ലൂർദ്ദിലെ നീരുറവയിൽ അടങ്ങിയിരിക്കുന്ന അത്ഭുതഘടകം

വർഷങ്ങളായി ലക്ഷക്കണക്കിന് തീർത്ഥാടകരും രോഗികളും ലൂർദ്ദിലെ അത്ഭുത നീരുറവയിലെ ജലം ഉപയോഗിച്ച് സൗഖ്യം നേടിവരുന്നു. പരിശുദ്ധ മാതാവിന്റെ നിർദ്ദേശപ്രകാരം വി. ബർണഡിറ്റാണ് അത്ഭുത നീരുറവ കണ്ടെത്തിയത്. രോഗശാന്തി നൽകുന്ന എന്തു ഘടകമാണ് ആ വെള്ളത്തിൽ അടങ്ങിയിരിക്കുന്നതെന്ന് അറിയാനായി നിരവധി ശാസ്ത്രഞ്ജർ പല കാലങ്ങളിലും പഠനങ്ങൾ നടത്തിയിട്ടുണ്ട്. എന്നാൽ സവിശേഷമായ ഒന്നും അതിൽ കണ്ടെത്താൻ കഴിഞ്ഞില്ല. ശുദ്ധവും പാനയോഗ്യവുമാണ് എന്നത് മാത്രമായിരുന്നു കണ്ടെത്തൽ.

അപ്പോൾ വെള്ളത്തിന് ലഭിക്കുന്ന ശക്തി എവിടെ നിന്നാണ്? ആഴമായ വിശ്വാസത്തിൽ നിന്ന് എന്നാണ് വി. ബർണഡിറ്റും നേരത്തെ പറഞ്ഞുവച്ചിട്ടുള്ളത്. നമ്മുടെ വാക്കുകളിലൂടെയും പ്രവർത്തികളിലൂടെയും മറ്റുള്ളവരിലേയ്ക്കും വിശ്വാസം പകർന്ന്, അവരെയും ഇത്തരം അത്ഭുതശക്തികളുടെ പ്രവർത്തനങ്ങൾക്ക് വിധേയരാക്കണമെന്നാണ് പരിശുദ്ധ അമ്മ ഓരോ പ്രത്യക്ഷപ്പെടലിലും ആവശ്യപ്പെടുന്നതും.

സഭയിലെ പല മാർപാപ്പാമാരുടെ ജീവിതത്തിലും ലൂർദ്ദിന് പ്രത്യേക സ്ഥാനമുണ്ട്. വി. ജോൺപോൾ രണ്ടാമൻ മാർപാപ്പ മൂന്നു തവണ ലൂർദ്ദ് സന്ദര്‍ശിച്ചിട്ടുണ്ട്. വി. ബർണഡിറ്റിന്റെ തിരുനാൾ ദിനമായ ഏപ്രിൽ 16-നാണ് ബനഡിക്ട് പതിനാറാമൻ പാപ്പാ ജനിച്ചത്. ലൂർദ്ദ് മാതാവിന്റെ തിരുനാൾ ദിനമാണ് ആഗോള രോഗീദിനമായി വി. ജോൺപോൾ രണ്ടാമൻ മാർപാപ്പ പ്രഖ്യാപിച്ചിരിക്കുന്നതും സഭയിൽ ആചരിച്ചുപോരുന്നതും. ദൈവസ്നേഹത്തിന്റെയും സുവിശേഷത്തിന്റെയും പ്രഖ്യാപനമാണ് ഓരോ തീർത്ഥാടനകേന്ദ്രവും പ്രഘോഷിക്കുന്നതെന്ന് ഫ്രാൻസിസ് പാപ്പായും നിരന്തരം ഓർമ്മിപ്പിക്കാറുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.