യാത്രയ്ക്കിടയിൽ പള്ളികൾ കടന്നുപോകുമ്പോൾ എന്തുചെയ്യണം ?

നാം അനുദിനം എവിടേക്കെങ്കിലുമൊക്കെ യാത്ര ചെയ്യുന്നവരാണ്. ഈ യാത്രയിലൊക്കെ നാം അനേകം ദേവാലയങ്ങൾ കടന്നുപോകാറുണ്ട്. ഈ അവസരങ്ങളിൽ കുരിശടയാളം വരച്ചും, ഉള്ളിൽ ദൈവമേ… എന്നു വിളിച്ചും നാം കടന്നുപോകാറുണ്ട്. അത് വളരെ ഉചിതമായ കാര്യമാണ്. ദേവാലയത്തെ കടന്നുപോകുമ്പോൾ ആ ദേവാലയത്തിൽ സന്നിഹിതനായിരിക്കുന്ന ദിവ്യകാരുണ്യ ഈശോയോടുള്ള ബഹുമാനാർത്ഥമാണ് നാം കുരിശടയാളം വരയ്ക്കുക.

ഓരോ ദേവാലയവും കടന്നുപോകുമ്പോൾ നമുക്ക് അനേകം കാര്യങ്ങൾ ചെയ്യാനുണ്ട് എന്ന് ദൈവം വിശുദ്ധ ഗ്രന്ഥത്തിലൂടെ നമ്മെ ഓർമിപ്പിക്കുന്നുണ്ട്. “നിങ്ങള്‍ അപേക്ഷകളോടും യാചനകളോടും കൂടെ എല്ലാ സമയവും ആത്മാവില്‍ പ്രാര്‍ത്ഥനാ നിരതരായിരിക്കുവിന്‍. അവിശ്രാന്തം ഉണര്‍ന്നിരുന്ന് എല്ലാ വിശുദ്ധര്‍ക്കും വേണ്ടി പ്രാര്‍ത്ഥിക്കുവിന്‍” (എഫേ. 6:18). എല്ലാവർക്കും വേണ്ടി പ്രാർത്ഥിക്കുവാനുള്ള ഒരു അവസരമാണ് ഓരോ ദേവാലയവും കടന്നുപോകുന്ന സമയം.

പലപ്പോഴും നാം ദേവാലയങ്ങൾ കടന്നുപോകുമ്പോൾ നമ്മുടെ ആവശ്യങ്ങൾ ദൈവത്തോട് പറയാറുണ്ടെങ്കിലും മറ്റുള്ളവർക്കുവേണ്ടി പ്രാർത്ഥിക്കുക എന്നത് വളരെ ചുരുക്കമാണ്. വിശുദ്ധ ഗ്രന്ഥത്തിൽ പറയുന്നത്, ഉണർന്നിരുന്ന് എല്ലാ വിശുദ്ധർക്കും വേണ്ടി പ്രാർത്ഥിക്കുക എന്നാണ്. ആരാണ് ഈ വിശുദ്ധർ. അത് സഭാമക്കൾ തന്നെ. ഓരോ തവണയും ഓരോ ദേവാലയവും കടന്നുപോകുമ്പോൾ നമുക്ക് സഭയ്ക്കായി പ്രാർത്ഥിക്കാം. അതിനു സഹായിക്കുന്ന വിവിധ മേഖലകൾ താഴെ ചേർക്കുന്നു.

1. സഭാംഗങ്ങൾക്കിടയിൽ ഐക്യവും സ്നേഹവും വർദ്ധിക്കുന്നതിനായി പ്രാർത്ഥിക്കാം.

2. സഭാനേതൃത്വത്തിനും അവരെടുക്കുന്ന ശരിയായ നിലപാടുകൾക്കും വേണ്ടി പ്രാർത്ഥിക്കാം.

3. അയൽക്കാർക്കു വേണ്ടിയും പള്ളിയിലെത്താൻ കഴിയാത്തവർക്കു വേണ്ടിയും പ്രാർത്ഥിക്കാം.

4. പരസ്പരം പിന്തുണച്ചുകൊണ്ടും സഹായങ്ങൾ നൽകിക്കൊണ്ടും ഒരു സമൂഹമായി വളരുന്നതിന് സഭയ്ക്കായി പ്രാർത്ഥിക്കാം.

5. സഭയിലെ മുതിർന്ന ആളുകൾ, രോഗികൾ, സഹായം ആവശ്യമായ ആളുകൾ എന്നിവരെ പ്രത്യേകം സമർപ്പിച്ചു പ്രാർത്ഥിക്കാം.

6. സഭയുടെ വിശ്വാസത്തിന് അനുസരിച്ച് യുവജനങ്ങളും കുട്ടികളും വളർന്നു വരുന്നതിനായി പ്രാർത്ഥിക്കാം.

7. വൈദികർക്കും സന്യസ്തർക്കും പ്രത്യേകമായി മാര്‍പാപ്പയുടെ നിയോഗങ്ങൾക്കും വേണ്ടി പ്രാർത്ഥിക്കാം.