പരിശുദ്ധ കന്യകാമറിയത്തിന്റെ അമലോത്ഭവം എന്നാല്‍ എന്ത്?

ക്രിസ്തുമസിന് പതിനേഴു ദിവസം മുമ്പ്, ഡിസംബര്‍ എട്ടാം തീയതി കത്തോലിക്കാ സഭ പരിശുദ്ധ മാതാവിന്റെ അമലോത്ഭവ തിരുനാള്‍ ആഘോഷിക്കുന്നു. അമലോത്ഭവം എന്നാല്‍ എന്താണ്? ഇതിന്റെ പ്രാധാന്യം എന്താണ്? എന്നാണ് കത്തോലിക്കാ സഭ ഇത് വിശ്വാസ സത്യമായി പ്രഖ്യാപിച്ചത്? തുടങ്ങിയ കാര്യങ്ങളിലൂടെ…

പരിശുദ്ധ മറിയത്തിന്റെ അമലോത്ഭവം ക്രൈസ്തവരെ സംബന്ധിച്ച് വലിയൊരു വിശ്വാസ സത്യമാണ്. അമ്മയെക്കുറിച്ച് സഭ പഠിപ്പിക്കുന്ന നാല് വിശ്വാസ സത്യങ്ങളില്‍ പ്രധാനപ്പെട്ടതാണ് മറിയത്തിന്റെ അമലോത്ഭവം. നിത്യകന്യാത്വവും ദൈവമാതൃത്വവും സ്വര്‍ഗ്ഗാരോപണവുമാണ് മറ്റു മൂന്നെണ്ണം.

ഈശോയുടെ അമ്മയായ പരിശുദ്ധ മറിയം, പാപലേശമെന്യെ മറിയത്തിന്റെ അമ്മയുടെ ഉദരത്തില്‍ ഉത്ഭവിച്ചു എന്നതിന്റെ ഓര്‍മ്മയാണ് അമലോത്ഭവ തിരുനാള്‍ ദിനമായ ഡിസംബര്‍ 8 -ന് പ്രത്യേകമായി ആചരിക്കുന്നത്. പുത്രനായ ഈശോയുടെ യോഗ്യതകളെ മുന്‍നിര്‍ത്തി ദൈവകൃപയില്‍ പരിശുദ്ധ അമ്മ ഉത്ഭവപാപത്തിന്റെ കറകളില്‍ നിന്നും വിമുക്തയായിക്കൊണ്ട് രൂപം കൊണ്ടു എന്ന വിശ്വാസ സത്യം ഉറക്കെ പ്രഷോഷിക്കുകയാണ് ഈ തിരുനാളില്‍.

‘അമലോത്ഭവം’ എന്ന സത്യം വിശ്വാസികളുടെ ഹൃദയത്തിലാണ് ആദ്യം ചിരപ്രതിഷ്ഠ നേടിയത്. ഏഴാം നൂറ്റാണ്ടോടു കൂടി പൗരസ്ത്യ സഭകള്‍ മറിയത്തിന്റെ അമലോത്ഭവ തിരുനാള്‍ ആചരിച്ചു തുടങ്ങി. പിന്നീട് പാശ്ചാത്യ സഭകളും അതില്‍ പങ്കുചേര്‍ന്നു. ഏഴാം നൂറ്റാണ്ട് മുതല്‍ തന്നെ പൗരസ്ത്യ സഭകളില്‍ ആഘോഷിച്ചു വന്നിരുന്ന അമലോത്ഭവത്തെക്കുറിച്ച് ഗ്രിഗോറിയോസ് സ്‌കൊളാരിസ് ഇപ്രകാരം സാക്ഷ്യപ്പെടുത്തുന്നു: “കന്യകയും പരിശുദ്ധയുമായ അവള്‍ സാധാരണ രീതിയിലാണ് ഈ ലോകത്തിലേക്കു പ്രവേശിച്ചതെങ്കിലും ഉത്ഭവപാപത്തില്‍ അകപ്പെട്ടിരുന്നില്ല. അതുകൊണ്ട് ദൈവവചനത്തിന് മാംസം ധരിക്കാന്‍ ഏറ്റവും പരിശുദ്ധമായ ശരീരം നല്‍കാന്‍ അവള്‍ക്ക് സാധിച്ചു. മനുഷ്യവ്യക്തികളില്‍ അവള്‍ക്കു മാത്രം ലഭിച്ച പ്രത്യേക ആനുകൂല്യത്താല്‍ ഉത്ഭവപാപത്തിലും ശിക്ഷയിലും നിന്ന് അവള്‍ വിമുക്തയായതിനാല്‍ പാപകരമായ ചിന്തകളുടെ കാര്‍മേഘങ്ങളില്‍ അവള്‍ പ്രവേശിച്ചില്ല. ആത്മശരീരങ്ങളോടെ അവള്‍ ദൈവികപേടകമായി.”

1854 ഡിസംബര്‍ 8 -ാം തീയതി ‘അവാച്യനായ ദൈവം’ (ഇനേഫാബിലിസ് ദേവൂസ്)’ എന്ന ചാക്രികലേഖനത്തിലൂടെ മറിയത്തിന്റെ അമലോത്ഭവം വിശ്വാസ സത്യമായി പ്രഖ്യാപിച്ചത് ഒമ്പതാം പീയൂസ് മാര്‍പാപ്പാപ്പയാണ്. പ്രഖ്യാപനം നടത്തിക്കൊണ്ട് അദ്ദേഹം ഇങ്ങനെ പറഞ്ഞു: “ദൈവകൃപയാല്‍ ഉത്ഭവത്തിന്റെ ആദ്യ നിമിഷം മുതല്‍ ജന്മപാപത്തിന്റെ മാലിന്യമേശാതെ മറിയം കാത്തുസൂക്ഷിക്കപ്പെട്ടു.” പരിശുദ്ധ മറിയത്തിന്റെ അമലോത്ഭവ തിരുനാള്‍ പ്രത്യേകമായി വിളിച്ചോതുന്ന സത്യം അമ്മയുടെ വിശുദ്ധിയാണ്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.