സത്യത്തിൽ, ഉത്ഥിതനെ ആദ്യം കണ്ടതാരാണ്?

ഡോ. ഫാ. ജോഷി മയ്യാറ്റില്‍
ഡോ. ഫാ. ജോഷി മയ്യാറ്റില്‍

മഗ്ദലേന മറിയമാണ് ഉത്ഥിതനായ കര്‍ത്താവിനെ ‘ആദ്യം’ ദര്‍ശിച്ചതെന്ന് പ്രഥമസുവിശേഷകനായ വി. മര്‍ക്കോസ് (മര്‍ക്കോ. 16:9) അസന്നിഗ്ദ്ധമായി പ്രസ്താവിക്കുന്നു. സമാനമായ വിവരണമാണ് വി. യോഹന്നാനും നല്കുന്നത് (യോഹ. 20:14-18). വി. മത്തായിയാകട്ടെ, മഗ്ദലേന മറിയത്തോടൊപ്പം യാക്കോബിന്റെയും ജോസഫിന്റെയും അമ്മയായ മറിയത്തെയും ചേര്‍ക്കുന്നു (മത്തായി 28:9-10). വി. ലൂക്കായുടെ സുവിശേഷം എമ്മാവൂസിലേയ്ക്കു പോയ ശിഷ്യന്മാര്‍ക്കുണ്ടായ ഉത്ഥിതദര്‍ശനം ദീര്‍ഘമായി വിവരിക്കുന്നു (ലൂക്കാ 24:13-33; cf. മര്‍ക്കോ. 16:12). ബാക്കിയുള്ള ദര്‍ശനവിവരണങ്ങളുടെയെല്ലാം ഉള്‍ക്കാമ്പ് ശിഷ്യര്‍ക്കു പൊതുവായി ലഭിച്ച ഉത്ഥിതപ്രത്യക്ഷങ്ങളാണ് (മത്തായി 28:16-20; മര്‍ക്കോ. 16:14-18; ലൂക്കാ 24:36-50; യോഹ. 20:19-23, 26-29, 21:4-22). എന്നാല്‍, ”കര്‍ത്താവ് സത്യമായും ഉയിര്‍ത്തെഴുന്നേറ്റു; ശിമയോനു പ്രത്യക്ഷപ്പെട്ടു” എന്ന് വി. ലൂക്കാ സുവിശേഷകനും (24:34) ”അവന്‍ കേപ്പായ്ക്കും പിന്നീട് പന്ത്രണ്ടു പേര്‍ക്കും പ്രത്യക്ഷനായി” എന്ന് വി. പൗലോസും (1 കോറി 15:5) രേഖപ്പെടുത്തിയിരിക്കുന്നു.

ഈ വിഷയത്തില്‍ ബൈബിള്‍ പഠിതാക്കള്‍ക്കിടയില്‍ ഉയര്‍ന്നുവന്നിട്ടുള്ള വാദഗതികളില്‍ ഏതാനും ചിലത് ഇവിടെ ചേര്‍ക്കുന്നു:

1. ഉത്ഥിതന്റെ ആദ്യസാക്ഷി എന്നതിനേക്കാള്‍ ആദ്യത്തെ ‘ഔദ്യോഗിക’ സാക്ഷിയോ ‘കാര്യപ്രാപ്തിയുള്ള’ സാക്ഷിയോ ആണ് പത്രോസ് എന്ന് ചിലര്‍ കരുതുന്നു.

2. ഉത്ഥിതനെ ആദ്യമായി ദര്‍ശിച്ചത് പത്രോസാണ് എന്ന ആദിമസഭയുടെ വസ്തുതാപരമായ പ്രാചീനപാരമ്പര്യം പില്‍ക്കാലത്ത് പത്രോസിന്റെ വിശാലമായ കാഴ്ചപ്പാടിനോട് (ഗലാ. 2:12; അപ്പ. 11:12) വിയോജിപ്പുണ്ടായിരുന്ന പലസ്തീനിയന്‍ യഹൂദക്രൈസ്തവര്‍ നിശബ്ദമാക്കിയിട്ടുണ്ടാകാമെന്നാണ് അഡോള്‍ഫ് ഫൊണ്‍ ഹര്‍ണാക്കും ജൊവാക്കിം ജെറമിയാസും കരുതുന്നത്.

