ദൈവത്തെ പിതാവായി മനസ്സിലാക്കാനുള്ള വഴികൾ

‘ആബ്ബാ’ എന്ന് യേശു പിതാവിനെ വിളിച്ചു. ദൈവത്തെ പിതാവെന്ന് വിളിക്കാൻ നമുക്കും അർഹതയുണ്ട്. അവിടുത്തെ മക്കളായ നമുക്ക് ദൈവത്തെ ‘പിതാവേ’ എന്ന് നമ്മുടെ ദൈനംദിന പ്രാർത്ഥനകളിൽ അഭിസംബോധന ചെയ്യാം. ഭൗമികപിതാവിൽ നിന്ന് വ്യത്യസ്തമായി ദൈവത്തിന്റെ നന്മ ഒരിക്കലും തീർന്നുപോവുകയില്ല. അതിനാൽ നമ്മുടെ സ്വർഗീയപിതാവിനെ അതിന്റെ പൂർണ്ണമായ അർത്ഥത്തിൽ നാം മനസ്സിലാക്കേണ്ടതുണ്ട്.

1. ദൈവം നമ്മുടെ സ്രഷ്ടാവ്

പഴയനിയമത്തിൽ തന്റെ ജനതയുടെ പിതാവാണ് ദൈവം എന്ന് അവിടുന്ന് സ്പഷ്ടമായിത്തന്നെ പറഞ്ഞിട്ടുണ്ട്. “കണ്ണീരോടെയാണ് അവർ വരുന്നത്; എന്നാൽ ഞാനവരെ ആശ്വസിപ്പിച്ച് നയിക്കും. ഞാൻ അവരെ നീരൊഴുക്കിലേക്ക് നയിക്കും. അവരുടെ വഴി സുഗമമായിരിക്കും; അവർക്ക് കാലിടറുകയില്ല. എന്തെന്നാൽ ഞാൻ ഇസ്രായേലിനു പിതാവാണ്; എഫ്രായിം എന്റെ ആദ്യ ജാതനും” (ജറ 31:09).

ദൈവമാണ് സ്രഷ്ടാവെന്നും പരിപാലകനെന്നും വിശുദ്ധ ലിഖിതത്തിൽ പലയിടങ്ങളിലും സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. നമ്മെ സൃഷ്ടിച്ചവന് നമ്മെ പുതിയ ജീവിതത്തിലേക്ക് മാറ്റുവാനും വളരെ എളുപ്പമാണ്. ലോകത്തിൽ പാപത്തിന്റെ വരവോടെ പിതാവായ ദൈവം നമ്മെ ജീവിതത്തിലേക്ക് വീണ്ടും കൊണ്ടുവരാൻ ശ്രമിക്കുന്നു. അതിനാൽ യേശുവിന്റെ കുരിശുമരണം വഴി അവിടുന്ന് നമ്മെ വീണ്ടെടുത്തിരിക്കുകയാണ്. അതിനാൽ തന്നെ ഈ സൃഷ്ടിയും പുനഃസൃഷ്ടിയും അവിടുത്തെ നമ്മോടുള്ള അനന്തമായ സ്നേഹത്തെയാണ് സൂചിപ്പിക്കുന്നത്. അതിനാൽ ദൈവം നമ്മിൽ നിന്ന് അകന്നിരിക്കുന്ന ഒരു ഭരണാധികാരിയല്ല. അതിനാൽ ഒരു അവകാശിയെന്ന ആത്മവിശ്വാസത്തോടെ ഒരു മകന്റെയോ മകളുടെയോ അടുപ്പത്തോടെ നമുക്ക് അവിടുത്തെ സമീപിക്കാം.

2. ദൈവം നമ്മുടെ ദാതാവ്

നമ്മുടെ ഏത് ആവശ്യങ്ങളിലും ദൈവം നമ്മുടെ കൂടെയുണ്ട്. നമ്മുടെ ജീവിതത്തെ പവിത്രീകരിക്കാനായി അവിടുന്ന് തന്റെ ഏകജാതനെ ലോകത്തിലേക്കയച്ചു. കാരണം, ദൈവം തന്റെ ഏകപുത്രനെ നൽകിക്കൊണ്ട് ലോകത്തെ അത്രമാത്രം സ്നേഹിച്ചു. അവിടുത്തെ വിശ്വസിക്കുന്ന ഒരുവനും നശിച്ചുപോകരുതെന്ന നല്ല പിതാവിന്റെ ഏറ്റവും വലിയ കരുതലായിരുന്നു നമുക്ക് ഇതിലൂടെ ദൃശ്യമായത്.

3. ദൈവം അഭേദ്യമായ നന്മ

ഓരോ പിതാവും തന്റെ മക്കൾക്ക് ഏറ്റവും മികച്ചതു മാത്രം നൽകാൻ ആഗ്രഹിക്കുന്നു. നമ്മുടെ സ്വർഗീയപിതാവും ഇങ്ങനെ തന്നെയാണ്. അവിടുത്തെ നന്മയും കാരുണ്യവും ഒരിക്കലും അവസാനിക്കുന്നില്ല. വി. പൗലോസ് ശ്ലീഹ റോമയിലെ സഭയ്‌ക്കെഴുതിയ ലേഖനത്തിൽ സൂചിപ്പിച്ചത് ഓർമ്മിക്കുക. “സ്വപുത്രനെപ്പോലും ഒഴിവാക്കാതെ, നമുക്കെല്ലാവർക്കും വേണ്ടി അവനെ ഏൽപ്പിച്ചുതന്നവൻ അവനോടു കൂടെ സമസ്തവും നമുക്ക് ദാനമായി നല്‍കാതിരിക്കുമോ?” (റോമാ 8:32). അത്തരമൊരു പിതാവിനൊപ്പം ആയിരിക്കുക എന്നതിനേക്കാൾ മികച്ചത് മറ്റൊന്നില്ല. അവിടുത്തെ കരുണയുടെയും സ്നേഹത്തിന്റെയും മുൻപിൽ മറ്റൊന്നുമില്ല.

4. ദൈവം വിശ്വസ്തനാണ്

“അവന്റെ അചഞ്ചലമായ സ്നേഹം എന്നേയ്ക്കും നിലനിൽക്കുന്നു” എന്ന 136-ാം സങ്കീർത്തനത്തിലെ വാക്കുകൾ അവിടുത്തെ അനന്തമായ സ്നേഹത്തെ പ്രഖ്യാപിക്കുന്നു. മുടിയനായ പുത്രന്റെ ഉപമയിലെപ്പോലെ തന്റെ മക്കള്‍ എത്ര ദൂരേയ്ക്ക് പോയാലും തിരികെയെത്തുമ്പോൾ മാറോട് ചേർക്കാൻ അവിടുന്നുണ്ട് എന്ന കാര്യം മറക്കാതിരിക്കുക. ജീവിതത്തിൽ എത്ര വലിയ കൊടുങ്കാറ്റുകൾ ഉണ്ടായാലും പിതാവായ ദൈവത്തിന്റെ വിശ്വസ്തത നിലനിൽക്കും. ഒരിക്കലും മാറ്റമില്ലാത്തതും അതു തന്നെയാണ്. ഇനി ഉറപ്പോടു കൂടിത്തന്നെ അവിടുത്തെ വിളിച്ചോളൂ, ആബാ, പിതാവേ എന്ന്.

സുനീഷ വി.എഫ്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.