എന്താണ് ഊർബി എത് ഓർബി?

കൊറോണ വൈറസ് ഭീതിയിൽ കഴിയുന്ന ലോകത്തിനായി മാർപാപ്പാ പ്രഖ്യാപിച്ച ‘ഊർബി എത് ഓർബി’ ആശീർവാദത്തിനായി ഇനി ഏതാനും മണിക്കൂറുകൾ മാത്രമാണുള്ളത്‌. ലോകം മുഴുവൻ പാപ്പായുടെ ‘ഊർബി എത് ഓർബി’ ആശീർവാദത്തിനായി ഒരുങ്ങുമ്പോൾ എന്താണ് ‘ഊർബി എത് ഓർബി’ എന്ന് നാം മനസിലാക്കിയിരിക്കണം.

വത്തിക്കാനിൽ നിന്നുള്ള ലൈവ് സംപ്രേഷണം ഇവിടെ കാണാവുന്നതാണ്.

‘നാടിനും നഗരത്തിനും വേണ്ടി’ എന്നാണ് ‘ഊര്‍ബി എത് ഓർബി’ എന്നതിന്റെ വാച്യാര്‍ത്ഥം. ക്രിസ്തുമസ്സിനും ഈസ്റ്ററിനും, പുതിയ മാർപാപ്പയായി തിരഞ്ഞെടുക്കപ്പെട്ടതിനുശേഷം ആദ്യമായി വത്തിക്കാൻ സെന്റ് പീറ്റേഴ്‌സ് ബസിലിക്കായുടെ മട്ടുപ്പാവിൽ പ്രക്ത്യക്ഷപ്പെടുമ്പോഴും മാത്രം തന്റെ പട്ടണമായ റോമാ നഗരത്തെയും ലോകം മുഴുവനെയും അഭിസംബോധന ചെയ്ത് മാർപാപ്പാമാർ നൽകുന്ന ശ്ലൈഹികാശീർവ്വാദത്തിനാണ് ഊർബി എത്  ഓർബി എന്നു പറയുന്നത്. റോമാ രൂപതയുടെ മെത്രാൻ എന്ന നിലയിൽ റോമാ നഗരത്തിനും സാർവ്വത്രികസഭയുടെ തലവനെന്ന നിലയിൽ ലോകം മുഴുവനും മാർപാപ്പ നൽകുന്ന ഈ ആശീർവ്വാദം സ്വീകരിക്കുന്നവർക്ക് പൂർണ്ണ ദണ്ഡവിമോചനം ലഭിക്കും എന്നതാണ് ഇതിന്റെ പ്രത്യേകത. 
 
മാർപാപ്പാമാർക്കു മാത്രമാണ് ഈ ആശീർവാദം നൽകാൻ കഴിയുന്നത്. റോമൻ ചക്രവർത്തിമാരുടെ കാലം മുതലേ ഇത് നിലവിലുണ്ടായിരുന്നു എന്ന് ചരിത്രം സാക്ഷിക്കുന്നു. 1985-ന് മുമ്പ് വത്തിക്കാൻ വി. പത്രോസിന്റെ ചത്വരത്തിൽ ശാരീരികമായി സന്നിഹിതരാകുന്നവർക്കു മാത്രമായിരുന്നു ഈ ദണ്ഡവിമോചനം പ്രാപിക്കാൻ കഴിഞ്ഞിരുന്നത്. എന്നാൽ, സാമൂഹ്യമാധ്യമങ്ങളിലൂടെ മാർപാപ്പയുടെ ഈ ആശീർവ്വാദം സ്വീകരിക്കുന്നവർക്കും ദണ്ഡവിമോചനം പ്രാപിക്കാൻ സാധിക്കുന്നത് 1985 ഡിസംബർ 14-ന് വി. ജോൺപോൾ രണ്ടാമൻ മാർപാപ്പായുടെ അനുമതിയോടെ അപ്പസ്തോലിക് പെനിറ്റൻഷ്യറി പുറപ്പെടുവിച്ച ഡിക്രിയിൽ വ്യക്തമാക്കിയതിനെ തുടർന്നാണ്. 
 
