മെയ് മാസത്തിൽ നീതിയും സമാധാനവും പുലരുവാനായി പ്രാർത്ഥിക്കണം: മ്യാന്മാർ കർദ്ദിനാൾ

പട്ടാളഭരണം അസ്വസ്ഥതകൾ സൃഷ്ടിച്ചുകൊണ്ടിരിക്കുന്ന മ്യാന്മറിൽ പരിശുദ്ധ അമ്മയ്ക്കുവേണ്ടി പ്രത്യേകമായി സമർപ്പിക്കപ്പെട്ടിരിക്കുന്ന ഈ മെയ് മാസത്തിൽ നീതിയും സമാധാനവും പുലരുവാൻ വേണ്ടി പ്രാർത്ഥിക്കണമെന്ന് മ്യാന്മാർ കാർദ്ദിനാൾ ചാൾസ് ബോ.

ജപമാലയിലും ദിവ്യകാരുണ്യ ആരാധനയിലും പങ്കെടുത്തുകൊണ്ട് രാജ്യത്തിന്റെ അന്തരീക്ഷത്തിന് മികച്ച രീതിയിൽ മാറ്റമുണ്ടാകുവാനായി പ്രത്യേകം പ്രാർത്ഥിക്കണം. മെയ് മാസത്തിലെ ആദ്യത്തെ ആഴ്ചയിൽ സമാധാനത്തിനായുള്ള ദൈവത്തിന്റെ അനുഗ്രഹത്തിനായും രണ്ടാമത്തെ ആഴ്ചയിൽ നീതിക്കായും മൂന്നാമത്തെ ആഴ്ചയിൽ ഒത്തൊരുമയ്ക്കായും അവസാനത്തെ ആഴ്ചയിൽ മനുഷ്യജീവിതങ്ങളുടെ മഹത്വത്തെ പരിഗണിക്കപ്പെടേണ്ടതിനായും പ്രത്യേകം പ്രാർത്ഥിക്കണമെന്നും അദ്ദേഹം വിശ്വാസികളോട് ആവശ്യപ്പെട്ടു.

പ്രാർത്ഥനകളും ആരാധനകളും വിശ്വാസികളുടെ സൗകര്യവും സുരക്ഷിതത്വവും പോലെ ഭനങ്ങളിലോ ദൈവാലയങ്ങളിലോ ആകാമെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. “നീതിയും സത്യവും ഒരുമയും ന്യായവും ഇല്ലാതെ ഒരിക്കലും യഥാർത്ഥ സമാധാനം പുലരുകയില്ല” – ജോൺപോൾ രണ്ടാമൻ മാർപ്പാപ്പയുടെ വാക്യം ഉദ്ധരിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു.

ഫെബ്രുവരി ഒന്നു മുതൽ മ്യാന്മാർ പിടിച്ചെടുത്ത സൈന്യം, ജനങ്ങളുടെ സ്വാതന്ത്ര്യത്തെയും അവകാശനങ്ങളെയും വൻതോതിൽ അടിച്ചമർത്തുന്നുണ്ട്. അതിനെ തുടർന്നുണ്ടായ വിവിധ കലാപങ്ങളിലും അക്രമണങ്ങളിലും ഏറ്റവും ചുരുങ്ങിയത് 759 ആളുകൾ മരണപ്പെട്ടിട്ടുണ്ട്. 3,500 ഓളം ആളുകളെ തടവിലാക്കിയിട്ടുമുണ്ടെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.