എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥികളോട് കാന്‍സറിനെക്കുറിച്ചു സംസാരിച്ചപ്പോള്‍

കാന്‍സര്‍ രോഗം എന്നതൊരു മാറാവ്യാധിയാണെന്നും അതിന്റെ കാരണങ്ങള്‍ ഇതുവരേയും കണ്ടെത്തിയിട്ടില്ലെന്നും അതുകൊണ്ടു തന്നെ ചികിത്സയ്ക്കും പരിമിധികളുണ്ടെന്നുമെല്ലാമാണ് ഇന്നും വിദ്യാസമ്പന്നര്‍ അടക്കമുള്ള പലരും കരുതി വച്ചിരിക്കുന്നതും വിശ്വസിക്കുന്നതും. എന്നാല്‍ ഏതൊരു രോഗം പോലെയും കാന്‍സറിനേയും നേരിടാനും ചികിത്സിച്ച് ഭേദമാക്കാനും കഴിയുമെന്നും അതിനു തക്കതായ നൂതനസംവിധാനങ്ങള്‍ പലതും ഇന്ന് നമ്മുടെ ആരോഗ്യരംഗത്തുണ്ടെന്നും വ്യക്തിപരമായ അനുഭവത്തില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് വിശദമാക്കുകയാണ് കേരളത്തിലെ സീനിയര്‍ കാൻസർ സര്‍ജൻ ഡോ. ജോജോ ജോസഫ്. അദ്ദേഹത്തിന്റെ വാക്കുകളിലേയ്ക്ക്…

അടുത്തിടെ നടന്ന ഒരു സംഭവമാണ്. ഒരു എന്‍ജിനീറിംഗ് കോളജിലെ ബിരുദദാന ചടങ്ങിലേയ്ക്ക് എനിക്ക് ക്ഷണം കിട്ടി. സാധാരണ മെഡിക്കല്‍, ഡെന്റല്‍ കോളജുകളിലൊക്കെ അതിഥിയായി പോകാറുണ്ടെങ്കിലും ആദ്യമായാണ് എന്‍ജിനീറിംഗ് കോളജില്‍ ഒരു ചടങ്ങിലേയ്ക്ക് ക്ഷണിക്കപ്പെടുന്നത്. കോളജിലെ ഏതാനും അധ്യാപകരുമായുള്ള പരിചയമാണ് അതിന് കാരണം. പതിവിന് വിപരീതമായി ഇത്തവണ ഒരു ഡോക്ടറെ മുഖ്യാതിഥിയായി ക്ഷണിക്കാന്‍ തീരുമാനിച്ചതിനാലാണ് അവര്‍ എന്നെ വിളിച്ചത്. എന്‍ജിനീറിംഗ് വിദ്യാര്‍ത്ഥികളോട് ഞാനെന്ത് പറയാനാണെന്ന് ചിന്തിച്ചെങ്കിലും അവിടുത്തെ പരിചയക്കാരായ അധ്യാപകരുടെ നിര്‍ബന്ധം നിമിത്തം ചടങ്ങില്‍ പങ്കെടുക്കാമെന്ന് സമ്മതിച്ചു.

എന്റെ സുഹൃത്തായ സാറാണ് സ്വാഗതം പറഞ്ഞത്. പതിവുപോലെ മുഖ്യാതിഥിയായെത്തിയ എന്നെ  പരിചയപ്പെടുത്തിയതിനുശേഷം അവസാനം അദ്ദേഹം പറഞ്ഞു, “ഇതുവരെ മെഡിക്കല്‍ സയന്‍സിന് കീഴടക്കാന്‍ കഴിയാത്ത അസുഖമാണ് കാന്‍സര്‍,  കാരണങ്ങള്‍ പോലും കണ്ടെത്താനാകാത്ത ഈ കാന്‍സര്‍ രോഗത്തെ ചികിത്സിച്ച് ഭേദപ്പെടുത്തുന്ന ഡോക്ടറാണ് നമ്മോടൊപ്പം ഇന്നുള്ളത്,” എന്നെല്ലാം. കുട്ടികളൊക്കെ എന്നെ വിചിത്രജീവിയെ എന്നതുപോലെ എന്നെ നോക്കുന്നത് കണ്ട് എനിക്ക് ചെറിയ ജാള്യത പോലും തോന്നി.

