‘എനിക്ക്’ കിട്ടേണ്ട സ്വർണ്ണ മെഡൽ ‘നമുക്ക്’ ആയി മാറിയപ്പോൾ

ഒളിമ്പിക്സ് മത്സരത്തിനിടെ ഖത്തറിലെ മുംതാസ് ഈസ ബാർഷിമും ഇറ്റലിയിലെ ജിയാൻമാർകോ ടാംബേരിയും ലോകത്തിനു മുമ്പിൽ കാണിച്ചുകൊടുത്തത് തീർച്ചയായും അനുകരിക്കേണ്ട മാതൃക തന്നെയാണ്. കായികമായ കഴിവിനോടൊപ്പം ആദരമർപ്പിക്കേണ്ടതാണ് അവരുടെ ഹൃദയത്തിന്റെ വിശാലതയും.

ഒരു ഒളിമ്പ്യൻ ആകാൻ ഏകാഗ്രതയും നിശ്ചയദാർഢ്യവും മത്സരബുദ്ധിയും ആവശ്യമാണ്. അതോടൊപ്പം അവർ തങ്ങളുടെ രാജ്യത്തെ പ്രതിനിധീകരിക്കുന്ന ഒരു കായികതാരവും കൂടിയാണ്. ഈയൊരു സാഹചര്യത്തിൽ ഒരു സ്വർണ്ണ മെഡൽ രണ്ടുപേരും കൂടി പങ്കിട്ടെടുക്കുവാനെടുത്ത തീരുമാനമാകട്ടെ ലോകത്തിനു തന്നെ മാതൃകയും.

ഖത്തറിലെ മുംതാസ് ഈസ ബാർഷിമും ഇറ്റലിയിലെ ജിയാൻമാർകോ ടാംബേരിയും ഞായറാഴ്ച ഹൈ-ജംപിൽ മത്സരിക്കുമ്പോൾ ഒരു പ്രത്യേക അവസ്ഥ ഉണ്ടായി. രണ്ടു പേർക്കും ആദ്യശ്രമത്തിൽ തന്നെ ഒരേ ഉയരത്തിൽ (2.37 മീറ്റർ) ചാടാൻ കഴിഞ്ഞു. എങ്കിലും വീണ്ടും മൂന്നു പ്രാവശ്യത്തെ ശ്രമങ്ങൾക്കു ശേഷം അടുത്ത ലെവൽ 2.39 മീറ്ററിനെ മറികടക്കാനായില്ല. ആർക്കാണ് സ്വർണ്ണ മെഡൽ ലഭിക്കുന്നതെന്ന് നിർണ്ണയിക്കാൻ ലോകം ഉറ്റുനോക്കിയ സമയം.

“ഞാൻ ടാംബേരിയെ നോക്കി. അവൻ എന്നെയും. ഞങ്ങൾക്ക് രണ്ടു പേർക്കും സ്വർണ്ണ മെഡൽ കിട്ടുമോ?” മുംതാസ് ഉദ്യോഗസ്ഥനോട് ചോദിച്ചു. അതിന് ഉദ്യോഗസ്ഥൻ സമ്മതിച്ചു. രണ്ടുപേരും കെട്ടിപ്പിടിച്ച് ആഹ്ലാദം പങ്കിട്ടു. 1912 -നു ശേഷം ഇതാദ്യമായാണ് ഒരു സ്വർണ്ണ മെഡൽ പങ്കിടുന്നത്.

“ട്രാക്കിൽ മാത്രമല്ല, ട്രാക്കിനു പുറത്തുള്ള എന്റെ ഏറ്റവും നല്ല സുഹൃത്തുക്കളിൽ ഒരാളാണ് അദ്ദേഹം. ഞങ്ങൾ ഒരുമിച്ചു പ്രവർത്തിക്കുന്നു. ഇതൊരു സ്വപ്നസാക്ഷാത്കാരമാണ്” – സ്വർണ്ണ മെഡൽ പങ്കിട്ട ശേഷം ബർഷിം പങ്കുവച്ചു.

ഈ രണ്ടു കായികതാരങ്ങളും അവരുടെ രാജ്യങ്ങൾക്ക് ഒരു സ്വർണ്ണ മെഡൽ നൽകി. അതു മാത്രമല്ല ലോകത്തിന് മികച്ച മാതൃകയും കൂടിയാണ് ഇവർ നൽകുന്നത്.

ഈ നൂറ്റാണ്ട് കണ്ട ഏറ്റവും മികച്ച വിക്ടറി സെറിമണിയാണ് ടോക്കിയോയിൽ നിന്ന് ലോകം കണ്ടത്. പങ്കുവയ്ക്കൽ എന്തെന്നും അതിൽ നിന്നും ലഭിക്കുന്ന ബഹുമാനം എത്ര വലുതാണെന്നും ലോകത്തെ ബോധ്യപ്പെടുത്തിയ രണ്ട് കായികതാരങ്ങൾ. ഹൈ-ജംപിൽ അവർ ചാടിയ ഉയരത്തിനേക്കാൾ എത്രയോ ഉയരങ്ങളിലാണ് ഇരുവരുടെയും മനസ്സിന്റെ നന്മയും സൗഹൃദവും. ടോക്കിയോയിൽ തിരി കൊളുത്തിയ പങ്കുവയ്ക്കലിന്റെ പുതിയ സംസ്കാരം ലോകമെമ്പാടും വ്യാപിക്കട്ടെ.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.