സന്ന്യാസമെന്ന നന്മമരം നമുക്ക് വേണം

എഞ്ചിനീറിംഗ് പഠനകാലത്ത് കയ്യിലിരിപ്പിന് സമ്മാനം കിട്ടി. ഒരാഴ്ചത്തെ സോഷ്യല്‍ സര്‍വീസ്. ഇതല്ല, ഇതിനപ്പുറം ചാടിക്കടന്നവനാണീ കെ. കെ. ജോസഫ് എന്ന് മനസ്സില്‍ പറഞ്ഞ് ചെന്ന് കയറിയത് ബാഗ്ലൂര്‍ നഗരപ്രാന്തത്തിലുള്ള സ്നേഹദാന്‍ എന്ന HIV/AIDS റിഹാബിലിറ്റെഷന്‍ സെന്ററില്‍. ഐശ്വര്യമായി ഞായറാഴ്ച രാവിലെ തന്നെ പണി തുടങ്ങി. ഞങ്ങള്‍ പത്തോളം പേര്‍. ഓരോ റൂമിലും രണ്ടു പേര്‍ വീതം. വോളന്റിയര്‍ ഒരു അടിച്ചുവാരി (Dust-pan) തന്നിട്ട് പറഞ്ഞു. “ആ മുറിയിലേക്ക് കയറിക്കോളൂ അവിടെ ഒരു ചെറുപ്പക്കാരനുണ്ട്. അദ്ദേഹം HIV Affected അല്ല. ആക്സിഡന്റ് ആയി തളര്‍ന്നു പോയതാണ്. ഒന്ന് ക്ലീന്‍ ചെയ്യാന്‍ സഹായിക്കണം.” ഇത്രെയുള്ളല്ലേ സോഷ്യല്‍ സര്‍വീസ്, ഈ B. Tech എടുത്തു പരീക്ഷയും തോറ്റ് മാനവും പോയി ഇരിക്കുന്ന നേരത്ത് വല്ല MSW ഉം പഠിചിരുന്നേല്‍ സാമാന്യം നല്ല ജോലിയെങ്കിലും കിട്ടിയേനെ എന്ന് മനസ്സിലോര്‍ത്ത് മുറിയിലേക്ക് നടന്നു.

സ്ട്രെച്ചറില്‍ ഒരു ചെറുപ്പക്കാരന്‍. ഒന്നേ നോക്കിയുള്ളൂ. ഞങ്ങളെക്കാള്‍ രണ്ടോ മൂന്നോ വയസ്സ് കൂടുതല്‍ കാണും. പരിപൂര്‍ണ്ണ നഗ്നനായി സ്ട്രെച്ചറില്‍ കിടക്കുന്നു. ഒരു പുരുഷന്‍ മറ്റൊരു പുരുഷന്റെ നഗ്നത കാണുന്നതിനേക്കാള്‍ വലിയ Humiliating Experience വേറെയില്ല. അയാളെ നോക്കാതെ മുറി ക്ലീന്‍ ചെയ്ത് പോകാമെന്ന് ഞങ്ങള്‍ തീരുമാനിച്ചു. പക്ഷെ ആ ചെറുപ്പക്കാരന്‍ ഞങ്ങളെ വിളിച്ചു. ഞങ്ങള്‍ക്കൊരു കാര്യം മനസ്സിലായി, ക്ലീന്‍ ചെയ്യുക എന്ന് പറഞ്ഞാല്‍ അദ്ദേഹത്തിന്റെ പ്രാഥമിക കാര്യങ്ങള്‍ നിര്‍വ്വഹിക്കാന്‍ അയാളെ സഹായിക്കുക എന്നാണര്‍ത്ഥം. അതും ഈ Dust-pan ഉപയോഗിച്ച്. അയാള്‍ പറഞ്ഞു തീര്‍ന്നതും ഞാന്‍ തിരിഞ്ഞ് നോക്കിയപ്പോള്‍ കൂട്ടുകാരനെ കാണാനില്ല. അവന്‍ വരാന്തയില്‍ എത്തി. ഞാനും ഇറങ്ങിപ്പോന്നു.

