പുതുവർഷം കൂടുതൽ സമാധാന പൂർണ്ണമാക്കാം ഈ പ്രവർത്തികളിലൂടെ

ദൈവം ഒരു വർഷം കൂടി ജീവിക്കുവാനുള്ള അനുഗ്രഹം നമുക്ക് നൽകിയിരിക്കുകയാണ്. പുതിയ ഒരു വർഷത്തിലേയ്ക്ക് നാം പ്രവേശിക്കുമ്പോൾ പല തരത്തിലുള്ള ആകുലതകൾ നമ്മുടെ മനസ്സിൽ ഉണ്ടായിരിക്കാം. മുൻപ് ഒരു വർഷം നമ്മുടെ ജീവിതത്തിൽ സംഭവിച്ച പാളിച്ചകൾ നമ്മുടെ മനസിനെ അലട്ടുന്നുണ്ടാവാം. ആ അനുഭവങ്ങൾ ഒക്കെ മാറ്റി വച്ച് പ്രത്യാശയോടെ പുതുവർഷത്തെ വരവേൽക്കാം.

സമാധാനമില്ലാത്ത മനസ്സിൽ ദൈവത്തിന് പ്രവർത്തിക്കുവാൻ സാധിക്കുകയില്ല. അതിനാൽ നമ്മുടെ മനസിനെ സമാധന പൂർണമാക്കാം. ഒപ്പം ജീവിതത്തെ കൂടുതൽ മാനോഹരമായി കാണുവാൻ ശ്രമിക്കാം. അതിനായി നമ്മെ സഹായിക്കുന്ന ചില കാര്യങ്ങൾ ഏവയെന്ന് നമുക്കൊന്ന് പരിശോധിക്കാം?

1.  ദൈവത്തിൽ കൂടുതൽ വിശ്വാസമർപ്പിക്കുക

നാം ദൈവത്തിന്റെ കൈയ്യിലെ ഉപകരണങ്ങൾ മാത്രമാണെന്ന് വിശ്വസിക്കുക. ദൈവത്തിന് എല്ലാം സാധ്യമാണെന്ന വിശ്വാസത്തോടെ മുന്നേറുക. ജീവിതത്തിൽ എന്തുതന്നെ സംഭവിച്ചാലും ദൈവം കൂടെയുണ്ടെന്ന് മറക്കാതിരിക്കുക. അവിടുന്നിൽ പരിപൂർണമായ വിശ്വാസം അർപ്പിക്കുക.

2. സ്വയം ആത്മശോധന നടത്തുന്നത് ശീലമാക്കുക

നമ്മുടെ ജീവിതത്തിന്റെ ഇന്നത്തെ അവസ്ഥ എന്താണെന്ന് സ്വയം പരിശോധിക്കുക. ജീവിതത്തെ സ്വാധീനിച്ച നല്ലതും ചീത്തയും ആയ കാര്യങ്ങളെ കണ്ടെത്തുക. മാറ്റം വരുത്തേണ്ടവയെ മാറ്റുക.

3. മറ്റുള്ളവരുടെ അഭിപ്രായങ്ങൾക്ക് അമിത പ്രാധാന്യം നൽകാതിരിക്കുക

മറ്റുള്ളവരുടെ അഭിപ്രായങ്ങൾക്ക് അമിതമായ പ്രാധാന്യം നൽകരുത്. ചുറ്റുമുള്ളവരുടെ അഭിപ്രായങ്ങൾക്ക് അനുസരിച്ച് ജീവിക്കുവാൻ ഒരിക്കലും സാധിക്കുകയില്ല. അതിനാൽ ഒരു പരിധിവരെ ആരുടേയും വാക്കുകൾക്ക് കൂടുതൽ ശ്രദ്ധ കൊടുക്കേണ്ട ആവശ്യമില്ല. നിങ്ങൾക്ക് ശരിയെന്നു തോന്നുന്നതും മറ്റുള്ളവർക്ക് ദ്രോഹം ചെയ്യാത്തതുമായ കാര്യങ്ങൾ ചെയ്യാം.

4. പുതിയ തീരുമാനങ്ങൾ ബോധ്യത്തോടെ എടുക്കുക

പുതിയ ഒരു വർഷം പുതിയതായി കുറെയേറെ തീരുമാനങ്ങൾ നാം എടുത്തിട്ടുണ്ടാകും. നല്ല തീരുമാനങ്ങൾ നമ്മെ കൂടുതൽ സമാധാന പൂർണമായ ജീവിതം നയിക്കുവാൻ സഹായിക്കും. ജീവിതത്തെ കൂടുതൽ നല്ല രീതിയിൽ വളർത്തുന്ന തീരുമാനങ്ങൾ നമ്മുടെ മനോഭാവത്തെയും വളരെ നല്ല രീതിയിൽ സ്വാധീനിക്കും.

5. നന്ദിയുള്ളവരായിരിക്കുക

ജീവിതത്തിൽ എല്ലാറ്റിനോടും നന്ദിയുള്ള ഒരു മനോഭാവം പുലർത്തുക. അപ്പോൾ ഈ ലോകത്തെ തന്നെ കൂടുതൽ മനോഹരമായി കാണുവാൻ നമുക്ക് സാധിക്കും. നന്ദിയുള്ള മനോഭാവം ദൈവത്തിന്റെ മുൻപിലും നമ്മെ വിലയുള്ളവരാക്കും. അതിനാൽ ദൈവത്തോടും സഹോദരങ്ങളോടും നന്ദിയുള്ള ഒരു മനോഭാവം പുലർത്തുക.

6. ഞായറാഴ്ച്ച ദിവസങ്ങളിൽ വിശ്രമിക്കുക

വിശ്രമിക്കുവാനുള്ള സമയം കണ്ടെത്തുകയും ഞായറാഴ്‌ച ദിവസം അതിനായി മാറ്റി വെയ്ക്കുകയും ചെയ്യുക. എന്നും ജോലി സംബന്ധമായ കാര്യങ്ങൾക്ക് പുറകെ ജീവിച്ചാൽ ജീവിതത്തിന്റെ സമാധാനം നഷ്ടപ്പെടും. അതിനാൽ വിശ്രമിക്കുകയും കുടുംബാംഗങ്ങളുമായി സമയം ചിലവഴിക്കുകയും ചെയ്യുന്നത് ജീവിതം സമാധാനപൂർണ്ണമാക്കാൻ ഉപകരിക്കും.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.