3. സുപ്രധാനമായ ഉത്ഥാന യാഥാര്‍ത്ഥ്യത്തിന് ഒരു സാക്ഷി മാത്രം പോരാ (നിയ. 19:15) എന്നതിനാലാണ് പത്രോസിന്റെ ഉത്ഥിതദര്‍ശനത്തിനു ബദലായി മറ്റു ദര്‍ശനവിവരണങ്ങള്‍ക്കും സ്ഥാനം ലഭിച്ചതെന്നാണ് ഒ. കുള്‍മാന്റെ അഭിപ്രായം.

4. സഭയില്‍ കാലക്രമേണ ശക്തിപ്പെട്ടുവന്ന പ്രാദേശികനേതാക്കളുടെ പ്രാധാന്യവും ദൈവശാസ്ത്രപരവും ഭൂമിശാസ്ത്രപരവുമായ പ്രശ്നങ്ങളും പ്രത്യക്ഷങ്ങളുടെ പ്രാധാന്യം കാലക്രമേണ കുറഞ്ഞുവന്നതുമായി മറ്റനേകം കാരണങ്ങള്‍ എഫ്. ഗില്‍സ് മുന്നോട്ടുവയ്ക്കുന്നു.

ചരിത്രത്തെ മറികടന്ന ദൈവശാസ്ത്രം

കേപ്പായുടെ ഉത്ഥിതദര്‍ശനമെന്ന സമസ്യ വിശദീകരിക്കാനുള്ള ഇത്തരം ശ്രമങ്ങളെല്ലാം ഈ വിഷയത്തിലേയ്ക്ക് ഏറെ വെളിച്ചം വീശുന്നുണ്ടെങ്കിലും സുവിശേഷകന്മാര്‍ ഇതരവ്യക്തികളുടെ പ്രത്യേകിച്ച്, മഗ്ദലേന മറിയത്തിന്റെ ഉത്ഥിതദര്‍ശന വിവരണത്തിനു നല്കിയിട്ടുള്ള പ്രാധാന്യവും അതിനായി നീക്കിവച്ചിട്ടുള്ള ഇടവും ലൂക്കായും പൗലോസും കേപ്പായുടെ ദര്‍ശനത്തിനു നല്കിയിട്ടുള്ള നാമമാത്രമായ പരാമര്‍ശവും തമ്മിലുള്ള അന്തരം ശ്രദ്ധയില്‍പ്പെടാതെ പോകില്ല. കേപ്പായുടെ വ്യക്തിപരമായ ഉത്ഥിതദര്‍ശനം ചരിത്രപരമായിരുന്നെങ്കില്‍ അതിന് കൂടുതല്‍ പ്രാമുഖ്യവും ഇടവും നല്കാന്‍ വിശുദ്ധ ഗ്രന്ഥകാരന്മാര്‍ ശ്രദ്ധിക്കുമായിരുന്നു. ‘അപ്പസ്‌തോലന്മാരുടെ അപ്പസ്‌തോല’ എന്നു വിളിക്കപ്പെടുന്ന മഗ്ദലേന മറിയം തന്നെയായിരിക്കണം ഉത്ഥിതനായ കര്‍ത്താവിനെ ആദ്യം കണ്ടത്.

സഭയെക്കുറിച്ചുള്ള ബോധ്യങ്ങളില്‍ പരിശുദ്ധാത്മാവ് നല്കിയ ക്രമാനുഗതമായ വളര്‍ച്ചയാണ് ഉത്ഥിതനെ കണ്ടവരെക്കുറിച്ചുള്ള പരാമര്‍ശങ്ങളിലുണ്ടായ വൈവിധ്യങ്ങള്‍ക്കു നിദാനം എന്നു ഞാന്‍ വിചാരിക്കുന്നു. കേപ്പായ്ക്കുണ്ടായതായി രണ്ടു പേര്‍ പരാമര്‍ശിക്കുന്ന ഉത്ഥിതന്റെ വ്യക്തിപരമായ ദര്‍ശനം സഭാദൈവശാസ്ത്രത്തിന്റെ സൃഷ്ടിയാണ്. അപ്പസ്‌തോലന്മാര്‍ ഉത്ഥിതന്റെ സാക്ഷികളാണ് എന്ന ദൈവശാസ്ത്രാവബോധം സഭയില്‍ വളര്‍ന്നതോടുകൂടി ഉത്ഥിതനെ ആദ്യം ദര്‍ശിക്കേണ്ടത് ഒന്നാമനായ പത്രോസ് തന്നെയാണ് എന്ന ന്യായമായ നിര്‍ബന്ധം സഭയില്‍ ഉണ്ടായിട്ടുണ്ടാകണം. അപ്പസ്‌തോലന്മാര്‍ ഉത്ഥാനസാക്ഷികളാണെങ്കില്‍ അവരില്‍ പ്രമുഖന്‍ ആദ്യത്തെ ഉത്ഥാനസാക്ഷിയാകുന്നത് തികച്ചും ഉചിതമാണല്ലോ. ചുരുക്കിപ്പറഞ്ഞാല്‍, ചരിത്രത്തെ കവച്ചുവയ്ക്കുന്ന ദൈവശാസ്ത്രത്തിനാണ് ഉത്ഥാനവിവരണങ്ങള്‍ സാക്ഷ്യം വഹിക്കുന്നത്.