ഇതൊന്നു നടക്കുന്ന കാര്യമല്ല, എങ്ങനേലും ഈ ഏടാകൂടത്തില്‍ നിന്ന് ഊരണമെന്നു ഞങ്ങള്‍ തീരുമാനിച്ചു. ഞങ്ങള്‍ ഇതിനെപ്പറ്റി ആലോചിച്ചു കൊണ്ടിരുന്നപ്പോള്‍ മറ്റൊരു ചെറുപ്പക്കാരന്‍ ഞങ്ങളുടെ അടുത്തേക്ക് വന്നു. അയാള്‍ പറഞ്ഞു. “ഞാന്‍ ക്ലീന്‍ ചെയ്യാം നിങ്ങള്‍ ഒന്ന് സഹായിച്ചാല്‍ മതി.” ഇവനാരെടാ എന്ന് ഉള്ളില്‍ ചോദിച്ചെങ്കിലും പൊല്ലാപ്പോഴിഞ്ഞു കിട്ടാന്‍ മുറിയിലേക്ക് കയറി. ഞങ്ങള്‍ സ്ട്രെച്ചര്‍ ഒരു വിധത്തില്‍ ടോയ്‌ലറ്റില്‍ കയറ്റി. ചോദിച്ചു വന്നപ്പോള്‍ ചെറുപ്പക്കാരന്‍ ബാഗ്ലൂര്‍ ധര്‍മ്മാരാം കോളേജില്‍ പഠിക്കുന്ന സെമിനാരി വിദ്യാര്‍ത്ഥി ആണത്രേ. അദ്ദേഹം എല്ലാ ഞായറാഴ്ചയും ഇവിടെ വരും. അതാണ്‌ അദ്ദേഹത്തിന്റെ ജോലി. ബ്രദര്‍ ഒരു ഭാവഭേദവും കൂടാതെ Dust-pan കൊണ്ട് തളര്‍ന്നു കിടക്കുന്ന ചെറുപ്പക്കാരനെ പ്രാഥമിക കാര്യങ്ങള്‍ ചെയ്യാന്‍ സഹായിച്ചു. എന്നിട്ട് കുളിപ്പിച്ച് ഷേവ് ചെയ്തു വസ്ത്രങ്ങള്‍ ധരിപ്പിച്ച് വീല്‍ചെയറില്‍ ഇരുത്തി. ഇതിനിടയില്‍ എന്തൊക്കെയോ വിശേഷങ്ങള്‍ ചോദിക്കുകയോ തമാശ പറയുകയോ ചെയ്യുന്നുണ്ടായിരുന്നു. ഞങ്ങള്‍ രണ്ടു പേരും ആ മുറിയില്‍ ചുറ്റിപ്പറ്റി നിന്നു. മുറിയും അടിച്ച് വൃത്തിയാക്കി ബ്രദര്‍ മടങ്ങി. ഒരു ദിവസം തള്ളി നീക്കിയ സമാധാനത്തില്‍ ഞങ്ങളും. അന്നെനിക്ക് ഒരു കാര്യം മനസ്സിലായി, ലോകത്തിലേക്കും വച്ച് ഏറ്റവും വലിയ അനുഗ്രഹം പരസഹായം കൂടാതെ പ്രാഥമിക ആവശ്യങ്ങള്‍ നിറവേറ്റാന്‍ സാധിക്കുക എന്നുള്ളതാണ്.

