ദൈവ സഹായത്താല്‍ കൊറോണയെ മറികടക്കും: ഇസ്രായേൽ പ്രധാനമന്ത്രി

ഫറവോയെ അതിജീവിക്കുവാൻ സഹായിച്ച ദൈവത്തിന്റെ സഹായത്താൽ തങ്ങൾ കൊറോണ വ്യാപനത്തെ മറികടക്കുമെന്നും ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. ഇക്കഴിഞ്ഞ ബുധനാഴ്ച വൈകുന്നേരം വിളിച്ചു ചേർത്ത വാർത്ത സമ്മേളനത്തിലാണ്, ഇസ്രായേൽ പ്രധാനമന്ത്രി തന്റെ ദൈവ വിശ്വാസവും പ്രതീക്ഷയും പങ്കുവെച്ചത്.

നിയമാവര്‍ത്തന പുസ്തകം നാലാം അധ്യായത്തിലെ “അതിനാല്‍, നിങ്ങള്‍ പ്രത്യേകം ശ്രദ്ധിക്കുവിൻ” എന്ന വാക്യം ഉദ്ധരിച്ച അദ്ദേഹം ഈ ദിവസങ്ങളില്‍ എല്ലാവരും ഭവനങ്ങളിൽ തന്നെ കഴിയണമെന്ന് ആവശ്യപ്പെട്ടു. ഭവനങ്ങളില്‍ കഴിയുക എന്നതാണ് പ്രസ്തുത വാക്യത്തിന്റെ പ്രമേയമെന്ന് പ്രധാനമന്ത്രി വിശദീകരിച്ചു.

ചരിത്രത്തിൽ ഉണ്ടായ മറ്റ് പകർച്ചവ്യാധികളുടെ സമയത്ത് യഹൂദജനം അഭയാർത്ഥികളായാണ് പലരാജ്യങ്ങളിലും കഴിഞ്ഞിരുന്നത്. ഇന്ന് സ്വന്തമായി ഒരു രാജ്യമുണ്ട്. ഒത്തൊരുമ വേണ്ട സമയമാണിത്. ബുധനാഴ്ച വൈകുന്നേരം മുതൽ വസന്തകാലമായ നീസാൻ മാസം ആരംഭിക്കുകയാണ്. ഇതേ ദിവസം തന്നെയാണ് ഇസ്രായേൽജനം നിരവധി പ്രതിസന്ധികളെ അതിജീവിച്ച് ഈജിപ്തിൽ നിന്നും പലായനം ആരംഭിച്ചത്. അദ്ദേഹം വ്യക്തമാക്കി.