കത്തോലിക്കാ ദേവാലയങ്ങള്‍ ആരാധനയ്ക്കായി തുറക്കുമ്പോള്‍

ജൂണ്‍ 8 മുതല്‍ ആരാധനാലയങ്ങള്‍ തുറക്കാന്‍ കേന്ദ്ര-ഗവണ്‍മെന്റ് അനുവാദം നല്കിയിരിക്കുകയാണ്. അതിന്റെ പ്രായോഗികമായ ക്രമീകരണങ്ങളെക്കുറിച്ച് തീരുമാനമെടുക്കേണ്ടത് സംസ്ഥാന ഗവണ്‍മെന്റുകളാണ്. ഇതിനായി വിവിധ മതനേതാക്കളുടെ ആലോചനായോഗം വിളിച്ചിരിക്കുകയാണ് മുഖ്യമന്ത്രി.

കത്തോലിക്കാ ദേവാലയങ്ങളിലാണ് ഏറ്റവുമധികം ദിനങ്ങളില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ സ്ത്രീ-പുരുഷഭേദമന്യേ ആരാധനയില്‍ പങ്കെടുക്കുന്നത് എന്നതുകൊണ്ട് ഏറെ ജാഗ്രതയോടും ഉത്തരവാദിത്വത്തോടും കൂടെ നാം ഇതു നിര്‍വ്വഹിക്കേണ്ടതുണ്ട്. ക്രൈസ്തവജീവിതത്തിന്റെ കേന്ദ്രമെന്ന നിലയില്‍ കത്തോലിക്കാ വിശ്വാസികള്‍ നെഞ്ചോടുചേര്‍ക്കുന്നതാണ് പരിശുദ്ധ കുര്‍ബാന. ഞായറാഴ്ച കുര്‍ബാനയാകട്ടെ, കത്തോലിക്കന് ആത്മാവിന്റെ ഭക്ഷണമാണ്, അത്യപൂര്‍വ കാരണങ്ങളാലല്ലാതെ ഒഴിവാക്കാനാവാത്ത കര്‍മ്മവുമാണ്. അതിനാല്‍ തന്നെ മാസത്തില്‍ നാലു കുര്‍ബാനയെങ്കിലും ഓരോ വിശ്വാസിക്കും ഉറപ്പാക്കേണ്ടത് ഇപ്പോള്‍ മെത്രാന്മാരുടെ ഉത്തരവാദിത്വമാണ്. ഒരു ദേവാലയത്തില്‍ പ്രവേശിക്കാവുന്നവരുടെ എണ്ണത്തിന്റെ നാലിലൊന്നു പേരെ പങ്കെടുപ്പിച്ചുകൊണ്ട് സാമൂഹിക അകലം പാലിക്കാവുന്നതാണ്.

ഞായറാഴ്ചകളില്‍ മൂന്നു കുര്‍ബാനകളും ഇടദിവസങ്ങളില്‍ രണ്ടു കുര്‍ബാനകളും അര്‍പ്പിച്ചാല്‍ മേല്പറഞ്ഞ ലക്ഷ്യം സാധിക്കാവുന്നതേയുള്ളൂ. പാരിഷ് കൗണ്‍സിലിന്റെ കര്‍ക്കശമായ മേല്‍നോട്ടത്തില്‍ കുടുംബയോഗങ്ങള്‍ വഴി ആളുകളുടെ എണ്ണം നിജപ്പെടുത്താവുന്നതാണ്. പതിനഞ്ചിനും അറുപത്തിയഞ്ചിനും ഇടയ്ക്ക് പ്രായമുള്ളവരെ മാത്രമേ ബലിയര്‍പ്പണത്തില്‍ നേരിട്ടു പങ്കുചേര്‍ക്കാവൂ. അല്ലാത്തവര്‍ക്ക് ഓണ്‍ലൈന്‍ കുര്‍ബാനയും കുടുബത്തില്‍ വച്ചുള്ള പരിശുദ്ധ കുര്‍ബാന സ്വീകരണവും ഒരുക്കാവുന്നതാണ്.

ചില രാജ്യങ്ങളില്‍ ഇപ്പോള്‍ നിലവിലുള്ള രീതികള്‍

ഇറ്റാലിയന്‍ ഗവണ്‍മെന്റ് നല്കിയിട്ടുള്ള പൊതുവായ നിബന്ധനകള്‍ ഇനി ചേര്‍ക്കുന്നു:

1) ഒരു ദിവ്യബലിയില്‍ പങ്കെടുക്കാവുന്നവരുടെ കൂടിയ എണ്ണം ഇരുനൂറ് ആണ്.