രണ്ടാമത്തെ ദിവസം ഞങ്ങളെ അയച്ചത് മറ്റൊരു റൂമിലേക്കാണ്. ഒരു വൃദ്ധനാണ്, HIV affected ആണ്. നടക്കാനോക്കെ പറ്റും, മുറി ക്ലീന്‍ ചെയ്ത് കുളിക്കാന്‍ സഹായിച്ചാല്‍ മതി എന്ന് വോളന്റിയര്‍ ഞങ്ങളോട് പറഞ്ഞു. തലേന്ന് കണ്ട ബ്രദറിനെ മാതൃകയാക്കി ഞങ്ങള്‍ ആ മുറിയിലേക്ക് ചെന്നു. ചെന്നതെ ഞങ്ങള്‍ ഞെട്ടി. മലമൂത്ര വിസ്സര്‍ജ്ജനങ്ങള്‍ കൊണ്ട് അയാള്‍ കിടന്ന കട്ടിലും മുറിയും ആകെ വൃത്തികേടായിരിക്കുന്നു. ദുര്‍ഗ്ഗന്ധം കൊണ്ട് നില്ക്കാന്‍ വയ്യ. ഞാന്‍ ടോയ്‌ലറ്റിലേക്കോടി രാവിലെ കഴിച്ച പുട്ടും കടലയും അതേ പടി ക്ലോസറ്റില്‍ സമര്‍പ്പിച്ചു. എന്തും വരട്ടെ എന്ന് കരുതി ഞങ്ങള്‍ വീണ്ടും റൂമിലെത്തി. വൃദ്ധന്‍ എന്തൊക്കെയോ വിളിച്ചു പറയുന്നുണ്ട്. ശ്രദ്ധിച്ചപ്പോള്‍ മനസ്സിലായി നല്ല പുളിച്ച കന്നഡ തെറിയാണ് വിളിക്കുന്നത്‌. (ഒരു നാട്ടില്‍ ചെന്നാല്‍ അവിടുത്തെ ഏറ്റവും മോശം വാക്കുകള്‍ പഠിക്കുന്ന ഹോബി ഉള്ളതുകൊണ്ട് ഗുണമുണ്ടായി.) അപ്പനെയും അമ്മയെയും ഒക്കെയാണ് കിളവന്‍ വിളിക്കുന്നത്‌. ഇത്രയും വൃത്തികെട് കാണിച്ചുവച്ചിട്ട് തെറിവിളിക്കുന്ന കിളവന്റെ മൂക്കിടിച്ചു പരത്താന്‍ തോന്നിയതാണ്. കൈ വൃത്തികേടാകുമെന്ന് തോന്നിയതുകൊണ്ട് അത് ചെയ്തില്ല. ഞങ്ങള്‍ അവിടെ നിന്ന് ഇറങ്ങിപ്പോരുകയും ചെയ്തു. കുറച്ചു കഴിഞ്ഞ് ചെന്ന് നോക്കിയപ്പോള്‍ സ്നേഹദാനില്‍ ജോലി ചെയ്യുന്ന രണ്ട് സിസ്റ്റര്‍മാര്‍ വന്ന് അദ്ദേഹത്തെ കുളിപ്പിച്ച് മുറി ക്ലീന്‍ ചെയ്യുന്നതാണ് കണ്ടത്.

മുപ്പതുകളിലേക്കെത്തുന്ന ഒരു ചെറുപ്പക്കാരനെന്ന നിലയില്‍ എന്റെ ജീവിതത്തെ ഒരുപാട് സ്വാധീനിച്ച രണ്ട് സംഭവങ്ങളാണ് ഞാന്‍ പങ്കു വച്ചത്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സോഷ്യല്‍ മീഡിയയിലൂടെ ഒരു സംഘടിത ശ്രമം നടക്കുന്നുണ്ട്, വൈദികരെയും സന്ന്യസ്തരെയും താറടിച്ചു കാണിക്കാന്‍. അവര്‍ ചെയ്യുന്ന അനേകായിരം നന്മകള്‍ കാണാതെ ഒറ്റപ്പെട്ട തെറ്റുകളെ വലുതാക്കി കാണിച്ചുകൊണ്ട് ഒരുതരം സൈബര്‍ ഗുണ്ടായിസം. ഇതിന് ചുക്കാന്‍ പിടിക്കുന്ന മഞ്ഞപ്പത്രങ്ങളോട് കൈകോര്‍ത്ത്‌ പിടിച്ചിരിക്കുന്നത് ക്രൈസ്തവനാമധാരികലാണെന്നുള്ളതാണ് ഏറെ ഖേദകരം.
ജീവിതത്തില്‍ ഒരുപാട് നേടിയെന്നൊക്കെ തോന്നുമ്പോള്‍ സ്നേഹദാന്‍ പോലുള്ള സ്ഥാപനങ്ങളുടെ ഇടനാഴിയില്‍ക്കൂടി ഒന്ന് നടക്കണം സാര്‍, പച്ചയായിട്ടുള്ള ജീവിതമെന്തെന്നറിയാന്‍…

