വീട് വിൽക്കാനുള്ള തയ്യാറെടുപ്പിലാണോ നിങ്ങൾ..? എങ്കിൽ ഈ വിശുദ്ധരുടെ മാദ്ധ്യസ്ഥ്യം തേടാം 

    അനുയോജ്യമായ വിലയിൽ നഷ്ടം വരാതെ വീട് വിൽക്കുക എന്നത് അൽപം പ്രയാസമുള്ള ഒരു കാര്യം തന്നെയാണ്. ഈ ഒരു കാരണത്താൽ തന്നെ പലപ്പോഴും പലരും തങ്ങളുടെ വീട് വിൽപനയുമായി ബന്ധപ്പെട്ട് ധാരാളം പ്രാർത്ഥിക്കാറുണ്ട്. ഇത്തരം സാഹചര്യത്തിൽ പലരുടെയും സംശയമാണ് വീട് വിൽപനയുമായി ബന്ധപ്പെട്ട് നമ്മെ സഹായിക്കാൻ ഒരു പ്രത്യേക വിശുദ്ധൻ ഉണ്ടോ എന്നത്. ഉണ്ട്, എന്നു തന്നെയാണ് ഉത്തരം.

    ഒന്നല്ല നിരവധി വിശുദ്ധര്‍ ഈ ഒരു കാര്യത്തിൽ നമ്മെ സഹായിക്കാൻ ദൈവത്തിന്റെ മുന്നിൽ ആയിരിക്കുകയാണ്. അതിൽ പ്രധാനിയാണ് വിശുദ്ധ യൗസേപ്പിതാവ്. യൗസേപ്പിതാവിന്റെ മാധ്യസ്ഥ്യം തേടിയാൽ വീട് വിൽപ്പനയുമായി ബന്ധപ്പെട്ട വിഷയങ്ങൾ വളരെ വേഗത്തിൽ നടക്കും എന്നതിൽ കത്തോലിക്കരെ പോലെ തന്നെ പ്രൊട്ടസ്റ്റന്റ്, ആംഗ്ലിക്കൻ വിഭാഗക്കാരും ഒപ്പം തന്നെ ചില നിരീശ്വരവാദികൾ പോലും വെളിപ്പെടുത്തുന്നുണ്ട്. വീട് വിൽപ്പനയിൽ താമസമോ തടസങ്ങളോ ഉണ്ടായാൽ യൗസേപ്പിതാവിന്റെ രൂപം മണ്ണിൽ കുഴിച്ചിടുക, യൗസേപ്പിതാവിന്റെ നൊവേന ചൊല്ലി പ്രാർത്ഥിക്കുക തുടങ്ങിയ കാര്യങ്ങൾ പണ്ടുമുതൽ ചെയ്തു പോന്നിരുന്നു. ഈ ആചാരത്തിന്റെ ഉത്ഭവം കണ്ടെത്താൻ പ്രയാസമാണെങ്കിലും പല മത വിശ്വാസങ്ങളിൽ ഉള്ളവരും ഈ ഒരു പതിവ് തുടർന്ന് വരുന്നു.

    പരിശുദ്ധ അമ്മയെയും ഉണ്ണിയീശോയേയും ഒരു കുറവും കൂടാതെ കാത്തു പരിപാലിച്ച വ്യക്തി എന്ന നിലയിൽ ആണ് ഭവനവുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ യൗസേപ്പിതാവിന്റെ മാദ്ധ്യസ്ഥ്യം തേടി പ്രാർത്ഥിക്കുന്ന പതിവ് ആരംഭിക്കുന്നത് എന്ന് കരുതിവരുന്നു. ദൈവത്തിന്റെ അരുളപ്പാടുണ്ടായപ്പോഴൊക്കെ യാത്രകൾ നടത്തുകയും തിരുക്കുടുംബത്തിനായി വാസസ്ഥലം കണ്ടെത്തുവാൻ കഷ്ടപ്പെടുകയും ചെയ്ത യൗസേപ്പിതാവ് ഭവന വിൽപ്പനയുമായി ബന്ധപ്പെട്ടു കഷ്ടപ്പെടുന്നവർക്ക് മുന്നേ നടക്കുകയും അവരുടെ വഴികൾ നേരെയാക്കുകയും ചെയ്യും എന്ന് തലമുറകളായി വിശ്വസിച്ചു പോരുന്നു.

    ഭവന വില്പനയിൽ സഹായിക്കുന്ന മറ്റൊരു വിശുദ്ധനാണ് വിശുദ്ധ യൂദാ ശ്ലീഹാ. അസാധ്യകാര്യങ്ങളുടെ മധ്യസ്ഥൻ എന്ന് വിശേഷിപ്പിക്കുന്ന ഈ വിശുദ്ധനോടു മാധ്യസ്ഥ്യം വഹിച്ചു പ്രാർത്ഥിക്കുന്നത് വീടുകളുടെ വിൽപ്പന വേഗത്തിലാകുന്നതിനു കാരണമാകാറുണ്ട്. ഭവനത്തിന്റെ വിൽപ്പന കൂടാതെ ഹൃദയം തകർന്നവർക്കു ആശ്വാസം പകരുന്നവനായും വിശുദ്ധ യൂദാ ശ്ലീഹാ അറിയപ്പെട്ടു പോരുന്നു.

    ഇതിനെല്ലാം ഉപരിയായി ആഴമായ വിശ്വാസത്തോടെ തന്നെ വിളിച്ചു പ്രാർത്ഥിക്കുന്നവര്‍ക്ക് നിരവധിയായ ദാനങ്ങള്‍ നൽകുവാൻ ദൈവം സമീപസ്ഥനാണ്. എന്നാൽ അതിനു കടുക് മണിയോളം എങ്കിലും വിശ്വാസം ഉണ്ടായിരിക്കണം എന്ന് മാത്രം. ലഭിക്കാനിരിക്കുന്ന നന്മകളെ ഓർത്തു നന്ദി പറയുന്നതും പ്രതിസന്ധികളാൽ വലയുന്ന നമ്മുടെ ജീവിതത്തിലേയ്ക്ക് ആശ്വാസം പകരും.