കുടുംബം ഒന്നുചേർന്ന് പ്രാർത്ഥിക്കുമ്പോൾ സംഭവിക്കുന്നത്

വളരെ പ്രസിദ്ധമായ ഒരു ചൊല്ലുണ്ട്. ഒന്നിച്ചു പ്രാർത്ഥിക്കുന്ന കുടുംബം ഒന്നിച്ചു നിലനിൽക്കും. ലോകം മുന്നോട്ടുവയ്ക്കുന്ന ആപത്തുകളെ അതിജീവിക്കുവാൻ ഒരു കുടുംബത്തെ സഹായിക്കുന്ന ഒന്നാണ് കുടുംബ പ്രാർത്ഥന. ഒരു ക്രിസ്തീയ കുടുംബത്തെ, അതിന്റെ ആത്മീയതയിൽ ഉറപ്പിച്ചു നിർത്തുന്ന അടിസ്ഥാന ഘടകം. കുടുംബാംഗങ്ങൾ ഒന്നുചേർന്ന് പ്രാർത്ഥിക്കുന്ന ഭവനങ്ങളിലേയ്ക്ക് ദൈവം അനുഗ്രഹത്തിന്റെ വറ്റാത്ത ഉറവ നിക്ഷേപിക്കും. അതുകൊണ്ടാണ്, സന്ധ്യാ പ്രാർത്ഥന ഒഴിവാക്കരുതെന്ന് പഴമക്കാർ നിഷ്കർഷിച്ചിരുന്നത്.

പ്രതിസന്ധികളിൽ കൈകോർത്തു നിൽക്കുവാൻ, പരസ്പരം പ്രോത്സാഹനം നൽകുവാൻ, ദൈവത്തിൽ അടിയുറച്ചു നിന്നുകൊണ്ട് പ്രത്യാശയോടെ ജീവിതത്തെ നോക്കിക്കാണുവാൻ ഒക്കെയുള്ള അനുഗ്രഹമാണ് കുടുംബ പ്രാർത്ഥന വഴി ദൈവം നമ്മുടെ ഭവനങ്ങളിലേയ്ക്ക് ചൊരിയുന്നത്. ഒന്നുചേർന്നുള്ള കുടുംബ പ്രാർത്ഥനയുടെ ഏതാനും പ്രയോജനങ്ങൾ ചുവടെ ചേർക്കുന്നു.

1. വേദനകളെ നീക്കം ചെയ്യുന്ന കുടുംബ പ്രാർത്ഥന

അധരം തുറന്നുള്ള പ്രാർത്ഥന, നമ്മുടെയുള്ളിൽ കെട്ടിക്കിടക്കുന്ന വേദനകളും ദുഃഖങ്ങളും പുറത്തുവരുന്നതിന് നമ്മെ സഹായിക്കുന്നു. നമ്മുടെ കുടുംബാംഗങ്ങളുടെ വേദനകളും പ്രശ്നങ്ങളും നമുക്കറിയാം. അതു പറഞ്ഞ് ദൈവത്തിന്റെ അനുഗ്രഹം യാചിക്കുമ്പോൾ അവരുടെയുള്ളിൽ തളം കെട്ടിക്കിടക്കുന്ന വേദനകൾ മാറുകയും അവിടേയ്ക്ക് ദൈവത്തിന്റെ ആശ്വാസം ഒഴുകിയെത്തുകയും ചെയ്യുന്നു. കുടുംബമായുള്ള പ്രാർത്ഥന പരസ്പരം ക്ഷമിക്കുന്നതിനുള്ള അവസരം കൂടിയാണ് തരുന്നത്.

