സ്നേഹം പ്രണയത്തിനു വഴിമാറുമ്പോൾ: ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങൾ

ഡോ. ഡോമിനിക്ക് വെച്ചൂര്‍

സൗഹൃദങ്ങളും പ്രണയങ്ങളും ഭാവാത്മകമാകട്ടെ

ആണ്‍-പെണ്‍സൗഹൃദങ്ങളുടെയും പ്രണയബന്ധങ്ങളുടെയും അതിര്‍വരമ്പുകളും നേര്‍രേഖകളും മാറ്റിവരക്കപ്പെടുന്ന ഒരു കാലഘട്ടമാണിത്. ലൈംഗികപീഡനങ്ങളും ലൈംഗിക ദുരുപയോഗങ്ങളും അനുബന്ധമായി ഉണ്ടാകുന്ന ഭീഷണികളും അപകീര്‍ത്തികളും സാമ്പത്തിക തട്ടിപ്പുകളും അപമൃത്യുക്കളും ക്രമാതീതമായി വര്‍ദ്ധിച്ചുവരുന്നു. പ്രണയനൈരാശ്യം മൂലം ആത്മഹത്യ ചെയ്യുന്നവരുടെയും പ്രണയാഭ്യര്‍ത്ഥന നിരസിക്കുന്ന പെണ്‍കുട്ടിയെ നിഷ്ഠൂരമായി കൊന്നുകളയുന്ന നീച കൊലപാതകങ്ങളുടെയും എണ്ണം കൂടിവരുന്നു. ഏതാനും ദിവസങ്ങള്‍ക്കു മുമ്പ് കൊല്ലപ്പെട്ട കോളേജ് വിദ്യാര്‍ത്ഥിനി നിഥിനാമോളും ഏതാനും ആഴ്ചകള്‍ക്കു മുമ്പ് കൊല്ലപ്പെട്ട യുവഡോക്ടര്‍ മാനസയും പ്രണയപ്പക തീര്‍ക്കുന്ന കൊലപാതക പരമ്പരയിലെ ചില കണ്ണികള്‍ മാത്രമാണ്. സ്ത്രീധന കൊലപാതകങ്ങളും ഗാര്‍ഹീകപീഡനങ്ങളും ഒരു പതിവ് വാര്‍ത്തയാകുന്നു. വീട്ടകങ്ങളില്‍ പൊലിയുന്ന നിരവധി ജീവിതങ്ങളുടെ വാര്‍ത്തകള്‍ നമുക്ക് കേള്‍ക്കേണ്ടി വരുന്നു. ആത്മഹത്യ ചെയ്യുന്ന മകളേക്കാള്‍ വിവാഹമോചിതയായ മകളാണ് നല്ലതെന്ന് മാതാപിതാക്കന്മാരെക്കൊണ്ട് പറയിക്കുന്ന കാലമാണിത്.

വിവാഹം കഴിക്കാന്‍ പോലും പെണ്‍കുട്ടികള്‍ മടിക്കുന്നു

പരിഭ്രമത്തിന്റെയും അസ്വസ്ഥതയുടെയും ഈ കാര്‍മേഘങ്ങള്‍ മാറി ആണ്‍-പെണ്‍ ലൈംഗികതയുടെ പരസ്പര പൂരകത്വവും ആണ്‍-പെണ്‍ ബന്ധങ്ങളുടെ ഊഷ്മളതയും കൂടുതല്‍ ഭാവാത്മകമായി വളരേണ്ടതുണ്ട്, വളര്‍ത്തേണ്ടതുണ്ട്. സൗഹൃദബന്ധങ്ങളുടെ ഹൃദ്യതയും ആസ്വാദ്യതയും സ്കൂള്‍-കോളേജ്-യൂണിവേഴ്‌സിറ്റി കാമ്പസുകളിലും പൊതുജീവിതത്തിന്റെ എല്ലാ തലങ്ങളിലും നിറയുവാന്‍ ഇടയാകണം.

