ബ്ലാക്ക് ഫംഗസ് – വൈറ്റ് ഫംഗസ്: അറിയേണ്ടവയും ശ്രദ്ധിക്കേണ്ടവയും

ഈ അടുത്തിടെയായി വാർത്തകളിലും മറ്റും നിറയുന്ന, അനേകരെ ഭീതിയിൽ ആഴ്ത്തുന്ന വാക്കുകളാണ് ‘ബ്ലാക്ക് ഫംഗസ്’, ‘വൈറ്റ് ഫംഗസ്’ എന്നിവ. രണ്ടും രോഗങ്ങൾ! ഇന്ത്യയിൽ മറ്റു സംസ്ഥാനങ്ങളിൽ ആദ്യം സ്ഥിരീകരിച്ചു എങ്കിലും കേരളത്തിൽ ഇവ എത്തിയത് മുതൽ മലയാളികൾ പലരും ആശങ്കയിലാണ്. ഭീതിയിലാണ്. ഈ ദിവസങ്ങളിൽ എന്നെ കാണാൻ വന്ന പലരുടേയും ചോദ്യങ്ങൾ ബ്ലാക് ഫംഗസിനെക്കുറിച്ചും വൈറ്റ് ഫംഗസിനെക്കുറിച്ചും ആയിരുന്നു. തേടിയെത്തിയ ഫോൺ കോളുകളിൽ ചിലതും അവയെ കുറിച്ചുള്ള സംശയങ്ങളും ആശങ്കകളും നിറഞ്ഞവയായിരുന്നു. ഇതിൻ്റെ അടിസ്ഥാനത്തിൽ ബ്ലാക്ക് ഫംഗസിനെ കുറിച്ചും ഒപ്പം, വൈറ്റ് ഫംഗസിനെക്കുറിച്ചും ‘ സാധാരണക്കാർക്ക് ഉണ്ടാകാവുന്ന സംശയങ്ങളും ആശങ്കകളും ദുരീകരിക്കാൻ ശ്രമിക്കുകയാണ് ഈ ലേഖനത്തിലൂടെ…

എന്താണ് ബ്ലാക്ക് ഫംഗസ്

ഇന്ന് എല്ലാവരും വളരെ ആകാംക്ഷയോടെ ശ്രദ്ധിക്കുന്ന ഒരു പദമാണ്/ രോഗാവസ്ഥയാണ് ബ്ലാക്ക് ഫംഗസ് എന്നത്. ശാസ്ത്രീയമായി ഇതിനെ മ്യൂക്കർ മൈക്കോസെസ് (Mucor Mycosis) എന്നാണ് വിളിക്കുന്നത്. നമുക്കു ചുറ്റുപാടുമുള്ള അന്തരീക്ഷത്തിലും മണ്ണിലും അഴുകുന്ന പദാർത്ഥങ്ങളിലും സാധാരണയായി കാണപ്പെടുന്ന മ്യൂക്കർ മൈസെറ്റ്സ് എന്ന ഫംഗസ് അല്ലെങ്കിൽ പൂപ്പൽ ആണ് ഇതിന് കാരണമാകുന്നത്.

