പന്ത്രണ്ട് അപ്പസ്തോലന്മാരുടെ ശവകുടീരങ്ങൾ എവിടെ സ്ഥിതി ചെയ്യുന്നു?

പുരാവസ്തു ഗവേഷകരുടെ കണ്ടെത്തലിനെ അടിസ്ഥാനപ്പെടുത്തി ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് യേശുവിന്റെ 12 ശിഷ്യന്മാരുടെ ശവകുടീരങ്ങൾ കണ്ടെത്തിയിട്ടുണ്ട്. വി. പത്രോസ് മുതൽ യൂദാ തദേവൂസ് വരെയുള്ള 12 പേരുടെയും ശവകുടീരങ്ങൾ എവിടെയാണ് സ്ഥതി ചെയ്യുന്നതെന്ന് വായിച്ചറിയാം.

വി. പത്രോസ്

എ.ഡി 64 -ൽ വി. പത്രോസ് ശ്ലീഹാ തലകീഴായി കുരിശിൽ തറയ്ക്കപ്പെട്ടാണ് കൊല്ലപ്പെട്ടതെന്ന് വിശ്വസിക്കുന്നു. റോമിൽ വച്ചായിരുന്നു അദ്ദേഹത്തിന്റെ മരണം സംഭവിച്ചത്. വിശ്വാസികൾ അദ്ദേഹത്തിന്റെ ശവശരീരം ഏറ്റു വാങ്ങുകയും സെമിത്തേരിക്ക് അടുത്തുള്ള സ്ഥലത്ത് അദ്ദേഹത്തെ സംസ്കരിക്കുകയും ചെയ്തു. പിന്നീട് 326 -ൽ കോൺസ്റ്റന്റൈൻ ചക്രവർത്തി അവിടെ ഒരു ബസിലിക്ക നിർമ്മിച്ചു.

പിന്നീട് 1939 -ൽ പിയൂസ് XI -മൻ പാപ്പാ അന്തരിച്ചപ്പോൾ അദ്ദേഹത്തിനായി ബസിലിക്കയുടെ താഴെ ഒരു കല്ലറ നിർമ്മിക്കാനായി ആരംഭിച്ചു. അല്പം കുഴിച്ചുകഴിഞ്ഞപ്പോൾ തൊഴിലാളികൾ ഒരു ദ്വാരം കാണുകയും അതിലൂടെ കടന്നുനോക്കിയപ്പോൾ ഒരു ശവകുടീരം കണ്ടെത്തുകയും ചെയ്തു. അതിൽ അനേകം പ്രാർത്ഥനകളും മാദ്ധ്യസ്ഥം അപേക്ഷിച്ചുകൊണ്ടുള്ള ഒരുപാട് കുറിപ്പുകളും കണ്ടെത്തി. ‘പത്രോസ് അകത്തുണ്ട്’ എന്ന ഗ്രീക്ക് ലിഖിതവും അതിലുണ്ടായിരുന്നു.

വർഷങ്ങളുടെ പഠനത്തിനു ശേഷം 1968 -ൽ വി. പോൾ ആറാമൻ മാർപാപ്പ, ശവകുടീരത്തിൽ കണ്ടെത്തിയത് വി. പത്രോസിന്റെ തിരുശേഷിപ്പുകളാണെന്നു പ്രഖ്യാപിച്ചു.

വി. യോഹന്നാൻ

യേശുവിന്റെ ഏറ്റവും പ്രിയപ്പെട്ട ശിഷ്യനായ വി. യോഹന്നാൻ ശ്ലീഹാ എഫേസോസിൽ വച്ചാണ് മരണപ്പെട്ടതെന്നു പാരമ്പര്യം പറയുന്നു. നിലവിൽ അത് തുർക്കിയിലാണ് സ്ഥിതി ചെയ്യുന്നത്. നാലാം നൂറ്റാണ്ടിന്റെ അവസാനത്തോടെ കോൺസ്റ്റന്റൈൻ ചക്രവർത്തി ക്രൈസ്തവർക്കെതിരായ മതപീഡനങ്ങൾ അവസാനിപ്പിച്ചു. അതിനു ശേഷം വിശ്വാസികൾ വിശുദ്ധന്റെ ശവകുടീരത്തിനു മുകളിൽ ഒരു ദൈവാലയം നിർമ്മിച്ചു.

