എന്തൊരു ധൈര്യം!

വധശിക്ഷയിലെത്തിച്ച ഒരു കപ്പു വെള്ളം! (മാതൃഭൂമി 1-11-2018, പേജ് 6) പാക്കിസ്ഥാനില്‍ വച്ചാണ് അത് സംഭവിച്ചത്, 2009-ല്‍. ആസിയാബീബി എന്ന അഞ്ച് മക്കളുള്ള ഒരു അമ്മ. വേറെ ജീവിതമാര്‍ഗ്ഗങ്ങളൊന്നുമില്ലാതിരുന്നതിനാല്‍ അവള്‍ എല്ലാ ദിവസവും മറ്റു സ്ത്രീകളോടൊപ്പം കൂലിപ്പണിക്കു പോയിരുന്നു. ഒരു ദിവസം ദാഹിച്ചപ്പോള്‍ അവള്‍ അവിടെക്കണ്ട ഒരു കപ്പെടുത്ത് ഇത്തിരി വെള്ളം കുടിച്ചു. നിര്‍ഭാഗ്യവശാല്‍ അത് ഒരു മുസ്ലീം വനിതയുടേതായിരുന്നു. തന്റെ പാത്രം ഒരു ക്രിസ്ത്യാനിപ്പെണ്ണ് എടുത്ത് ഉപയോഗിച്ചിരിക്കുന്നു! അതായിരുന്നു പ്രശ്‌നങ്ങളുടെ തുടക്കം.

കപ്പിന്റെ ഉടമയായ മുസ്ലീംവനിത ചൊടിച്ചു. അവള്‍ ആസിയായെയും അവളുടെ മതത്തെയും അതിലുപരി യേശുക്രിസ്തുവിനെയും പൂരം ചീത്ത പറഞ്ഞു. കേട്ടു മടുത്തപ്പോള്‍ ആസിയായും തിരിച്ചടിച്ചു: ”അതുപോലെ നബിയെക്കുറിച്ചും പറയാം.” അതുകേട്ട മാത്രയില്‍ അവിടെ കൂടിയിരുന്ന എല്ലാ സ്ത്രീകളും കൂടി ആക്രോശിച്ചു: ‘മതനിന്ദ, മതനിന്ദ.’ യേശുക്രിസ്തുവിനെക്കുറിച്ചോ മതത്തെക്കുറിച്ചോ ആര്‍ക്കും എന്തും പറയാം. പക്ഷേ, നബിയെക്കുറിച്ച് പറഞ്ഞാല്‍ അതിന് പൊറുതിയില്ല – മതനിന്ദയാണത്. കേസ് കോടതിയിലെത്തി. സെഷന്‍സും പിന്നീട് ലാഹോര്‍ ഹൈക്കോടതിയും പ്രതിക്ക് വധശിക്ഷ വിധിച്ചു. സുപ്രീം കോടതി പ്രസ്തുതവിധി റദ്ദാക്കിയെങ്കിലും പ്രശ്‌നം തീര്‍ന്നില്ല. പാക്കിസ്ഥാനിലെ ഭീകരസംഘടനയായ ടി.എല്‍.പി. ഒന്നടങ്കം സടകുടഞ്ഞെണീറ്റു; അക്രമം അഴിച്ചുവിട്ടു; കണ്ണില്‍ക്കണ്ടതെല്ലാം തല്ലിത്തകര്‍ത്തു: ”ആസിയയെ കൊല്ലണം – കൊന്നേ തീരൂ.” അഞ്ച് മക്കളുള്ള  ഒരു കൂലിപ്പണിക്കാരിയല്ലേ ആസിയ? അവള്‍ എന്തു തെറ്റാണ് ചെയ്തത്? യേശുവിനെ തള്ളിപ്പറയാതിരുന്നതാണോ അവളുടെ നേരേ അവര്‍ പാഞ്ഞടുക്കുവാന്‍ കാരണം?

നൂറ്റാണ്ടുകള്‍ക്കുമുമ്പ് നടന്ന ഒരു സ്റ്റീഫന്റെ കഥ ഓര്‍മ്മ വരുന്നു. അവന്‍, യേശു ദൈവമാണെന്ന് വിളിച്ചുപറഞ്ഞു! അതുകേട്ട മാത്രയില്‍ അവിടെ കൂടിയിരുന്നവര്‍ ഒന്നടങ്കം ചെവിപൊത്തി. അവര്‍ അവന്റെ നേരേ ആഞ്ഞടുത്തു. അവനെ പിടിച്ചുകെട്ടി കല്ലെറിഞ്ഞു കൊന്നു! വെറും 1.6 % മാത്രമുള്ള പാക്കിസ്ഥാന്‍ ക്രൈസ്തവര്‍ രാജ്യത്തിനെതിരായി, ഇസ്ലാമിനെതിരായി, ടി.എല്‍.പി. യ്‌ക്കെതിരായി എന്ത് പാതകമാണ് ചെയ്തത്? അതൊന്നും ടി.എല്‍.പി. യ്ക്ക് അറിയേണ്ട കാര്യങ്ങളല്ല. ഒരു മുസ്ലീം അല്ലാത്ത, ആകാന്‍ തയ്യാറല്ലാത്ത ആളിനെ പാക്കിസ്ഥാന് വേണ്ട – അതുപോലെ ആസിയായെയും! മുസ്ലീം അല്ലാത്തവര്‍ ഉണ്ടാകാന്‍ പാടില്ല.

