എന്താണ് ദണ്ഡ വിമോചനം?

മാമ്മോദീസായിലൂടെ ജന്മപാപത്തിന്റെ കറകളിൽ നിന്നും, പാപങ്ങളുടെ പരിണിത ഫലമുണ്ടാകുന്ന നിത്യ ശിക്ഷയിൽ നിന്നും നാം മോചിതരാകുന്നു. വിശുദ്ധ കുമ്പസാരവും പാപം വഴിയുണ്ടാകുന്ന നിത്യ ശിക്ഷയിൽ നിന്നു നമ്മെ വിമോചിപ്പിക്കുന്നു. ഇതു പാപം വഴിയായി ഉണ്ടാക്കുന്ന താൽകാലിക ശിക്ഷയിൽ നിന്നും നമ്മെ പൂർണ്ണമായി വിമോചിതരാക്കുന്നില്ല. അതിനു നമ്മൾ കുമ്പസാരത്തിൽ വൈദീകൻ നിർദ്ദേശിക്കുന്ന പ്രാശ്ചിത്ത പ്രവർത്തികളെക്കാൾ കൂടുതൽ പാപപരിഹാര പ്രാശ്ചിത്തം സ്വന്തം ജീവിതത്തിൽ അനുഷ്ഠിക്കണം. അതു നമ്മൾ ജീവിതകാലത്തു ചെയ്തില്ലങ്കിൽ മരണശേഷം (നമ്മൾ പ്രസാദവരാവസ്ഥയിൽ മരിക്കുകയാണെങ്കിൽ) ശുദ്ധീകരണസ്ഥലത്തു ചെയ്യാനുള്ള അവസരമുണ്ട് സഭ പഠിപ്പിക്കുന്നു.

പക്ഷേ സഭ ദൈവകൃപകളുടെ അനന്തമായ കലവറയാണ്. ക്രിസ്തുവിന്റെ മണവാട്ടിയ സഭ പരിശുദ്ധ കന്യകാമറിയത്തിന്റെയും മറ്റു സകല വിശുദ്ധരുടെയും യോഗ്യതയാൻ ഈ  ദൈവകൃപ  ഈ ലോകത്തിൽ വച്ചു തന്നെ തന്റെ മക്കൾക്കു സംലഭ്യമാക്കുന്നു അതിനുള്ള ഒരു ഉപാധിയാണ് ദണ്ഡ വിമോചനം.

കത്തോലിക്കാ സഭയുടെ മതബോധന ഗ്രന്ഥം നമ്പർ 1471 ൽ എന്താണ് ദണ്ഡ വിമോചനമെന്ന പഠിപ്പിക്കുന്നു: “അപരാധ വിമുക്തമായ പാപങ്ങളുടെ കാലിക ശിക്ഷയിൽ നിന്നു ദൈവതിരുമുൻപാകെയുള്ള  ഇളവു ചെയ്യലാണു ദണ്ഡവിമോചനം. നിർദിഷ്ടമായ ചില വ്യവസ്ഥകൾ പാലിച്ചുകൊണ്ടു തക്കമനോഭാവമുള്ള ക്രിസ്തീയ വിശ്വാസി അത് നേടിയെടുക്കുന്നു. വീണ്ടെടുപ്പിന്റെ ശുശ്രൂഷിക എന്ന നിലയിൽ ക്രിസ്തുവിന്റെയും വിശുദ്ധരുടെയും പരിഹാര കർമ്മങ്ങളുടെ നിക്ഷേപത്തെ അധികാരത്തോടെ വിതരണം ചെയ്യുകയും വിനിയോഗിക്കുകയും ചെയ്യുന്ന സഭയുടെ പ്രവൃത്തിയിലൂടെയാണ് വിശ്വാസി ദണ്ഡവിമോചനം പ്രാപിക്കുന്നത്.”

പാപം മൂലമുള്ള കാലിക ശിക്ഷയെ ഭാഗികമായോ പൂർണമായോ ഇളവു ചെയ്യുന്നതിനെ ആശ്രയിച്ച് ദണ്ഡ വിമോചനം ഭാഗികമോ പൂർണ്ണമോ ആകാം എന്നും മതബോധന ഗ്രന്ഥം പഠിപ്പിക്കുന്നു.

പൂർണ്ണമായ ദണ്ഡവിമോചനം പാപത്തിന്റെ കാലിക ശിക്ഷയിൽ നിന്നു നമ്മെ പൂർണ്ണമായി വിമോചിപ്പിക്കുന്നു. അതായതു പൂർണ്ണ ദണ്ഡ വിമോചനം പ്രാപിച്ച ശേഷം, പാപങ്ങളൊന്നും ചെയ്യാതെ പൂർണ്ണമായ പ്രസാദവരാവസ്ഥയിലാണു നാം മരിക്കുന്നതെങ്കിൽ നാം നേരിട്ടു സ്വർഗ്ഗത്തിൽ പോകും എന്നു സാരം. ഭാഗീകമായ ദണ്ഡ വിമോചനം പാപത്തിന്റെ എല്ലാം ശിക്ഷകളിൽ നിന്നും നമ്മളെ വിമോചിതരാക്കുന്നില്ല.