ബ്ലാക്ക് ഫംഗസ് ഒരു പുതിയ രോഗമല്ല

കൊറോണ ചികിത്സ കഴിഞ്ഞ ചിലരിൽ ഇത് പ്രത്യക്ഷപ്പെട്ടതോടെയാണ് ഈ അസുഖം വാർത്തകളിൽ നിറയുന്നത്. എന്നാൽ ഇത് ഒരു പുതിയ അസുഖമല്ല. 1800-കളുടെ അവസാനത്തോടെയാണ് ഈ രോഗം ആദ്യമായി സ്ഥിരീകരിക്കപ്പെടുന്നത്. ഈ ഫംഗസ് ശരിക്കും ഒരു വെളുത്തതോ അല്ലെങ്കിൽ ബീജ് കളറിൽ ഉള്ളതോ ആണ്. എന്നാൽ അതിലുണ്ടാകുന്ന സ്പോറുകൾക്ക് ബ്രൗൺ നിറമാണ്. രോഗം ബാധിക്കുന്ന സ്ഥലങ്ങൾ കറുത്ത് കട്ടിപിടിച്ചു പൊറ്റൻ പോലെ കാണപ്പെടുന്നതിനാലാണ് ഇതിനെ ബ്ലാക്ക് ഫംഗസ് എന്നു വിളിക്കുന്നത്. ചെടികളുടെ വിത്ത് പോലെ തന്നെ പുതിയ ഫംഗസ് ഉണ്ടാകുവാൻ വളർച്ചയെത്തിയ ഫംഗസ് ഉണ്ടാക്കുന്ന ചെറിയ മൈക്രോ സ്കോപിക് ബയോളോജിക്കൽ പാർട്ടിക്കിൾസിനെ ആണ് ‘സ്‌പോർ’ എന്ന് വിളിക്കുന്നത്. ഇങ്ങനെയുള്ള സ്‌പോർ വഴിയാണ് ബ്ലാക്ക് ഫംഗസ് മനുഷ്യശരീരത്തിൽ പ്രവേശിക്കുന്നത്.

ഒരു സാധാരണ മനുഷ്യനിൽ ഈ ബ്ലാക്ക് ഫംഗസ് ബാധ ഉണ്ടാകുന്നില്ല. പക്ഷേ, രോഗപ്രതിരോധ ശേഷി കുറഞ്ഞവരിൽ വരാം. മ്യൂക്കർ മൈക്കോസിസ് എന്നു പറയുന്നത് ഒരു ‘ഓപ്പർച്യുണിസ്റ്റിക് ഇൻഫെക്ഷൻ’ ആണ്. അതായത്, നമ്മുടെ ശരീരത്തിന്റെ ഇമ്മ്യൂണിറ്റി കുറവ് വരുന്ന അവസരം നോക്കി രോഗബാധ ഉണ്ടാക്കുന്ന അവസ്ഥ.

ഏതൊക്കെ അവസരങ്ങളിലാണ് ഇത് സംഭവിക്കുക

1. അനിയന്ത്രിതമായ പ്രമേഹം ഉള്ളവർ പ്രത്യേകിച്ച്, Ketoacidosis ( ശരീരത്തിൽ കെറ്റോണുകൾ ഉയർന്ന അളവിൽ ഉൽ‌പാദിപ്പിക്കപ്പെടുന്ന അവസ്ഥ) എന്ന ഗുരുതരാവസ്ഥ ഉള്ളവരിൽ

2. കാൻസർ രോഗികൾ

3. അവയവം മാറ്റിവച്ചവരിൽ

4. ദീർഘകാലമായി സ്റ്റിറോയ്ഡ് എന്ന മരുന്ന് കഴിക്കുന്നവർ

5. മജ്ജ മാറ്റവയ്ക്കൽ നടത്തിവർ

6. മാസം തികയാതെ ജനിച്ച കുഞ്ഞുങ്ങൾ

7. HIV അണുബാധയുള്ളവർ

കൊറോണ ബാധയും ബ്ലാക്ക് ഫംഗസുമായി എന്താണ് ബന്ധം?

മിക്കവാറും കൊറോണ രോഗികൾക്ക് വളരെ ഉയർന്ന തോതിൽ സ്റ്റിറോയ്ഡ് മരുന്ന് ഉപയോഗിക്കുന്നതും കൊറോണ ബാധയോടൊപ്പം ശരീരത്തിന്റെ ഇമ്മ്യൂണിറ്റി കുറയുന്നതും ബ്ലാക് ഫംഗസ് ഉണ്ടാകുന്നതിനു കാരണമാകാം. നേരത്തെ പറഞ്ഞപോലെ നിയന്ത്രിക്കാൻ കഴിയാത്ത തോതിൽ പ്രമേഹം ഉള്ളവർ ക്കും മറ്റു രീതിയിൽ ‘ഇമ്മുണോ സപ്രസ്ഡ്’ ആയിട്ടുള്ളവർ, അതായത് പ്രതിരോധശേഷി കുറഞ്ഞവർക്കും ആണ് ഈ ഓപ്പർച്യുണിസ്റ്റിക് ഫംഗൽ ഇൻഫെക്ഷൻ ഉണ്ടാകുന്നത്.