അടുത്തതായി ചടങ്ങിന്റെ അധ്യക്ഷനായ സ്ഥലം എംഎല്‍എ പ്രസംഗിക്കാനെത്തി. സാധാരണ രാഷ്ട്രീയക്കാരെപ്പോലെ ദീര്‍ഘിപ്പിക്കാതെ കാച്ചിക്കുറുക്കിയ പ്രസംഗമാണ് അദ്ദേഹം നടത്തിയത്. പക്ഷേ അദ്ദേഹവും പ്രസംഗം അവസാനിപ്പിക്കാറായപ്പോള്‍ മുഖ്യാതിഥിയായ എന്നെക്കുറിച്ച് സംസാരിച്ചു തുടങ്ങി. നല്ല വാക്കുകള്‍ക്കുശേഷം കുട്ടികള്‍ക്ക് അദ്ദേഹം ഒരു ഉപദേശം കൊടുത്തു. “ആധുനിക ബയോമെഡിക്കല്‍ ഗവേഷണങ്ങളില്‍ മെഡിക്കല്‍ എന്‍ജിനീറിംഗ് വിദഗ്ധര്‍ക്ക് ഒരുപോലെ സാധ്യതകളുണ്ട്. ആ മേഖലയിലേയ്ക്കു കൂടി നിങ്ങളില്‍ കുറേപ്പേരെങ്കിലും എത്തണം. കാരണം കാന്‍സറിന്റെ കാരണം ഇതുവരെ മെഡിക്കല്‍ സയന്‍സിന് മനസിലായിട്ടില്ല” എന്ന്. അതുകൂടി കേട്ടപ്പോള്‍ ഞാനാകെ വല്ലാതെയായി. എങ്കിലും ആ സമയത്ത് തിരുത്താനാകില്ലല്ലോ.

പിന്നീട് എനിക്ക് സംസാരിക്കാനുള്ള അവസരമായി. ഇരുപത് മിനിറ്റാണ് അനുവദിച്ചിരുന്നത്. അതിലെ ആദ്യ പതിനഞ്ചു മിനിട്ടുകള്‍ കുട്ടികള്‍ക്ക് സന്ദേശം നല്‍കിയിട്ട്, ബാക്കി സമയം കാന്‍സറിനെക്കുറിച്ചു അവബോധം നല്‍കാം എന്നു തീരുമാനിച്ചു. മുന്‍പ് പ്രസംഗിച്ചവരുടെയും കുട്ടികളുടെയും ഉള്ളില്‍  കാന്‍സറിനെ സംബന്ധിച്ച തെറ്റിദ്ധാരണ ഉള്ളത് മാറ്റണമല്ലോ.

“കാന്‍സര്‍ എന്നാല്‍ നമ്മുടെ ശരീരത്തിലെ ഭ്രാന്തന്‍ കോശങ്ങളാണ്” എന്നു പറഞ്ഞു ഞാന്‍ ആരംഭിച്ചു. ‘ഭ്രാന്തന്‍ കോശങ്ങള്‍’ എന്നു കേട്ടതോടെ അതെന്താണ് എന്നറിയാനുള്ള ആകാംഷ എല്ലാവരുടെയും മുഖങ്ങളില്‍ ഞാന്‍ കണ്ടു. “നമ്മുടെ ശരീരത്തിലെ തന്നെ വ്യതിയാനം സംഭവിച്ച കോശങ്ങളുടെ അനിയന്ത്രിത വളര്‍ച്ചയ്ക്കാണ് -കോശങ്ങളുടെ ഭ്രാന്തന്‍ വളര്‍ച്ചയ്ക്കാണ്  –  കാന്‍സര്‍ എന്നു പറയുന്നത്.” ഇത് കൂടി കേട്ടതോടെ എല്ലാവരുടേയും ശ്രദ്ധ പ്രസംഗത്തിലേയ്ക്ക് വന്നു. അതോടെ ഞാന്‍ വിശദീകരണത്തിലേയ്ക്ക് കടന്നു.

