ഞാൻ നിനക്ക് ആരാണ്?

ഫാ. ജെൻസൺ ലാസാലെറ്റ്
ഫാ. ജെൻസൺ ലാസാലെറ്റ്

ഒരു കുഞ്ഞ് ജനിക്കുമ്പോൾ പൊതുവെ പറയാറുള്ള ഒരു ഡയലോഗുണ്ട്: “ശരിക്കും അമ്മ തന്നെ, അപ്പനെ വാർത്തുവച്ചതു പോലുണ്ട്, പപ്പയുടെ മൂക്ക്, അമ്മയുടെ കണ്ണുകൾ, വല്യമ്മച്ചിയുടെ നിറം…” വർണ്ണനകൾ അങ്ങനെ നീളുന്നു.

ഇതേ കുഞ്ഞ് വലുതായി തുടങ്ങുമ്പോൾ കളിപ്പിക്കാനായി നമ്മൾ പറയും: “ഇത് എന്റെ അമ്മയാ…” അപ്പോൾ കുഞ്ഞ് അമ്മയുടെ വസ്ത്രത്തിൽ പിടിച്ചുകൊണ്ട് “അല്ല, ഇതെന്റെ അമ്മയാ…”

ഒന്നു-രണ്ടു തവണ പറഞ്ഞുകഴിയുമ്പോഴേയ്ക്കും കുഞ്ഞ് കരഞ്ഞുതുടങ്ങും. അതോടെ കുഞ്ഞിന് അമ്മയെ തിരികെ നൽകിക്കൊണ്ട് “ഇത് കൊച്ചിന്റെ അമ്മയാണ് കേട്ടോ, കൊച്ച് എടുത്തോ” എന്നുപറഞ്ഞ് നമ്മൾ പിൻവാങ്ങും.

അതേ കുഞ്ഞ് ആദ്യമായി സ്കൂളിൽ പോകുമ്പോൾ അമ്മയെയും അപ്പനെയും പിരിയുന്നതോർത്ത് കരയും. സ്കൂളിൽ നിന്ന് തിരികെയെത്തുമ്പോൾ ഓടിവന്ന് അമ്മയെ കെട്ടിപ്പിടിച്ച് ഉമ്മ നൽകും. സ്കൂളിൽ പഠിപ്പിച്ച പാട്ടും കഥകളുമെല്ലാം അമ്മയെ പറഞ്ഞുകേൾപ്പിക്കും. കുഞ്ഞ് വളർന്ന് ഹൈസ്കൂളിൽ എത്തുമ്പോൾ, സ്കൂൾ കഴിഞ്ഞ് വീട്ടിൽ വരാനുള്ള തീക്ഷ്ണതയിൽ മങ്ങലേൽക്കും. ഓടിവന്നുള്ള കെട്ടിപ്പിടുത്തവും മുത്തം നൽകലും വിശേഷം പറയലുമെല്ലാം കുറയും. കോളേജിലെത്തുമ്പോഴോ, അമ്മയും അപ്പനും ഫോൺ വിളിച്ചാൽ “എന്തേ വിളിച്ചേ? ഞാൻ പഠിക്കാ. ഞാൻ കൂട്ടുകാരുടെ കൂടെയാ, പിന്നെ വിളിക്കാം” എന്നിങ്ങനെയുള്ള സ്ഥിരം ഡയലോഗുകൾ.

പതിയെപ്പതിയെ മാതാപിതാക്കന്മാരോട് സംസാരിക്കാൻ സമയവും വിഷയങ്ങളും അവർക്ക് കുറഞ്ഞുവരും. വീട്ടിലെത്തിയാൽ ഒന്നുകിൽ മുറിയിൽ കയറി കതകടയ്ക്കും അല്ലെങ്കിൽ ടി.വി. കണ്ടോ, മൊബൈൽ നോക്കിയോ ഇരിക്കും.

ഇനി മക്കൾ വിവാഹിതരായാലോ? പെൺമക്കളാണെങ്കിൽ കരഞ്ഞുകൊണ്ടിറങ്ങും. ആൺമക്കളാണെങ്കിൽ ചിരിച്ചുകൊണ്ട് തുടങ്ങും. കുറച്ചു വർഷങ്ങൾ കഴിയുമ്പോൾ പല മക്കളും ഇങ്ങനെ പറഞ്ഞുതുടങ്ങും: “ഇത് എന്റെ മാത്രം അമ്മയല്ല/ അപ്പനല്ല. മൂന്നു മാസം നിന്റെ കൂടെ നില്‍ക്കട്ടെ. ഇത്രയ്ക്കും രൂപ ഞാൻ ചിലവാക്കിയിട്ടുണ്ട്. അതിന്റെ ഷെയർ തരണം. അതല്ലെങ്കിൽ നീ കൊണ്ടുപോയി നോക്കിക്കോ. മരുന്നിനും ഭക്ഷണത്തിനുമായി ഞാനും തന്നേക്കാം കുറച്ചു പണം.”

അനുദിന ജീവിതത്തിൽ സംഭവിച്ചുകൊണ്ടിരിക്കുന്ന ചില യാഥാർത്ഥ്യങ്ങൾ, ആരെയും വേദനിപ്പിക്കാനോ കുറ്റപ്പെടുത്താനോവേണ്ടി എഴുതിയതല്ല. മറിച്ച്, ക്രിസ്തു ശിഷ്യരോട് ചോദിക്കുന്ന ചോദ്യം ധ്യാനിച്ചപ്പോൾ മനസിൽ തെളിഞ്ഞുവന്നതാണ്: “ഞാന്‍ ആരെന്നാണു നിങ്ങള്‍ പറയുന്നത്‌?” (ലൂക്കാ 9:20).

ഇന്നേ ദിവസം ക്രിസ്തുവിനെ മനസിൽ ധ്യാനിച്ച് നമുക്കും ചോദിക്കാം, എന്റെ അപ്പൻ ഇന്നെനിക്കാരാണ്? എന്റെ അമ്മ എനിക്കാരാണ്? എന്റെ ഭാര്യ, ഭർത്താവ്, മകൻ, മകൾ, സഹോദരങ്ങൾ… എന്നിവരെല്ലാം എനിക്കിന്ന് ആരാണ്?

വർഷങ്ങൾ കഴിയുന്തോറും ബന്ധങ്ങളിൽ നിന്നും ക്രിസ്തുവിൽ നിന്നും നമ്മൾ അകലുകയാണോ? അതോ അവരിലേയ്ക്ക് കൂടുതൽ അടുക്കുകയാണോ?

ഫാ. ജെൻസൺ ലാസലെറ്റ്

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.