റോമന്‍ സാമ്രാജ്യത്തിലെ ഏറ്റവും പ്രഗല്ഭനായ ചക്രവര്‍ത്തിയായിരുന്നു ഡയോക്ലീഷന്‍. അദ്ദേഹത്തിന്റെ ആപ്തവാക്യവും ടി.എല്‍.പി. യുടെ പോലെയായിരുന്നു: ”ക്രിസ്ത്യാനികള്‍ ഉണ്ടാകാന്‍ പാടില്ല!” തന്റെ പടയാളികള്‍ക്ക് ധരിക്കുവാന്‍ അദ്ദേഹം ഓരോ ബാഡ്ജ് നല്‍കി. അതില്‍ രേഖപ്പെടുത്തിയിരുന്നത് രണ്ടു ലത്തീന്‍ വാക്കുകളാണ്. ‘Christiani non sint – ക്രിസ്ത്യാനികള്‍ ഉണ്ടാകാന്‍ പാടില്ല.’ ആ ബാഡ്ജ് ധരിച്ചുകൊണ്ടാണ് പട്ടാളക്കാര്‍ ക്രിസ്ത്യാനികളെ വേട്ടയാടിയിരുന്നത്. അവരുടെ പിന്മുറക്കാരായിരിക്കുമോ ടി.എല്‍.പി.ക്കാര്‍?

ഇതിനകം പാക്കിസ്ഥാന്‍ മതനിന്ദാ നിയമമനുസരിച്ച് 65 പേരെ വകവരുത്തിയിട്ടുണ്ട് – മതപീഡനം തകൃതിയായി നടക്കുന്നു. അവിടെ മാത്രമല്ല, മുസ്ലീം ഭൂരിപക്ഷമുള്ള എല്ലാ ഏഷ്യന്‍ – ആഫ്രിക്കന്‍ രാജ്യങ്ങളിലും മതപീഡനം ആസൂത്രിതമായി മുന്നേറുന്നുണ്ട്. Open Door (USA) ന്റെ കണക്കനുസരിച്ച് ലോകക്രൈസ്തവരില്‍ 8 % പേര്‍ ക്രൂരമായ മതമര്‍ദ്ദനം സഹിക്കുന്നവരാണ് – പീഡനവും അവഗണനയും അനുഭവിക്കുന്നവര്‍ അതിലേറെയും. അഫ്ഗാനിസ്ഥാന്‍ തുടങ്ങിയ രാജ്യങ്ങളിലെ നിരോധിത വിഭാഗമാണ് ക്രൈസ്തവസഭകള്‍. സൊമാലിയ ഒരു പടികൂടെ മുമ്പിലാണ്. ക്രിസ്ത്യാനികളെ എവിടെവച്ചു കണ്ടാലും കൊന്നുകളയുന്നതിന് യാതൊരു തടസ്സവുമില്ല – ആരും ചോദിക്കുകയുമില്ല.

ഇങ്ങനെയൊക്കെയാണെങ്കിലും വിലക്കുകളൊക്കെ അതിജീവിച്ചുകൊണ്ട് ക്രൈസ്തവര്‍ പിടിച്ചുനില്‍ക്കുന്നതാണ് തീവ്രവാദികളെ ചൊടിപ്പിക്കുന്നത്. ‘യേശുവിനെ ഉപേക്ഷിക്കുന്നു’ എന്നുമാത്രം ഉച്ചരിച്ചിരുന്നെങ്കില്‍ ആസിയായ്ക്ക് പാക്കിസ്ഥാനിലുടനീളം സര്‍വ്വസ്വതന്ത്രയായി വിഹരിക്കാന്‍ പാടില്ലായിരുന്നോ? മുസ്ലീംകള്‍ക്കു ലഭിക്കുന്ന എല്ലാ ആനുകൂല്യങ്ങളും അനുഭവിക്കാമായിരുന്നില്ലേ? എന്നിട്ടും, അവള്‍ തന്റെ വിശ്വാസം ഒന്നുകൂടെ തറപ്പിച്ചു പ്രഖ്യാപിക്കുകയായിരുന്നു! എന്തൊരു ധൈര്യം?

ക്രൈസ്തവരുടെ ആ ഉറച്ച നിലപാടായിരുന്നു പണ്ട് നീറോ ചക്രവര്‍ത്തിക്കും കലികയറുവാന്‍ കാരണം. എണ്ണയില്‍ മുക്കിയ തുണി ചുറ്റി അവരെ തന്റെ തോട്ടത്തില്‍ പന്തങ്ങളാക്കി, നീറോ കത്തിച്ചുനിര്‍ത്തി. കത്തിയെരിഞ്ഞു നിന്നപ്പോഴും അവരുടെ നാവില്‍ നിന്നുയര്‍ന്നത് യേശുനാമമായിരുന്നു…! എന്തൊരു ധൈര്യം അവരുടെ വിശ്വാസദാര്‍ഢ്യത്തിന്റെയും വീരോചിത ധൈര്യത്തിന്റെയും ഒരിത്തിരി നമുക്കും പകര്‍ന്നുകിട്ടിയിരുന്നെങ്കില്‍!

ഫാ. ജോസഫ് നെച്ചിക്കാട്ട്