“ഞങ്ങളുടെ ഇടയിൽ ഒരു അത്ഭുതം സംഭവിക്കുക ആവശ്യമാണ്”- ലബനോനിലെ സന്യാസിനിയുടെ വാക്കുകൾ

ലബനോനിലെ ബെയ്‌റൂട്ടിൽ നടന്ന സ്ഫോടനം രാജ്യത്തെ കുറച്ചൊന്നുമല്ല ബാധിച്ചിരിക്കുന്നത്. സാമ്പത്തിക നില ആകെ താറുമാറായ അവസ്ഥയിലാണ്. അനേകം സഹായഹസ്തങ്ങൾ ഇവിടേക്ക് എത്തുന്നുണ്ടെങ്കിലും ഒന്നുമാകാത്ത അവസ്ഥ. ഫ്രാൻസിസ്കൻ മിഷനറി സിസ്റ്റേഴ്സ് ഓഫ് മേരി എന്ന സന്യാസിനി സഭയുടെ മേൽനോട്ടത്തിലുള്ള ബെയ്റൂട്ടിൽ നബയിലുള്ള ദരിദ്രർക്ക് വേണ്ടിയുള്ള സോഷ്യോ മെഡിക്കൽ ഇന്റർകമ്മ്യൂണിറ്റി ഡിസ്പെൻസറിയുടെ പ്രവർത്തനം ആകെ പരിതാപകരമായി മാറുകയാണ്. “ഞങ്ങളുടെ ഇടയിൽ ഒരു അത്ഭുതം സംഭവിക്കുക ആവശ്യമാണ് ” -ഈ ഡിസ്പെൻസറിയുടെ നടത്തിപ്പുകാരായ സന്യാസിനിമാർ പറയുന്നു.

1973 മുതൽ സ്ത്രീകളെ സംരക്ഷിക്കുന്നതിന് വേണ്ടി തുടക്കം കുറിച്ച ഒരു സംരംഭമാണ് ഇത്. ഈ ഡിസ്പെൻസറി അതിന്റെ മെഡിക്കൽ മേഖലയിലെ പ്രവർത്തനം ആവശ്യക്കാർക്ക് ഭക്ഷണം വിതരണം ചെയ്യുന്നതിലേക്ക് വ്യാപിപ്പിച്ചത് 2017 മുതലാണ്. കാരണം, ലബനോന്റെ സമ്പദ്‌വ്യവസ്ഥ വളരെ താഴ്ന്ന അവസ്ഥയിലായിരുന്നു. ദിവസവും 250 -ഓളം പേർക്ക് ഭക്ഷണം നൽകിയിരുന്നു. എന്നാൽ, ഇപ്പോൾ 1200 -പേർക്ക് ഭക്ഷണം കൊടുക്കേണ്ട അവസ്ഥയാണ് ഉള്ളത്.

വളരെയേറെ ദുരിതങ്ങൾക്കിടയിലും 72 വയസുള്ള ഹോളി ഫാമിലിയിലെ സിസ്റ്റർ മാരി ജസ്റ്റിൻ എൽ ഓസ്റ്റ തന്റെ ശുശ്രൂഷകൾ സന്തോഷത്തോടെ നിർവ്വഹിക്കുന്നു. ഒരു ചെറു പുഞ്ചിരിയോടെ ഊർജ്ജസ്വലതയോടെ എല്ലാവർക്കും സംലഭ്യയായി മാറിക്കൊണ്ട് അവർ പറയുന്നു. “ഇവിടെ സാധാരണ ജനങ്ങൾ വളരെ ദരിദ്രരായ അവസ്ഥയിൽ എത്തിയിരിക്കുന്നു. ദൈവം നമ്മോടൊപ്പം ഉണ്ടെന്ന് എല്ലാവരോടും പറയുവാനും, ഏവർക്കും പ്രതിസന്ധികളിൽ പ്രതീക്ഷ പകരുവാനുമാണ് ഞങ്ങൾ ശ്രമിക്കുന്നത്. ഞങ്ങളുടെ  ജനങ്ങൾക്കൊപ്പം നിൽക്കുക, അവരെ ഉയർത്തുക. അതിനായിട്ടാണ് ഞങ്ങൾ പരിശ്രമിക്കുന്നത്.”