2. സുഖപ്പെടുത്തുന്ന പ്രാർത്ഥന

പ്രാർത്ഥന, നമ്മെ നാം അറിയാതെ പോലും സുഖപ്പെടുത്തുന്നു. പ്രാർത്ഥിക്കുന്നവർ, അല്ലാത്തവരേക്കാൾ വൈകാരികമായും ശാരീരികമായും ആരോഗ്യവാന്മാരാണെന്ന് പഠനങ്ങൾ തെളിയിക്കുന്നു. വിഷാദം, ഉത്കണ്ഠ, രോഗങ്ങൾ എന്നിവയാൽ ബുദ്ധിമുട്ടുന്നവരെ പ്രാർത്ഥന ഒരുപാട് സഹായിക്കുന്നുണ്ട്. കുടുംബത്തിനു വേണ്ടി പ്രാർത്ഥിക്കുമ്പോൾ അത് അംഗങ്ങളിലേയ്ക്ക് ഒരു പോസിറ്റിവ് ഊർജ്ജം പകരുന്നുണ്ട്. പ്രത്യേകിച്ചും ഒരു വേദനയുടെയോ വിഷമത്തിന്റെയോ സമയങ്ങളിൽ. കുടുംബത്തിനും ചുറ്റുമുള്ളവർക്കും ആത്മീയവും വൈകാരികവും ശാരീരികവുമായ രോഗശാന്തിക്കായി പ്രാർത്ഥിക്കുക. ദൈവത്തിന്റെ ഹിതമനുസരിച്ച് നിങ്ങൾ എന്തെങ്കിലും ചോദിച്ചാൽ, അവൻ നിങ്ങളുടെ വാക്ക് കേൾക്കുന്നുവെന്നും നിങ്ങൾ പ്രാർത്ഥിക്കുമ്പോൾ ദൈവം നിങ്ങളെ ശ്രദ്ധിക്കുന്നുവെന്നും ഓർക്കുക.

3. സംഭാഷണത്തെ ശക്തമാക്കുന്നു

ആശയവിനിമയം ബന്ധങ്ങളുടെ ഒരു പ്രധാന വശമാണ്. നാം ദൈവവുമായി എങ്ങനെ ആശയവിനിമയം നടത്തുന്നു എന്നതാണ് പ്രാർത്ഥന. പ്രാർത്ഥന ദൈവവുമായും കുടുംബവുമായുള്ള നമ്മുടെ ആശയവിനിമയം കൂടുതൽ തുറവിയുള്ളതാക്കുന്നു. ദൈവവുമായി ഒരു ആഴമായ ബന്ധത്തിലേയ്ക്ക് എത്തുമ്പോൾ നാം നമ്മുടെ ചുറ്റുമുള്ളവരോടും നന്നായി പെരുമാറും. ഇത് ആഴമേറിയതും കൂടുതൽ ആധികാരികവുമായ ബന്ധങ്ങൾ പുലർത്താൻ നമ്മെ സഹായിക്കും. ഒരു കുടുംബമെന്ന നിലയിൽ നിങ്ങൾ എത്രത്തോളം ഒരുമിച്ച് പ്രാർത്ഥിക്കുന്നുവോ അത്രത്തോളം പരസ്പരമുള്ള ആശയവിനിമയം എളുപ്പമാകും.

