ഭീതിയുടെ ഈ നദിയും നമ്മൾ കടക്കും – കൊറോണ കാലത്തെ വൈദികൻ്റെ കുറിപ്പ്

ഫാ. ക്ലീറ്റസ് കാരക്കാടൻ

ഏതെങ്കിലുമൊരുദുരന്തം സംഭവിച്ചുകൊണ്ടിരിക്കുമ്പോൾ അതിനെക്കുറിച്ച്‌ എഴുതുന്നത്‌ അപകടകരമാണെന്നറിയാം. ആളുകൾ അനുഭവിക്കുന്ന ഭയവും ഉത്കണ്ഠയും മനസിലാക്കിഅത്‌‌ ശക്തിപ്പെടുത്തുന്ന വിധത്തിൽ സംസാരിക്കുവാൻ നമുക്കെല്ലാവർക്കും വളരെ എളുപ്പമാണ്‌. കോവിഡ്‌ 19 വൈറസിന്റെ അപ്രതീക്ഷിതമായ ആക്രമണം, ജീവിതത്തിൽ നിനച്ചിരിക്കാത്ത നേരത്ത്‌ പൊടുന്നനെ നമ്മളെക്കൊണ്ടു ചെന്നെത്തിക്കുന്ന പ്രതിസന്ധികളേയും ഉത്കണ്ഠകളേയും നമ്മൾ എങ്ങനെ നേരിടുന്നുവെന്ന് ചിന്തിക്കുവാനുള്ള ഒരവസരം തരുന്നുണ്ട്‌. വളരെ പ്രത്യേകിച്ച്‌, അതിഭയാനകമായ ഒരുദുരന്തം നമ്മെ പിടികൂടുവാൻ വരുന്നുവെന്ന് ചുറ്റുപാടുമുള്ള സംഭവങ്ങളിൽനിന്ന് നമ്മൾ അറിയുമ്പോഴുണ്ടാകുന്ന ഭീകരമായ മാനസീക സമ്മർദ്ദത്തേയും ഉത്കണ്ഠയേയും നമ്മൾ എങ്ങനെ സമചിത്തതയോടെ നേരിടുന്നുവെന്ന് ചിന്തിക്കുവാനുള്ള ഒരവസരം.

വിശുദ്ധഗ്രന്ഥത്തിന്റെ ഏടുകളിലൂടെ കടന്നുപോകുമ്പോൾ, വിശുദ്ധ ഗ്രന്ഥം മനുഷ്യന്‌ അഭിമുഖീകരിക്കേണ്ടിവരുന്ന ഇതുപോലുള്ള ഒഴിച്ചുകൂടാനാവാത്ത ദുരിതങ്ങളെ അറിയുകയും അതിനെക്കുറിച്ച്‌ ആവർത്തിച്ച്‌ പറയുകയും ചെയ്യുന്നുണ്ട്‌. ലോകം മുഴുവനും ഈ പകർച്ചവ്യാധിയുടെ പിടിയിലേക്ക്‌ വീണുകൊണ്ടിരിക്കുന്ന ഈ അവസരത്തിൽ മനുഷ്യകുലം മുഴുവനും മുൻപ്‌ ഒരിക്കലും അനുഭവിച്ചിട്ടില്ലാത്ത ഭീതിയുടെയും നിരാശയുടേയും കയത്തിലകപ്പെടുന്ന ഈ ഘട്ടത്തിൽ, ബൈബിൾ എങ്ങനെയാണ്‌ അതിനെ കാണുന്നതെന്നും സമൂഹത്തിന്റെ ഓർമ്മകളെ ഒന്നു പൊടിതട്ടിയെടുത്ത്‌ അതിലേക്ക്‌ ശ്രദ്ധിപ്പിക്കുകയും ചെയ്യേണ്ടത്‌ ആവശ്യമാണെന്നു തോന്നുന്നു. മരണകരമായേക്കാവുന്ന ഒരു ഭീഷണി നമ്മുടെ വീട്ടുപടിക്കൽ കാത്തുനിൽക്കുമ്പോൾ നമുക്കെങ്ങനെ സമാധാനത്തോടെ വ്യാപരിക്കാനാവും?
നമുക്ക്‌ വളരെ സുപരിചിതമായ പഴയനിയമ ഗ്രന്ഥത്തിലെ ഒരു സംഭവം ഒന്നുമനസിലാക്കി ഈ പ്രതിസന്ധി ഘട്ടത്തിൽ നമ്മുടെ മനസ്സുകളെ ശക്തിപ്പെടുത്തി പ്രതീക്ഷയുള്ളവരാക്കി ശരിയായ ദിശയിലേക്ക്‌ നയിക്കാൻ സഹായിക്കുവാനാണ്‌ ഈ കുറിപ്പ്‌.