എന്താണ് കാന്‍സര്‍ (ഭ്രാന്തന്‍ കോശങ്ങള്‍)

നമ്മുടെ ശരീരത്തിലെ തന്നെ വ്യതിയാനം സംഭവിച്ച കോശങ്ങളുടെ അനിയന്ത്രിത വളര്‍ച്ചയ്ക്കാണ് കാന്‍സര്‍ എന്നു പറയുന്നത്.

ഇത് എങ്ങനെ സംഭവിക്കുന്നു?

അതിന് നമ്മുടെ ശരീരത്തിന്റെ ചില അടിസ്ഥാന ബയോളജി അറിയേണ്ടത് ആവശ്യമാണ്. വിവിധ പ്രവര്‍ത്തനങ്ങള്‍ക്കായി കോടിക്കണക്കിന് കോശങ്ങളാല്‍ നിര്‍മ്മിതമാണ് മനുഷ്യശരീരം. ഈ കോശങ്ങള്‍ക്ക് ദിവസങ്ങളോ അല്ലെങ്കില്‍ മാസങ്ങളോ മാത്രമാകും ആയുസ്സുണ്ടാവുക. അതിനാല്‍ ശരീരത്തിന്റെ നിലനില്‍പ്പിനായി പുതിയ കോശങ്ങള്‍ നിര്‍മ്മിക്കേണ്ടി വരുന്നു. ശരീരത്തിന്റെ വളര്‍ച്ചാസമയത്തും അല്ലെങ്കില്‍ തേയ്മാനം വരുന്ന ഭാഗങ്ങള്‍ക്ക് റിപ്പെയര്‍ ചെയ്യാനും ഇതേപോലെ പുതിയ കോശങ്ങള്‍ ഉണ്ടാക്കേണ്ടി വരുന്നുണ്ട്. ഈ പുതിയ കോശങ്ങള്‍ ഉണ്ടാകുന്നത് നശിച്ച കോശങ്ങളുടെ അതേ രൂപത്തിലും ഭാവത്തിലും പ്രവര്‍ത്തനക്ഷമതയിലും ആയിരിക്കും. ഇത് സാധ്യമാകുന്നത് കോശങ്ങളില്‍ അടങ്ങിയിരിക്കുന്ന ജീനുകള്‍ അല്ലെങ്കില്‍ ഡി.എന്‍.എ (DNA) വഴിയാണ്. ഈ ജീനുകള്‍ അല്ലെങ്കില്‍ ഡി.എന്‍.എ ആണ് അതാതു കോശങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കുന്നത്.

