ക്രിസ്തു ഹൃദയത്തിൽ ജനിക്കുമ്പോൾ

സുനീഷ നടവയല്‍
സുനീഷ നടവയല്‍

സ്നേഹമില്ലെങ്കിൽ ക്രിസ്തുമസ് എന്തായിരിക്കും എന്ന സന്ദേശം നൽകുന്ന മനോഹരമായ ഒരു അനിമേഷൻ ചിത്രം കാണുവാനിടയായി.

തേനീച്ചകളുടെ ഒരു ക്ലാസ്സ്‌ മുറിയാണ്. നല്ല തടിച്ച, ചെറിയ ചിറകൊക്കെയുള്ള തേനീച്ചക്കുട്ടികൾ ക്ലാസ്സിൽ ഇരിക്കുകയാണ്. പക്ഷികളെക്കുറിച്ചും അവ പറക്കുന്ന ചിറകുകളുടെ പ്രത്യേകതകളെക്കുറിച്ചുമൊക്കെ അവരുടെ അദ്ധ്യാപകൻ പറഞ്ഞുകൊടുക്കുകയാണ്. വളരെ ചെറിയ ചിറകുകളും വലിയ ശരീരവുമുള്ള ഈ പ്രത്യേക ഇനത്തിൽപെട്ട തേനീച്ചകൾക്ക് പറക്കുവാൻ സാധിക്കുകയില്ലെന്ന് അദ്ധ്യാപകൻ പറയുകയാണ്.

പക്ഷേ, അതിലെ ചെറിയ ഒരു തേനീച്ചയ്ക്ക് പറക്കുവാൻ അതിയായ ആഗ്രഹം തോന്നി. അതിനായി പലവിധ വഴികൾ നോക്കുന്നുണ്ടെങ്കിലും അതിലൊന്നും വിജയിക്കുവാൻ അവര്‍ക്കു സാധിക്കുന്നില്ല. ഒടുവിൽ പട്ടത്തിൽ കെട്ടിവലിച്ച് ഓടിനോക്കുന്നുണ്ടെങ്കിലും ഒരു കുഴിയിൽ പോയി വീണ് ആ തേനീച്ചയുടെ കണ്ണട പൊട്ടിപ്പോകുകയാണ്.

പിന്നീട് വളരെ വിഷമത്തോടെ അവർ രണ്ടുപേരും ക്രിസ്തുമസ് ഒരുക്കങ്ങളിലേയ്ക്ക് പ്രവേശിക്കുകയാണ്. മനോഹരമായ അലങ്കാരങ്ങളും പുൽക്കൂടുമൊക്കെ അവർ വീക്ഷിക്കുകയാണ്. പുൽക്കൂടിനു മുകളിൽ നൂലു കൊണ്ട് കെട്ടിവച്ച് വായുവിൽ നിർത്തിയിരിക്കുന്ന ‘തേനീച്ച മാലാഖ’യെയും അവർ വിഷമത്തോടെ നോക്കുന്നുണ്ട്. അങ്ങനെ കൂട്ടുകാരൻ തേനീച്ച, ക്രിസ്തുമസ് സമ്മാനമായി പൊട്ടിപ്പോയ കണ്ണടയ്ക്കു പകരം സ്നേഹപൂർവ്വം പുതിയ, മനോഹരമായ ഒരെണ്ണം സമ്മാനിക്കുകയാണ്. അത്ഭുതത്തോടെ അത് വാങ്ങിയിട്ട് തന്റെ കൂട്ടുകാരനെ ആലിംഗനം ചെയ്ത് ഒരു സ്നേഹചുംബനം നൽകുകയാണ്.

സ്നേഹത്തിന്റെ കരുതൽ പരസ്പരം പങ്കുവച്ചപ്പോൾ അവിടെ അത്ഭുതം സംഭവിക്കുകയാണ്. പെട്ടന്നു തന്നെ ഇരുവരുടെയും ശരീരത്തിലുള്ള ചെറിയ ചിറകുകൾ അനങ്ങുവാൻ തുടങ്ങുകയാണ്. അങ്ങനെ ഇരുവരും പറന്നുയരുകയാണ്. ഉള്ളിലെ നിരാശയും വിഷമതകളും മാറ്റിവച്ച് സ്നേഹം പങ്കുവച്ചപ്പോൾ ഭാരം കുറയുകയും അങ്ങനെ പറക്കുവാനും അവർക്ക് സാധിച്ചു.

