സ്പാനിഷ് ഫ്ലൂ എന്ന മഹാമാരിയിലൂടെ കടന്നുപോയ വി. പാദ്രേ പിയോയുടെ ജീവിതവും വീക്ഷണങ്ങളും

പകർച്ചവ്യാധികളുടെ കാലഘട്ടങ്ങളില്‍ ജീവിച്ച പല വിശുദ്ധരുണ്ട്. കോവിഡ് -19 എന്ന മഹാമാരിയുടെ വിനാശകരമായ പ്രത്യാഘാതങ്ങൾ നമുക്ക് നേരിട്ടറിയാവുന്നതുമാണ്. മരണങ്ങൾ, ആശുപത്രിവാസങ്ങൾ, സാമ്പത്തിക നാശ നഷ്ടങ്ങൾ എന്നിവയിലൂടെ ലോക ജീവിതം കൂടുതൽ ദുഷ്കരമാകുകയാണ്. 100 വർഷങ്ങൾക്ക് മുൻപ് കൃത്യമായി പറഞ്ഞാൽ 1918 ഫെബ്രുവരി മുതൽ 1920 ഏപ്രിൽ വരെ നീണ്ടു നിന്ന സ്പാനിഷ് ഫ്ലൂ എന്ന മഹാമാരി ലോകമെമ്പാടുമുള്ള 500 ദശലക്ഷം ആളുകളെ ബാധിച്ചു. അത് അക്കാലത്തെ ലോക ജനസംഖ്യയുടെ ഏകദേശം മൂന്നിലൊന്നായിരുന്നു. 100 ദശലക്ഷം പേർ ഇതിൽ മരണമടഞ്ഞു എന്നാണു വിദഗ്ധർ പറയുന്നത്.

സ്പാനിഷ് ഫ്ലൂ ലോകത്തെ കീഴടക്കിയ കാലഘട്ടത്തിൽ ജീവിച്ച വിശുദ്ധനാണ് വി. പാദ്രേ പിയോ. ഇക്കാലഘട്ടത്തിൽ വിശുദ്ധൻ നടത്തിയ കത്തുകളിലൂടെയുള്ള ആശയവിനിമയത്തിൽ സ്പാനിഷ് ഫ്ലൂവിന്റെ ഭീകരതയെക്കുറിച്ചും അതിനോടുണ്ടായിരുന്ന അദ്ദേഹത്തിന്റെ കാഴ്ചപ്പാടുകളെക്കുറിച്ചും വിശദമാക്കുന്നുണ്ട്. അദ്ദേഹത്തിന്റെ വ്യക്തിപരമായ സഹനങ്ങളിൽ ദൈവത്തിന്റെ കരങ്ങൾ എങ്ങനെ പ്രതിഫലിച്ചിരുന്നു എന്ന് രേഖപ്പെടുത്തിയിരുന്നു. ഒന്നാം ലോക മഹായുദ്ധ സമയത്ത് അദ്ദേഹത്തിന്റെ സന്യാസ സമൂഹത്തിൽ നിന്നും നിർബന്ധിത സൈനിക സേവനത്തിനായി പുരോഹിതന്മാരെ കൊണ്ടുപോയിരുന്നു. അനാരോഗ്യം മൂലം സാൻ ജിയോവാന്നി റോട്ടോണ്ടാ ആശ്രമത്തിൽ വി. പാദ്രേ അടക്കം മൂന്നു പേർ മാത്രമേ അവശേഷിച്ചിരുന്നുള്ളൂ.