2) ദേവാലയത്തിലേയ്ക്ക് പ്രവേശിക്കുമ്പോഴും തിരികെ ഇറങ്ങുമ്പോഴും മിനിമം ഒന്നര മീറ്റര്‍ എങ്കിലും അകലം പാലിച്ചിരിക്കണം.

3) തിരുകര്‍മ്മങ്ങള്‍ക്ക് മുമ്പും അതിനുശേഷവും കൂട്ടംകൂടുന്നത് ഒഴിവാക്കേണ്ടതാകുന്നു

4) തിരുക്കര്‍മ്മങ്ങളില്‍ പങ്കെടുക്കുമ്പോള്‍ മുമ്പിലും വശങ്ങളിലുമുള്ള ആളുകളുമായി ഒരു മീറ്റര്‍ എങ്കിലും മിനിമം പാലിക്കേണ്ടതാണ്.

5) തിരുക്കര്‍മ്മങ്ങളില്‍ പങ്കെടുക്കുമ്പോള്‍ മാസ്‌ക് ധരിക്കേണ്ടതാകുന്നു.

6) ദേവാലയത്തിന് അകത്തേയ്ക്ക് പ്രവേശിക്കുമ്പോള്‍ കൈകള്‍ ശുദ്ധി വരുത്തേണ്ടതാകുന്നു.

7) ഈ കാലയളവില്‍ COVID-19 സ്ഥിരീകരിച്ചവരോ അവരുമായി സമ്പര്‍ക്കം പുലര്‍ത്തിയവരോ തിരുക്കര്‍മ്മങ്ങളില്‍ പങ്കെടുക്കുവാന്‍ പാടുള്ളതല്ല.

8) പനിയുള്ളവര്‍ തിരുക്കര്‍മ്മങ്ങളില്‍ പങ്കെടുക്കാന്‍ പാടുള്ളതല്ല.

9) ദേവാലയത്തിന് അകത്തേയ്ക്ക് പ്രവേശിക്കുമ്പോഴും തിരികെ ഇറങ്ങുമ്പോഴും ജനങ്ങളെ സഹായിക്കുന്നതിനുവേണ്ടി ആവശ്യത്തിന് വോളണ്ടിയേഴ്‌സ് ഉണ്ടാകേണ്ടതാണ്.

സ്വിസ് ഗവര്‍മെന്റിന്റെയും സ്വിസ് ബിഷപ്‌സ് കോണ്‍ഫ്രന്‍സിന്റെയും നിര്‍ദ്ദേശങ്ങളനുസരിച്ച് പള്ളിയില്‍ വരുമ്പോള്‍ ആള്‍ക്കാര്‍ പാലിക്കേണ്ട കാര്യങ്ങള്‍:

1) വരുന്നവര്‍ ഒരു പേപ്പറില്‍ അവരുടെ വീട്ടഡ്രസും ടെലഫോണ്‍ നമ്പറും എഴുതിക്കൊണ്ടു വരണം. അത് പ്രവേശനകവാടത്തില്‍ വച്ചിട്ടുള്ള ബോക്‌സില്‍ നിക്ഷേപിക്കണം; എഴുതാന്‍ വിട്ടുപോയവര്‍ക്കായി പേപ്പറുകളും പേനകളും പ്രവേശനകവാടത്തില്‍ തയ്യാറാക്കി വച്ചിട്ടുണ്ടാകും. ദിവ്യബലിക്കുശേഷം ഉത്തരവാദിത്വപ്പെട്ടവര്‍ ഈ അഡ്രസുകളെല്ലാം ഒരു കവറിലാക്കി രൂപതാകേന്ദ്രത്തില്‍ എത്തിക്കണം. മൂന്നാഴ്ച വരെ അത് അവിടെ സൂക്ഷിക്കുകയും പിന്നീട് നശിപ്പിച്ചുകളയുകയും ചെയ്യും (ആര്‍ക്കെങ്കിലും ഇന്‍ഫക്ഷന്‍ പള്ളിയില്‍ വന്നതിന്റെ പേരിലുണ്ടായാല്‍ റൂട്ട് കണ്ടുപിടിക്കാന്‍ വേണ്ടിയുള്ള മുന്‍കരുതലാണ്).

