അച്ചന് കിട്ടിയതും അച്ചൻ കൊടുത്തതും

ഫാ. ജെൻസൺ ലാസാലെറ്റ്
ഫാ. ജെൻസൺ ലാസാലെറ്റ്

ഇതൊരു വൈദികസുഹൃത്തിന്റെ കഥയാണ്‌. തിരുപ്പട്ടം കിട്ടിയപ്പോൾ അദ്ദേഹം എടുത്ത പ്രതിജ്ഞ, നിർമ്മാണപ്രവർത്തനങ്ങൾ ഒന്നും ചെയ്യില്ല എന്നതായിരുന്നു. വികാരിയായി നിയമനം ലഭിച്ചത് ഒരു ഉൾപ്രദേശത്ത്. സ്നേഹമുള്ള ഇടവകക്കാർ. ആദ്യ പൊതുയോഗം. അജണ്ടകളെല്ലാം അവസാനിച്ചപ്പോൾ ‘ഇനിയെന്തെങ്കിലും പറയാനുണ്ടോ’ എന്ന് അദ്ദേഹം ചോദിച്ചു. ഒരു വയോവൃദ്ധൻ എഴുന്നേറ്റു നിന്ന് പറഞ്ഞു: “അച്ചാ, നമ്മുടെ പള്ളിക്കും എനിക്കും ഒരു വയസാണ്. എന്റെ വീട് വരെ പുതുക്കിപ്പണിതു. എന്നാൽ നമ്മുടെ പള്ളി മാത്രം ഇപ്പോഴും പഴയതു തന്നെ. അതുകൊണ്ട് ഞങ്ങൾക്ക് ഒരു അപേക്ഷയേ ഉള്ളൂ. പുതിയ പള്ളി വേണം.”

“പ്രാർത്ഥിച്ച്, ആലോചിച്ച് തീരുമാനിക്കാം” എന്നുപറഞ്ഞ് അച്ചൻ പെതുയോഗം അവസാനിപ്പിച്ചു. എല്ലാവരും പോയിക്കഴിഞ്ഞപ്പോൾ അച്ചൻ പള്ളിയിൽ കയറി ക്രൂശിതനെ നോക്കി: “കർത്താവേ, തിരുപ്പട്ട സമയത്ത് ഞാനെടുത്ത പ്രതിജ്ഞ നീ മറന്നുപോയോ? എന്നിട്ടാണോ എന്റെ അപ്പാപ്പന്റെ പ്രായമുള്ള ആളെ തന്നെ നീ, പള്ളി പണിയണമെന്ന ആഗ്രഹവുമായ് പറഞ്ഞയച്ചത്. ഇതൊരുമാതിരി ചെയ്ത്തായി പോയി. ഞാനെന്താണ് അവരോട് പറയുക? പള്ളി പണി തുടങ്ങിയാൽ ചിലപ്പോൾ ഇടവകയിൽ ഇപ്പോഴുള്ള ഐക്യം തകരും. ‘പള്ളി പണിയേണ്ട; നമുക്ക് പാവപ്പെട്ടവരെ സഹായിക്കാം’ എന്നുപറഞ്ഞ് ജനം വന്നുതുടങ്ങും. ഒരു പിരിവും എനിക്കിഷ്ടമല്ലെന്ന് നിനക്കറിയാമല്ലോ? ഞാനാകെ വിഷമത്തിലാണ്. ഒരാഴ്ചയ്ക്കുള്ളിൽ എനിക്കൊരു മറുപടി തരണം.”