സ്‌നേഹവും പ്രണയവും ഹൃദയത്തിന്റെ ഭാഷകള്‍

സ്‌നേഹം മനുഷ്യഹൃദയങ്ങളെയും ജീവിതങ്ങളെയും പ്രപഞ്ചത്തെ തന്നെയും ചലിപ്പിക്കുന്ന ഏറ്റവും ശക്തമായ ആത്മീയ ഊര്‍ജ്ജമാണ്. സ്‌നേഹം എന്ന ഒരു വാക്കില്‍ മനുഷ്യാസ്ഥിത്വത്തെ വേണമെങ്കില്‍ ചുരുക്കാം. “സ്‌നേഹമാണഖിലസാരമൂഴിയില്‍; സ്‌നേഹസാരമിഹ സത്യമേകമാം” എന്നാണല്ലോ കവിശകലം. മഹാകവി കുമാരനാശാന്‍ ‘ചണ്ഡാലഭിക്ഷുകി’യില്‍ വീണ്ടും പാടുന്നു: “സ്‌നേഹത്തില്‍ നിന്നുദിക്കുന്നു ലോകം, സ്‌നേഹത്താല്‍ വൃദ്ധി തേടുന്നു. സ്‌നേഹം താന്‍ ശക്തി ജഗത്തില്‍; സ്വയം സ്‌നേഹം താനാനന്ദമാര്‍ക്കും. സ്‌നേഹം താന്‍ ജീവിതം ശ്രീമന്‍; സ്‌നേഹവ്യാഹതി തന്നെ മരണം. സ്‌നേഹം നരകത്തിന്‍ ദ്വീപില്‍ സ്വര്‍ഗ്ഗഗേഹം പണിയും പടുത്വം.” സ്‌നേഹം രണ്ടു വ്യക്തികള്‍ തമ്മിലുള്ള ഹൃദയബന്ധത്തിന്റെ ഭാഷയാണ്. സ്‌നേഹത്തിന്റെ രസതന്ത്രം അറിവിനും വര്‍ണ്ണനകള്‍ക്കും അതീതമാണ്.

സ്‌നേഹവും സൗഹൃദവും കൂടുതല്‍ തീവ്രവും ഗാഢവും വൈകാരികവുമാകുമ്പോള്‍ അത് പ്രണയമായി രൂപാന്തരപ്പെടുന്നു. വിശുദ്ധ ബൈബിളിലേയും വിശ്വസാഹിത്യത്തിലെയും പ്രണയവിവരണങ്ങളും ലോകപ്രസിദ്ധ കലാകാരന്മാരുടെ വിശ്വോത്തര കലാശില്പങ്ങളും ചുവര്‍ചിത്രങ്ങളും നല്‍കുന്ന കാല്പനികഭാവങ്ങളും അവിസ്മരണീയങ്ങള്‍ തന്നെ. വിശുദ്ധ ബൈബിളിലെ ഉത്തമഗീതം സാക്ഷ്യപ്പെടുത്തുന്നു, “പ്രേമം മരണത്തെപ്പോലെ ശക്തമാണ്. അസൂയ ശവക്കുഴി പോലെ ക്രൂരവുമാണ്. അതിന്റെ ജ്വാലകള്‍ തീജ്വാലകളാണ്. അതിശക്തമായ തീജ്വാല. ജലസഞ്ചയങ്ങള്‍ക്ക് പ്രേമാഗ്നിയെ കെടുത്താനാവില്ല. പ്രവാഹങ്ങള്‍ക്ക് അതിനെ ആഴ്ത്താന്‍ കഴിയുകയില്ല. പ്രേമം വിലക്ക് വാങ്ങാന്‍ സര്‍വ്വ സമ്പത്തും കൊടുത്താലും അത് അപഹാസ്യമാവുകയേയുള്ളൂ” (8: 6-7). സ്‌നേഹവും സൗഹൃദവും പ്രണയവും ശ്രദ്ധാപൂര്‍വ്വം നട്ടുനച്ച് വളര്‍ത്തേണ്ട ജീവിതഭാവങ്ങളും പരിശീലിക്കേണ്ട കലയുമാണ്.

