ഇറ്റലിക്കു പറ്റിയത് നമുക്ക് പറ്റാതിരിക്കട്ടെ!

ഡോ. നെല്‍സണ്‍ തോമസ്

ഭരണകര്‍ത്താക്കളില്‍ ഉദാരതാവാദം യുക്തിചിന്തകള്‍ക്കപ്പുറം അതിരുവിട്ടാല്‍ രാജ്യം തന്നെ നശിച്ചുപോയേക്കാം എന്നതിന് ഉദാഹരണമാണ് ഇറ്റലി. സമത്വവും സാഹോദര്യവും നല്ലതാണ്. മനുഷ്യരെല്ലാം ഒരു ദൈവത്തിന്റെ മക്കള്‍ ആണെന്നതാണ് അതിനു കാരണം. മനുഷ്യരുടെ സത്ത സമാനതകളില്ലാത്തതാണ്. അതിനാല്‍ അവകാശങ്ങള്‍ക്കും നിയമത്തിനു മുമ്പിലും അവര്‍ സമന്മാരാണ്.

സത്തയില്‍ സമാനതകളില്ലാത്തതാണെങ്കിലും ഭൗതികതലത്തില്‍ മനുഷ്യരെല്ലാം വ്യത്യസ്തരാണ്. അവന്റെ ആകാരഭംഗി, നിറം, സാങ്കേതികവും അല്ലാത്തതുമായ കഴിവുകള്‍, സ്വഭാവം, മതവിശ്വാസങ്ങള്‍ തുടങ്ങിയവയൊക്കെയും പരസ്പരം വ്യത്യസ്തമാണ്. ഭൗതികതലത്തിലുള്ള ഇത്തരം വ്യത്യാസങ്ങള്‍ക്കനുസരിച്ച് മനുഷ്യരെ ആവശ്യമെങ്കില്‍ തരംതിരിക്കുന്നത് സമത്വത്തിന് വിരുദ്ധമല്ല. ഇതുകൊണ്ടാണ് എല്ലാവര്‍ക്കും ഒരേതരത്തിലുള്ള തൊഴിലുകള്‍ ലഭിക്കാത്തത്. കഴിവാണ് അവിടെ മാനദണ്ഡമാക്കുന്നത്. ഇത്തരം തരംതിരിക്കലുകള്‍ യുക്തിപരമാണ്. എന്നാല്‍ യുക്തിയെ ഉദാരതാവാദം അതിലംഘിക്കുമ്പോഴാണ് ഏതൊരു പ്രസ്ഥാനവും അല്ലെങ്കില്‍ രാജ്യവും സ്വയം ക്രൈസിസില്‍ ചെന്നുവീഴുന്നത്.

കൊറോണയുടെ പേരില്‍ ചൈനാക്കാരോട് അകലം പാലിക്കുന്നത് സമത്വത്തിനു വിരുദ്ധമായിരുന്നത്ര! ഇറ്റലിയിലെ ഫ്‌ലോറന്‍സിലെ മേയറുടെ ചിന്താഗതിയായിരുന്നു ഇത്. കൊറോണ അപ്പോഴും ഇറ്റലിയില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടായിരുന്നു. അതൊന്നും വകവയ്ക്കാതെയാണ് ‘ഹഗ് ഏ ചൈനീസ്’ ക്യാമ്പയിന് മേയര്‍ ആഹ്വാനം ചെയ്തത്. മേയറുടെ വാക്കുകള്‍ കേട്ടപാതി കേള്‍ക്കാത്തപാതി ആളുകള്‍ ചൈനക്കാരെ കെട്ടിപ്പിടിച്ചുള്ള ഫോട്ടോകള്‍ ട്വിറ്ററില്‍ അപ്‌ലോഡ് ചെയ്യാന്‍ തുടങ്ങി. ബാക്കിയെല്ലാം ഇറ്റലിയുടെ ചരിത്രത്തില്‍ ഇപ്പോഴും രേഖപ്പെടുത്തിക്കൊണ്ടിരിക്കുന്നു.

വൈറസിനെ തടയാന്‍ സാമൂഹിക അകലം പാലിക്കപ്പെടണം. വൈറസ് ബാധ ഉണ്ടെന്നു സംശയിക്കുന്നവരുമായി നിര്‍ബന്ധമായും അകലം പാലിക്കണം. അകലം പാലിക്കുന്നത് സമത്വത്തിനോ മാനവികതയ്ക്കോ എതിരല്ല. അങ്ങനെ വ്യാഖ്യാനിക്കുന്നത് യുക്തിരഹിതവും ഉദാരതാവാദത്തിന്റെ അതിപ്രസരണവുമാണ്. അതിന് വലിയ വില കൊടുക്കേണ്ടിവരും.

ഇന്ത്യയിലെ കൊവിഡ് കേസുകള്‍ കുത്തനെ ഉയരാന്‍ കാരണമായ സംഭവങ്ങളെ ന്യായീകരിക്കുന്നവരുണ്ട്. അവരെയൊക്കെയും ഇറ്റലിയിലെ മേയറോടാണ് ഞാന്‍ ഉപമിക്കുന്നത്. ലോകാരോഗ്യ സംഘടന നല്‍കിയ അപക്വമായ പ്രസ്താവനയാണ് ഇറ്റലിയിലെ മേയറെ സ്വാധീനിച്ചതെങ്കില്‍ ഇവിടുത്തെ ന്യായീകരണ തിലകങ്ങളെ സ്വാധീനിക്കുന്നത് എന്താണെന്നു കണ്ടെത്തേണ്ടിയിരിക്കുന്നു. ആളുകളില്‍ അവരുടെ ഭൗതികവും ആത്മീയവുമായ ഗുണഗണങ്ങളുടെ അടിസ്ഥാനത്തിലുള്ള വ്യത്യാസങ്ങളുണ്ട്‌. ശാസ്ത്രീയവും നിയമാനുസൃതവുമായി പ്രവര്‍ത്തിക്കുന്നതിന് ഈ വ്യത്യാസങ്ങളില്‍ ചിലത് പ്രതികൂലമായേക്കാം. അത് ഏതൊക്കെയാണ് കണ്ടെത്തണം, ചര്‍ച്ച ചെയ്യപ്പെടണം, തിരുത്തേണ്ടവ തിരുത്തപ്പെടണം. അവിടെ ഫ്‌ലോറന്‍സിലെ മേയറെപ്പോലെ നമ്മള്‍ പെരുമാറരുത്. കാരണം, ഇത് സാഹോദര്യത്തിനോ സമത്വത്തിനോ എതിരെയുള്ള യുദ്ധത്തിനല്ല. ഇത് അതിജീവനത്തിനു വേണ്ടിയുള്ള പോരാട്ടത്തിനാണ്.

ഡോ. നെല്‍സണ്‍ തോമസ്