2) പള്ളിയിലേയ്ക്കുള്ള പ്രവേശനം മുഖ്യകവാടത്തിലൂടെ മാത്രമാണ്.

3) പ്രവേശനകവാടത്തില്‍ Disinfectant, Mask മുതലായവ റെഡിയാക്കി വച്ചിരിക്കും. അഡ്രസ്സ് പെട്ടിയില്‍ നിക്ഷേപിച്ച് കൈകള്‍ അണുവിമുക്തമാക്കിയതിനുശേഷം വേണം വിശ്വാസികള്‍ പള്ളിയില്‍ കയറാന്‍. മാസ്‌ക് ഇവിടെ നിര്‍ബന്ധമില്ല, ഇഷ്ടമുള്ളവര്‍ ധരിച്ചാല്‍ മതി (ജര്‍മ്മനിയില്‍ നിര്‍ബന്ധമാണ്).

4) കൂട്ടം കൂടി പള്ളിയില്‍ കയറരുത്. നടക്കുമ്പോഴും പള്ളിയില്‍ ഇരിക്കുമ്പോഴും രണ്ടു മീറ്റര്‍ അകലം പാലിക്കണം.

5) ഒരേ കുടുംബത്തില്‍ നിന്നുള്ളവര്‍ക്ക് അകലം ബാധകമല്ല.

ദിവ്യബലിയിലെ പങ്കാളിത്തം:

1) പള്ളിയില്‍ ആളുകള്‍ക്കുള്ള കുര്‍ബാന പുസ്തകങ്ങളോ പാട്ടുപുസ്തകങ്ങളോ പാടില്ല.

2) വലിയ കൊയര്‍ ഇല്ല. Orgen/ Keyboard ആവാം. ഒരു ഗായകനോ ഗായികയ്‌ക്കോ പാടാം. നിര്‍ദ്ദേശിച്ചിട്ടുള്ള അകലത്തില്‍ നില്‍ക്കണം.

3) അള്‍ത്താരയില്‍ വൈദികനും ശുശ്രൂഷികളും കപ്യാരും തമ്മിലും ആവശ്യമായ അകലം പാലിക്കേണ്ടതാണ്.

4) കാഴ്ചവയ്പ്പിന് ഒരുക്കുന്നതും കൈ കഴുകുന്നതും വൈദികന്‍ തനിച്ചാണ്.

5) അള്‍ത്താരയിലെ അര്‍പ്പണത്തിനുശേഷം കാഴ്ചദ്രവ്യങ്ങള്‍ കുര്‍ബാന സ്വീകരണം വരെ പരമാവധി മൂടി സൂക്ഷിക്കണം.

6) വിശുദ്ധ കുര്‍ബാന സ്വീകരണം: വിശ്വാസികള്‍ നടുവിലുള്ള വഴിയിലൂടെ കുര്‍ബാന സ്വീകരിക്കാന്‍ കൃത്യമായ അകലം പാലിച്ച് വരേണ്ടതും ശെറലവഴിയിലൂടെ ഇരിപ്പിടങ്ങളിലേയ്ക്ക് തിരിച്ചുപോകേണ്ടതുമാണ്. കുര്‍ബാന സ്വീകരിക്കാന്‍ വരുന്ന വഴിയിലും വൈദികന്‍ നില്‍‌ക്കേണ്ടയിടത്തും, പാലിക്കേണ്ട അകലങ്ങളില്‍ തറയില്‍ ടേപ്പ് ഒട്ടിച്ച് അടയാളമിടുന്നത് അകലം പാലിക്കാന്‍ സഹായിക്കും.

7) നാവില്‍ കുര്‍ബാന സ്വീകരണമില്ല. വിശ്വാസികള്‍ പരമാവധി രണ്ടു കൈയും മുന്നോട്ടു നീട്ടിയാണ് കുര്‍ബാന സ്വീകരിക്കേണ്ടത്. വൈദികനും പരമാവധി കൈനീട്ടി വിശ്വാസിയുടെ കൈയില്‍ തൊടാതെ കുര്‍ബാന നല്കണം.

8) കുര്‍ബാന സ്വീകരണ സമയത്ത് ഓരോ പ്രാവശ്യവും ‘ക്രിസ്തുവിന്റെ തിരുശരീരവും തിരുരക്തവും’ എന്ന് ഉച്ചരിക്കാതെ നിശബ്ദമായാണ് കുര്‍ബാന നല്‍കേണ്ടത്. പകരം, കുര്‍ബാന നല്കുന്നതിനു തൊട്ടുമുമ്പ് പൊതുവായി അള്‍ത്താരയില്‍ വച്ച് ഇത് ഉറക്കെ ഒരു പ്രാവശ്യം പറയാം.