സ്‌നേഹവും പ്രണയവും വഴിമാറുന്നുവോ?

നിസ്വാര്‍ത്ഥവും നിര്‍മ്മലവുമായ സ്‌നേഹവും പ്രണയവും സ്വാര്‍ത്ഥതക്കും ഉപഭോഗസംസ്‌കാരത്തിനും വഴിമാറുന്ന ഒരു പ്രവണത ഇന്ന് വളര്‍ന്നുവരുന്നുവോ എന്ന് സന്ദേഹിക്കുന്നു. വ്യക്തികളെ ഉപയോഗിച്ച് തള്ളുന്ന രീതി എല്ലാ തലങ്ങളിലും ഇന്ന് പ്രബലമാണ്. സ്‌നേഹവും പ്രണയവും ഭീഷണിയിലൂടെയും ബലപ്രയോഗത്തിലൂടെയും നേടാമെന്ന ഒരു തെറ്റിദ്ധാരണ ഇന്ന് വളര്‍ന്നുവരുന്നു. സൗഹൃദങ്ങളും പ്രണയങ്ങളും പലപ്പോഴും ചതിക്കെണികളായി മാറുന്നു. സൗഹൃദങ്ങള്‍ ലൈംഗികബന്ധങ്ങളിലേയ്ക്ക് വഴുതിവീഴുന്ന സംഭവങ്ങളും കുറവല്ല.

സ്‌നേഹത്തിലും പ്രണയത്തിലും മൂല്യചിന്ത കുറയുന്നതിന്റെ പ്രധാനകാരണം, ദൈവചിന്ത കുറയുന്നുവെന്നതു തന്നെയാണ്. ദൈവചിന്ത കുറയുമ്പോള്‍ മനുഷ്യചിന്തയും മൂല്യബോധവും കുറയുക സ്വഭാവികമാണ്. വളരെ വേഗം വളരുന്ന ഭൗതീകചിന്താരീതികളും ദൈവനിഷേധവും മനുഷ്യഹൃദയങ്ങളിലെ നന്മയുടെ അംശത്തെ കെടുത്തിക്കളയുന്നു. ഇപ്പോള്‍ നാം അതിജീവിച്ചുകൊണ്ടിരിക്കുന്ന കോവിഡ്-19 പ്രതിസന്ധി സമ്മാനിച്ച ആള്‍നിയന്ത്രിത ആരാധനാലയങ്ങളും ആരാധനാ നിയന്ത്രണങ്ങളും വിശ്വാസപരിശീലന പ്രവര്‍ത്തനങ്ങളിലെ പ്രായോഗികബുദ്ധിമുട്ടുകളും മനുഷ്യന്റെ വിശ്വാസജീവിത പോഷണത്തെ വല്ലാതെ ബാധിക്കുന്നുണ്ട്.

കോവിഡ് കാലം തീര്‍ത്ത ഏകാന്തതയും ശൂന്യതയും ഉത്കണ്ഠകളും ഒത്തിരിയാണ്. തുറക്കാത്ത കലാലയങ്ങളും സജീവമാകാത്ത കാമ്പസുകളും തുടര്‍ച്ചയായ ഓണ്‍ലൈന്‍ വിദ്യാഭ്യാസരീതികളും സാമൂഹ്യബന്ധങ്ങളുടെയും കൂടിവരവുകളുടെയും നിയന്ത്രണവും അമിതമായ സോഷ്യല്‍ മീഡിയാ ഉപയോഗവുമൊക്കെ യുവതയുടെ മൂല്യബോധത്തെ നിര്‍ണ്ണായകമായി സ്വാധീനിച്ചിട്ടുണ്ട്. മൊബൈല്‍ ഫോണിന്റെയും ലാപ്‌ടോപ്പിന്റെയും സ്വകാര്യതയിലും സാങ്കല്പിക ലോകത്തും നിരന്തരമായി വ്യാപരിക്കുന്നതും ഇളംമനസുകളെ മലിനമാക്കാന്‍ ഇടയാക്കുന്നുണ്ട്. അത് മനുഷ്യന്റെ സ്‌നേഹബന്ധങ്ങളെയും സ്വാധീനിക്കുന്നു. മദ്യവും മയക്കുമരുന്നും നിശാ ക്ലബ്ബുകളും തീര്‍ക്കുന്ന മാസ്മരികലോകം ആണ്‍-പെണ്‍ സ്‌നേഹബന്ധങ്ങളെ വഴിതെറ്റിക്കാനിടയാക്കുന്നു.