പുതിയ കോശങ്ങള്‍ ഉണ്ടാകുമ്പോള്‍ ഈ  ഡി.എന്‍.എ  രണ്ടായി പിളര്‍ന്ന് പഴയ ഡി.എന്‍.എ യുടെ അതേപോലുള്ള ഒരു കോപ്പി ഉണ്ടാക്കപ്പെടുന്നു. വളരെയധികം സങ്കീര്‍ണ്ണമായ ഒരു പ്രവര്‍ത്തനമാണ് ഈ  ഡി.എന്‍.എ മുറിയല്‍ (DNA Replication). ഈ പ്രവര്‍ത്തനത്തില്‍ പിഴവ് പറ്റിയാല്‍ പുതിയതായി ഉണ്ടാകുന്ന കോശങ്ങള്‍ക്ക് ആകൃതിയിലും പ്രവര്‍ത്തനത്തിലും വ്യത്യാസം ഉണ്ടാവുകയും അതിന്റെ വളര്‍ച്ച ശരീരത്തിന്റെ നിയന്ത്രണത്തിനു പുറത്തുപോവുകയും ചെയ്യുന്നു. ഈ അവസ്ഥയാണ് കാന്‍സര്‍ എന്ന് വിളിക്കുന്നത്. ഈ കോശങ്ങളെയാണ് നാം ഭ്രാന്തന്‍ കോശങ്ങള്‍ എന്നു വിളിക്കുന്നത്. കാരണം  ഈ കോശങ്ങള്‍ ശരീരത്തിന്റെ ആജ്ഞകള്‍ കേള്‍ക്കാതെ സ്വന്തം നിലനില്‍പ്പ് മാത്രം നോക്കുകയും  അതിനു വേണ്ടിയുള്ള വിവിധ ഹോര്‍മോണുകള്‍ ഉല്‍പാദിപ്പിച്ച് അത് മാത്രം വളരാനുള്ള സാഹചര്യം ഒരുക്കുകയും ചെയ്യുന്നു. ഈ പ്രവര്‍ത്തി മൂലം ശരീരത്തിന്റെ നിലനില്‍പ്പ് അപകടത്തിലാകുന്നു. ശരീരമില്ലാതെ ഈ ഭ്രാന്തന്‍ കോശങ്ങള്‍ക്കും നിലനില്‍പ്പില്ല. ഇത് മനസ്സിലാക്കാതെ തന്നിഷ്ടം പോലെ പ്രവര്‍ത്തിക്കുന്നതിനാലാണ് ചിലര്‍ ഇവയെ ഭ്രാന്തന്‍ കോശങ്ങള്‍ എന്നു വിളിക്കുന്നത്.

ഭ്രാന്തന്‍ കോശങ്ങളില്‍ ഉണ്ടാകുന്ന വളര്‍ച്ച ശരീരത്തിന് അപകടകാരിയാകുന്നത് എങ്ങനെ?

ഓരോ അവയവത്തിലുമുള്ള കോശങ്ങളുടെ വളര്‍ച്ച വളരെ കൃത്യമായി ശരീരത്തിന്റെ സാധാരണ പ്രവര്‍ത്തനത്തിനു വേണ്ടി നിയന്ത്രണവിധേയമാണ്. എന്നാല്‍ കാന്‍സര്‍ കോശങ്ങള്‍ ഈ നിയന്ത്രണത്തിനു പുറത്തായതിനാല്‍ അനിയന്ത്രിതമായി വളരുന്നു. ഇത് കൂടിവരുമ്പോള്‍ അതാത് അവയവത്തിന്റെ സാധാരണ കോശങ്ങള്‍ നശിപ്പിക്കപ്പെടുന്നു. പ്രധാനമായും അവയവത്തിലേയ്ക്ക് എത്തുന്ന പോഷകങ്ങള്‍ (Nutrients) വലിച്ചെടുക്കുകയും മറ്റു കോശങ്ങള്‍ക്കിടയിലേയ്ക്ക് പടര്‍ന്നു കയറി അപകടം വരുത്തുകയുമാണ് സാധാരണ സംഭവിക്കുക. ഇത് അവയവത്തിന്റെ പ്രവര്‍ത്തനം നശിപ്പിക്കുന്നു.