പിന്നീട് അഞ്ചാം നൂറ്റാണ്ടിൽ ജസ്റ്റീനിയൻ ചക്രവർത്തി ആ ചെറിയ ദൈവാലയം ഒരു ബസിലിക്കയാക്കി പുതുക്കിപ്പണിതു. പിന്നീട് തുർക്കികൾ രാജ്യം പിടിച്ചടക്കിയപ്പോൾ ബസിലിക്ക ഒരു മുസ്ലിം ആരാധനാലയമാക്കി മാറ്റി. എന്നാൽ 1402 -ൽ ഇത് നശിപ്പിക്കപ്പെട്ടു. പിന്നീട് 1920 -ൽ ഗ്രീസിൽ നിന്നും ആസ്ട്രിയയിൽ നിന്നുമുള്ള ഒരു സംഘം പുരാവസ്തു ഗവേഷകർ ഇവിടെ എത്തുകയും പരിശോധനയിൽ ശവകുടീരം കണ്ടെത്തുകയും ചെയ്തു. എന്നാൽ അതിനുള്ളിൽ സൂക്ഷിച്ചിരുന്ന മൃതശരീരാവശിഷ്ടങ്ങൾക്ക് എന്ത് സംഭവിച്ചു എന്ന് അറിവായിട്ടില്ല.

വി. അന്ത്രയോസ്

ഈശോ, തന്നെ അനുഗമിക്കുവാൻ ആദ്യം ആവശ്യപ്പെട്ടത് അന്ത്രയോസിനോടായിരുന്നു. വി. പത്രോസിന്റെ സഹോദരനായിരുന്നു വി. അന്ത്രയോസ്. ഈശോയുടെ ഉത്ഥാനത്തിനു ശേഷം റഷ്യയിലും ഉക്രൈനിലുമായിരുന്നു അദ്ദേഹം സുവിശേഷം പ്രസംഗിച്ചത്. പിന്നീട് പ്രായമായപ്പോൾ അദ്ദേഹം ഗ്രീസിലേക്ക് വരികയും അവിടെ പാട്രസ് നഗരത്തിൽ വച്ച് രക്തസാക്ഷിത്വം വരിക്കുകയും അവിടെയുള്ള പ്രാദേശിക ക്രൈസ്തവർ വിശുദ്ധനെ അടക്കം ചെയ്യുകയും ചെയ്തു.

എന്നാൽ എ.ഡി 357 -ൽ അദ്ദേഹത്തിന്റെ ഭൗതികാവശിഷ്ടങ്ങൾ കോൺസ്റ്റാന്റിനോപ്പിളിലേക്ക് കൊണ്ടുവന്നു. എന്നാൽ 1204 -ൽ ഇറ്റാലിയൻ കുരിശുയുദ്ധക്കാർ വിശുദ്ധന്റെ സങ്കേതം കൊള്ളയടിക്കുകയും അവശിഷ്ടങ്ങൾ അമാൽഫിയിലേക്ക് കൊണ്ടുവരികയും ചെയ്തു. പിന്നീട് 1964 -ൽ വി. പോൾ ആറാമൻ പാപ്പാ ഗ്രീക്ക് ഓർത്തഡോക്സ് ദൈവാലയത്തിലേക്ക് തിരുശേഷിപ്പുകൾ തിരികെയേൽപ്പിച്ചു. അങ്ങനെ അപ്പസ്തോലന്റെ യഥാർത്ഥ ശവകുടീരം എന്ന് വിശ്വസിക്കപ്പെടുന്ന ബസിലിക്കയിൽ അത് വീണ്ടും പ്രതിഷ്ഠിച്ചിരിക്കുന്നു.

വലിയ യാക്കോബ്

എ.ഡി 44 -ൽ വി. യോഹന്നാൻ ശ്ലീഹയുടെ സഹോദരനായ വലിയ യാക്കോബ് ജറുസലേമിൽ വച്ചായിരുന്നു രക്തസാക്ഷിത്വം വരിച്ചത്. വി. യാക്കോബ് ശ്ളീഹായായിരുന്നു അപ്പസ്തോലന്മാരിൽ ആദ്യം രക്തസാക്ഷിത്വം വരിച്ചത്. അദ്ദേഹത്തിന്റെ ഭൗതികശരീരം സ്‌പെയിനിന്റെ വടക്കുഭാഗത്ത് എത്തിക്കുകയും അവിടെ ഒരു സെമിത്തേരിയിൽ സംസ്കരിക്കുകയും ചെയ്തു. അദ്ദേഹം മെഡിറ്ററേനിയൻ വഴി കടന്നുപോയപ്പോൾ സ്‌പെയിനിൽ സുവിശേഷം പ്രസംഗിച്ചു എന്ന് സ്‌പെയിനിലെ ക്രൈസ്തവർ വിശ്വസിക്കുന്നു.