‘ലവ് ജിഹാദും’ ‘നാര്‍ക്കോട്ടിക്ക് ജിഹാദും’ ഒരുക്കുന്ന ചതിക്കെണികള്‍ വ്യാപകമാണെന്ന് സമകാലിക സംഭവങ്ങള്‍ വിളിച്ചുപറയുന്നു.

സ്‌നേഹവും പ്രണയവും ഭാവാത്മകമാക്കുവാന്‍

സ്‌നേഹവും പ്രണയവും സ്വാര്‍ത്ഥതക്കും ഉപഭോഗപ്രവണതകള്‍ക്കും വഴിമാറുന്ന ഈ കാലഘട്ടത്തിലും മനുഷ്യബന്ധങ്ങള്‍ കൂടുതല്‍ സംശുദ്ധമാകേണ്ടതുണ്ട്. അതിന് നമുക്കു വേണ്ടത് ചില മനോഭാവ മാറ്റങ്ങളാണ്.

1. ആണ്‍-പെണ്‍ ലൈംഗികത ദൈവക്രമീകരണം

മനുഷ്യബന്ധങ്ങളെ ഹൃദ്യവും ഊഷ്മളമാക്കുന്ന ഭാവങ്ങളിലൊന്നാണ് ലൈംഗികത. ആണ്‍-പെണ്‍ വ്യതിരക്തതയും പരസ്പര പൂരകത്വവും ആകര്‍ഷണവും ഇഷ്ടവും അനുരാഗവും പ്രണയവും സ്‌നേഹഭാവങ്ങളുമൊക്കെ ദൈവക്രമീകരണത്തിന്റെയും ദൈവപരിപാലനയുടെയും ഭാഗമാണ്. ദൈവം മനുഷ്യകുലത്തിനു നല്‍കിയ അനുഗ്രഹവും ആശീര്‍വ്വാദവും സമ്മാനവുമാണ് ആണ്‍-പെണ്‍ ലൈംഗികത എന്ന് ഫ്രാന്‍സിസ് മാര്‍പാപ്പാ ‘സ്‌നേഹത്തിന്റെ ആനന്ദം’ എന്ന പ്രബോധനത്തില്‍ ഓര്‍മ്മപ്പെടുത്തുന്നു.

നന്ദിയോടെയും ആദരത്തോടെയും ആണ്‍-പെണ്‍ പരസ്പര പൂരകത്വത്തെ വിലമതിക്കാനും അംഗീകരിക്കാനും നമുക്ക് കഴിയണം. സ്വന്തം ലൈംഗികതയെ വിലമതിക്കുന്ന ഒരാള്‍ക്കു മാത്രമേ പൂരകലിംഗത്തില്‍പെട്ട ഒരാളെ ഉള്‍ക്കൊള്ളാനും സമ്മാനമായി സ്വീകരിക്കാനും കഴിയുകയുള്ളൂ. ഇത് നമ്മുടെ ജീവിതവഴികളെ മിഴിവുള്ളതാക്കുന്നു.