ആരാണ് അപ്പസ്‌തോലന്‍ ?

അപ്പസ്തോലനെക്കുറിച്ചുള്ള ആദിമസഭയുടെ ധാരണ മനസ്സിലാക്കാൻ അക്കാലത്തെ വിശ്വാസീസമൂഹത്തിന്റെ പശ്ചാത്തലം തിരിച്ചറിയേണ്ടതുണ്ട്. ക്രിസ്തുവെന്നു തങ്ങള്‍ തിരിച്ചറിഞ്ഞവന്റെ പിന്നാലെ എല്ലാമുപേക്ഷിച്ച് മൂന്നു വര്‍ഷങ്ങള്‍ നടന്ന ശിഷ്യര്‍ക്കും അവിടുന്നിൽ വിശ്വസിച്ച സാമാന്യജനത്തിനും യേശുവിന്റെ ദാരുണമരണം എത്രമാത്രം നിരാശാജനകമായിരുന്നിരിക്കണം! എമ്മാവൂസിലേയ്ക്കു പോയ ശിഷ്യന്മാരുടെ നെടുവീര്‍പ്പോടെയുള്ള ഏറ്റുപറച്ചിലില്‍ അത് വ്യക്തമാണല്ലോ: ”ഇസ്രായേലിനെ മോചിപ്പിക്കാനുള്ളവന്‍ ഇവനാണ് എന്നു ഞങ്ങള്‍ പ്രതീക്ഷിച്ചിരുന്നു. ഇതൊക്കെ സംഭവിച്ചിട്ട് ഇതു മൂന്നാം ദിവസമാണ്” (ലൂക്കാ 24:21).

യേശുവിന്റെ പരസ്യജീവിതകാലത്ത് അവിടത്തെ പ്രബോധനങ്ങള്‍ ശ്രവിക്കാന്‍ തടിച്ചുകൂടിയ ജനക്കൂട്ടത്തിലും അവിടുന്നില്‍ നിന്ന് രോഗശാന്തിയും മാനസാന്തരവും പാപമോചനവും ഏറ്റുവാങ്ങിയവരിലും അവിടത്തെ സൗഹൃദം സമ്പാദിച്ചിരുന്ന അനേകരിലും ക്രൂശുമരണം ഉളവാക്കിയ ശൂന്യത വിവരിക്കാവുന്നതിലുമപ്പുറമാണ്. ആദിമസഭ അഭിമുഖീകരിച്ച ഏറ്റവും വലിയ പ്രതിസന്ധി യേശുവിന്റെ മരണവും സംസ്‌കാരവുമായിരുന്നു. അതിനാല്‍ത്തന്നെ, അവിടത്തെ ഉത്ഥാനവാര്‍ത്ത അവര്‍ക്കു സമ്മാനിച്ച ആനന്ദവും ആശ്വാസവും അത്യധികമായിരുന്നു. സ്വാഭാവികമായും, ആദിമസഭയുടെ ആദ്യപ്രഘോഷണം ”കര്‍ത്താവ് സത്യമായും ഉയിര്‍ത്തെഴുന്നേറ്റിരിക്കുന്നു” എന്നതായിരുന്നു (ലൂക്കാ 24:34).

