ചതുംജോൺ കീറ്റ്സാണ്. അദ്ദേഹത്തിന്റെ അന്ത്യകാലം ചെലവഴിച്ചത് റോമിലായിരുന്നു!” എന്റെ ഹൃദയം കൂടുതൽ മിടിക്കാൻ തുടങ്ങി. വർധിച്ച ആകാംഷയോടെ വായന തുടർന്നു. 

“റോമിലെത്തിയ കീറ്റ്സ് അവിടത്തെ സ്പാനിഷ് മേഖലയിലെ ഒരു വീട്ടിൽ താമസമാക്കി. ക്ഷയരോഗം അദ്ദേഹത്തെ വല്ലാതെ അലട്ടിയിരുന്നു. ഇപ്പോൾ റോമിലെ കീറ്റ്സ്-ഷെല്ലി മ്യൂസിയമാണ്‌ ആ വീട്. സുഹൃത്ത് സെവേണും  ഡോക്ടർ ജോൺ ക്ലാർക്കുമായിരുന്നു അദ്ദേഹത്തെ ശുശ്രൂഷിച്ചിരുന്നത്. എങ്കിലും അദ്ദേഹത്തിന്റെ ആരോഗ്യം അടിക്കടി വഷളായി. 1821- ന്റെ തുടക്കത്തിൽ രോഗാവസ്ഥ കൂടുതൽ മോശമായി. അദ്ദേഹത്തെ ശുശ്രൂഷിച്ചുകൊണ്ടിരുന്ന സെവേൺ ഇങ്ങനെ എഴുതുന്നു: കീറ്റ്സ് പൂർണ്ണമായും വിറയ്ക്കുകയായിരുന്നു. മരണം അദ്ദേഹത്തെ സമീപിക്കുകയായിരുന്നു. എന്ന് എനിക്ക് മനസിലായി. കീറ്റ്സ് പറഞ്ഞു;  ‘സെവേൺ എന്നെ താങ്ങുക, ഞാൻ മരിക്കുകയാണ്. അത് എളുപ്പമാകട്ടെ. ഭയപ്പെടരുത്. ഉറച്ചു നിൽക്കുക. ദൈവത്തിന് നന്ദി പറയുക. ഇതാ അത് സമീപിച്ചിരിക്കുന്നു.’ ഞാൻ അദ്ദേഹത്തെ കൈകളിൽ ഉയർത്തി. പതുക്കെ, നിശബ്ദതയിൽ അദ്ദേഹം മരണത്തിലേയ്ക്ക് നടന്നു കയറി. അദ്ദേഹം ഉറങ്ങുകയാണ് എന്നാണ് ഞാൻ വിചാരിച്ചത്.” അന്ന് 1921 ഫെബ്രുവരി 23 ആയിരുന്നു. തന്റെ 25 – മത്തെ വയസിൽ ജോൺ കീറ്റ്സ് റോമിൽ വച്ച് മരിച്ചു.”  

മരണം റോമിൽ വച്ചാണ്. അങ്ങനെയെങ്കിൽ സംസ്ക്കാരവും ഇവിടെത്തന്നെയായിരിക്കണമല്ലോ. വായന തുടർന്നു. 

“റോമിലെ പ്രൊട്ടസ്റ്റന്റ് സെമിത്തേരിയിലാണ് അദ്ദേഹത്തെ സംസ്ക്കരിച്ചിരിക്കുന്നത്. ചരമ ഫലകത്തിൽ ഇങ്ങനെ രേഖപ്പെടുത്തിയിരിക്കുന്നു; ഈ കല്ലറയിൽ യുവാവായ ഒരു ഇംഗ്ലീഷ് കവിയുടെ ഭൗതികശരീരമാണ്‌. മരണശയ്യയിൽ, ശത്രുക്കളുടെ ദുഷ്ടശക്തി ഓർത്തുള്ള കയ്പ്പു നിറഞ്ഞ വേദനയിൽ , ഈ വാക്കുകൾ തന്റെ ചരമഫലകത്തിൽ എഴുതി വയ്ക്കാൻ അദ്ദേഹം നിർദ്ദേശിച്ചു: ജലത്തിൽ പേരെഴുതപ്പെട്ടവൻ ഇവിടെ ശയിക്കുന്നു. 24 ഫെബ്രുവരി 1821. കീറ്റ്സിന്‌ ഇഷ്ടപ്പെടുമായിരുന്നു എന്നു പറഞ്ഞ് അദ്ദേഹത്തിന്റെ സുഹൃത്ത്‌  ക്ലാർക്ക് സംസ്‌കരിച്ച  ഇടത്തിനു ചുറ്റും ഡെയിസിച്ചെടികൾ വച്ചു പിടിപ്പിക്കാൻ ഏർപ്പാടാക്കി. കീറ്റ്സിന്റെ സംസ്കാരസമയത്ത് ഒരു വയൽ മാത്രമായിരുന്ന സിമിത്തേരിയുടെ പഴയ ഭാഗത്ത് ഇപ്പോൾ, പൈൻ മരങ്ങളും റോസ് ചെടികളും വയലറ്റ് പൂക്കളും നിറഞ്ഞിരിക്കുന്നു.”

ശരിയാണ്, കണ്ടത് കീറ്റ്സിന്റെ ശവകുടീരമാണ്! ശ്രവിച്ച സംഗീതം മധുരമാണ്, ശ്രവിക്കാനിരിക്കുന്നത് അതീവ മധുരതരവും എന്നെഴുതിയ ജോൺ കീറ്റ്സ്. കീറ്റ്സിന്റെ മാത്രമല്ല ഷെല്ലിയുടെയും ശവകൂടീരം അവിടെത്തന്നെയാണ്! ‘ഒസിമാൻഡിയസ്’, ‘ഓഡ് ടു ദ വെസ്റ്റ് വിൻഡ്’, ‘വാനമ്പാടിയോട്’ എന്നീ മനോഹര കാവ്യങ്ങൾ എഴുതിയ പി.ബി. ഷെല്ലി! 