2. ആരോഗ്യകരമായ ആണ്‍-പെണ്‍ സൗഹൃദങ്ങള്‍

ആന്തരിക സന്തോഷവും ഹൃദയസ്വാതന്ത്ര്യവും പകരുന്ന ആണ്‍-പെണ്‍ സൗഹൃദങ്ങള്‍ മനുഷ്യജീവിതത്തെ ഭാവസുന്ദരമാക്കുന്നു. മൂല്യചിന്തയിലും ആത്മീയതയിലും വേരൂന്നിയ ബന്ധങ്ങളാണ് സ്ഥായിയായി നിലനില്‍ക്കുന്നത്. ആത്മീയത സ്‌നേഹത്തെ നിസ്വാര്‍ത്ഥമാക്കുന്നു; പത്തരമാറ്റ് തിളക്കമുള്ളതാക്കുന്നു. ശുദ്ധതയും ആത്മസംയമനവും അടക്കവും മിതത്വവും സമചിത്തതയും ആത്മീയതയുടെ ഭാഗമാണ്. സ്‌നേഹവും പ്രണയവും വൈകാരിക അടിമത്തമായി മാറരുത്. നന്മയുടെയും സ്‌നേഹത്തിന്റെയും കേദാരമായ ദൈവമൊഴികെ മറ്റൊന്നും മറ്റൊരാളും ഹൃദയത്തില്‍ ഒരു ബിംബമാകാതിരിക്കട്ടെ.

ഹൃദയവിശുദ്ധിയാണല്ലോ സുപ്രധാന കാര്യമായി ഈശോ സുവിശേഷങ്ങളില്‍ ഊന്നിപ്പറയുന്നത്. ഈശോ പഠിപ്പിക്കുന്നു: “ഹൃദയശുദ്ധിയുള്ളവര്‍ ഭാഗ്യവാന്മാര്‍. എന്തെന്നാല്‍ അവര്‍ ദൈവത്തെ കാണും” (മത്തായി 5:8). ഈശോ വീണ്ടും ഓര്‍മ്മപ്പെടുത്തുന്നു: “ഒരുവന്റെ ഉള്ളില്‍ നിന്നു പുറപ്പെടുന്ന കാര്യങ്ങളാണ് അവനെ അശുദ്ധനാക്കുന്നത്. എന്തെന്നാല്‍ ഉള്ളില്‍ നിന്നാണ്, മനുഷ്യന്റെ ഹൃദയത്തില്‍ നിന്നാണ് ദുശ്ചിന്ത, പരസംഗം, മോഷണം, കൊലപാതകം, വ്യഭിചാരം, ദുരാഗ്രഹം, ദുഷ്ടത, വഞ്ചന, ഭോഗാസക്തി, അസൂയ, ദൂഷണം, അഹങ്കാരം, മൂഢത എന്നിവ പുറപ്പെടുന്നത്. ഇവയാണ് മനുഷ്യനെ അശുദ്ധനാക്കുന്നത്” (മര്‍ക്കോ. 7: 20-23).