ക്രിസ്തുമസ് നൽകുന്ന നല്ല ചിന്തയും ഇതു തന്നെയാണ്. ഉള്ളിന്റെയുള്ളിൽ നിക്ഷേപിച്ചിരിക്കുന്ന നന്മയും സ്നേഹവും മറ്റുള്ളവരിലേയ്ക്കും പകർന്നുനല്‍കുമ്പോളാണ് നമുക്കും മറ്റുള്ളവരോടൊപ്പം ഉയരങ്ങളിലേയ്ക്ക് പറക്കുവാൻ സാധിക്കുന്നത്. “ഞാൻ നിങ്ങളെ സ്നേഹിച്ചതുപോലെ നിങ്ങളും പരസ്പരം സ്നേഹിക്കുവിൻ. നിങ്ങൾക്ക് പരസ്പരം സ്നേഹമുണ്ടെങ്കിൽ നിങ്ങൾ എന്റെ ശിഷ്യന്മാരാണെന്ന് അതുമൂലം എല്ലാവരും അറിയും.” അപരന്റെ പാദങ്ങൾ കഴുകി ചുംബിച്ചുകൊണ്ട് എളിമയും സ്നേഹവും എന്താണെന്ന് ലോകത്തെ പഠിപ്പിച്ച യേശു എന്ന മഹാഗുരു ലോകത്തിനു നൽകിയ ഉപദേശമാണിത്. പരസ്പരം സ്നേഹിക്കുവാൻ മാത്രം ലോകത്തോട് ആഹ്വാനം ചെയ്ത ദൈവത്തിന്റെ പുത്രൻ.

പരിമിതികളോ ബലഹീനതകളോ ഇല്ലാതെ പരിധികളില്ലാത്ത സ്നേഹം കുരിശിലെ ബലിയാണെന്ന് ലോകത്തിനു കാണിച്ചുതന്ന യേശുക്രിസ്തുവിന്റെ ജനനമാണല്ലോ ക്രിസ്തുമസ്. ലോകമെമ്പാടും എക്കാലവും സന്തോഷപൂർവ്വം ആഘോഷിക്കുന്ന ഒരേയൊരു ജന്മദിനം. തിരുപ്പിറവി, ക്രൈസ്തവർക്ക് എക്കാലവും ആനന്ദം നൽകുന്ന വികാരവും വിശ്വാസത്തിൽ ആഴപ്പെടുന്നതിന്റെ ആഘോഷവുമാണ്. ‘തിരു’ എന്ന വാക്കിന് അർത്ഥം ‘വിശുദ്ധം’ എന്നാണല്ലോ. അതിനാൽ തിരുപ്പിറവിയെ വിശുദ്ധമായ ജനനം, കളങ്കമില്ലാത്ത ജനനം എന്നൊക്കെ മനസ്സിലാക്കാവുന്നതാണ്. സമാധാനത്തിന്റെ രാജൻ പുൽക്കുടിലിൽ വന്നുപിറന്നതിന്റെ ഓർമ്മപുതുക്കൽ എന്നതിലുപരി ക്രിസ്തുമസ് നൽകുന്ന ശാന്തിയുടെയും സന്തോഷത്തിന്റെയും പുതിയ അർത്ഥതലങ്ങളിലേയ്ക്ക് കണ്ണോടിക്കേണ്ടത് ആവശ്യമാണ്. ക്രിസ്തുമസ് നമുക്കോരുത്തർക്കും നൽകുന്നത് നൽകുന്നത് തികച്ചും വ്യത്യസ്തമായ അർത്ഥതലങ്ങളാണ്, അനുഭവങ്ങളാണ്.