4. സംരക്ഷണം നൽകുന്ന പ്രാർത്ഥന

നിങ്ങളുടെ പങ്കാളി, മാതാപിതാക്കൾ, കുട്ടികൾ തുടങ്ങി കുടുംബത്തിലെ എല്ലാവർക്കും വേണ്ടി എല്ലാ ദിവസവും പ്രത്യേകം പ്രാർത്ഥിക്കണം. അങ്ങനെ പ്രാർത്ഥിക്കുമ്പോൾ ഓരോരുത്തരുടെയും മേൽ തിരുരക്തത്തിന്റെ വലിയ സംരക്ഷണം ആവശ്യപ്പെടണം. അപ്പോൾ ദൈവം എല്ലാവിധ ആത്മീയവും ഭൗതികവുമായ അപകടങ്ങളിൽ നിന്ന് നമ്മെയും കുടുംബാംഗങ്ങളെയും സംരക്ഷിക്കും. ഒരു കുടുംബത്തിലെ പ്രാർത്ഥനയുടെ പ്രാധാന്യത്തെക്കുറിച്ച് നിങ്ങളുടെ കുട്ടികളെ ബോധവാന്മാരാക്കാനുള്ള ഒരു പ്രധാന ഉത്തരവാദിത്വം മാതാപിതാക്കളിൽ നിക്ഷിപ്തമാണ്. അത് ശരിയായി പറഞ്ഞു മനസിലാക്കി കൊടുക്കുവാനും, കുട്ടികളെ പ്രാര്‍ത്ഥനയോട് ചേർത്തുനിർത്തുവാനും മാതാപിതാക്കൾക്ക് കഴിയണം. യേശുനാമത്തിന്റെ വലിയ ശക്തിയാൽ അനുദിനം സംരക്ഷിക്കപ്പെടുവാൻ പ്രാർത്ഥിക്കുന്നത് വളരെ നല്ലതാണ്.

5. കുടുംബ-ബന്ധങ്ങളെ ശക്തിപ്പെടുത്തുന്ന പ്രാർത്ഥന

കുടുംബത്തെ ഒരുമിച്ചു നിർത്താന്‍ കുടുംബ പ്രാർത്ഥന അത്യാവശ്യമാണ്. അത് കുടുംബാംഗങ്ങളെ ആദ്യം ദൈവവുമായുള്ള ഐക്യത്തിലേയ്ക്ക് നയിക്കുന്നു. ആ ഐക്യം കുടുംത്തിലേയ്ക്കും വ്യാപിക്കുന്നു. കുടുംബ പ്രാർത്ഥനയിൽ മറ്റെല്ലാ തിരക്കുകളും മാറ്റിവച്ച് എല്ലാവരും ഒന്നുചേരുന്നു. പ്രാർത്ഥനയ്ക്കു ശേഷം അൽപനേരം സംസാരിക്കുന്നു. പ്രശനങ്ങളും പ്രതിസന്ധികളും പങ്കുവയ്ക്കുന്നു. പ്രാർത്ഥിക്കാം എന്നുറപ്പും പ്രത്യാശയിൽ മുന്നേറുവാനുള്ള നിർദ്ദേശങ്ങളും നൽകുമ്പോൾ, ഒറ്റയ്ക്കല്ല എന്ന ബോധ്യം ഓരോരുത്തരുടെയും ഉള്ളിൽ ഉണ്ടാകുന്നു. ഇത് ഒരുമയുടെ മനോഭാവത്തെ വളർത്തുകയും ബന്ധങ്ങൾ ദൃഢമാക്കുകയും ചെയ്യുന്നു.

6. ആത്മീയമായ അടുപ്പം സ്ഥാപിക്കുന്നു

കുടുംബാംഗങ്ങൾ തമ്മിലുള്ള മാനസികവും ആത്മീയവുമായ അടുപ്പം വളരെ പ്രധാനപ്പെട്ടതാണ്. പ്രാർത്ഥനയിൽ ഒന്നുചേരുമ്പോൾ കുടുംബത്തിലെ അംഗങ്ങൾ തമ്മിൽ മനസുകൾ കൊണ്ട് അഗാധമായ ഒരു അടുപ്പം ഉണ്ടാകുന്നു. ഒരുമിച്ചു പ്രാർത്ഥിക്കുന്ന ദമ്പതികൾക്കിടയിൽ അഗാധമായ സ്നേഹം നിറയുകയും അവരുടെ കുടുംബജീവിതം മനോഹാരമാവുകയും ചെയ്യുന്നു. ഇത് അവരെ മാത്രമല്ല, ആ കുടുംബത്തിൽ മുഴുവൻ ശാന്തിയും സമാധാനവും നിറയ്ക്കുന്നു.