നിസ്വാര്‍ത്ഥമായ സ്‌നേഹവും സൗഹൃദവും പ്രണയവുമാണ് ഹൃദയത്തില്‍ വിരിയേണ്ടത്. സ്വാര്‍ത്ഥതയുടെ കെട്ടുപാടുകളില്‍നിന്ന് പരോന്മുഖതയിലേയ്ക്കുള്ള നിരന്തരമായ ഒരു കടന്നുപോകലാണ് (On going exodus) സ്‌നേഹം എന്ന് പാപ്പാ എമരിത്തൂസ് ബെനഡിക്ട് പതിനാറാമന്‍ ‘ദൈവം സ്‌നേഹമാകുന്നു’ എന്ന പ്രബോധനത്തില്‍ പഠിപ്പിക്കുന്നു. ചാരിത്ര്യശുദ്ധിയുടെ തിളക്കമാണ് സൗഹൃബന്ധങ്ങളെയും പ്രണയത്തെയും സുതാര്യമാക്കുന്നത്. “മനുഷ്യസ്‌നേഹത്തെ കളങ്കപ്പെടുത്തുന്ന എല്ലാ പ്രവണതകളില്‍ നിന്നും ഹൃദയത്തെ കാത്തുസൂക്ഷിക്കുന്നതാണ് ചാരിത്ര്യരശുദ്ധിയുടെ പുണ്യം” എന്ന് പരിശുദ്ധ പിതാവ് ഫ്രാന്‍സിസ് മാര്‍പാപ്പാ ‘ആനന്ദിക്കുവിന്‍ ആഹ്ലാദിക്കുവിന്‍’ എന്ന പ്രബോധന രേഖയില്‍ നമ്മെ അനുസ്മരിപ്പിക്കുന്നു. തിരുവചനം പഠിപ്പിക്കുന്നു: “നിന്റെ പുത്രന്മാരെ അച്ചടക്കത്തില്‍ വളര്‍ത്തുക. ചെറുപ്പം മുതലേ അനുസരണം ശീലിപ്പിക്കുക. നിന്റെ പുത്രിമാര്‍ ചാരിത്ര്യവതികളായിരിക്കുവാന്‍ ശ്രദ്ധ പതിപ്പിക്കുക. അതിലാളനമരുത്” (പ്രഭാ. 7: 23-24). വി. പൗലോസ് ശ്ലീഹായും അനുസ്മരിപ്പിക്കുന്നു: “നിങ്ങളുടെ വിശുദ്ധീകരണമാണ് ദൈവം അഭിലഷിക്കുന്നത്. അസാന്മാര്‍ഗ്ഗികതയില്‍ നിന്ന് നിങ്ങള്‍ ഒഴിഞ്ഞുമാറണം. നിങ്ങളോരുത്തരും സ്വന്തം ശരീരത്തെ വിശുദ്ധിയിലും മാന്യതയിലും കാത്തുസൂക്ഷിക്കേണ്ടതെങ്ങനെയെന്ന് അറിയണം” (1 തെസ. 4: 3-4).

ഹെര്‍മന്‍ ഹെസ്സേയുടെ പ്രസിദ്ധമായ നോവലുകളിലൊന്നാണ് ‘സിദ്ധാര്‍ത്ഥ.’. ജീവിതത്തിന്റെ ആഴവും അര്‍ത്ഥവും തേടുന്ന സിദ്ധാര്‍ത്ഥ എന്ന ബ്രാഹ്മണകുമാരന്റെ യഥാര്‍ത്ഥജ്ഞാനം തേടിയുള്ള യാത്രാവിവരണമാണിത്. ജീവിതയാത്രയില്‍ കമല എന്ന ദേവദാസിയുമായി ഇയാള്‍ പരിചയത്തിലാകുന്നു. പ്രണയകല പഠിപ്പിക്കാമോ എന്നു ചോദിക്കുന്ന ഈ യുവാവിന് കമല കൊടുക്കുന്ന മറുപടി ഇങ്ങനെയാണ്: “ചൂഷണം ചെയ്തുവെന്നോ, ചൂഷണവിധേയമായെന്നോ ഉള്ള തോന്നലുകള്‍ ഉണ്ടാകരുത്” (Do not misuse anybody nor be misused by anybody). വാസ്തവത്തില്‍ മനുഷ്യബന്ധങ്ങളുടെ സുതാര്യതയാണ് ഹൃദയവിശുദ്ധി. ഇതാണ് സൗഹൃദങ്ങളെയും പ്രണയങ്ങളെയും സുന്ദരമാക്കുന്നത്. ഇതിനുള്ള വിവേകവും ജാഗ്രതയും ആത്മസംയമനവുമാണ് നമുക്കെല്ലാവര്‍ക്കും ഉണ്ടാകേണ്ടത്. വേദപുസ്തകത്തിലെ പൂര്‍വ്വപിതാവായ ജോസഫും (ഉല്‍. 39) ആദര്‍ശവതിയായ സൂസന്നായും (ദാനി. 13) നമ്മെ അനുസ്മരിപ്പിക്കുന്നതും ഇതു തന്നെയാണ്.