വർണ്ണാഭമായ നിറങ്ങളുള്ള ബൾബുകളുടെ പ്രകാശമാണ് ഒരു ശിശുവിന് ക്രിസ്തുമസ്. പല നിറങ്ങളിൽ പ്രകാശം മിന്നിമറയുന്നതു കാണുമ്പോൾ ആ കുഞ്ഞുമനസ്സിൽ ഉണ്ടാകുന്ന സന്തോഷത്തിന്റെ ബഹിർസ്ഫുരണമാണ് ക്രിസ്തുമസ്. എന്നാൽ അല്പം കൂടി അറിവുള്ള കുഞ്ഞിന് പുൽക്കൂടും നക്ഷത്രങ്ങളും വർണ് ശോഭയോടെ തിളങ്ങിനിൽക്കുന്ന ക്രിസ്തുമസ് മരവും കേക്കുകളുടെ മാധുര്യവും നൽകുന്ന, കാഴ്ചകളുടേയും കേൾവിയുടെയും വസന്തമാണ്. മരം കോച്ചുന്ന ഡിസംബറിൽ പുലർച്ചെ എഴുന്നേറ്റ് മഞ്ഞിന്റെ മറ മാറ്റി, തണുപ്പിനെ കമ്പിളിയാക്കി ദൈവാലയത്തിലേയ്ക്കു പോകുന്ന കുട്ടികൾ. ‘ഉണ്ണി ഈശോയേ, എന്റെ ഹൃദയത്തിൽ വന്നു പിറക്കണേ’ എന്ന സുകൃതജപവും പെട്രോൾ മാക്സ് വെളിച്ചത്തിൽ മനോഹരഗാനം ആലപിച്ച് ‘ഉണ്ണിയെയും’ കൊണ്ടുള്ള കരോളും പാതിരാകുർബാനയുമാണ് അവരെപ്പോലുള്ളവർക്ക് ക്രിസ്തുമസ്. പ്രായമായ നമ്മുടെ മാതാപിതാക്കൾക്ക് കണ്ണീരിന്റെയും കഷ്ടപ്പാടിന്റെയും ഓർമ്മപുതുക്കലാണത്. ജീവിതത്തിലെ പ്രതീക്ഷകൾ നഷ്ടപ്പെടുന്ന നിമിഷത്തിലെല്ലാം, ബെത്ലഹേമിലുദിച്ച കനകതാരം കൂടെയുണ്ടെന്നുള്ളതിന്റെ വലിയ ഉറപ്പിന്റെ ജീവിതപ്രഘോഷണമാണ് അവരുടെ ക്രിസ്തുമസ്.

ഇതിനെല്ലാമപ്പുറത്ത് വലിയ സന്ദേശങ്ങൾ ക്രിസ്തുമസ് നമുക്ക് നൽകുന്നുണ്ട്. സമ്പന്നതയുടെയും സുഖലോലുപതയുടെയും ഇടയിൽ ആഘോഷരാവുകളിൽ നമ്മുടെ കാഴ്ചകൾ നീട്ടപ്പെടേണ്ട കുറച്ച് ഇടങ്ങൾ കൂടിയുണ്ട്. അമിതമായ പ്രകാശവും ചിലപ്പോൾ നമ്മുടെ കണ്ണുകളെ അന്ധമാക്കാം. അതിനാൽ തന്നെ നാം കാണാതെപോകുന്ന ചില ക്രിസ്തുമസ് കാഴ്ചകളും അനുഭവങ്ങളും കൂടി നമുക്കു ചുറ്റുമുണ്ട്. അവയെക്കൂടി കാണുമ്പോഴാണ് നമ്മുടെ ഉള്ളിലെ ക്രിസ്തുമസ് പൂർണ്ണതയുള്ളതാകൂ. പുൽക്കൂടും വർണ്ണവെളിച്ചവുമില്ലാതെ, വിരുന്നും കേക്കിന്റെ മധുരവുമില്ലാതെ നമുക്കു ചുറ്റും ക്രിസ്തുമസ് ആഘോഷിക്കുന്ന അനാഥരെയും അഗതികളെയും നാം ഹൃദയത്തോട് ചേർത്തുവച്ചിരിക്കണം. ഏറ്റവും കുറഞ്ഞപക്ഷം അവരെക്കുറിച്ച് ആലോചിക്കാനെങ്കിലും അൽപസമയം നാം ചെലവഴിക്കണം. ഒരുനേരത്തെ അന്നത്തിനുവേണ്ടി തെരുവിൽ മറ്റുള്ളവരുടെ മുന്നിൽ കൈനീട്ടേണ്ട ഗതികേടിൽ സ്വയം ചെറുതായി ജീവിക്കുന്നവരുടെ ക്രിസ്തുമസ് നമ്മൾ എപ്പോഴെങ്കിലും അറിഞ്ഞിരിക്കണം. തണുപ്പിൽ നിന്നും രക്ഷ നേടാനായി കീറത്തുണികൾ കൂട്ടിത്തുന്നി കുപ്പായമുണ്ടാക്കുന്ന പാവങ്ങളുടെ ക്രിസ്തുമസ് ആഘോഷം കമ്പിളിയുടെ ചൂടിൽ കിടക്കുന്ന നാമും അറിയണം.

