“ഞങ്ങൾക്ക് ഞങ്ങളുടെ ദൈവാലയത്തിൽ തിരികെ എത്തണം”: വൈറലായി വൈദികന്റെ ആത്മീയ നിർദ്ദേശങ്ങൾ

കൊറോണ ലോകത്തിൽ പടർന്നു പിടിച്ചതോടെ ദൈവാലയങ്ങളും മറ്റും അടച്ചിട്ടു. വിശുദ്ധ കുർബാനകൾ ഓൺലൈനിലായി. എന്നാൽ വിശുദ്ധ കുർബാനയെ ആഴമായി സ്നേഹിക്കുന്നവർക്ക്‌ എങ്ങനെയും തിരികെ തങ്ങളുടെ ദൈവാലയങ്ങളിലേയ്ക്ക് പോയാൽ മതി എന്ന് മാത്രമായി. ഈ ഒരു അവസരത്തിൽ “ഞങ്ങൾക്ക് ഞങ്ങളുടെ ദൈവാലയത്തിൽ തിരികെ എത്തണം” എന്ന വൈദികന്റെ വാക്കുകൾ വൈറലായി മാറുകയാണ്. ദൈവാലയങ്ങളിലേയ്ക്ക് തിരികെ എത്തുന്നതിനായി ഉള്ള ആത്മീയ അഭ്യാസങ്ങളും കെയ്‌ൽ വാൾട്ടർഷെയ്ഡ് എന്ന ഈ വൈദികൻ നിർദ്ദേശിക്കുന്നുണ്ട്.

“ദൈവാലയങ്ങളിൽ എത്തുന്നവർ വൈറസ് ബാധിതരാകും എന്ന മിഥ്യാ ധാരണ സാത്താന്റെ തന്ത്രമാണ്. ആയതിനാൽ സാത്താനേയും അവന്റെ തന്ത്രങ്ങളെയും അതിജീവിക്കുവാൻ നാം പരിശ്രമിക്കണം. നമുക്ക് നമ്മുടെ ദൈവാലയത്തിലേയ്ക്ക് മടങ്ങി എത്തണം. കുടുംബങ്ങൾ ഒത്തു ചേർന്നു പ്രാർത്ഥിക്കുന്ന അവസ്ഥ സംജാതമാകണം. ” അദ്ദേഹം പറയുന്നു. തിരികെ ദൈവാലയത്തിലേക്കു എത്തുന്നതിനായി ചെയ്യുവാൻ അദ്ദേഹം ഏതാനും മാർഗ്ഗ നിർദ്ദേശങ്ങളും നൽകുന്നുണ്ട്. അവ ഏതെന്നു നോക്കാം:

1 . സുവിശേഷം തുടക്കം മുതൽ ഒടുക്കം വരെ വായിക്കാം.

2 . ദിവസവും 30 മിനിറ്റ് പ്രാർത്ഥിക്കാം. വിശുദ്ധ ഗ്രന്ഥം വായിക്കുന്നതിനോടൊപ്പം പ്രാർത്ഥനയും ആയാൽ നന്ന്.

3 . വൈറസ് ബാധയിൽ നിന്നും ലോകത്തിന്റെ മോചനത്തിനായി ഉപവസിച്ചു പ്രാർത്ഥിക്കാം.

4 . അവസാനമായി സഭയ്ക്കും മാർപാപ്പായ്ക്കും മെത്രാന്മാർക്കും വൈദികർക്കും സന്യസ്തർക്കും ഒപ്പം ആരോഗ്യരംഗത്ത് പ്രവർത്തിക്കുന്നവർക്കും ആയി പ്രാർത്ഥിക്കാം.