അതിനു ശേഷം 814 -ൽ പെലെയോ എന്ന ഒരു സന്യാസി ഒരു നക്ഷത്രത്തെ പിന്തുടർന്ന് ഒരു തുറന്ന വയലിൽ എത്തുകയും അവിടെ വച്ച് വിശുദ്ധന്റെ ശവകുടീരം കണ്ടെത്തുകയും ചെയ്തു. പിന്നീട് സാന്റിയാഗോ ഡി കംപോസ്റ്റലയിലെ സാന്റിയാഗോ കത്തീഡ്രലിൽ തിരുശേഷിപ്പുകൾ സൂക്ഷിച്ചിരിക്കുന്നു.

ചെറിയ യാക്കോബ്

ജറുസലേമിലെ ആദ്യത്തെ ബിഷപ്പായിരുന്നു ചെറിയ യാക്കോബ്. അദ്ദേഹം അവിടെ തന്നെയായിരുന്നു രക്തസാക്ഷിത്വം വരിച്ചത്. ദൈവാലയത്തിന്റെ മുകളിൽ നിന്ന് താഴേക്ക് എറിയുകയും എന്നാൽ ജീവൻ അവശേഷിച്ചിരുന്നതിനാൽ പിന്നീട് അദ്ദേഹത്തെ കല്ലെറിഞ്ഞു കൊല്ലുകയുമായിരുന്നു ചെയ്തത്. ജറുസലേമിലെ ഒലിവുമലയിൽ ആയിരുന്നു അദ്ദേഹത്തെ അടക്കം ചെയ്തത്.

പിന്നീട് ആറാം നൂറ്റാണ്ടിൽ ജസ്റ്റീനിയൻ രണ്ടാമൻ ചക്രവർത്തി ഈ തിരുശേഷിപ്പുകളെ കോൺസ്റ്റാന്റിനോപ്പിളിലേക്ക് മാറ്റി. അവിടെ നിന്നും റോമിലെ 12 അപ്പസ്തോലന്മാരുടെ തിരുശേഷിപ്പുകൾ സൂക്ഷിച്ചിരിക്കുന്ന തീർത്ഥാടനകേന്ദ്രത്തിൽ സൂക്ഷിച്ചിരിക്കുന്നു.

വി. ഫിലിപ്പോസ്

തുർക്കിയിൽ നിന്നാണ് പുരാവസ്തു ഗവേഷകർക്ക് വി. ഫിലിപ്പോസിന്റെ തിരുശേഷിപ്പുകൾ ലഭിക്കുന്നത്. എ.ഡി 80 -ൽ ഹെറോപോളിസിൽ വച്ച് അപ്പസ്തോലനെ ബന്ധനസ്ഥനാക്കുകയും ശിരച്ഛേദം ചെയ്യപ്പെടുകയും ചെയ്‌തു എന്നാണ് പഠനങ്ങൾ പറയുന്നത്. പിന്നീട് അദ്ദേഹത്തിന്റെ ശവകുടീരം ഒരു തീർത്ഥാടനകേന്ദ്രമായി മാറി. ഏഴാം നൂറ്റാണ്ടിലുണ്ടായ ഭൂകമ്പത്തിലും അഗ്നിബാധയിലും അത് നശിപ്പിക്കപ്പെട്ടു. അതിനുശേഷം തിരുശേഷിപ്പുകൾ കോൺസ്റ്റാന്റിനോപ്പിളിലേയ്ക്കും അവിടെ നിന്ന് റോമിലേക്കും മാറ്റി. ഇപ്പോൾ ഭൗതികാവശിഷ്ടങ്ങൾ 12 അപ്പസ്തോലന്മാരുടെ ബസിലിക്കയിൽ സൂക്ഷിച്ചിരിക്കുകയാണ്.

