മാനസാന്തരം ഇങ്ങനെയാവണം

മാനസാന്തരം, പരിവര്‍ത്തനം എന്നതുകൊണ്ടെല്ലാം എന്താണ് യഥാര്‍ത്ഥത്തില്‍ അര്‍ത്ഥമാക്കുന്നത്. ഒരുവന്റെ ആത്മാവില്‍ ചലനമുണ്ടാക്കുന്ന പ്രക്രിയയാണത്. ജീവിതത്തെ ആകെ മൊത്തം മാറ്റി മറിച്ചുകൊണ്ടുള്ളതായിരിക്കണം യഥാര്‍ത്ഥത്തില്‍ പരിവര്‍ത്തനം എന്നാല്‍. ഇതിനായി ഈശോ പലപ്പോഴും തന്റെ ശിഷ്യന്മാരെ വെല്ലുവിളിക്കുകയും ചെയ്തിട്ടുണ്ട്.

‘metanoia’ എന്ന ഗ്രീക്ക് പദമാണ് പരിവര്‍ത്തനം എന്നതിന് പകരമായി ഈശോ ഉപയോഗിച്ചത്. വി. പോള്‍ ആറാമന്‍ പാപ്പാ ഈ വാക്കിന് വിശദീകരണവും നല്‍കിയിട്ടുണ്ട്. ‘ change of heart’ ഹൃദയ പരിവര്‍ത്തനമാണ് ഈ വാക്കുകൊണ്ട് അര്‍ത്ഥമാക്കുന്നത്. ഒരു മനുഷ്യന്റെ സമഗ്രമായ മാറ്റം. അവന്റെ അഭിപ്രായങ്ങളും മുന്‍വിധികളും തീരുമാനങ്ങളും എല്ലാം മാറണം. ദൈവത്തില്‍ നിന്ന് പ്രത്യേകം കൃപ ലഭിച്ചവര്‍ക്കാണ് ഇതെല്ലാം സാധ്യമാവുകയും ചെയ്യുകയുള്ളൂ.

മറ്റൊരു വിധത്തില്‍ പറഞ്ഞാല്‍ സഞ്ചരിച്ചുകൊണ്ടിരുന്ന പാത വിട്ട് പുതിയ പാത തിരഞ്ഞെടുക്കുക. അതുകൊണ്ട് മനസിലാക്കിയിരിക്കണം, മാനസാന്തരം, പരിവര്‍ത്തനം എന്നതൊക്കെ പുറമേ മാത്രം അഥവാ ആചാരങ്ങളില്‍ മാത്രം ഒതുങ്ങേണ്ട ഒന്നല്ല, മറിച്ച് ഹൃദയത്തിലും ആത്മാവിലും മാറ്റം വരുത്തുന്നതാവണം.