9) കുര്‍ബ്ബാന സ്വീകരണത്തിനു തൊട്ടു മുമ്പും കുര്‍ബാന നല്കലിനുശേഷവും വൈദികന്‍ അണുനാശിനി ഉപയോഗിച്ചോ, സോപ്പ് കൊണ്ട് കഴുകിയോ അള്‍ത്താരയില്‍ വച്ചുതന്നെ കൈകള്‍ ശുദ്ധീകരിക്കേണ്ടതാണ്. കുര്‍ബാന നല്കുന്ന മറ്റു വ്യക്തികളും ഇപ്രകാരം ചെയ്യണം.

10) കുര്‍ബാന നല്കുന്നവര്‍, വൈദികന്‍ ഉള്‍പ്പെടെ ആ സമയത്ത് മാസ്‌ക് ധരിക്കുന്നത് അഭിലഷണീയമാണ്; നിര്‍ബ്ബന്ധമില്ല.

11) കുര്‍ബാന സമാപിച്ചതിനുശേഷം വിശ്വാസികളെ പള്ളിയില്‍ തന്നെ ഇരുത്തി, വാതിലുകള്‍ക്കടുത്തിരിക്കുന്നവര്‍ ആദ്യമെന്ന നിലയില്‍ നിര്‍ദ്ദേശിക്കപ്പെട്ട അകലം പാലിച്ചുകൊണ്ട് പുറത്തേയ്ക്കു പോവുക.

12) പുറത്തിറങ്ങുമ്പോഴും കൈകള്‍ അണുവിമുക്തമാക്കേണ്ടതാണ്.

ഇത്തരത്തില്‍ കേരള കത്തോലിക്കാ സഭയില്‍ ഈശോയുടെ ബലിയര്‍പ്പണത്തിനുള്ള ക്രമീകരണങ്ങള്‍ നടത്താന്‍ നിഷ്പ്രയാസം സാധിക്കുന്നതാണ്. പക്ഷേ, അതിന് ആദ്യമായി വേണ്ടത് സര്‍ക്കാരിന്റെ യാഥാര്‍ത്ഥ്യബോധത്തോടു കൂടിയ അനുവാദമാണ്. അനാവശ്യമായ കടുംപിടുത്തം കൊണ്ട് വിശ്വാസികള്‍ക്ക് കടുത്ത മനോവിഷമം സമ്മാനിക്കാന്‍ സര്‍ക്കാര്‍ തുനിയരുത്. ബിവറേജസുകളിലും മാളുകളിലും റോഡിലും ബസ്സുകളിലുമുള്ള സാമൂഹിക അകല പാലനത്തെക്കാള്‍ മെച്ചപ്പെട്ട രീതിയില്‍ അതു പാലിക്കാന്‍ ആരാധനാലയങ്ങള്‍ക്കു കഴിയും.

ഇക്കാലഘട്ടത്തില്‍ പൊതുസമൂഹത്തിന്റെ കൊറോണ നിയന്ത്രണ യത്‌നങ്ങളില്‍ ഉത്തരവാദിത്വബോധത്തോടെയും ഔദാര്യത്തോടെയും ഇടപെട്ട വിശ്വാസീസമൂഹങ്ങള്‍ക്ക് ഇനിയും കൊറോണ നിര്‍മാര്‍ജ്ജനത്തിലും അതിനുള്ള ബോധവത്കരണത്തിലും കാര്യമായ പങ്കുവഹിക്കാനാകും. മനുഷ്യരുടെ ആത്മീയവും മാനസികവുമായ ആവശ്യങ്ങളെ രണ്ടാംതരമെന്നു മുദ്രകുത്തുന്ന പിന്തിരിപ്പന്‍നയം ആര്‍ക്കും ഭൂഷണമല്ല. പൗരന്മാരെ അനാവശ്യമായി നിയമ ലംഘകരാക്കാതിരിക്കാനുള്ള വിവേകം ഭരിക്കുന്നവര്‍ക്ക് ഉണ്ടായിരിക്കുമല്ലോ.

ഫാ. ജോഷി മയ്യാറ്റില്‍; ഫാ. ജോസഫ് പള്ളിയോടില്‍; ഫാ. വിശാല്‍ മച്ചുങ്കല്‍

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.