അടുത്ത ഞായറാഴ്ച പറയാനുള്ള അറിയിപ്പ് അച്ചൻ എഴുതുകയായിരുന്നു. പള്ളിയിലിരുന്നാണ് എഴുത്ത്. എല്ലാം പൂർത്തിയാക്കി പ്രാർത്ഥനയും കഴിഞ്ഞ് പുറത്തിറങ്ങി. പള്ളിയടച്ച് വീട്ടിൽ പോകുന്നതിനു മുമ്പായി കപ്യാർ വന്ന് അച്ചന്റെ കയ്യിൽ ഒരു കവർ കൊടുത്തു: “അച്ചാ, അന്ന് പൊതുയോഗത്തിൽ, പള്ളി പണിയണമെന്നു പറഞ്ഞ അന്തോണി ചേട്ടൻ തന്നതാണിത്. അച്ചൻ പള്ളിയ്ക്കകത്ത് പ്രാർത്ഥിക്കുകയായിരുന്നതിനാൽ എന്നെ ഏൽപിച്ചിട്ടു പോയി.”

മുറിയിൽ കയറി കവർ തുറന്നപ്പോൾ അച്ചന്റെ ഹൃദയമിടിപ്പു കൂടി. കവറിലുള്ള കുറിപ്പെടുത്ത് വായിച്ചു: “അച്ചാ, എഴുപത്തി അയ്യായിരം രൂപയുണ്ട് ഇതിൽ. നമ്മുടെ പള്ളി പണിക്കുള്ള ഈ പാവപ്പെട്ടവന്റെ സംഭാവന!”

പിറ്റേ ദിവസം അറിയിപ്പു പറഞ്ഞപ്പോൾ അച്ചൻ പറഞ്ഞു: “നമുക്ക് പുതിയ പള്ളി വേണമെന്ന അഭിപ്രായം പൊതുയോഗം ഉന്നയിച്ചിട്ടുണ്ട്. നിങ്ങളുടെ ഭവനങ്ങളിലേയ്ക്ക് ഞാൻ വരുന്നുണ്ട്. അഭിപ്രായങ്ങൾ കേട്ടതിനു ശേഷം, അടുത്ത പൊതുയോഗത്തിൽ തീരുമാനമെടുക്കാം. അഭിവന്ദ്യ പിതാവിനോടും ഞാന്‍ ഈ കാര്യം ചർച്ച ചെയ്യുന്നുണ്ട്.”

അഞ്ചു വർഷം കഴിഞ്ഞാണ് ആ വൈദികൻ അവിടെ നിന്നും സ്ഥലം മാറിപ്പോത്. പള്ളി പണിയിപ്പിച്ചതിന്റെ പേരിൽ തനിക്ക് ഒരു പാരിതോഷികവും തരരുത് എന്ന് നേരത്തെ അറിയിച്ചിരുന്നു. അത് അവഗണിച്ച് കൈക്കാരന്മാർ ഒരു കവർ അച്ചനു നൽകി: “അച്ചാ, ഇത് ഞങ്ങളുടെ സ്നേഹോപഹാരമാണ്. നിരസിക്കരുത്.” (ആ കവറിൽ അമ്പതിനായിരം രൂപയുണ്ടായിരുന്നു).

പുതിയ ഇടവകയിലേയ്ക്ക് പുറപ്പെടുന്നതിനു മുമ്പ് അച്ചന്‍ ഒരു കവർ കൈക്കാരന്മാരെ ഏൽപിച്ചു: “ഇടവകയിലെ വിവാഹനിധിയിലേയ്ക്ക് എന്റെ സംഭാവന. അമ്പതിനായിരം രൂപ. ദൈവം നിങ്ങളെ സമൃദ്ധമായ് അനുഗ്രഹിക്കട്ടെ.”

ക്രിസ്തു തന്റെ ശിഷ്യന്മാരെ അയച്ചപ്പോൾ പറഞ്ഞ വാക്കുകൾ ഏതൊരു ശിഷ്യനും നൊമ്പരമാകണം: “ദാനമായി നിങ്ങള്‍ക്കു കിട്ടി; ദാനമായിത്തന്നെ കൊടുക്കുവിന്‍” (മത്തായി 10:8). നിത്യതയിലേയ്ക്കുള്ള യാത്രയിൽ അച്ചനും അത്മായനും സന്യസ്തർക്കും തുണ ക്രിസ്തു മാത്രം.

ഫാ. ജെൻസൺ ലാസലെറ്റ്

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.