ഇസ്രായേൽജനം ഈജിപ്തിലെ അടിമത്വത്തിൽ നിന്നു പോന്നപ്പോൾ നീണ്ടദിനരാത്രങ്ങൾ മരുഭൂമിയിൽ അലഞ്ഞുനടന്നതിനുശേഷം ഒടുവിൽ വാഗ്ദാനദേശത്തിന്റെ വാതിൽക്കലെത്തിയപ്പോൾ ഏറ്റവും വലിയ ഒരു തടസം അവർ നേരിട്ടു- ജോർദ്ദാൻ നദി. ആ പ്രതിസന്ധി അവർ എങ്ങനെ നേരിട്ടുവെന്ന് നമ്മൾ വായിച്ചിട്ടുണ്ട്‌. അവരുടെ പുരോഹിതന്മാർ വാഗ്ദാനപേടകവുമായി ജോർദ്ദാൻ നദിയിലേക്കിറങ്ങി. അവരുടെ കാലുകൾ നനഞ്ഞസ്ഥലങ്ങളിൽ നിന്നെല്ലാം ജലം മാറിക്കൊടുത്തു. അങ്ങനെ ഇസ്രായേൽക്കാർ കാൽനനയാതെ വാഗ്ദാനദേശത്തേക്ക്‌ പ്രവേശിച്ചു. തങ്ങളുടെ പൂർവ്വികർ തലമുറകൾക്കു മുൻപ്‌ ചെങ്കടലിൽ അനുഭവിച്ച ദൈവത്തിന്റെ രക്ഷയുടെ കരം ദൈവം വീണ്ടും ആവർത്തിച്ചു.

ജോഷ്വായുടെ പുസ്തകം മൂന്നാം അദ്ധ്യായത്തിലെ ആദ്യത്തെ രണ്ടുവാചകങ്ങൾ ഒരുപക്ഷെ നമ്മൾ ശ്രദ്ധിക്കാതെ പോകാൻ സാധ്യതയുണ്ട്‌. “മറുകര കടക്കാന്‍ സൗകര്യം പാര്‍ത്ത്‌ അവർ അവിടെ കൂടാരമടിച്ചു. മൂന്നു ദിവസം കഴിഞ്ഞ്‌ പ്രമാണികള്‍ പാളയത്തിലൂടെ നടന്ന്‌ ജനത്തോടു കല്പിച്ചു: ലേവ്യ പുരോഹിതന്മാര്‍ നിങ്ങളുടെ ദൈവമായ കര്‍ത്താവിന്റെ വാഗ്‌ദാനപേടകം സംവഹിക്കുന്നതു കാണുമ്പോൾ നിങ്ങള്‍ അവരെ അനുഗമിക്കുവിന്‍.”( ജോഷ്വ:3/3). അടുത്തനിമിഷം എന്താണ്‌ തങ്ങൾക്ക്‌ സംഭവിക്കുവാൻ പോകുന്നതെന്നറിയാതെ, എങ്ങനെനദി മുറിച്ചുകടക്കുമെന്നറിയാതെ നിറഞ്ഞുകവിഞ്ഞൊഴുകുന്ന ഒരു നദിയുടെ തീരത്ത്‌ കാത്തിരിക്കേണ്ടി വരുന്ന അവസ്ഥയൊന്ന് ചിന്തിക്കുക.

കൂടാരത്തിനുപുറത്ത്‌ ഒന്നുമറിയാതെ കളിച്ചുകൊണ്ടിരിക്കുന്ന കുഞ്ഞുങ്ങളെ കാണുമ്പോൾ അടുത്ത നിമിഷം അവർ ഈ ഭൂമുഖത്ത്‌ ജീവനോടെയുണ്ടാകുമോയെന്ന് ചിന്തിക്കുമ്പോൾ അവർക്കുണ്ടാകുന്ന വർണ്ണനാതീതമായ ആകുലതയെ ആർക്ക്‌ വിവരിക്കാനാവും? ആടുകളും കഴുതകളും തുകൽ ഉൽപ്പന്നങ്ങളും തുടങ്ങി ജീവിതത്തിൽ അവർ സമ്പാദിച്ചതെല്ലാം കൂടെ കൊണ്ടുവന്നത്‌ നദിയിൽ ഒഴുകിനഷ്ടപ്പെട്ടുപോകുന്നതു കാണേണ്ടിവരുന്ന ആകുലത അലട്ടുന്ന ഹൃദയഭേദകമായ നിമിഷങ്ങൾ. നിറഞ്ഞുകവിഞ്ഞ്‌ ഒഴുകുന്ന ഒരു നദിമാത്രം കണ്മുന്നിൽ കണ്ട്‌ ഇരിക്കുമ്പോൾ എങ്ങനെയാണ്‌ തങ്ങളോടൊപ്പം ഉണ്ടാകുമെന്ന് വാഗ്ദാനം ചെയ്ത ദൈവത്തെ അനുഭവിക്കാനാവുക?