ലാളിത്യത്തിന്റെ പൊൻതാരകം ഭൂമിയിൽ അവതരിച്ചത് പുൽക്കൂട്ടിലാണെന്ന് അടിയുറച്ചു വിശ്വസിക്കുന്ന നമുക്ക്, കൊട്ടാരങ്ങളിലെ ആഘോഷങ്ങളിലേയ്ക്കും ആർഭാടങ്ങളിലേയ്ക്കും സ്വർഗ്ഗീയസമാധാനത്തിന്റെ രാജാവ് കടന്നുവരുവാനുള്ള സാധ്യത വളരെ ചെറുതാണെന്ന് നന്നായിട്ടറിയാം. അതുകൊണ്ടു തന്നെ, അവഗണനയുടെയും ഇല്ലായ്മയുടെയും വിശപ്പിന്റെയും കണ്ണീരിന്റെയും വിയർപ്പിന്റെയും വേദനയുടെയും മുഖങ്ങൾ പേറി ജീവിക്കുന്ന ജനതയുടെ ഹൃദയവിശുദ്ധിയിലും നന്മയിലും ലാളിത്യത്തിന്റെയും നടുവിൽ വന്നുപിറക്കുന്നവനാണ് ദൈവപുത്രനായ യേശു. അപരന്റെ കൈത്താങ്ങും സഹായവും നിഷ്കളങ്കതയോടെ ഏറ്റുവാങ്ങുമ്പോൾ ഇവരുടെ മനസ്സിന്റെ നിർമ്മലതയിൽ നിന്നും നിറവിൽ നിന്നും വരുന്ന, പുഞ്ചിരി നൽകുന്ന സന്തോഷത്തിനു പകരം വയ്ക്കുവാൻ മറ്റൊരു തരത്തിലുള്ള ആഘോഷങ്ങൾക്കും കഴിയില്ല. സ്നേഹത്തിന്റെയും വിശ്വാസത്തിന്റെയും പൂമരച്ചോട്ടിൽ നിന്നും ലോകസുഖങ്ങൾ തേടി പരക്കം പായുമ്പോൾ മനസ്സാകുന്ന ആലയം മരുഭൂമിയാകുന്ന കാര്യം മറക്കാതിരിക്കുക.