വി. തോമസ്, ബർത്തലോമിയോ, മത്തായി, ശിമയോൻ, യൂദാ തദേവൂസ്, മത്തിയാസ്

ഈശോയുടെ മറ്റു ശിഷ്യന്മാരെ അപേക്ഷിച്ച് ഏറ്റവും കൂടുതൽ ദൂരം ഒറ്റയ്ക്ക് സഞ്ചരിച്ച് ഇന്ത്യയിൽ വന്നാണ് വി. തോമാശ്ലീഹ സുവിശേഷം പ്രസംഗിച്ചത്. ഒരു ഹിന്ദു പുരോഹിതൻ ശൂലം കൊണ്ട് അദ്ദേഹത്തെ കുത്തിക്കൊന്നു. അപ്പസ്തോലന്റെ അസ്ഥികളിൽ ഒരു ഭാഗം ചെന്നൈയിലെ സെന്റ് തോമസ് ബസിലിക്കയിൽ സൂക്ഷിച്ചിരിക്കുന്നു. മറ്റു ഭാഗങ്ങൾ മെസപ്പൊട്ടേമിയയിലെ എടെസ്സയിലേക്ക് കൊണ്ടുപോയി. പിന്നീട് 1258 -ൽ ഇറ്റലിയിലേക്ക് എത്തിക്കുകയും ചെയ്തു. അവിടെ സെന്റ് തോമസ് ബസിലിക്കയിൽ വെളുത്ത മാർബിൾ ബലിപീഠത്തിനുള്ളിലാണ് തിരുശേഷിപ്പിന്റെ സിംഹഭാഗവും സൂക്ഷിച്ചിരിക്കുന്നത്.

പെന്തക്കുസ്താ തിരുനാളിനു ശേഷം വി. ബർത്തലോമിയോ അർമേനിയയിലേക്ക് സുവിശേഷം പ്രസംഗിക്കാൻ പോയി. 809 -ൽ ക്രിസ്തുശിഷ്യന്റെ ശരീരത്തിന്റെ അവശിഷ്ടങ്ങൾ അർമേനിയയിൽ നിന്ന് കണ്ടെത്തുകയും പിന്നീട് ലിമ്പാറിലേക്കും 838 -ൽ ഇറ്റലിയിലെ ബെനെവെന്റയിലേക്കും കൊണ്ടുവന്നു. 983 -ൽ റോമൻ ചക്രവർത്തിയായ ഓട്ടോ മൂന്നാമൻ ടിംബറിന ദ്വീപിൽ വിശുദ്ധന്റെ പേരിൽ ഒരു ദൈവാലയം നിർമ്മിച്ചു. അപ്പസ്‌തോലന്റെ തിരുശേഷിപ്പിലെ ഒരു ഭാഗം അവിടെ സൂക്ഷിക്കുകയും ചെയ്തു. അതിനാൽ റോമും ബെനെവെന്റോയും വി. ബർത്തലോമിയോയുടെ പ്രധാന തീർത്ഥാടനകേന്ദ്രങ്ങളാണ്.

ചുങ്കക്കാരനായ മത്തായി എന്നറിയപ്പെട്ടിരുന്ന ക്രിസ്തുശിഷ്യൻ എത്യോപ്യയിലായിരുന്നു സുവിശേഷം പ്രസംഗിച്ചത്. അവിടെ വിശുദ്ധ ബലിയർപ്പണം നടത്തുമ്പോൾ രക്തസാക്ഷിത്വം വരിക്കുകയായിരുന്നു. 954 വി. മത്തായിയുടെ തിരുശേഷിപ്പുകൾ എത്യോപ്യയിലെ അദ്ദേഹത്തിന്റെ ശവകുടീരത്തിൽ നിന്ന് ഇറ്റലിയിലെ സാലെർണോ നഗരത്തിലേക്ക് മാറ്റി. അവിടെ വിശുദ്ധന്റെ നാമധേയത്തിലുള്ള പ്രത്യേക കത്തീഡ്രലിൽ തിരുശേഷിപ്പുകൾ സൂക്ഷിച്ചിരിക്കുന്നു.