സമാനമായ ഒരു അനുഭവത്തിലൂടെയാണ്‌ നമ്മൾ ഓരോരുത്തരും ലോകം മുഴുവനും കടന്നുപോയിക്കൊണ്ടിരിക്കുന്നത്‌. അതിഭീകരമായ ഒരു വെല്ലുവിളി മനുഷ്യജീവിതത്തിന്റെ എല്ലാം മേഖലകളിയും ഉയർത്തിക്കൊണ്ട്‌ കോവിഡ്‌ 19 വൈറസ്‌, ഭൂഖണ്ഡങ്ങൾ സൃഷ്ടിച്ച പ്രതിരോധങ്ങളെ ഭേദിച്ച്‌ നമ്മുടെ തീരത്തും എത്തിയിരിക്കുന്നു. ഇത്‌ എത്രമാത്രം അപകടകാരിയാണെന്നുപോലും വൈദ്യശാസ്ത്രത്തിനു മനസ്സിലാക്കാൻ കഴിയും മുൻപെ ഭൂമുഖത്തിന്റെ അവസ്ഥതന്നെ മാറ്റിമറിച്ചുകൊണ്ട്‌ പടർന്നു പിടിക്കുന്നു. ഭയപ്പെടേണ്ട ഞാൻ നിന്നോടുകൂടെയുണ്ടെന്നു പറഞ്ഞ ദൈവത്തിൽ വിശ്വസിച്ചും ആശ്രയിച്ചും സഹോദരരെ ശുശ്രൂഷിച്ചും നാം മുന്നോട്ടുപോകാൻ ശ്രമിക്കുമ്പോഴും നമ്മൾ കണ്മുന്നിൽ കാണുന്നത്‌ ഒരുപക്ഷെ ഈ വൈറസിനെ വഹിച്ചുകൊണ്ടും വ്യാപിപ്പിച്ചുകൊണ്ടും നടക്കുന്ന നമ്മുടെ തന്നെ സഹോദരനെയാവാം. ശ്വസിക്കുന്ന വായുവിനേയും സഹായിക്കുന്ന കരങ്ങളേയും വിശ്വസിക്കാൻ കഴിയാത്ത അനുഭവങ്ങൾ.

ഇസ്രായേൽജനം അന്ന് അനുഭവിച്ചതും നമ്മൾ ഇന്ന് അനുഭവിക്കുന്നതുമായ ഈ സമാന ദുരിതങ്ങൾ ദൈവത്തിന്റെ നിഗൂഢമായ വഴികളെക്കുറിച്ച്‌ ഒരുനിമിഷം ചിന്തിക്കുവാൻ നമ്മെ പ്രേരിപ്പിക്കുന്നു. ദൈവത്തിനു വേണമെങ്കിൽ ഇസ്രായേൽ ജനത്തെ കാറ്റിന്റെ ചിറകിലേറ്റി ജോർദ്ദാന്റെ മറുകരയിൽ എത്തിക്കാമായിരുന്നു. ദൈവത്തിനു വേണമെങ്കിൽ ഒരാൾക്കുപോലും അപകടം സംഭവിക്കാതെ നദിയിലൂടെ അവർ നീന്തി മറുകരെയെത്തുന്നത്‌ നോക്കിനിൽക്കാമായിരുന്നു. ദൈവത്തിനുവേണമെങ്കിൽ പൂക്കളും പുല്ലുകളും നിറഞ്ഞ വഴിയൊരുക്കി അവരെയും കുട്ടികളേയും ആടുമാടുകളേയും സുരക്ഷിതരായി വാഗ്ദാനദേശത്തെത്തിക്കാമായിരുന്നു. അതും നദി പകുത്തതുപോലെ വലിയൊരു അത്ഭുതമകുമായിരുന്നു. എന്നാൽ ഇതൊന്നും പ്രാരംഭത്തിലെ ചെയ്യാതെ ദൈവം തന്റെ ജനത്തെ കാത്തിരിക്കുവാൻ അനുവദിച്ചു. നിറഞ്ഞുകവിഞ്ഞൊഴുകുന്ന നദിയും നോക്കിയിരിക്കുവാൻ അവരെ അനുവദിച്ചു. അങ്ങനെ ഇത്രയുംനാൾ കാത്തുപരിപാലിച്ച തന്നിൽ വിശ്വാസമർപ്പിക്കുവാൻ ദൈവം അവർക്ക്‌ അവസരം കൊടുത്തു.