സാധാരണ ഒരു അവയവത്തിലെ കോശങ്ങള്‍ അന്യോന്യം ഒട്ടിപ്പിടിച്ചാണ് ഇരിക്കുന്നത്. എന്നാല്‍ കാന്‍സര്‍ ആയി രൂപാന്തരം പ്രാപിക്കുന്ന ഭ്രാന്തന്‍ കോശങ്ങള്‍ വളരെ ലൂസ് ആയാണ് കാണപ്പെടുക. അതിനാല്‍ ഈ കോശങ്ങള്‍ രക്തത്തില്‍ കൂടിയോ അല്ലെങ്കില്‍ കോശദ്രാവക (Lymphatic fluid) ത്തിലോ കലര്‍ന്ന് ശരീരത്തിലെ മറ്റ് അവയവങ്ങളില്‍ എത്തിച്ചേരുന്നു. ഇങ്ങനെ മറ്റ് അവയവങ്ങളിലെത്തുന്ന കോശങ്ങള്‍ അവിടെ പറ്റിപ്പിടിച്ച് വളരാന്‍ തുടങ്ങുന്നു. ഇതിനെയാണ് നമ്മള്‍ മെറ്റെസ്സ്റ്റാറ്റിസ് (Metastasis – ഒരു അവയവത്തിൽനിന്നു മറ്റൊരു അവയവത്തിലേക്കു മാരകമാംവിധം കാൻസർ പകരുന്ന അവസ്ഥ) എന്നു പറയുക. ഈ വളര്‍ച്ച വലുതായി അത് എത്തിയ അവയവത്തെയും നശിപ്പിക്കുന്നു. ഇങ്ങനെ പല അവയവങ്ങള്‍ നശിപ്പിക്കപ്പെടുന്നതോടെ ശരീരം രോഗത്തിനു കീഴടങ്ങുകയും മരണം സംഭവിക്കുകയും ചെയ്യും.

ഓരോ ദിവസവും ലക്ഷക്കണക്കിന് പുതിയ കോശങ്ങള്‍ നമ്മുടെ ശരീരത്തില്‍ ഉണ്ടാകുന്നുണ്ട്. അതേപോലെ തന്നെ ദിവസവും ഈ കോശനിര്‍മ്മിതിയില്‍ ആയിരക്കണക്കിന് തെറ്റും സംഭവിക്കാറുണ്ട്.  എന്നാലും എല്ലാവരിലും കാന്‍സര്‍ ഉണ്ടാകുന്നില്ല. അത് എങ്ങനെയാണെന്നു പരിശോധിക്കാം.

വളരെ സങ്കീര്‍ണ്ണമായ ഒരു പ്രക്രിയ വഴിയാണ് ശരീരം ഇത് സാധ്യമാക്കുക. DNA യില്‍ തെറ്റു വന്ന കോശങ്ങള്‍ വളര്‍ച്ചയെത്തും മുന്നേ സ്വയം നശിച്ചുപോവുകയോ (Apiptosis) അല്ലെങ്കില്‍ ശരീരത്തിലെ പ്രതിരോധ വ്യവസ്ഥ (Immune System) വഴി നശിപ്പിക്കപ്പെടുകയോ ചെയ്യുന്നതു വഴി കാന്‍സര്‍ ഉണ്ടാകാതെ ശരീരം സംരക്ഷിക്കപ്പെടുന്നു.

‘കാർസിനോജനുകൾ’

ഇത്രയും കൃത്യതയോടെയാണ് കാര്യങ്ങള്‍ നടക്കുന്നതെങ്കില്‍ പിന്നെ എങ്ങനെയാണ് കാന്‍സര്‍ ഉണ്ടാകുന്നതെന്ന് നമുക്ക് സംശയം തോന്നാം. അതിനായി ‘കാർസിനോജനുകൾ’ (Caricinogors – കാൻസറിനു കാരണമായവ) എങ്ങനെ പ്രവര്‍ത്തിക്കുന്നുവെന്നു നോക്കാം.