പിറ്റേന്ന് സെമിത്തേരി തുറക്കുന്ന സമയം വെബ്സൈറ്റിൽ കണ്ടുപിടിച്ചു. ഗേറ്റ് തുറക്കും മുൻപേ അവിടെയെത്തി. ആദ്യം കീറ്റ്സിന്റെ ശവകുടീരത്തിൽ എത്തി. ജലത്തിൽ പേരെഴുതപ്പെട്ടവൻ ഇവിടെ ശയിക്കുന്നു എന്ന വാക്യം വീണ്ടും വീണ്ടും വായിച്ചു. പിന്നീട് ഷെല്ലിയുടെ കല്ലറയിൽ എത്തി. ചുറ്റും നോക്കി. എല്ലാം ശവകുടീരങ്ങളാണ്. ജീവനുള്ള ആരും അവിടെയെങ്ങും ഇല്ല. എല്ലാവരും ജലത്തിൽ പേരെഴുതിക്കപ്പെട്ടവരായിരുന്നു. എഴുതി മുഴുവിക്കും മുൻപേ, മാഞ്ഞുപോയവർ. എഴുതാൻ ശ്രമിച്ച വെള്ളവും ഒഴുകിപോവുകയോ വറ്റിപ്പോകുകയോ ചെയ്തിട്ടുണ്ട്.

കരയുന്ന മാലാഖയുടെ (Angel of Grief or the Weeping Angel) രൂപവും ഈ സെമിത്തേരിയിലാണ്. 1894 – ൽ വില്യം വെറ്റ് മോർ സ്റ്റോറി എന്ന ശില്പി തന്റെ ഭാര്യയുടെ ഓർമ്മയ്ക്കായി നിർമ്മിച്ചതാണ് ഇത്. ‘ജീവിതത്തിന്റെ തകർന്ന അൾത്താരയിൽ കരയുന്ന സങ്കടത്തിന്റെ മാലാഖ’ (The Angel of Grief Weeping Over the Dismantled Altar of Life) എന്നാണ് നിർമ്മിച്ച ശില്പി ഈ കലാശില്പത്തെ വിളിക്കുന്നത്.  

പ്രിയപ്പെട്ടവർ മരിക്കുമ്പോൾ, അവരെ സ്നേഹിക്കുന്നവർക്ക് തങ്ങളുടെ ജീവിതത്തിന്റെ അൾത്താരകളിൽ തളർന്ന് വീണു കരയാനല്ലാതെ പിന്നെന്തിനാണ് സാധിക്കുന്നത്. സങ്കടത്തിന്റെ മാലാഖാമാരായി അവർ മാറുന്നു. ജീവിതത്തിൽ ഒരിക്കലെങ്കിലും വീപ്പിങ് ഏഞ്ചൽ ആയി മാറാത്തവർ ആരുണ്ട്?

മാറ്റമില്ലാത്തത്‌ മരണമാണ് എന്ന് ചിലർ പറയാറുണ്ട്. ഒരു പരിധിവരെ അത് ശരിയാണ് താനും. എല്ലാം മാറും. മരങ്ങളും പൂക്കളും പുഴകളും മലകളും മഞ്ഞും വെയിലും മാറും. മനുഷ്യരും മൃഗങ്ങളും എല്ലാ ജീവജാലങ്ങളും മാറും. മരണം മാത്രം മാറ്റമില്ലാതെ എല്ലാവരെയും പിന്തുടരും. എല്ലാവരും ജലത്തിൽ പേരെഴുതിക്കപ്പെട്ടവർ ആണ്.

മലയിഞ്ചിപ്പാറ മാർ സ്ലീവാ പള്ളിയുടെ സെമിത്തേരിയിലെ എന്റെ ചാച്ചന്റെ കല്ലറയുടെ മുൻപിലും പാലാ ളാലം പഴയപള്ളിയുടെ 329 നമ്പർ കല്ലറയിൽ അടക്കം ചെയ്തിരിക്കുന്ന എന്റെ ചേച്ചിയുടെ അടുത്തും നിൽക്കുമ്പോൾ എന്റെ മനസിൽ വരുന്നത് ജലത്തിൽ പേരെഴുതിക്കപ്പെട്ടവർ എന്നല്ല, ഹൃദയങ്ങളിൽ പേരെഴുതിക്കപ്പെട്ടവർ എന്നാണ്. പ്രിയപ്പെട്ടവരുടെ ഹൃദയങ്ങളിൽ പേരെഴുതിക്കപ്പെട്ടവർ! ആ കല്ലറകളുടെ അടുത്തുചെല്ലുമ്പോൾ ഞാനുൾപ്പെടെയുള്ളവർ കരയുന്ന മാലാഖാമാരായി മാറുകയും ചെയ്യുന്നു. നമ്മളിൽ ആരാണ് ഈ ജീവിതത്തിൽ ഒരിക്കലെങ്കിലും വേർപിരിഞ്ഞവരെ ഓർത്തു കരയാത്തത്? ‘വീപ്പിങ് ഏഞ്ചൽ’ നമ്മൾ ചിലപ്പോഴൊക്കെ ആയിത്തീർന്ന, ഇനിയും ആയിത്തീരേണ്ട അവസ്ഥയാണ്.

ജി. കടൂപ്പാറയിൽ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.