ബന്ധങ്ങളിലും ചാരിത്ര്യശുദ്ധിയിലുമുള്ള വളര്‍ച്ച ക്രമാനുഗതമായ ഒന്നാണ്. കത്തോലിക്കാ സഭയുടെ മതബോധനഗ്രന്ഥം പഠിപ്പിക്കുന്നത് ഇവിടെ സ്മരണീയമാണ്. “ശുദ്ധതക്ക് വളര്‍ച്ചയുടെ നിയമങ്ങള്‍ ഉണ്ട്. അപൂര്‍ണ്ണതയുടെയും പലപ്പോഴും പാപത്തിന്റെയും മുദ്ര പേറുന്ന ഘട്ടങ്ങളിലൂടെയാണ് അത് വളരുന്നത്. ശുദ്ധതയുള്ളവനും സുകൃതോത്സുകനുമായ മനുഷ്യന്‍ അവന്റെ സ്വതന്ത്രമായ പല തീരുമാനങ്ങളിലൂടെ തന്നെത്തന്നെ രൂപവല്‍ക്കരിച്ചുകൊണ്ടിരിക്കുകയാണ്. അങ്ങനെ വളര്‍ച്ചയുടെ ഘട്ടങ്ങളിലൂടെ അവന്‍ ധാര്‍മ്മികനന്മയെ അറിയുകയും സ്‌നേഹിക്കുകയും പൂര്‍ണ്ണമാക്കുകയും ചെയ്യുന്നു” (ഖണ്ഡിക 2343).

3. കരുതലും കാവലുമാകേണ്ട മാതാപിതാക്കളും അദ്ധ്യാപകരും

കുടുംബങ്ങളും മാതാപിതാക്കളും കലാലയങ്ങളും അദ്ധ്യാപകരും യുവതയ്ക്ക് കാവലായി, കൈത്താങ്ങായി ഒപ്പമുണ്ടാകണം. ഹൃദ്യമായ കുടുംബബന്ധങ്ങളാണ് എല്ലാവര്‍ക്കും പ്രത്യേകിച്ച്, കൗമാരക്കാര്‍ക്കും യുവജനങ്ങള്‍ക്കും ഏറ്റവുമധികം സുരക്ഷിതത്വം പകരുന്നത്. കുടുംബം ഒരു വിശുദ്ധമായ വികാരവും ഓര്‍മ്മയുമാണ്. അവിടെ അനാഥത്വത്തിന്റെയും തിരസ്‌കരണത്തിന്റെയും ദുരുപയോഗത്തിന്റെയും പീഡനങ്ങളുടെയും അനുഭവങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ മാതാപിതാക്കളും കുടുംബാംഗങ്ങളും ബന്ധുമിത്രാദികളും ഏറെ ശ്രദ്ധിക്കണം. ഇതുപോലെ തന്നെ കലാലയ അന്തരീക്ഷവും സമാധാനപൂര്‍ണ്ണവും സൗഹൃദപരവുമായിരിക്കട്ടെ. മാതാപിതാക്കളും ഗുരുഭൂതന്മാരും യുവതയ്ക്ക് ഉത്തമ മാതൃകകളുമായിരിക്കട്ടെ.

വളര്‍ച്ചയുടെ ഓരോ ഘട്ടത്തിലും ആവശ്യമായ ലൈംഗികപരിജ്ഞാനവും ലൈംഗിക വിദ്യാഭ്യാസവും ക്രമാനുഗതമായി നല്‍കാനും മാതാപിതാക്കളും അദ്ധ്യാപകരും ശ്രമിക്കേണ്ടതുമുണ്ട്. ശരിയായ അറിവ് ലഭിക്കാതെ വരുമ്പോള്‍ ജിജ്ഞാസയെ തൃപ്തിപ്പെടുത്താന്‍ വികലമായ അറിവുകള്‍ തേടിപ്പോകും. സൗഹൃദബന്ധങ്ങളില്‍ പുലര്‍ത്തേണ്ട പാകതയും ആരോഗ്യകരമായ അകലവും ലക്ഷ്മണരേഖയുമൊക്കെ പുലര്‍ത്താന്‍ ഇവര്‍ ചെറുപ്പക്കാരെ ഓര്‍മ്മിപ്പിക്കുകയും വേണം. ആത്മവിശ്വാസവും ആത്മാഭിമാനവും ആണ്‍-പെണ്‍ തുല്യമഹത്വവും ലിംഗനീതിയും നമ്മുടെ യുവതീ-യുവാക്കന്മാരില്‍ വര്‍ദ്ധിച്ചുവരണം.