ശരീരത്തില്‍ കാന്‍സര്‍ ഉണ്ടാക്കാന്‍ കഴിവുള്ള എന്തിനെയും നമ്മള്‍ ‘കാർസിനോജനുകൾ’ (Caricinogors) എന്നാണ് വിളിക്കുക. ഏറ്റവും പ്രധാനം നമ്മുടെ ശരീരത്തില്‍ പ്രവേശിക്കുന്ന കെമിക്കലുകളാണ്. ഉദാഹരണമായി പുകയില, വിഷമയമായഫാക്റ്ററി മാലിന്യങ്ങള്‍  (Toxic industrial waste), ഭക്ഷണം, പരിസര മലിനീകരണം തുടങ്ങിയവ. ഇത് ശരീരത്തില്‍ പ്രവേശിക്കുകയും വളരെ ഉയര്‍ന്ന തോതില്‍ ഡി.എന്‍.എ – യ്ക്ക് നാശം (DNA damage) ഉണ്ടാകുകയും ചെയ്യുന്നു. ഇത് പലപ്പോഴും ശരീരത്തിന്റെ കേടുപാടുകള്‍ പരിഹരിക്കാനുള്ള (Repairing) കഴിവിനു മുകളിലാവുകയും ചെയ്യുമ്പോഴാണ് കാന്‍സര്‍ കോശങ്ങള്‍ രൂപപ്പെടുന്നത്.

അമിതവണ്ണം, വ്യായാമക്കുറവ് തുടങ്ങിയവരില്‍ ചില ഹോര്‍മോണുകളുടെ അളവ് കൂടുതലായി വരുന്നതോടെ (estrogen, insulin) കോശങ്ങളുടെ വളര്‍ച്ചാനിരക്ക് കൂടുകയും ഡി.എന്‍.എ നാശം സംഭവിച്ച (DNA damage) കോശങ്ങളുടെ എണ്ണം കൂടുകയും ശരീരത്തിന് ഇവ നശിപ്പിക്കാന്‍ സാധിക്കാതെ വരികയും ചെയ്യുന്നതു വഴിയും കാന്‍സര്‍ ഉണ്ടാകുന്നു.

ചില പ്രത്യേക അസുഖമോ അല്ലെങ്കില്‍ പോഷകങ്ങളുടെ കുറവോ മൂലം നമ്മുടെ ഇമ്മ്യൂണിറ്റി കുറയുമ്പോള്‍ കാന്‍സര്‍ കോശങ്ങളുടെ നശീകരണം സാധ്യമാകാതെ വരാം. അങ്ങനെ നമുക്ക് കാന്‍സര്‍ രോഗം ഉണ്ടാകും. വളരെ ചെറിയ ശതമാനം ആള്‍ക്കാരില്‍ ജന്മനായുള്ള ചില ജനറ്റിക് വ്യതിയാനങ്ങള്‍ മൂലവും കാന്‍സര്‍ ഉണ്ടാകാറുണ്ട്.

ഞാന്‍ പറഞ്ഞവസാനിപ്പിച്ചു. കാന്‍സര്‍ എന്താണ് എന്നു പറഞ്ഞതിന്റെയും അവരുടെ തെറ്റിദ്ധാരണ മാറ്റാന്‍ സാധിച്ചതിന്റെയും സന്തോഷത്തോടെ ഞാന്‍ എന്റെ ഇരിപ്പിടത്തിലേയ്ക്ക് തിരികെ നടന്നു. ആരോഗ്യകരമായ ജീവിതശൈലിയിലൂടെ ഒരു പരിധി വരെ കാന്‍സറിനെ തടയാന്‍ സാധിക്കുമെന്നും, പുകയില, അന്തരീക്ഷ മലിനീകരണം, മായം ചേര്‍ത്ത ഭക്ഷണം എന്നിവ സമൂഹത്തില്‍ നിന്നും മാറ്റിനിര്‍ത്തുക വഴി കാന്‍സര്‍ എന്ന മഹാമാരിയെ കീഴടക്കാമെന്നും ആ കുട്ടികള്‍ക്ക് മനസിലായിട്ടുണ്ടാവണം. അവരുടെ കയ്യടികളില്‍ നിന്നും എനിക്ക് അതാണ് മനസിലായത്. കാലം അതിനവരെ സജ്ജമാക്കട്ടെ.

തയാറാക്കിയത്: കീര്‍ത്തി ജേക്കബ് 

കീര്‍ത്തി ജേക്കബ്

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

1 COMMENT

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.