ദണ്ഡ വിമോചനം പ്രാപിക്കുന്നതിനു വേണ്ടി ഒരു വ്യക്തി വിശുദ്ധ കുമ്പസാരം നടത്തുകയും വിശുദ്ധ കുർബാന സ്വീകരിക്കുകയും പരിശുദ്ധ മാർപാപ്പയുടെ നിയോഗാർത്ഥം ഒരു സ്വർഗ്ഗസ്ഥനായ പിതാവേ, നന്മ നിറഞ്ഞ മറിമേ എന്നി പ്രാർത്ഥനകൾ ജപിക്കുകയും, കൂടാതെ പൂർണ ദണ്ഡ വിമോചനം ലഭിക്കാനായി ഒരു വ്യക്തി ലഘു പാപങ്ങളിൽ നിന്നു പോലും അകന്നു നിൽക്കുയും വേണം.

പൂർണ്ണ ദണ്ഡ വിമോചനം നേടാനുള്ള ചില ഉപാധികൾ:

1. വിശുദ്ധ കുർബാനയ്ക്കു മുമ്പിൽ അരമണിക്കൂറെങ്കിലും ഉള്ള ആരാധന
2. ജപമാല പ്രാർത്ഥന (വ്യക്തിപരവും സമൂഹപരവും)
3. കുരിശിന്റെ വഴി
4. കരുണയുടെ ജപമാല
5. അര മണിക്കൂറെങ്കിലും ദൈർഘ്യമുള്ള ദൈവവചന വായന
6. കാരുണ്യപ്രവർത്തികൾ
7. ദു:ഖ വെള്ളിയാഴ്ചയുള്ള കുരിശു ചുംബനം
8. ഈശോയുടെ തിരുഹൃദയത്തിന്റെ തിരുനാൾ ദിനത്തിൽ ഈശോയുടെ തിരുഹൃദയത്തിനോടുള്ള പരസ്യമായ സമർപ്പണം

തുടങ്ങി നിരവധി ഭക്താനുഷ്ഠാനങ്ങൾ ദണ്ഡ വിമോചന പ്രാപ്തിക്കായി സഭയുടെ ആത്മീയ സമ്പത്തിലുണ്ട്. ഏതു വിശ്വാസിക്കും തനിക്കു വേണ്ടിത്തന്നെയോ മരിച്ചവർക്കു വേണ്ടിയോ ദണ്ഡ വിമോചനങ്ങൾ നേടാവുന്നതാണ്.

സഭയുടെ ദൃശ്യ തലവൻ എന്ന നിലയിൽ  മാർപാപ്പയ്ക്കു എതു തരത്തിലുള്ള ദണ്ഡ വിമോചനവും ഏതു വിശ്വാസിക്കും നൽകാൻ കഴിയും. പൂർണ്ണ ദണ്ഡ വിമോചനം നൽകാൻ മാർപാപ്പായക്കു മാത്രമേ അധികാരമുള്ളു. മെത്രാൻമാർക്കു 1215 വരെ ദണ്ഡ വിമോചനം നൽകാനുള്ള പൂർണ്ണ അധികാരമുണ്ടായിരുന്നു. ഇന്നസെന്റ് മൂന്നാമൻ മാർപാപ്പയാണ് ഈ പതിവിനു നിയന്ത്രണം ഏർപ്പെടുത്തിയത്. 1903 പത്താം പീയൂസ് മാർപാപ്പ കർദ്ദിനാളന്മാർക്കു തങ്ങളുടെ സ്ഥാനീക ദൈവാലയങ്ങളിലും രൂപതകളിലും 200 ദിവസവും, മെത്രാപ്പോലീത്താമാർക്കു 100 ദിവസവും, മെത്രാൻമാർക്കു 50 ദിവസവും ദണ്ഡ വിമോചനം നൽകാൻ  അധികാരം നൽകി. കരുണയുടെ ജൂബിലി വർഷത്തിലെ പൂർണ്ണ ദണ്ഡ വിമോചനത്തിനു ശേഷം, ഫാത്തിമയിൽ പരിശുദ്ധ കന്യകാമറിയത്തിന്റെ പ്രത്യക്ഷപ്പെടലുകളുടെ നൂറാം വാർഷികത്തിൽ ഒരിക്കൽ കൂടി സഭയുടെ ആത്മീയ ഭണ്ഡാരത്തിൽ നിന്നും ദൈവകൃപ കരസ്ഥമാക്കാൻ പൂർണ്ണ ദണ്ഡ വിമോചനം ഫ്രാൻസീസ് പാപ്പ പ്രഖ്യാപിച്ചിരിക്കുന്നു. സത്യസഭയുടെ ഈ സമ്പത്ത് നമ്മുടെ ആത്മീയ ജീവിതത്തെ പരിരക്ഷിക്കട്ടെ.

ഫാത്തിമാ ജൂബിലി: ദണ്ഡവിമോചന മാർഗ്ഗങ്ങൾ 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.