2020 മാർച്ച് 27-ന് നൽകപ്പെടുന്ന ഊർബി എത് ഓർബി എന്നറിയപ്പെടുന്ന ഈ ശ്ലൈഹികാശീർവ്വാദം വളരെ പ്രത്യേകതകളുള്ള ഒന്നാണ്. സാധാരണയായി നിശ്ചയിക്കപ്പെട്ട സന്ദർഭങ്ങളിലൊഴികെ ഈ ആശീർവാദം നൽകുന്നത് വളരെ വിരളമാണ്. വിജനമായ സെന്റ് പീറ്റേഴ്‌സ് ചത്വരത്തിൽ വച്ച് ഒരു മാർപാപ്പ ഈ ആശീർവാദം നൽകുന്നതും ചരിത്രത്തിലാദ്യമാണ്. മാധ്യമങ്ങളിൽ പ്രക്ഷേപണം ചെയ്യപ്പെടുന്ന ഈ ശുശ്രൂഷയിൽ തത്സമയം പങ്കെടുക്കുമ്പോൾ അതിന്റെ ഫലവും നമുക്കു ലഭിക്കുന്നു എന്നതാണ് ഇന്നത്തെ ആശീർവ്വാദത്തിന്റെ പ്രത്യേകത. ഇപ്പോൾ നാം കടന്നുപോകുന്ന പ്രത്യേക സാഹചര്യം മനസിലാക്കിക്കൊണ്ടാണ് പാപ്പാ ഊർബി എത് ഓർബി ആശീർവാദം പ്രഖ്യാപിച്ചിരിക്കുക.


പാപ്പായോടൊപ്പം പ്രാർത്ഥനയിൽ പങ്കുചേർന്ന് ഊർബി എത് ഓർബി ആശീർവാദം സ്വീകരിക്കുമ്പോൾ എന്താണ് സംഭവിക്കുക? ഈ പ്രാർത്ഥനയിൽ പങ്കെടുക്കുന്നവർക്ക് പൂർണ്ണ ദണ്ഡവിമോചനമാണ് പാപ്പാ പ്രഖ്യാപിച്ചിരിക്കുക. ദണ്ഡവിമോചനം പ്രാപിക്കാനുള്ള വ്യവസ്ഥകളായ കുമ്പസാരം, വി. കുർബാന സ്വീകരണം, മാർപാപ്പയുടെ നിയോഗത്തിനുവേണ്ടിയുള്ള പ്രാർത്ഥന (സ്വർഗ്ഗ., നന്മ., ത്രിത്വസ്തുതി) എന്നിവയും പാലിക്കണം. ഇത് ഇപ്പോൾ നിവ്വഹിക്കാൻ സാധിക്കാത്തതിനാൽ ഏറ്റവും അടുത്ത് കിട്ടുന്ന അവസരത്തിൽ ഇത് നിറവേറ്റുമെന്നുമുള്ള ദൃഢപ്രതിജ്ഞയോടെ ഈ പ്രാർത്ഥനാശുശ്രൂഷയിൽ പങ്കെടുക്കുമ്പോഴാണ് നമുക്ക് ദണ്ഡവിമോചനം പ്രാപിക്കാൻ കഴിയുക.

പൂർണ്ണ ദണ്ഡവിമോചനം എന്താണ്? കത്തോലിക്കാ സഭയുടെ മതബോധന ഗ്രന്ഥം 1471 ആർട്ടിക്കിൾ അനുസരിച്ച് പാപം മൂലമുണ്ടായ കാലികശിക്ഷയിൽ നിന്നും പൂർണ്ണമായി ഒഴിവ് നൽകുന്നതിനെയാണ് പൂർണ്ണ ദണ്ഡവിമോചനം എന്നു പറയുന്നത്. ഈശോയുടെയും വിശുദ്ധരുടെയും പരിഹാരകർമ്മങ്ങളുടെ നിക്ഷേപത്തിൽ നിന്നുമാണ് പൂർണ്ണ ദണ്ഡവിമോചനം നമുക്ക് ലഭിക്കുക. അതിനാൽ പരിശുദ്ധ പിതാവിന്റെ നിയോഗത്തോട് ചേർന്ന് നമുക്കും ഇന്നേദിവസം ഇന്ത്യൻ സമയം 10:30 മുതൽ 11:30 വരെയുള്ള സമയം (വത്തിക്കാൻ സമയം 6:00 മുതൽ 7:00 വരെ) പ്രാർത്ഥിക്കാം.