നമ്മുടെ ശത്രുക്കൾക്കുമുന്നിൽ അചഞ്ചലരായി വിശ്വാസപൂർവ്വം കാത്തിരിക്കുവാൻ ആവശ്യപ്പെടുന്ന ഒരു ദൈവത്തെയാണ്‌ നാം പലപ്പോഴും കാണുന്നത്‌. നമ്മൾ ചിന്തിക്കാത്ത രീതിയിൽ അത്ഭുതകരമായി ദൈവം നമ്മുടെ സഹായത്തിന്‌ അണയാറുണ്ട്. നാം ജീവിച്ചിരിക്കുന്നിടത്തോളം കാലം അവിടുത്തെ പരിപാലനയിലുള്ള നമ്മുടെ ആശ്രയബോധത്തെക്കുറിച്ച്‌ നമ്മെ ഓർമ്മിപ്പിച്ചുകൊണ്ടിരിക്കുവാൻ നമുക്ക്‌ ലഭിക്കുന്ന അവസരങ്ങളായി ഈ ദുരിതങ്ങളെ നമുക്ക്‌ മനസ്സിലാക്കാം. ചില കാത്തിരിപ്പുകൾ ജോർദ്ദാൻ നദിക്കരയിൽ കാത്തിരിക്കുന്നതിനേക്കാൾ ഭീതിജനകമാണ്‌. ഉദാഹരണത്തിന്‌, സിംഹത്തിന്റെ കൂട്ടിൽ ജീവനുവേണ്ടി കാത്തിരിക്കുന്നത്‌. തങ്ങളുടെ ഗുരു ഗദ്സെമിനിയിൽ ചോരവിയർത്തു പ്രാർത്ഥിക്കുമ്പോൾ വാളും വടികളുമായി വരുന്നവർ തങ്ങളേയും അറസ്റ്റുചെയ്യുമോ എന്നു ഭയന്നു കാത്തിരിക്കുന്നത്‌.

തന്നിൽ വിശ്വാസമർപ്പിക്കുവാനുള്ള കാത്തിരിപ്പിന്റെ ഓർമ്മകളുമായി ദൈവം നമ്മെ കൊണ്ടുചെന്നെത്തിക്കുന്ന ചില അനുഭവങ്ങൾ വളരെ ഭയാനകമാണെന്ന് ദൈവത്തിനറിയാം. എന്നാൽ ഇതുപോലുള്ള അനുഭവങ്ങളിലൂടെയാണ്‌ ദൈവം തന്നിൽ വിശ്വാസമർപ്പിക്കുവാൻ നമ്മെ പഠിപ്പിക്കുന്നത്‌. തലമുറകളായി ദൈവം നമ്മുടെ സഹായത്തിനെത്തുന്ന ദൈവമാണ്‌, അത്‌ എത്ര ഭയാനകമായ സാഹചര്യത്തിലൂടെയും മരണത്തിന്റെ നിഴൽ വീണ താഴ്‌വരകളിലൂടെ കടന്നുപോയാലും ദൈവം നമ്മുടെ സഹായത്തിനെത്തും.

ലോകദുരന്തമെന്ന് കുപ്രസിദ്ധിയാർജ്ജിച്ച കോവിഡ്‌ 19 എന്ന അതിഭീകര വ്യാധിയുടെ മുന്നിൽ, എല്ലാം ഭംഗിയായി പര്യവസാനിക്കില്ലെന്ന് തിരിച്ചറിഞ്ഞുകൊണ്ട്‌ നമ്മളെങ്ങനെ ഈ ദുരന്തമുഖത്ത്‌ കാത്തിരിക്കും? നമുക്കറിയില്ല, കോവിഡ്‌ 19 നമ്മളെ എങ്ങനെ ബാധിക്കുമെന്ന്? നമ്മുടെ സാമ്പത്തിക രംഗത്തുണ്ടാക്കുന്ന ചെറിയ മാന്ദ്യത മാത്രമായിരിക്കുമോ, നമ്മെ എല്ലാവരേയും ഏകാന്തതയുടെ തടവറയിലിടുമോ, നമ്മുടെ പ്രീയപ്പെട്ടവരുടേയോ നമ്മുടെതന്നേയോ ജീവൻ അപഹരിച്ച്‌ കടന്നുപോകുമോ എന്നൊന്നും നമുക്ക്‌ പ്രവചിക്കാനാവില്ല.
അശാന്തിയുടെ ഈ തീരത്ത്‌ ഉത്കണ്ഠ കാത്തിരിക്കുന്നത് വരാൻ പോകുന്ന അപകടത്തെ ഗൗരവമായി നമ്മൾ കാണുന്നതുകൊണ്ടാണ്‌. എന്നാൽ ദൈവം നമ്മുടെ ജീവിതത്തേയും സഹനങ്ങളേയും നമ്മൾ കാണുന്നതിനേക്കാൾക്കൂടുതൽ ഗൗരവമായി കാണുന്നു. അവിടുന്ന് നമ്മളെ നശിപ്പിക്കുവാൻ ദുരിതങ്ങൾ അയക്കില്ല.” അവിടുന്ന് ഒരിക്കലും മനപൂർവ്വം മനുഷ്യമക്കളെ പീഢിപ്പിക്കുകയോ ദു: ഖിപ്പിക്കുകയോ ചെയ്യുന്നില്ല.”(വിലാപങ്ങൾ 3/33).