എന്താണ് രോഗലക്ഷണങ്ങൾ?

രോഗബാധ ഉണ്ടായ അവയവം അനുസരിച്ചാണ് രോഗലക്ഷണങ്ങളുണ്ടാവുക.

1. Rhino Cerebral (മൂക്ക്, സൈനസ്, തലച്ചോർ): മൂക്കൊലിപ്പ്, മുഖത്ത് നീര് വരിക, സിനസൈറ്റീസ് പോലെ ഉള്ള വേദന, കണ്ണിനു വേദന, ചുവപ്പ് എന്നിവ അനുഭവപ്പെടുക, അണ്ണാക്കിൽ കറുത്ത നിറത്തിൽ പൊറ്റൻ പോലെ വരുക എന്നിവയാണ്.

2. Pulmonary Mucor Mycosis (ശ്വാസകോശാനുബന്ധ ബ്ലാക്ക് ഫംഗസ്): പനി, ചുമ, ശ്വാസംമുട്ടൽ, നെഞ്ചുവേദന

3. Cutaneos (തെലിയിലെ ബ്ലാക്ക് ഫംഗസ്): വേദന, നീര്, തൊലിയിൽ കുമിളകൾ ഉണ്ടാവുക, കറുത്ത പൊറ്റൻ ഉണ്ടാവുക.

4. Gastro intenstianal mucor mycosis: വയറുവേദന, വയറിളക്കം, ബ്ലീഡിംഗ് എന്നിവ.

5. Disseminated: ശരീരത്തിന്റെ പല ഭാഗത്തും ഫംഗസ് ബാധ ഒരേ സമയം ഉണ്ടാവുക.പലവിധ രോഗലക്ഷണങ്ങൾ ഇടകലർന്നു വരുന്നതിനാൽ സംശയം തോന്നിയാൽ സ്വയം രോഗനിർണ്ണയത്തിനു മുതിരാതെ ഒരു വിദഗ്ദനെ സമീപിക്കേണ്ടതാണ്.

രോഗനിർണ്ണയം

ക്ലിനിക്കൽ പരിശോധന വഴി ഏതാണ്ടു കൃത്യമായി രോഗനിർണ്ണയം നടത്താമെങ്കിലും ഫങ്കൽ സ്‌പോർ മൈക്രോസ്കോപ്പിലൂടെ സ്ഥിരീകരിക്കുന്നതുവഴിയാണ് അവസാന രോഗനിർണ്ണയം സാധ്യമാകുക.

ചികിത്സ

ആംഫോട്ടെറിസിൻ ബി, പോസകോണസോൾ തുടങ്ങിയ ശക്തിയേറിയ മരുന്നുകളും മറ്റു സപ്പോർട്ടീവ് ചികിത്സയും ശരീരത്തിന്റെ ഇമ്മ്യൂണിറ്റി കുറയാനിടയാക്കിയ കാരണം കണ്ടുപിടിച്ച് പരിഹരിക്കുകയുമാണ് പ്രധാന ചികിത്സ. ചില സന്ദർഭങ്ങളിൽ പൂപ്പൽ ബാധയേറ്റ ഭാഗം മുറിച്ചുമാറ്റുകയോ debride ചെയ്യുകയോ ആവശ്യമായി വന്നേക്കാം.