അപ്പസ്തോലൻ ഉത്ഥിതന്റെ സാക്ഷി

തന്റെ രണ്ടാം ഗ്രന്ഥത്തില്‍ ആദിമസഭാ ജീവിതത്തിന്റെ രേഖാചിത്രം ഏറെ തെളിച്ചത്തോടെ വരച്ചിടുന്ന വി. ലൂക്കാ, അതിന്റെ ഒന്നാം അധ്യായത്തില്‍ തന്നെ അപ്പസ്‌തോലന്മാരുടെ മുഖ്യറോള്‍ ‘ഉത്ഥിതസാക്ഷികള്‍’ എന്നതാണെന്നു വ്യക്തമാക്കുന്നുണ്ട്. യേശുവിന്റെ 12 അപ്പസ്‌തോലന്മാരില്‍ യൂദാസിന്റെ സ്ഥാനത്ത് ഒരാളെ പകരം വയ്ക്കാനുള്ള പത്രോസിന്റെ നിര്‍ദ്ദേശം അപ്പസ്‌തോല സംബന്ധിയായ ഈ നിര്‍വ്വചനത്തിലേയ്ക്കാണ് അനുവാചകരെ നയിക്കുന്നത്.

”കര്‍ത്താവായ യേശുക്രിസ്തുവിന്റെ പുനരുത്ഥാനത്തിന് ഒരാള്‍ ഞങ്ങളോടൊപ്പം സാക്ഷിയായിരിക്കണം” (അപ്പ. 1:21) എന്ന് പത്രോസ് പ്രഖ്യാപിക്കുമ്പോള്‍ അപ്പസ്‌തോലിക സ്ഥാനത്തിന്റെ തനിമയും മുഖ്യദൗത്യവുമാണ് വെളിച്ചത്തു വരുന്നത്. ”യേശുവിനെ ദൈവം ഉയര്‍പ്പിച്ചു. ഞങ്ങളെല്ലാവരും അതിന് സാക്ഷികളാണ്” (2:32) എന്നും ”ദൈവം അവനെ മരിച്ചവരില്‍ നിന്ന് ഉയര്‍പ്പിച്ചു. അതിന് ഞങ്ങള്‍ സാക്ഷികളാണ്” (3:15) എന്നും പത്രോസ് പ്രസംഗിക്കുമ്പോള്‍ വ്യക്തമാകുന്നതും ഈ അപ്പസ്‌തോലിക ധര്‍മ്മമാണ് (cf. 5:30-32).

വിജാതീയരായ കൊര്‍ണേലിയോസിനോടും കുടുംബത്തോടും ”ദൈവം അവനെ മൂന്നാം ദിവസം ഉയര്‍പ്പിക്കുകയും പ്രത്യക്ഷനാക്കുകയും ചെയ്തു. എല്ലാവര്‍ക്കുമല്ല, സാക്ഷികളായി ദൈവം മുന്‍കൂട്ടി തിരഞ്ഞെടുത്ത ഞങ്ങള്‍ക്കുമാത്രം. അവന്‍ മരിച്ചവരില്‍ നിന്ന് ഉയര്‍ത്തെഴുന്നേറ്റതിനുശേഷം അവനോടു കൂടെ ഭക്ഷിക്കുകയും പാനം ചെയ്യുകയും ചെയ്തവരാണ് ഞങ്ങള്‍” എന്നു പത്രോസ് പ്രഘോഷിച്ചപ്പോള്‍ (10:40-41) അപ്പസ്‌തോലികതയുടെ ഉത്ഥിതസാക്ഷ്യധര്‍മ്മം നിര്‍വ്വഹിക്കുകയായിരുന്നു അദ്ദേഹം. ആരെങ്കിലും പറഞ്ഞുകേട്ടതിന്റെ വെളിച്ചമോ ഒഴിഞ്ഞ കല്ലറയുടെ സ്വന്തം കാഴ്ചയോ അതിന്റെ വ്യാഖ്യാനമോ അല്ല പത്രോസിന്റെ ഉത്ഥിതപ്രഘോഷണങ്ങള്‍. അവയിലുടനീളം ഉത്ഥിതനുമായുള്ള വ്യക്തിപരമായ ഒരനുഭവത്തിന്റെ ഊഷ്മളതയും തീക്ഷ്ണതയും പ്രകടമാണ്.