ഒരു ചിന്തകൂടിപങ്കുവെച്ച്‌ ഞാൻ ഈ കുറിപ്പ്‌ അവസാനിപ്പിക്കാം.
അനാവശ്യമായ ഉത്കണ്ഠകളാൽ മനസിനെ ഭാരപ്പെടുത്താതെ എല്ലാ ആകുലതകളും ഭാരങ്ങളും വിശ്വാസത്തോടെ ദൈവത്തെ ഏൽപ്പിക്കുക. സ്കൂളുകൾ അടച്ചതിനെക്കുറിച്ചോ, തീരുമാനിച്ച്‌ ഒരുങ്ങിയ ഒരു യാത്രമുടങ്ങിയതിനെക്കുറിച്ചോ, സാമ്പത്തീകരംഗത്ത്‌ തകർച്ച വന്നതിനേക്കുറിച്ചോ രോഗാണുക്കളുള്ള പ്രതലങ്ങളിൽ സ്പർശിക്കുന്നതിനെക്കുറിച്ചോ അമിതമായി വിഷമിക്കാതിരിക്കുക. ഭയം വേട്ടയാടുമ്പോൾ മനസുകൾ ദൈവത്തിങ്കലേക്ക്‌ ഉയർത്തുക. ഓരോ തവണ കൈകൾ ഹാന്റ്സാനിറ്റൈസർ ഉപയോഗിച്ച്‌ വൃത്തിയാക്കുമ്പോഴും നമ്മുടേയും നമ്മുടെപരിചരണത്തിന്‌ ഭരമേൽപ്പിക്കപ്പെട്ടവരേയും ദൈവകരങ്ങളിൽ സമർപ്പിക്കാം.

നമ്മുടെ നിയന്ത്രണത്തിലല്ലാത്ത ഈ അണുബാധയുടെ ഭീതിദമായ പ്രളയനദി മുറിച്ചു കടക്കുന്നതിനേക്കുറിച്ച്‌ ആകുലരാകാതിരിക്കാം. കൈകൾ കഴുകി ശുചിത്വം ഉറപ്പാക്കാം. അണുബാധ പ്രസരിക്കുന്ന ഇടങ്ങളിൽ നിന്നകത്ത്‌ നമ്മുടെ വീടിന്റെ സസ്ഥതയിലിരിക്കാം. അപ്പോഴെല്ലാം നമ്മുടെ യാഥാർത്ഥ സുരക്ഷ എവിടെയാണെന്നതിനേക്കുറിച്ച്‌ കൂടുതൽ അവബോധമുള്ളവരാകാം. നാളെ എന്തുസംഭവിക്കുമെന്ന് നമുക്കറിയില്ല, എന്നാൽ നമുക്ക്‌ അറിയാവുന്ന ഒന്നുണ്ട്.
നദിപിളർന്ന് സുരക്ഷിതത്വം ഒരുക്കിയവനെക്കുറിച്ച്‌. കാറ്റിനെ ശാസിച്ച്‌ കടലിനെ നിയന്ത്രിച്ച്‌ കരുതൽ കാട്ടിയവനെക്കുറിച്ച്‌. നമ്മെ ആകുലതയിലാഴ്ത്തുന്ന വിഷമത്തിലാക്കുന്ന സകല ദുരിതങ്ങളുടെ പ്രളയങ്ങളെയും തന്റെ ചോരപുരണ്ട കുരിശിനാൽ അവൻ തടഞ്ഞുനിർത്തും.

ഫാ. ക്ലീറ്റസ് കാരക്കാടന്‍