ഭക്ഷണം പോലും ഇല്ലാതെ ആളുകൾ ഇവിടെ കഷ്ടപ്പെടുന്നു. ഭക്ഷണം പോലും മറ്റുള്ളവരോട് ചോദിക്കേണ്ട അവസ്ഥ വളരെ പരിതാപകരമാണ്. നാല് കുട്ടികളുടെ അമ്മയായ മാഗുയി ഏതാനും ആഴ്ചകൾക്കുമുമ്പ് ഭക്ഷണത്തിനായി ഈ ഡിസ്പെൻസറിയിൽ വരാൻ തുടങ്ങി. “ഭക്ഷണം മറ്റുള്ളവരോട് ചോദിക്കുന്നത് എനിക്ക് വളരെ ബുദ്ധിമുട്ടേറിയ കാര്യമാണ്. എന്നിരുന്നാലും എൻ്റെ മക്കൾ പട്ടിണി കിടക്കുന്നത് കാണുവാൻ ഞാൻ ഇഷ്ടപ്പെടുന്നില്ല.” – ആ അമ്മ പറയുന്നു. കൊറോണ വൈറസ് മുൻകരുതൽ നടപടികൾ കാരണം ഡിസ്പെൻസറിയുടെ വാതിൽക്കലാണ് ഭക്ഷണ വിതരണം നടക്കുന്നത്.

ഓഗസ്റ്റ് 4 -ന് ബെയ്‌റൂട്ടിൽ ഉണ്ടായ സ്‌ഫോടനത്തിൽ 200 -ഓളം പേർ കൊല്ലപ്പെടുകയും 6,000 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഒപ്പം 300,000 ത്തിലധികം ആളുകളെ മാറ്റിപ്പാർപ്പിക്കുകയും ചെയ്യേണ്ട അവസ്ഥയാണ് ഉണ്ടായത്. സ്ഫോടന സ്ഥലത്ത് നിന്ന് 2.5 മൈൽ അകലെയാണെങ്കിലും ഡിസ്പെൻസറിക്ക്  കാര്യമായ നാശനഷ്ടമുണ്ടായി. എങ്കിലും ഭക്ഷണ വിതരണം ഇവർ നിർത്തി വെച്ചില്ല. മുൻപത്തേക്കാളും കൂടുതൽ ആളുകൾക്ക് ഭക്ഷണം ആവശ്യം ഈ സമയങ്ങളിൽ ആയിരുന്നുവെന്ന് ഈ സന്യാസിനിമാർക്കറിയാം. എങ്കിലും ഈ സ്ഥാപനത്തിന്റെ അറ്റകുറ്റപ്പണികൾക്കായി ഏകദേശം 40,000 ഡോളർ ചിലവാകും. എന്നിരുന്നാൽ തന്നെയും സ്‌ഫോടനത്തിൽ ആർക്കും പരിക്കൊന്നും ഏൽക്കാത്തതിൽ ഇവർ ദൈവത്തിന് നന്ദി പറയുന്നു.

“നാളെ എന്ത് സംഭവിക്കുമെന്ന് ഞങ്ങൾക്ക് അറിയില്ല. കാരണം ദിനംപ്രതി ഭക്ഷണം തേടിയെത്തുന്ന ആളുകളുടെ എണ്ണം ഇവിടെ കൂടിവരുന്നു. ദൈവം അനേകരിലൂടെ എപ്പോഴും ഞങ്ങളെ സഹായിക്കുന്നുണ്ട്. അതിന് ഞങ്ങൾ നന്ദി പറയുന്നു. ലെബനോനിൽ ക്ഷാമം ഉണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണ്.” സിസ്റ്റർ മാരി ജസ്റ്റിൻ പറയുന്നു.

ലെബനോനിലെ ജനസംഖ്യയുടെ 55% ത്തിലധികം പേർ ഇപ്പോൾ ദാരിദ്ര്യത്തിലാണെന്നും അവരുടെ അടിസ്ഥാന ആവശ്യങ്ങൾ നിറവേറ്റാൻ പാടുപെടുകയാണെന്നും ഐക്യരാഷ്ട്രസഭയുടെ സമീപകാല റിപ്പോർട്ടിൽ പറയുന്നു. ഇത് മുൻവർഷത്തേക്കാൾ ഇരട്ടിയാണ്. ഒരു വർഷത്തിനുള്ളിൽ ലെബനോൻ കറൻസിയുടെ മൂല്യം 80% ത്തിലധികം താഴെയായി. കൂടാതെ ഭക്ഷ്യവസ്തുക്കളുടെ വില നാലിരട്ടിയായി വർദ്ധിച്ചു. ഈ ഒരു സാഹചര്യത്തിൽ ദൈവത്തിന്റെ ഇടപെടലിനായി പ്രാർത്ഥനയോടെ കാത്തിരിക്കുകയാണ് ഈ സന്യാസിനിമാർ.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

അഭിപ്രായങ്ങൾ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.