വി. പൗലോസിന്റെ വാദം

ഉത്ഥിതനെ കണ്ടതാണ് തന്റെ അപ്പസ്‌തോലികതയുടെ തെളിവെന്ന് അവകാശപ്പെടുന്ന പൗലോസിനെ 1 കോറി 9-1-ല്‍ നാം ശ്രവിക്കുന്നു: ”ഞാന്‍ അപ്പോസ്തലനല്ലേ? ഞാന്‍ നമ്മുടെ കര്‍ത്താവായ യേശുവിനെ കണ്ടിട്ടില്ലേ?” തനിക്കു വ്യക്തിപരമായി ഉത്ഥിതന്‍ പ്രത്യക്ഷപ്പെട്ട സംഭവം പരാമര്‍ശിക്കുമ്പോള്‍ അദ്ദേഹത്തിന്റെ നര്‍മ്മബോധം ഉണരുന്നത് പ്രത്യേകം ശ്രദ്ധേയമാണ്: ”ഏറ്റവും ഒടുവില്‍ അകാലജാതന് എന്നതുപോലെ എനിക്കും അവിടുന്നു പ്രത്യക്ഷനായി” (1 കോറി 15:8). തന്റെ മാനസാന്തരം ഉത്ഥിതനുമായുള്ള കണ്ടുമുട്ടലിന്റെ ഫലമാണെന്നാണ് പൗലോസ് നിരന്തരം അവകാശപ്പെട്ടിരുന്നത് (cf. അപ്പ. 9:1-9; 22:4-16; 26:9-18). താന്‍ പ്രസംഗിച്ച സുവിശേഷം മനുഷ്യരില്‍ നിന്നു പഠിച്ചെടുത്തതല്ലെന്നും അത് ഉത്ഥിതനായ കര്‍ത്താവിന്റെ വെളിപ്പെടുത്തലിലൂടെ ലഭിച്ചതാണെന്നും ഗലാ. 1:12-ല്‍ അദ്ദേഹം കുറിച്ചുവച്ചു. 15,16 വാക്യങ്ങളിലാകട്ടെ, ഉത്ഥിതദര്‍ശനത്തെ പൗലോസ് വ്യാഖ്യാനിക്കുന്നത് അദ്ദേഹം ജനിക്കുംമുമ്പേയുള്ള ദൈവത്തിന്റെ തിരഞ്ഞെടുപ്പും വിളിയും നിറവേറിയ നിമിഷമായിട്ടാണ്.

അപ്പസ്‌തോലന്‍ ഉത്ഥിതന്റെ സാക്ഷി എന്ന നിര്‍വ്വചനത്തിന് അടിവരയിടുന്ന ഒരു വിപരീതപ്രയോഗം പൗലോസിന്റേതായുണ്ട് – ‘കപടസാക്ഷ്യം’! ”ക്രിസ്തു ഉയിര്‍പ്പിക്കപ്പെട്ടില്ലെങ്കില്‍ ഞങ്ങളുടെ പ്രസംഗം വ്യര്‍ത്ഥമാണ്. നിങ്ങളുടെ വിശ്വാസവും വ്യര്‍ത്ഥം. മാത്രമല്ല, ഞങ്ങള്‍ ദൈവത്തിനുവേണ്ടി കപടസാക്ഷ്യം വഹിക്കുന്നവരായിത്തീരുന്നു. എന്തെന്നാല്‍, ദൈവം ക്രിസ്തുവിനെ ഉയിര്‍പ്പിച്ചു എന്നു ഞങ്ങള്‍ സാക്ഷ്യപ്പെടുത്തി” (1കോറി 15:14-15). ക്രിസ്തുവിന്റെ ഉയിര്‍പ്പിനെക്കുറിച്ചുള്ള അപ്പസ്‌തോലികസാക്ഷ്യത്തിന്റെ സത്യസന്ധതയും സാധുതയും വെളിപ്പെടുന്ന വരികളാണിവ.