രോഗവും ദുരിതവും ഗ്രസിച്ചിരുന്ന ആ കാലഘട്ടത്തിൽ വിശുദ്ധൻ തന്റെ ആത്‌മീയ പുത്രിമാരിൽ ഒരാളായ അന്റോണിയേറ്റ വോനയ്ക്ക് ഒക്ടോബർ 27 -ന് എഴുതിയ കത്തിലെ പ്രസക്തഭാഗങ്ങളാണ് ചുവടെ ചേർക്കുന്നത്. രോഗങ്ങളും പകർച്ചവ്യാധികളെയും എങ്ങനെ നമ്മെ തകർത്താലും ദൈവ കരുണയിൽ ആശ്രയിക്കുകയും അവിടുത്തെ പ്രത്യേക കരുതലിനു നമ്മെ വിട്ടുകൊടുക്കുകയും ചെയ്യണമെന്ന് വിശുദ്ധൻ നമ്മെ ഓർമ്മിപ്പിക്കുകയും ചെയ്യുന്നു. സ്പാനിഷ് ഫ്ലൂ ബാധിച്ച് കിടപ്പിലായിരുന്ന വിശുദ്ധൻ അസുഖത്തിന്റെതായ എല്ലാവിധ ബുദ്ധിമുട്ടുകളിൽകൂടിയും കടന്നു പോകപ്പെട്ടു.

“എന്റെ അനാരോഗ്യം മൂലം മറുപടി എഴുതാൻ വൈകിയതാണ്. വളരെ ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾ നിലവിൽ എനിക്കില്ല. പക്ഷെ ഞാൻ വളരെ ക്ഷീണിതനും നിരാശനും പ്രതികരിക്കുവാൻ ശക്തിയില്ലാത്തവനുമായി മാറിയിരിക്കുന്നു. ദൈവത്തിന്റെ തിരുഹിതം നിറവേറട്ടെ.”

1918 , ഒക്ടോബർ 19 -ന് അദ്ദേഹത്തിന്റെ ആത്മീയ പിതാവായിരുന്ന ഫാ. ബെനിറ്റഡോ നർഡല്ല ഇപ്പോൾ നടക്കുന്ന സംഭവങ്ങളെ വ്യാഖ്യാനിക്കുവാൻ അദ്ദേഹത്തിന് എഴുതി. അതിനുള്ള മറുപടി വിശുദ്ധൻ നൽകിയത് ഇപ്രകാരമാണ്:

“മനുഷ്യനെ അവരുടെ പ്രധാന ലക്ഷ്യമായ ദൈവത്തിങ്കലേക്കു അടുപ്പിക്കുക. പെട്ടന്നുള്ളതുമായ ഒരു അന്ത്യമെന്ന നിലയിൽ ഈ യുദ്ധത്തിലെ നീതിയുടെ ഫലമായി ദൈവ മക്കൾക്കെതിരെ ഒരു പീഡനങ്ങളും ഉണ്ടാകില്ല. നീതിയെ തകർക്കുവാൻ അകൃത്യം വരുമെന്ന് ഭയപ്പെടേണ്ട. അകൃത്യങ്ങൾ സ്വയം തകരുകയും നീതി എക്കാലവും വിജയിക്കുകയും ചെയ്യും.”

ഈ രണ്ടു കത്തുകളിലെയും വാചകങ്ങൾ ശ്രദ്ധിച്ചാൽ വിശുദ്ധന് ദൈവത്തിലുണ്ടായിരുന്ന ആഴമായ വിശ്വാസത്തെ പ്രതിഫലിപ്പിക്കുന്നു. ലോകമെമ്പാടും നാശം വിതച്ചുകൊണ്ടിരിക്കുന്ന ക്രൂരമായ മഹാമാരിയുടെ സമയത്ത് പോലും വിശുദ്ധൻ ദൈവത്തിന്റെ ഹിതത്തെ മനസ്സിലാക്കി. അകൃത്യത്തെ തകർത്തുകൊണ്ട് അവിടുത്തെ നീതിയും കരുണയും നടപ്പിലാക്കുക . അതുപോലെതന്നെ മനുഷ്യനെ ദൈവത്തിങ്കലേക്കു അടുപ്പിക്കുക എന്ന തിരുഹിതവും അവിടുത്തേക്ക് ഉണ്ടെന്നു മനസ്സിലാക്കിയ വിശുദ്ധനായിരുന്നു വി. പാദ്രേ പിയോ.

സുനീഷ നടവയല്‍ 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.