4. നിറയെ ഫലങ്ങള്‍ ചൂടുന്ന ജീവിതം

മനുഷ്യകുടുംബമാകുന്ന ഉദ്യാനത്തിലെ വ്യത്യസ്തങ്ങളായ നിറവും മണവും സൗകുമാര്യവുമുള്ള വിശിഷ്ടപുഷ്പങ്ങളാണ് ഓരോ യുവാവും യുവതിയും. പുരുഷത്വവും സ്ത്രീത്വവും പരസ്പര പൂരകങ്ങളാണ്. ഓരോ വ്യക്തിയെയും പരസ്പരം സമ്മാനമായി വിലമതിക്കാന്‍ ഇടയാകണം; നന്ദിയോടെ, ആദരത്തോടെ കരുതാന്‍ ഇടയാകണം. ലൈംഗിക വ്യത്യസ്തകളുള്ളവരേയും വ്യക്തികളായി കണ്ട് ആദരിക്കാന്‍ കഴിയണം. ഹൃദ്യമായ ആണ്‍-പെണ്‍ ബന്ധങ്ങളും സൗഹൃദങ്ങളും പ്രണയവും ഒരു കലയാണ്. ശരീരത്തിന്റെയും ഹൃദയത്തിന്റെയും ശിക്ഷണം ഇതിന് വളരെ പ്രധാനപ്പെട്ടതാണ്. സ്വന്തം ലൈംഗികസ്വത്വത്തെ തിരിച്ചറിഞ്ഞ് പൂരകലിംഗത്തില്‍പ്പെട്ടവരോട് പക്വതയോടെ ഇടപഴകാന്‍ കഴിയണം.

ദൈവകൃപയില്‍ ആശ്രയിച്ചും സ്‌നേഹത്തിന്റെ വറ്റാത്ത ഉറവയായ ഈശോയോടുള്ള വ്യക്തിപരമായ ബന്ധത്തില്‍ വളര്‍ന്നും യുവത്വത്തെ നിറവുള്ളതാക്കുവാന്‍ കഴിയും. തിരുവചനം സാക്ഷ്യപ്പെടുത്തുന്നു: “ഞാന്‍ എന്റെ ശരത്കാലദിനങ്ങളിലെപ്പോലെ ആയിരുന്നെങ്കില്‍! അന്ന് ദൈവത്തിന്റെ സൗഹൃദം എന്റെ കൂടാരത്തിന്മേല്‍ ഉണ്ടായിരുന്നു. സര്‍വ്വശക്തന്‍ എന്നോടു കൂടെ ഉണ്ടായിരുന്നു” (ജോബ് 29,4). സങ്കീര്‍ത്തകന്‍ കുറിക്കുന്നതുപോലെ, “നീര്‍ച്ചാലിനരികെ നട്ടതും യഥാകാലം ഫലം നല്‍കുന്നതും ഇല കൊഴിയാത്തതുമായ വൃക്ഷം പോലെയാണ് അവര്‍. അവരുടെ പ്രവൃത്തികള്‍ സഫലമാകുന്നു” (1,3). വിശുദ്ധമായ ബാല്യവും താരുണ്യവും കൗമാരവും യുവത്വവും വാര്‍ദ്ധക്യവും കാത്തുസൂക്ഷിക്കാം. ജീവിതം മുഴുവന്‍ സ്‌നേഹത്തിന്റെ ഒരു ആഘോഷമായി മാറട്ടെ.

ഫാ. ഡൊമിനിക് വെച്ചൂര്‍

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.