നിങ്ങൾ ആരെയാണ് ഭയപ്പെടുന്നത്?

ഫാ. ജെൻസൺ ലാസലെറ്റ്
ഫാ. ജെൻസൺ ലാസലെറ്റ്

ഉഗാണ്ടയിൽ ജീവിച്ച മത്തിയാസ് കലുംബ മലുംബ എന്ന യുവാവിനെ നമുക്ക് പരിചയപ്പെടാം.

ആ യുവാവ് മാമ്മോദീസ സമയത്ത് ഒരു പ്രതിജ്ഞയെടുത്തിരുന്നു; ക്രിസ്തീയ നിയമങ്ങളെല്ലാം പാലിക്കുന്ന നല്ല ക്രിസ്ത്യാനിയായി ജീവിക്കും. പാപത്തിന്റെ വഴിയെ സഞ്ചരിക്കുകയോ പാപത്തിന് ശരീരം വിട്ടുകൊടുക്കുകയോ ഇല്ല. എന്നാൽ, സ്വവർഗ്ഗരതിക്കാരനായ അവിടുത്തെ രാജാവ് തന്റെ കൂടെ പാപം ചെയ്യാനായി മത്തിയാസിനോട് ആവശ്യപ്പെട്ടു. മത്തിയാസ് അതിന് തയ്യാറായില്ല. ക്ഷുഭിതനായ രാജാവ് മത്തിയാസിന്റെ കൈകളും കാലുകളും മുട്ടിനു താഴെവച്ച് മുറിച്ചുകളഞ്ഞു.

എന്നിട്ടും കോപം ശമിക്കാത്ത രാജാവ്, പ്രാണവേദനയാൽ പിടഞ്ഞ ആ യുവാവിന്റെ മുതുകിൽ നിന്നും മാംസം അറുത്തെടുത്ത് വറുത്ത് തിന്നു. മൂന്നു ദിവസത്തെ കഠിനപീഢകൾക്കുശേഷമാണ് മത്തിയാസ് മരണമടയുന്നത്.

മരണസമയത്ത് അയാൾ ഇപ്രകാരം പറഞ്ഞു: “എന്റെ ശരീരം പീഢനമേൽക്കുമ്പോൾ ആത്മാവ് ആനന്ദിക്കുന്നു. ശരീരത്തിൽ നിന്ന് വാർന്നൊഴുകുന്ന രക്തത്തിൽ ചാലിച്ച് എന്റെ ആത്മാവിനെ കളങ്കമേൽക്കാതെ ഞാൻ ദൈവത്തിനു നൽകും.”

മത്തിയാസ് കലുംബ മലുംബ ഇന്ന് ആഫ്രിക്കൻ സഭയിൽ നിന്നുള്ള വിശുദ്ധനാണ്. അദ്ദേഹത്തിന്റെ നാമത്തിൽ ഒരു ദൈവാലയവും ഉഗാണ്ടയിലുണ്ട്. 1993-ൽ വി. ജോൺപോൾ രണ്ടാമൻ പാപ്പയും 2015-ൽ ഫ്രാൻസിസ് പാപ്പയും ഈ വിശുദ്ധന്റെ കബറിടത്തിൽ ചെന്ന് പ്രാർത്ഥിച്ചിട്ടുണ്ട്.

ശരീരം ദൈവത്തിന്റെ ആലയമാണെന്നു വിശ്വസിക്കുകയും ആ ശരീരത്തെ മലിനമാക്കി ദൈവത്തെ വേദനിപ്പിക്കാൻ തയ്യാറാകാത്ത മത്തിയാസിനെപ്പോലുള്ള വിശുദ്ധർ നമുക്ക് വെല്ലുവിളിയല്ലേ? നമ്മുടെ കണ്ണും കാതും അധരവുമെല്ലാം നമുക്ക് നിയന്ത്രിക്കാനാകുന്നുണ്ടോ? ക്രിസ്തുവിന്റെ വചനം ഓർക്കാം: “ശരീരത്തെ കൊല്ലുകയും ആത്മാവിനെ കൊല്ലാന്‍ കഴിവില്ലാതിരിക്കുകയും ചെയ്യുന്നവരെ നിങ്ങള്‍ ഭയപ്പെടേണ്ട. മറിച്ച്‌, ആത്മാവിനെയും ശരീരത്തെയും നരകത്തിനിരയാക്കാന്‍ കഴിയുന്നവനെ ഭയപ്പെടുവിന്‍” (മത്തായി 10:28).

സത്യത്തിൽ നമ്മളിന്ന് ആരെയാണ് ഭയപ്പെടുന്നത്? ശരീരത്തെ കൊല്ലുന്നവരെയോ അതോ!

ഫാ. ജെൻസൺ ലാസലെറ്റ്

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

അഭിപ്രായങ്ങൾ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.