വിശുദ്ധ വാരത്തിലെ ചൊവ്വാഴ്ച എന്താണ് സംഭവിച്ചത്

ഓശാന ഞായറാഴ്ച തുടങ്ങി ഈശോയുടെ പീഡാനുഭവ-മരണ-ഉത്ഥാനങ്ങളിലൂടെയാണ് വിശുദ്ധവാരം കടന്നുപോകുന്നത്. ഈ സംഭവങ്ങളെക്കുറിച്ച് പ്രത്യേക സമയമോ ദിവസമോ വിശുദ്ധ ഗ്രന്ഥത്തിൽ അടയാളപ്പെടുത്തുന്നില്ലെങ്കിലും സാഹചര്യങ്ങൾ വച്ച് അവ കണ്ടെത്താൻ എളുപ്പമാണ്. ശിഷ്യന്മാരുമൊത്ത് പെസഹാ ഭക്ഷിക്കുന്നതിന് രണ്ടു ദിവസം മുമ്പ് ജറുസലേമിലെ ഈശോയുടെ പ്രവർത്തനങ്ങളെക്കുറിച്ചാണ് ബൈബിൾ പ്രതിപാദിക്കുന്നത്. മത്തായി 21:26-ൽ ഇക്കാര്യം വ്യക്തമാണ്.

ഈശോ ജറുസലേമിൽ നിന്ന് ബഥാനിയായിലേയ്ക്ക് യാത്ര ചെയ്യവേ ഉണങ്ങിയ ഒരു അത്തിവൃക്ഷം കണ്ടു. “വഴിയരികില്‍ ഒരു അത്തിവൃക്ഷം കണ്ട്‌ അവന്‍ അതിന്റെ അടുത്തെത്തി. എന്നാല്‍, അതില്‍ ഇലകളല്ലാതെ ഒന്നും കണ്ടില്ല. അവന്‍ അതിനോടു പറഞ്ഞു: ഇനിയൊരിക്കലും നിന്നില്‍ ഫലങ്ങളുണ്ടാകാതിരിക്കട്ടെ. ആ നിമിഷം തന്നെ ആ അത്തിവൃക്ഷം ഉണങ്ങിപ്പോയി. ഇതുകണ്ട്‌ ശിഷ്യന്മാര്‍ അത്ഭുതപ്പെട്ടു; ആ അത്തിവൃക്ഷം ഇത്രവേഗം ഉണങ്ങിപ്പോയതെങ്ങനെ എന്നു ചോദിച്ചു. യേശു പറഞ്ഞു: സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു: നിങ്ങള്‍ വിശ്വസിക്കുകയും സംശയിക്കാതിരിക്കുകയും ചെയ്‌താല്‍ അത്തിവൃക്ഷത്തോട് ഞാന്‍ ചെയ്‌തതു മാത്രമല്ല നിങ്ങള്‍ക്ക് ചെയ്യാന്‍ കഴിയുക; ഈ മലയോട്‌ ഇവിടെ നിന്നു മാറി കടലില്‍ ചെന്നുവീഴുക എന്നു നിങ്ങള്‍ പറഞ്ഞാല്‍ അതും സംഭവിക്കും.
വിശ്വാസത്തോടെ പ്രാര്‍ത്ഥിക്കുന്നതെല്ലാം നിങ്ങള്‍ക്ക് ലഭിക്കും” (മത്തായി 21:19-22).

ജറുസലേമിൽ പ്രവേശിച്ചയുടൻ അവിടുന്ന് ദേവാലയത്തിൽ പ്രവേശിച്ചു. അവിടെ പ്രധാന പുരോഹിതരും ജനപ്രമാണികളും എന്ത് അധികാരത്താലാണ് ഇതൊക്കെ പഠിപ്പിക്കുന്നതെന്ന് ഈശോയോട് ചോദ്യങ്ങൾ ചോദിച്ചെത്തി. “അവന്‍ ദേവാലയത്തിലെത്തി പഠിപ്പിച്ചുകൊണ്ടിരിക്കുമ്പോള്‍ പ്രധാന പുരോഹിതന്മാരും ജനപ്രമാണികളും അവനെ സമീപിച്ചു ചോദിച്ചു: എന്ത് അധികാരത്താലാണ്‌ നീ ഇതൊക്കെ ചെയ്യുന്നത്‌? നിനക്ക്‌ ഈ അധികാരം നല്‍കിയത്‌ ആരാണ്‌? യേശു പറഞ്ഞു: ഞാന്‍ നിങ്ങളോട്‌ ഒന്നു ചോദിക്കട്ടെ. നിങ്ങള്‍ എന്നോട്‌ ഉത്തരം പറഞ്ഞാല്‍ എന്ത് അധികാരത്താലാണ്‌ ഞാന്‍ ഇവയൊക്കെ ചെയ്യുന്നതെന്ന് നിങ്ങളോടു പറയാം.

യോഹന്നാന്റെ ജ്ഞാനസ്‌നാനം എവിടെ നിന്നായിരുന്നു? സ്വര്‍ഗത്തില്‍ നിന്നോ മനുഷ്യരില്‍ നിന്നോ? അവര്‍ പരസ്‌പരം ആലോചിച്ചു; സ്വര്‍ഗത്തില്‍ നിന്ന്‌ എന്ന് നാം പറഞ്ഞാല്‍, പിന്നെ എന്തുകൊണ്ട്‌ നിങ്ങള്‍ അവനെ വിശ്വസിച്ചില്ല എന്ന്‌ അവന്‍ ചോദിക്കും. മനുഷ്യരില്‍ നിന്ന്‌ എന്നുപറഞ്ഞാലോ! നാം ജനക്കൂട്ടത്തെ ഭയപ്പെടുന്നു. എന്തെന്നാല്‍, എല്ലാവരും യോഹന്നാനെ ഒരു പ്രവാചകനായി പരിഗണിക്കുന്നു. അതിനാല്‍, അവര്‍ യേശുവിനോടു മറുപടി പറഞ്ഞു: ഞങ്ങള്‍ക്കറിഞ്ഞു കൂടാ. അപ്പോള്‍ അവന്‍ പറഞ്ഞു: എന്ത് അധികാരത്താലാണ്‌ ഞാന്‍ ഇതു ചെയ്യുന്നതെന്ന്‌ നിങ്ങളോടു ഞാനും പറയുന്നില്ല” (മത്തായി 21:23-27).

പിന്നീട് യേശു ബഥാനിയായിലേക്ക് തിരിച്ചു. ഒലിവ് മലയുടെ സമീപത്തുവച്ച് അന്ത്യദിനങ്ങളെക്കുറിച്ച് ഈശോ പല ഉപമകളും പറഞ്ഞു. അതിലൂടെ സംഭവിക്കാൻ പോകുന്നവയെക്കുറിച്ച് ശിഷ്യന്മാർക്ക് മുന്നറിയിപ്പ് നൽകുകയും ചെയ്തു. “യേശു ഈ വചനങ്ങളെല്ലാം അവസാനിപ്പിച്ച ശേഷം ശിഷ്യന്‍മാരോടു പറഞ്ഞു: രണ്ടുദിവസം കഴിഞ്ഞ്‌ പെസഹായാണെന്നു നിങ്ങള്‍ക്കറിയാമല്ലോ. മനുഷ്യപുത്രന്‍ ക്രൂശിക്കപ്പെടാനായി ഏല്‍പ്പിക്കപ്പെടും” (മത്തായി 26:1-2).