ഞാന്‍ പറഞ്ഞ ബ്രദറിന്റെയോ സിസ്റ്റേഴ്സിന്റെയോ പേരെനിക്കറിയില്ല. അതിനു ശേഷം അവരെ ഞാന്‍ കണ്ടിട്ടുമില്ല. എന്നാല്‍ ഇന്ന് ഞാന്‍ കാണുന്ന ഓരോ സന്ന്യസ്തരിലും അവരുടെ മുഖമുണ്ട്. അവരുടെ പേര് മാലാഖയെന്നും പ്രവൃത്തികളെ കാരുണ്യമെന്നും വിളിക്കാനാണെനിക്കിഷ്ടം. അവരെന്തിനാണ് ഇതൊക്കെ ചെയ്യുന്നത്? ഒരിക്കലും പണത്തിനല്ല. അവര്‍ക്കാരെങ്കിലും അവാര്‍ഡ് കൊടുത്തതായി കേട്ടിട്ടുമില്ല.

മുന്‍പ് പറഞ്ഞ രണ്ടു സംഭവങ്ങളും അവര്‍ നിത്യവും ചെയ്യുന്നതാണ്.
കന്യാമഠങ്ങളുടെയും ആശ്രമങ്ങളുടെയും മതിലുകള്‍ക്കപ്പുറം എന്തോ നിഗൂഡതയുണ്ടെന്ന തെറ്റിധാരണയില്‍ നിന്നാണ് ആരോപണങ്ങള്‍ ഉടലെടുക്കുന്നത്. അല്ലെങ്കില്‍ തങ്ങളുടെ ആസക്തിയും വീഴ്ചകളും എല്ലാവര്‍ക്കുമുണ്ടെന്ന മിഥ്യാധാരണയില്‍ നിന്ന്. സ്വന്തം കുഞ്ഞുങ്ങള്‍ക്കല്ലാതെ മറ്റാര്‍ക്കും ഒരു ജീരക മിട്ടായി പോലും വാങ്ങി കൊടുക്കാത്തവരാണ് എല്ലാത്തിനെയും വിമര്‍ശിക്കാന്‍ ഇറങ്ങിയിരിക്കുന്നത്. അവരൊക്കെ ഈ സ്ഥാപനങ്ങളില്‍ ഒരു ദിവസമെങ്കിലും വന്നിരുന്നെങ്കില്‍…

വിമര്‍ശിക്കുന്നവരോട് ഒരു വാക്ക്… നിങ്ങള്‍ക്ക് വിമര്‍ശിക്കാം… പക്ഷെ അത് ഉപരിനന്മക്ക് വേണ്ടിയാവണം, അല്ലാതെ ചുമ്മാ ചീപ് പബ്ലിസിറ്റിക്ക് വേണ്ടിയോ നിങ്ങളുടെ വ്യക്തിവൈരാഗ്യം തീര്‍ക്കാനോ ആകരുത്. സന്ന്യാസമെന്ന നന്മമരം നമുക്ക് വേണം. തണലേകാനും, തങ്ങാവാനും അഭയമാകാനും….

ബിനോയ് ജോസഫ്

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.