ദൈവഭയം എന്നതുകൊണ്ട് അര്‍ത്ഥമാക്കുന്നത്

നമ്മില്‍ സാധാരണ രീതിയില്‍ ഭയമുണ്ടാകുന്നത് നമ്മുടെ ജീവനോ അല്ലെങ്കില്‍ നമ്മുടെ സുരക്ഷയ്ക്കോ ഉണ്ടായേക്കാവുന്ന ഭീഷണികളെപ്പറ്റി ചിന്തിക്കുമ്പോഴാണ്. എന്നാല്‍, നമ്മെ ശാരീരികമായി ഹനിക്കുകയോ, കൊല്ലുക പോലും ചെയ്യുന്നവരെ നമ്മള്‍ ഭയപ്പെടേണ്ട ആവശ്യമില്ലെന്നാണ് വചനം പഠിപ്പിക്കുന്നത്. ‘കര്‍ത്താവ് എന്റെ പക്ഷത്തുണ്ട്, ഞാന്‍ ഭയപ്പെടുകയില്ല; മനുഷ്യന് എന്നോട് എന്തുചെയ്യാന്‍ കഴിയും?’ (സങ്കീ. 118:6).

ജീവിതത്തില്‍ തെറ്റായ ഭയത്തിന് അടിപ്പെടുന്നതാണ് നമ്മുടെ ഒട്ടേറെ പ്രശ്‌നങ്ങള്‍ക്കു കാരണം. ശരീരത്തെയോ ജീവനെ തന്നെയോ നശിപ്പിക്കാന്‍ കഴിവുള്ളവയെ അല്ല നമ്മള്‍ ഭയക്കേണ്ടത്. ദൈവഭയം ഉള്ളവര്‍ മറ്റൊന്നിനെയും ഭയപ്പെടേണ്ട ആവശ്യമില്ല. കാരണം, ദൈവഭയം മറ്റെല്ലാ ഭയങ്ങള്‍ക്കുമുള്ള പ്രതിവിധിയാണ്. ‘കര്‍ത്താവിന്റെ വിശുദ്ധരേ, അവിടുത്തെ ഭയപ്പെടുവിന്‍; അവിടുത്തെ ഭയപ്പെടുന്നവര്‍ക്ക് ഒന്നിനും കുറവുണ്ടാകുകയില്ല’ (സങ്കീ. 34:9).

തെറ്റു ചെയ്താല്‍ ശിക്ഷിക്കാന്‍ ഒരുങ്ങിയിരിക്കുന്ന ഒരാളാണ് ദൈവം എന്ന അവബോധത്തില്‍ നിന്നും ഉളവാകുന്ന പേടിയല്ല ദൈവഭയം. സ്‌നേഹത്തോടെ തന്നെ സൃഷ്ടിക്കുകയും, കരുണയോടെ പരിപാലിക്കുകയും, സദാ കാത്തുരക്ഷിക്കുകയും ചെയ്യുന്ന ദൈവത്തോടുള്ള ഭക്ത്യാദരവാണ് ദൈവഭയം. ഈ ഭയം ഇല്ലാതാകുമ്പോഴാണ് നമ്മള്‍ ഭയക്കേണ്ടത്. ദൈവഭയം ഇല്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു വ്യക്തി പാപം ചെയ്ത് തന്റെ ആത്മാവിനെത്തന്നെ നഷ്ടപ്പെടുത്തുന്നു. എന്നാല്‍, ദൈവഭയം നമ്മെ ആത്മീയവളര്‍ച്ചയിലേയ്ക്കും വിവേകത്തിലേയ്ക്കും ദൈവഹിതമനുസരിച്ച് തീരുമാനങ്ങളെടുക്കാനുള്ള കഴിവിലേയ്ക്കും നയിക്കുന്നു. അതുകൊണ്ട് പരിശുദ്ധാത്മാവിനോട് നമുക്ക് നിരന്തരം പ്രാര്‍ത്ഥിക്കാം. ദൈവഭയം കൊണ്ട് നിറച്ച് ഞങ്ങളെ വിശുദ്ധീകരിക്കണമേ എന്ന്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

അഭിപ്രായങ്ങൾ