ഇതൊരു പകർച്ചവ്യാധി അല്ല

ബ്ലാക് ഫംഗസ് എന്ന് കേൾക്കുമ്പോഴേ കൊറോണ പോലെ പടർന്നു പിടിക്കുന്ന ഒന്നാണോ എന്ന ഭീതി ജനങ്ങളിൽ ഉണ്ടായിരുന്നു. എന്നാൽ ബ്ലാക്ക് ഫംഗസ് ഒരു പകർച്ചവ്യാധി അല്ല. ഒരാളിൽ നിന്നും മറ്റൊരാളിലേയ്ക്ക് അത് പകരില്ല. എന്നാൽ സർക്കാർ പ്രത്യേക ശ്രദ്ധ വേണ്ടുന്ന രോഗങ്ങളുടെ പട്ടികയിൽ ബ്ലാക്ക് ഫംഗസിനെയും ഉൾപ്പെടുത്തിയിട്ടുണ്ട്. ഇന്നത്തെ പ്രത്യേക സാഹചര്യത്തിൽ കൊറോണ ചികിത്സയ്ക്കായി സ്റ്റിറോയ്ഡ് ഉപയോഗിക്കുന്നവർ എൻ 95 മാസ്ക് ധരിക്കുകയും ശരീരത്തിൽ മുറിവുണ്ടാകാതെ നോക്കുകയും ഫുൾ സ്ലീവ് വസ്ത്രം ധരിക്കുകയും പൂപ്പൽ ബാധ ഉണ്ടാകുന്ന സ്ഥലങ്ങൾ ഒഴിവാക്കുകയും ചെയ്യുക വഴി ഈ രോഗത്തെ നിയന്ത്രിക്കാൻ സാധിക്കും.

വൈറ്റ് ഫംഗസ്

ബ്ലാക്ക് ഫംഗസ് പോലെ മറ്റൊരു പൂപ്പൽ ബാധയാണ് വൈറ്റ് ഫംഗസ്. കാൻഡിഡ ഫംഗൽ ഗ്രൂപ്പിൽപ്പെട്ട ഫംഗസാണ് ഈ രോഗബാധയ്ക്ക് കാരണമാകുന്നത്. ബ്ലാക് ഫംഗസിനെക്കാൾ മാരകമായ ഒരു രോഗാവസ്ഥയാണ് വൈറ്റ് ഫംഗസ്. ഈ രോഗാവസ്ഥ ഒരാളിൽ നിന്നും മറ്റൊരാളിലേക്ക് പകരുന്ന ഒന്നല്ല. ബ്ലാക് ഫംഗസിനെ പോലെ തന്നെ രോഗപ്രതിരോധ ശേഷി കുറയുന്ന അവസരത്തിൽ മനുഷ്യരിൽ ബാധിക്കുന്ന ഒരു അസുഖമാണ് വൈറ്റ് ഫംഗസ്. അതിനാൽ തന്നെ ഏതെങ്കിലും തരത്തിൽ രോഗപ്രതിരോധ ശേഷി കുറഞ്ഞിരിക്കുന്ന ആളുകളെയാണ് ഈ രോഗം ബാധിക്കുന്നത്. സാധാരണ കോവിഡ് രോഗികൾക്ക് വരുന്ന ചുമ, ശ്വാസംമുട്ടൽ, പനി തുടങ്ങിയ ലക്ഷണങ്ങൾ തന്നെയാണ് വൈറ്റ് ഫംഗസ് ബാധിതരിലും കാണുന്നത്. പ്രധാനമായും ശ്വാസകോശത്തെ ബാധിക്കുന്ന ഈ രോഗം ശ്വാസകോശത്തെ കൂടാതെ ചർമ്മം, വൃക്ക, തലച്ചോർ, നഖങ്ങൾ എന്നിവയെ ഒക്കെയും ബാധിക്കാം. ആന്റി ഫംഗൽ ചികിത്സയും മറ്റു സപ്പോർട്ടീവ് ചികിത്സയും ആണ് ഈ രോഗബാധയ്ക്കും നിലവിൽ ഉള്ളത്.

ആശങ്കകൾ അല്ല കരുതലാണ് ഇന്നത്തെ ലോകത്തിൽ ആവശ്യം. ആരോഗ്യപ്രവർത്തകരും സർക്കാർ അധികൃതരും നൽകുന്ന നിർദ്ദേശങ്ങൾ അനുസരിച്ച് കരുതലോടെ നമുക്കും നീങ്ങാം.

തയ്യാറാക്കിയത്: മരിയ ജോസ്

4 COMMENTS

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.