ഒരായിരം പേരുടെ വിശപ്പകറ്റാനായില്ലെങ്കിലും, ഒരുപാട് പേരെ പുതപ്പിച്ചില്ലെങ്കിലും, നാടു മുഴുവൻ ദാനധർമ്മം ചെയ്തില്ലെങ്കിലും, ചുറ്റുമുള്ളവരെ നോക്കി പുഞ്ചിരിക്കുവാനും നിരാശയിലാഴ്ന്നവർക്ക് പ്രതീക്ഷ നൽകുവാനും അവഗണിക്കപ്പെട്ടവർക്ക് ആശ്വാസമാകുവാനും ആരുമില്ലാത്തവരുടെ ആരൊക്കെയോ ആകുവാനും വിശ്വാസമില്ലാത്തവർക്ക് ദൈവത്തെ കാണിച്ചുകൊടുക്കുവാനും കഴിയുന്നുണ്ടെങ്കിൽ നമ്മുടെ വീടുകളിൽ വർണ്ണവെളിച്ചമോ പുൽക്കൂടുകളോ വലിയ വിരുന്നുകളോ ആവശ്യമില്ല. പൊന്നുതമ്പുരാൻ മനസ്സിൽ വന്നുപിറന്നു ആത്മീയവെളിച്ചവും ആത്മനിറവിന്റെ മഹാവിരുന്നും അനുഗ്രഹത്തിന്റെ പൂമാരിയും നമുക്കായി നൽകും. കാഴ്ചകൾ മങ്ങുമ്പോഴും വിഷമതകളും ദുരിതങ്ങളും മനസ്സിനെ തളർത്തുമ്പോഴും വിശ്വാസത്തെ മുറുകെപ്പിടിച്ചു കൊണ്ട് ലാളിത്യത്തിന്റെ വഴിയേ സ്വയം ത്യജിച്ചുകൊണ്ട് മറ്റുള്ളവർക്കായി ഉരുകിത്തീരുന്ന മെഴുകുതിരി നാളം പോലെ പ്രകാശം പരത്തുന്നവരായി നമുക്ക് ജീവിക്കുവാൻ കഴിയുന്നുണ്ടെങ്കിൽ സംശയിക്കേണ്ടാ, നമ്മുടെ മനസ്സിൽ ഉണ്ണിമിശിഹാ പിറന്നുകഴിഞ്ഞിരിക്കുന്നു. അസ്വസ്ഥതയുടെ കാർമേഘങ്ങൾ ജീവിതത്തെ ബാധിക്കുന്നുണ്ടെങ്കിലും കാനാൻകാരിയുടെ വിശ്വാസവും ബെത്സെയ്ദായിലെ കിടപ്പുരോഗിയുടെ പ്രതീക്ഷയും പത്തു കുഷ്ഠരോഗികളിൽ യേശുവിനെ കാണാൻ തിരിച്ചെത്തിയ ഒരാളുടെ നന്ദിയുമുണ്ടെങ്കിൽ നമുക്ക് നമ്മുടെയും മറ്റുള്ളവരുടെയും ജീവിതത്തിൽ പ്രകാശമാകുവാനും പ്രതിസന്ധികളിൽ പ്രശോഭിക്കുവാനും സാധിക്കും.

ആരാണോ നമുക്ക് രക്ഷ നേടിത്തന്നത്, അവനിലൂടെയാണ് നാം ജീവിക്കേണ്ടത്. അവനെയാണ് നാം മാതൃകയാക്കേണ്ടത്. നിസ്വാർത്ഥമായ സ്നേഹം നമ്മെ പഠിപ്പിച്ച നസ്രായന്റെ ജീവിതം വിശ്വാസത്തിന്റെയും ത്യാഗത്തിന്റെയും കണ്ണുകളിലൂടെയാണ് നാം നോക്കിക്കാണേണ്ടത്. സ്നേഹത്തിന്റെ പുൽത്തകിടിയിൽ നാം മറ്റുള്ളവർക്ക് ഇരിപ്പിടമൊരുക്കുമ്പോൾ ത്യാഗത്തിന്റെയും മലരുകളാണ് വിരിയുന്നത്; നന്മയുടെ സൗന്ദര്യമാണ് പിറക്കുന്നത്. അതിലൂടെ ലോകം മുഴുവൻ വ്യാപരിക്കുന്നത് ക്രിസ്തുവിന്റെ മഹത്തായ ജീവിതത്തിന്റെയും രക്ഷയുടെയും പ്രഘോഷണമാണ്.

സമാധാനത്തിന്റെ സദ്വാർത്ത നമ്മിലെത്തണമെങ്കിൽ വിട്ടുകൊടുക്കപ്പെടേണ്ട ഒരു മനസ്സാണ് ആവശ്യം. ജീവിതത്തിൽ പകയും വാശിയും വെറുപ്പും നിറഞ്ഞ ഏടുകളുണ്ടാകാം. അവയെല്ലാം പറിച്ചെറിഞ്ഞ് ദയയും സമാധാനവും സന്തോഷവും തുന്നിച്ചേർക്കുക. ദുഃഖങ്ങളിൽ മനസ്സു പതറാതെ, ജീവിക്കുന്ന ദൈവത്തിൽ അടിയുറച്ചു വിശ്വസിച്ച് മറ്റുള്ളവർക്കുവേണ്ടി ജീവിക്കുമ്പോൾ നമ്മിൽ ക്രിസ്തു ജനിപ്പിച്ച വലിയ ഉത്തരവാദിത്വബോധത്തിന്റെ കനലുകൾ എരിഞ്ഞ് സന്തോഷത്തിന്റെയും പ്രതീക്ഷയുടെയും പുതുനാളങ്ങളായി നാം പുനർജ്ജനിക്കുകയാണ് ചെയ്യുന്നത്. അതിലൂടെ മറ്റുള്ളവർക്കും യേശു എന്ന എളിമയുടെ ജീവിതത്തെ കാണിച്ചുകൊടുക്കുവാൻ നാം പ്രാപ്തരാകുകയാണ്.

