ആധുനിക ലോകത്തിനു മാതൃകയാക്കാവുന്ന സൗഹൃദ വലയങ്ങളെക്കുറിച്ച് വാഴ്ത്തപ്പെട്ട കാർലോ അക്കൂത്തിസ് പറയുന്നത്

ഇന്നത്തെ ലോകത്തില്‍ മാതാപിതാക്കൾക്ക് ഏറ്റവും കൂടുതൽ ചോദ്യം ചെയ്യാൻ പ്രയാസം വരുന്നത് കുട്ടികളുടെ സൗഹൃദ വലയങ്ങളെ കുറിച്ചാണ്. സൗഹൃദങ്ങൾ തെറ്റിദ്ധരിപ്പിക്കപ്പെടാവുന്ന തെറ്റായ ദിശയിലേക്കു സഞ്ചരിക്കാൻ സാധ്യത കൊടുത്താൽ ഉള്ള ഒരു ലോകമാണ് ഇന്നത്തേത്. ഈ ഒരു കാലഘട്ടത്തിൽ തന്നെ വിശുദ്ധമായ ജീവിതംകൊണ്ട് കത്തോലിക്കാ സഭയുടെ വിശുദ്ധിയുടെ പടവുകൾ കയറിയ വാഴ്ത്തപ്പെട്ട കാർലോ അക്കൂത്തിസിനെ നമുക്ക് മാതൃക ആക്കാവുന്നതാണ്.

ആധുനിക ലോകത്തിന്റെ എല്ലാ പ്രത്യേകതകൾക്കിടയിലൂടെയും ജീവിച്ചു വിശുദ്ധിയുടെ പടവുകൾ കയറിയ യുവാവാണ് കാർലോ അക്കൂത്തിസ്. എങ്കിലും ആ യുവാവിന്റെ വിശുദ്ധമായ ജീവിതം ഇന്നത്തെ ലോകത്തെ അനേകം യുവജനങ്ങൾ മാതൃകയാക്കുകയാണ്. കൂട്ടുകാരുമായി കറങ്ങി നടക്കുകയും സാമൂഹ്യമാധ്യമങ്ങൾ ഉപയോഗിക്കുകയും മോഡേൺ വസ്ത്രങ്ങൾ ധരിക്കുകയും ചെയ്തുകൊണ്ട് ഒരു വിശുദ്ധൻ. ജോലിത്തിരക്കുകളുമായി ഓടുന്ന മാതാപിതാക്കളുടെ ഏകമകൻ. നഗരത്തിരക്കുകളിലേയ്ക്കു ഇഴകിച്ചേർന്ന ജീവിതം. ആരുമായി വേണമെങ്കിലും സൗഹൃദം പുലർത്താൻ സൗകര്യം. എങ്കിലും കാർലോ വിശുദ്ധിയുടെ പാതയിൽ ചരിച്ചു. അദ്ദേഹത്തിന് രാജേഷ് എന്ന വ്യക്തിയുമായി ആഴമായ സൗഹൃദമായിരുന്നു ഉണ്ടായിരുന്നത്. രാജേഷിനെ തങ്ങളുടെ മകനെ നോക്കുന്നതിനായി കാർലോയുടെ മാതാപിതാക്കൾ നിയമിച്ചിരുന്നു. ഹൈന്ദവനാണെങ്കിലും കാർലോയുടെ ജീവിതത്തിൽ ആകൃഷ്ടനായ രാജേഷ് പിന്നീട് ക്രിസ്തുമതം സ്വീകരിക്കുകയാണ് ഉണ്ടായത്.

വിശുദ്ധമായ ജീവിതത്തിനു എതിർ ലിംഗത്തിൽ പെട്ട വ്യക്തിയുമായി ഉള്ള സൗഹൃദം ഒരിക്കലും ഒരു തടസ്സമാവുകയില്ല എന്ന് കാർലോ തന്റെ ജീവിതം കൊണ്ട് തെളിയിച്ചു. പെൺകുട്ടികളും കാർലോയുടെ സൗഹൃദ വലയത്തിൽ ഉണ്ടായിരുന്നു. തന്റെ സുഹൃത്തുക്കളുമായി അത് ആണായാലും പെണ്ണായാലും ദീർഘനേരം ഫോൺ സംഭാഷണം നടത്തുന്ന പതിവും കാർലോയ്ക്കു ഉണ്ടായിരുന്നു. ദീർഘമായ ഫോൺവിളികൾ ആഴമായ നല്ല സൗഹൃദത്തിന്റെ മാതൃകയാക്കി മാറ്റുകയായിരുന്നു ഈ യുവ വിശുദ്ധൻ ചെയ്തത്.

വീട്ടിലെ ലാൻഡ് ഫോണിലേക്കു കാർലോയെ തേടി ധാരാളം ഫോൺ എത്തുമായിരുന്നു. കാർലോ ഇത് നിനക്കുള്ളതാണെന്നു പറയുവാൻ വേണ്ടി മാത്രം അമ്മ ഫോൺ എടുക്കുമായിരുന്നു. പെൺകുട്ടികൾക്ക് നേരെ പല തരത്തിലുള്ള ആക്രമണങ്ങൾ നടന്ന സമയമായിരുന്നു അത്. ഈ സമയം ഏറ്റവും ബഹുമാനത്തോടെ പെൺകുട്ടികളെ കാണുവാനും അവരെ ആദരിക്കേണ്ടതിന്റെ സന്ദേശം പൊതുവായി പങ്കുവയ്ക്കുവാനും ഈ യുവ വിശുദ്ധൻ ശ്രമിച്ചു പോന്നു. തന്റെ സുഹൃത്തുക്കളെ വഴക്കുപറയുകയോ ഉപദേശിക്കുകയോ ഒന്നും കാർലോ ചെയ്തില്ല .ഒരു കാര്യം മാത്രം അവൻ അവരെ ഓർമിപ്പിച്ചു. അത് ഇപ്രകാരമായിരുന്നു. “നിങ്ങളുടെ ശരീരം പരിശുദ്ധാത്മാവിന്റെ ആലയമാണ്.”

മരിയ ജോസ്

 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.