ഉത്ഥാനസാക്ഷ്യ പാരമ്പര്യവും കൈമാറ്റവും

എ.ഡി. 54-57-ല്‍ തന്നെ ഇങ്ങനെ കുറിക്കാന്‍ വി. പൗലോസ അപ്പസ്‌തോലനു കഴിഞ്ഞു: ”എനിക്കു ലഭിച്ചതു സര്‍വ്വപ്രധാനമായി കരുതി ഞാന്‍ നിങ്ങള്‍ക്ക് ഏല്പിച്ചുതന്നു. വിശുദ്ധ ലിഖിതങ്ങളില്‍ പറഞ്ഞിട്ടുളളതുപോലെ, ക്രിസ്തു നമ്മുടെ പാപങ്ങള്‍ക്കുവേണ്ടി മരിക്കുകയും സംസ്‌കരിക്കപ്പെടുകയും എഴുതപ്പെട്ടിരുന്നതുപോലെ മൂന്നാം നാള്‍ ഉയിര്‍പ്പിക്കപ്പെടുകയും ചെയ്തു” (1 കോറി 15:3-4). ഏതാണ്ട് ഇരുപതു വര്‍ഷം കൊണ്ടുതന്നെ പരമ്പരാഗതമായി കൈമാറിക്കിട്ടിയത് എന്നു വിശേഷിപ്പിക്കാന്‍ തക്കവിധം വിശ്വാസീ സമൂഹത്തില്‍ ഉത്ഥാനവിശ്വാസം ആഴപ്പെട്ടു കഴിഞ്ഞിരുന്നു എന്നര്‍ത്ഥം. അപ്പസ്തോലന്മാർ കൈമാറിയ ഉത്ഥിതവിശ്വാസത്തിന്റെ സ്വീകർത്താക്കളും കൈമാറ്റക്കാരുമാണ് നമ്മൾ. ഇന്നത്തെ അപ്പസ്തോലന്മാരായ മെത്രാന്മാർ പ്രാഥമികമായി ഉത്ഥിതന്റെ സാക്ഷികളാണ്.

മെത്രാന്‍ ഉത്ഥിതസാക്ഷിയെങ്കില്‍…

ഉത്ഥിതകേന്ദ്രീകൃതമാണ് സഭ എന്ന സത്യത്തിനു സമാന്തരമാണ് അപ്പസ്‌തോലന്‍ ഉത്ഥിതന്റെ സാക്ഷിയാണ് എന്ന സത്യവും. ഈ പഠനം നമ്മെ നയിക്കുന്നത് യേശുവിന്റെ ഉത്ഥാനസാക്ഷിയാണ് മെത്രാന്‍ എന്ന തികഞ്ഞ ബോധ്യത്തിലേയ്ക്കാണ്. ഒരു വിശ്വാസീ സമൂഹത്തിന്റെ അപ്പസ്‌തോലന്‍ ഉത്ഥാനസാക്ഷിയെങ്കില്‍ രൂപത ഉത്ഥാനപ്രഭയില്‍ കുളിച്ചുനില്‍ക്കും. ഉത്ഥാനകേന്ദ്രീകൃതമായ ഒരു വിശ്വാസജീവിതം വിശ്വാസികള്‍ക്കു സാധ്യമാകും. ഞായറാഴ്ചകള്‍ ആഴ്ചയിലെ ഈസ്റ്റര്‍ ദിനങ്ങളാകും. ആരാധനക്രമങ്ങളും പ്രാര്‍ത്ഥനാവേളകളും ഉത്ഥിതനെ സ്വജീവിതത്തിന്റെ നടുമുറ്റത്തു കണ്ടെത്തുന്ന ആനന്ദവേളകളായിത്തീരും. മഗ്ദലേനമാരുടെ കണ്ണീരിനു വിരാമമാകും. ജീവിതത്തിന്റെ ഗലീലിത്തീരങ്ങളില്‍ ഏവര്‍ക്കും പ്രാതലൊരുങ്ങും. പ്രത്യാശ വിശ്വാസികളുടെ കൊടിയടയാളമാകും.

ലോകത്തെ ‘കീഴ്‌മേല്‍ മറിക്കാന്‍’ പര്യാപ്തമായ സുവിശേഷപ്രഘോഷണവും പീഡകരെയും മാനസാന്തരപ്പെടുത്താന്‍ പോന്ന രക്തസാക്ഷിത്വവും ഉറപ്പായും ഉണ്ടാകും. സെക്ടുകളുടെ ആകര്‍ഷകത്വം തീര്‍ത്തും മങ്ങും. ജീവനു ഭീഷണികളായ മദ്യവും മയക്കുമരുന്നും മലിനീകരണവും ഭ്രൂണഹത്യയും കരുണാവധവും ആത്മഹത്യയും അന്യംനില്‍ക്കും. ചുരുക്കത്തില്‍, ജീവിതത്തിലെ വൈവിധ്യമാര്‍ന്ന കല്ലറകള്‍ക്കെല്ലാം ഒരു മൂന്നാം ദിനമുണ്ടാകും.

ഫാ. ജോഷി മയ്യാറ്റിൽ