തിരുപ്പിറവിയുടെ സന്ദേശം ഒളിമങ്ങാതെ നിൽക്കണമെങ്കിൽ ഒന്ന് മനസ്സിലാക്കുക, പിതാവായ ദൈവത്തിന്റെ മക്കളായ നമ്മുടേതും ‘തിരുപ്പിറവി’ തന്നെയാണ്. അതിന്റെ ഊഷമളതയും ഛായയും നഷ്ടമാകാതെ ജീവിക്കേണ്ടത് നമ്മുടെ ഉത്തരവാദിത്വമാണ്. ലോകത്തിന്റെ മായാവലയങ്ങൾ തീർക്കുന്ന തീച്ചൂളയിലേയ്ക്ക് മനസ്സ് പായിക്കാതെ നിഷ്കളങ്കതയുടെയും സ്നേഹത്തിന്റെയും പ്രഭാവലയത്തിൽ മറ്റുള്ളവരെക്കൂടി പൊതിഞ്ഞുസൂക്ഷിക്കേണ്ട കർത്തവ്യം നമ്മില്‍ ഓരോരുത്തരിലുമുണ്ടെന്നു വിശ്വസിക്കുക. അതിലൂടെ ഭൂമി സ്വർഗ്ഗമാകുന്നതും ദൈവകൃപ ലഭിച്ചവർക്ക് സമാധാനവും പ്രത്യാശയും ആദിയിലെപ്പോലെ ഇപ്പോഴും എപ്പോഴും എന്നേയ്ക്കുമുണ്ടായിരിക്കും. അതിനാൽ ദൈവത്തിന്റെ തിരുമക്കളാകാൻ ലഭിച്ച വിളി ചെറുതായിക്കാണാതെ ഈ ജന്മം കളങ്കമില്ലാത്തവരായി ജീവിക്കുവാൻ തിരുപ്പിറവി നമുക്ക് പ്രചോദനമാകട്ടെ. വിശുദ്ധമായതു സ്വീകരിക്കുമ്പോൾ ചിന്തയും പ്രവർത്തിയും പരിശുദ്ധമായി മാറും. എന്നിലും നിന്നിലുമുള്ള ക്രിസ്തുവിന്റെ അംശങ്ങൾ നന്മയായും സ്നേഹമായും സഹോദര്യമായും സഹാനുഭൂതിയായും മൂല്യങ്ങളായും നാം കൈമാറ്റം ചെയ്യുമ്പോൾ മന്നിൽ എന്റെയും നിന്റെയും രൂപത്തിൽ യേശു ഒരിക്കൽക്കൂടി തിരുപ്പിറവിയെടുക്കുന്നു.

മറ്റുള്ളവരെ ഹൃദയത്തിലേയ്ക്ക് ചേർത്തുനിർത്തിക്കൊണ്ട് ക്രിസ്തുമസ് നൽകുന്ന ശാന്തിയുടെയും സമാധാനത്തിന്റെയും വാഹകരാകുവാൻ നമുക്ക് സാധിക്കട്ടെ. യേശുവിന്റെ ജനനം ലോകത്തെ അറിയിച്ച മാലാഖാമാർക്കൊപ്പം നമുക്കും പാടാം, “അത്യുന്നതങ്ങളിൽ ദൈവത്തിനു സ്തുതി. ഭൂമിയിൽ ദൈവകൃപ ലഭിച്ചവർക്ക് സമാധാനം.”

ഏവർക്കും തിരുപ്പിറവിയുടെ മംഗളങ്ങൾ!!!

സുനിഷ നടവയല്‍

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.