എന്തായിരുന്നു യേശുവിന്റെ വ്യക്തിത്വം?

എത്ര വിശേഷണങ്ങള്‍ നല്‍കിയാലും അതൊന്നും യേശുവിന്റെ വ്യക്തിത്വത്തെ പൂര്‍ണ്ണമായും ഉള്‍ക്കൊള്ളാനോ പ്രകാശിപ്പിക്കാനോ അപര്യാപ്തമാണ്. വി. യോഹന്നാന്‍ തന്റെ സുവിശേഷത്തില്‍, പുതിയ പേരുകളും വിശേഷണങ്ങളും നല്‍കി ആ വ്യക്തിത്വത്തിന്റെ ആഴങ്ങള്‍ വെളിപ്പെടുത്താന്‍ ശ്രമിക്കുന്നുണ്ട്. അവയില്‍ ചിലത് പരിചയപ്പെടാം.

ആദിയിലേ ദൈവത്തോടൊന്നിച്ചുണ്ടായിരുന്നവന്‍, ദൈവം തന്നെ ആയവന്‍, ദൈവത്തിന്റെ സ്വയം പ്രകാശനമായ വചനം, മാംസമായി മാറിയ വചനം (യോഹ. 1:12-14) അന്ധകാരത്തിന് ഗ്രസിക്കാന്‍ കഴിയാത്ത പ്രകാശം (യോഹ. 1:4), ദൈവത്തോടു ഗാഢബന്ധം പുലര്‍ത്തുന്ന ദൈവം തന്നെയായ ഏകജാതന്‍ (1:18) എന്നിങ്ങനെ സുവിശേഷത്തിന്റെ ആമുഖത്തില്‍ നല്‍കുന്ന വിശേഷണങ്ങളും സ്ഥാനപ്പേരുകളും ഉദാഹരണങ്ങളാണ്.

ജീവന്റെ അപ്പം (യോഹ. 6:35), ലോകത്തിന്റെ പ്രകാശം (8:12), ജീവനിലേയ്ക്കു തുറക്കുന്ന വാതില്‍ (10:9), നല്ല ഇടയന്‍ (10:14), വഴിയും സത്യവും ജീവനും (14:6) ജീവനും പുനരുത്ഥാനവും (11:25) എന്നിങ്ങനെ വ്യക്തിത്വത്തെ വെളിപ്പെടുത്തുന്ന പേരുകള്‍ നിരവധിയാണ്. ‘ഞാനും പിതാവും ഒന്നാണ്’ (10:30) തുടങ്ങിയ പ്രസ്താവനകള്‍ ആ വ്യക്തിത്വത്തിലേയ്ക്ക് കൂടുതല്‍ വെളിച്ചം വീശുന്നു.

ദൈവികതയ്ക്ക് ഊന്നല്‍ നല്‍കുമ്പോള്‍ മനുഷ്യത്വം മറക്കരുത് എന്ന് യേശുവിന് നിര്‍ബന്ധമുണ്ടായിരുന്നു. അതിനാലാണ് യേശു സ്വയം വിശേഷിപ്പിക്കാന്‍ ‘മനുഷ്യപുത്രന്‍’ എന്ന പേര് സ്ഥിരമായി ഉപയോഗിച്ചിരുന്നത്. നാല് സുവിശേഷകന്മാരും ഇത് രേഖപ്പെടുത്തിയിട്ടുണ്ട്. യേശു മാത്രമേ ഈ പേര് ഉപയോഗിക്കുന്നുള്ളൂ എന്നതും ശ്രദ്ധേയമാണ്. ഇക്കാരണത്താല്‍ തന്നെ നിര്‍ണ്ണയിക്കാനാവാത്ത വ്യക്തിത്വത്തിന്റെ ഉടമ എന്നുതന്നെ വേണം യേശുവിനെ വിശേഷിപ്പിക്കാന്‍.