എ.ഡി. 66-ൽ വി. ശിമയോനും വി. യൂദായും പേർഷ്യയിലേക്ക് സുവിശേഷ പ്രസംഗത്തിനായി യാത്രയായി. പ്രാകൃതമതങ്ങളിൽ വിശ്വസിച്ചിരുന്ന ആ നാട്ടിൽ ജനങ്ങൾ ശിഷ്യന്മാരെ പിടികൂടി അവരുടെ ആചാരങ്ങളും വിഗ്രഹാരാധനയും നടത്തുവാൻ പ്രേരിപ്പിച്ചു. ഇതിനു വഴങ്ങാതിരുന്ന ഇരുശിഷ്യന്മാരെയും അവർ വധിക്കുവാൻ തീരുമാനിച്ചു. എന്നാൽ അതേസമയം ദൈവദൂതൻ പ്രത്യക്ഷപ്പെടുകയും ആ ജനതയെ ഒന്നടങ്കം നശിപ്പിച്ചിട്ട് രക്ഷപ്പെടാൻ ശിഷ്യന്മാരോട് ആവശ്യപ്പെടുകയും ചെയ്തു. ജനതയെ നശിപ്പിച്ചിട്ട് തങ്ങൾ രക്ഷപെടുന്നില്ലെന്നു അവർ ദൂതനെ അറിയിച്ചു. തുടർന്ന് അവർ അവർ രക്തസാക്ഷിത്വം വരിച്ചു. ശിമയോനെ വടി കൊണ്ട് അടിച്ചും വി. യൂദായെ ശിരച്ഛേദം ചെയ്തും കൊലപ്പെടുത്തി എന്നാണ് കരുതപ്പെടുന്നത്. റോമിലെ സെന്റ് പീറ്റേഴ്‌സ് ബസിലിക്കയിൽ വി. ശിമയോന്റെയും വി. യൂദാ തദേവൂസിന്റെയും തിരുശേഷിപ്പുകൾ സൂക്ഷിച്ചിരിക്കുന്നു.

യൂദാസ് സ്കറിയോത്തയ്ക്ക് പകരം വിളിക്കപ്പെട്ട ശിഷ്യനാണ് വി. മത്തിയാസ്. 326 -ലാണ് ഹെലീനാ രാജ്ഞി വിശുദ്ധന്റെ ശകുടീരം ജറുസലേമിൽ നിന്ന് കണ്ടെത്തുന്നത്. ജർമ്മനിയിലെ ട്രിയറിലാണ് അദ്ദേഹത്തിന്റെ തിരുശേഷിപ്പ് സൂക്ഷിച്ചിരിക്കുന്നത്. വിശുദ്ധന്റെ നാമധേയത്തിൽ തന്നെയുള്ള ബസിലിക്കയിലാണ് ഇത് സൂക്ഷിച്ചിരിക്കുന്നത്.

വി. പൗലോസ്

വിജാതീയരുടെ അപ്പസ്തോലൻ എന്നറിയപ്പെടുന്ന വി. പൗലോസ്, വി. പത്രോസ് ശ്ലീഹ തലകീഴായി ക്രൂശിക്കപ്പെട്ട അതേ ദിവസം തന്നെയാണ് രക്തസാക്ഷിത്വം വരിച്ചത്. ശിരച്ഛേദം ചെയ്യപ്പെട്ടാണ് അദ്ദേഹം മരണമടഞ്ഞത്.

കോൺസ്റ്റന്റൈൻ ചക്രവർത്തി ഈ ക്രിസ്തുശിഷ്യനെ മറന്നില്ല. റോമിലെ വയ ഓസ്റ്റിൻസിലുള്ള വിശുദ്ധന്റെ ശവകുടീരത്തിനു മുകളിൽ അദ്ദേഹം ഒരു ബസിലിക്ക നിർമ്മിച്ചു. 2009 -ൽ വിവിധ പഠനങ്ങൾക്കു ശേഷം റോമിലെ ബസിലിക്കയിൽ ബലിപീഠത്തിനു താഴെയുള്ള ശവകുടീരത്തിൽ വി. പൗലോസ് ശ്ലീഹായുടെ തിരുശേഷിപ്പുകൾ സൂക്ഷിച്ചിരിക്കുന്നു എന്ന് ബെനഡിക്ട് പതിനാറാമൻ പാപ്പാ പ്രസ്താവിച്ചു.

സുനീഷ വി.എഫ്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

1 COMMENT

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.