ജീവിതത്തില്‍ നഷ്ടമായ സന്തോഷവും സമാധാനവും വീണ്ടെടുക്കാം ഈ മാര്‍ഗ്ഗങ്ങളിലൂടെ

ജീവിതത്തിൽ നമുക്കെല്ലാം ഒരു ആഗ്രഹമേയുള്ളൂ – സന്തോഷമായിരിക്കുക. ഉള്ളതു കൊണ്ട് സംതൃപ്തമായ ഒരു ജീവിതം. അതാണ് എല്ലാവരുടെയും സ്വപ്നം. ഈയൊരു സ്വപ്നത്തിനായി അദ്ധ്വാനിക്കുന്നവരാണ് എല്ലാവരും. എന്നാൽ, കാലത്തിന്റെ മാറ്റത്തിനിടയിൽ അടുത്തുള്ളവർക്കൊപ്പം എത്താനുള്ള ഓട്ടത്തിനിടയിൽ പലപ്പോഴും ചിരിക്കാൻ പോലും മറക്കുന്നു. സംതൃപ്തിക്കായുള്ള ആ ഓട്ടം ആകുലത മാത്രമാണ് സമ്മാനിക്കുന്നത്.

നഷ്ടപ്പെട്ട സ്വസ്ഥതയും സമാധാനവും തിരിച്ചുപിടിക്കണ്ടേ? അതിന് നിങ്ങളെ സഹായിക്കുന്ന 10 മാർഗ്ഗങ്ങൾ ഇതാ…

1. കുറച്ചു സമയം വ്യായാമത്തിനായി മാറ്റിവയ്ക്കുക

‘ആരോഗ്യമുള്ള ശരീരത്തിലേ ആരോഗ്യമുള്ള മനസ്സ് ഉണ്ടാകൂ’ എന്ന ചൊല്ല്‌ ഏറെ അര്‍ത്ഥവത്താണ്. ആരോഗ്യം നിലനിർത്തുന്നതിനുള്ള ഏറ്റവും മികച്ച മാർഗ്ഗമാണ് വ്യായാമം. ശരീരത്തിന് ആരോഗ്യം പകരുന്നതിനൊപ്പം തന്നെ വിഷാദം, മാനസീക പിരിമുറുക്കം തുടങ്ങിയവ അകറ്റി സന്തോഷം പ്രദാനം ചെയ്യാന്‍ വ്യായാമത്തിലൂടെ സാധിക്കും.

2. പുഞ്ചിരിക്കാന്‍ പഠിക്കൂ 

മനസ്സറിഞ്ഞ് പുഞ്ചിരിക്കാന്‍ കഴിയുക എന്നത് ഏറെ മഹത്തായ ഒരു കാര്യമാണ്. ഇതുവഴി, നന്മകള്‍ ഉടലെടുക്കുന്ന ഒരു മനസ്സ് നേടിയെടുക്കുവാന്‍ സാധിക്കും. സാമ്പത്തിക മേഖലയില്‍ ജോലി ചെയ്യുന്ന ഒരു കൂട്ടം ആളുകളില്‍ ചിലര്‍, ഉപഭോക്താക്കളെ ബോധിപ്പിക്കാനായി കപടമായ പുഞ്ചിരി സമ്മനിക്കുന്നു; മറ്റു ചിലര്‍ മനസ്സറിഞ്ഞ് ചിരിക്കുന്നു. ഇതില്‍ ഹൃദ്യമായി പുഞ്ചിരിച്ചവര്‍ക്ക് ദിവസം മുഴുവന്‍ ശുഭാപ്തിവിശ്വസത്തോടെ പെരുമാറാനും മറ്റു വിഭാഗക്കാരെ അപേക്ഷിച്ച്‌, തൊഴിലില്‍ വര്‍ദ്ധിച്ച കാര്യക്ഷമത കാഴ്ചവയ്ക്കാനും സാധിക്കുന്നു.

മിഷിഗന്‍ സ്റ്റേറ്റ് സര്‍വകലാശാല നടത്തിയ പുതിയ പഠനങ്ങളാണ് ഇത്തരമൊരു ഫലം പുറത്തു വിട്ടത്. മനസ്സറിഞ്ഞ് ചിരിക്കുന്നത് നിങ്ങള്‍ക്കൊപ്പം തന്നെ മറ്റുള്ളവരെയും സന്തോഷിപ്പിക്കും.

3. കുടുംബത്തിനും സുഹൃത്തുക്കള്‍ക്കുമൊപ്പം സമയം ചെലവഴിക്കുക

ഓരോ മനുഷ്യനും അവനില്‍ നിയുക്തമായ ഒരു കര്‍മ്മം ചെയ്യാനാണ് ഈ ഭൂമിയില്‍ ഭൂജാതനാവുന്നത്. ഈ കടമകള്‍ക്കൊപ്പം തന്നെ നില്‍ക്കുന്ന മറ്റൊന്നുണ്ട്. നമ്മുടെ ജീവിതത്തില്‍ നിന്നും നമ്മള്‍ ഓരോരുത്തരും അത്യന്തമായി ആഗ്രഹിക്കുന്ന ഒന്ന്. അത് എല്ലാവരിലും ഒന്നു തന്നെയാണ്. ഈ ലോകത്തോട്‌ വിട പറയുമ്പോള്‍ ഞാന്‍ ചെയ്തതെല്ലാം ശരിയായിരുന്നു എന്ന് പൂര്‍ണ്ണ ബോധ്യത്തോടെ പറയാന്‍ സാധിക്കുക. പക്ഷേ, ഇത് ചെയ്തില്ലെങ്കില്‍ ആ ബോധ്യം വിഫലമാകും.

നമ്മള്‍ സ്നേഹിക്കുന്ന, നമ്മളെ സ്നേഹിക്കുന്ന കുടുംബത്തോടും സുഹൃത്തുക്കളോടുമൊത്ത് സമയം ചെലവഴിക്കാന്‍ സാധിച്ചില്ലെങ്കില്‍ അത് ഏറ്റവും വലിയ വേദന തന്നെയായി മാറും. കുടുംബത്തിനൊപ്പം സമയം ചെലവഴിക്കുന്നത് പരസ്പരമുള്ള സ്നേഹം വര്‍ദ്ധിപ്പിക്കാനും അതുവഴി സന്തോഷം പ്രദാനം ചെയ്യാനും സാധിക്കും.

ഹാര്‍വാര്‍ഡ് സര്‍വകലാശാലയുടെ, 268 ആളുകളെ ഉള്‍പ്പെടുത്തി 72 വര്‍ഷം നീണ്ടുനിന്ന പഠനത്തിനൊടുവില്‍ പ്രശസ്ത മനോരോഗ വിദഗ്ദ്ധന്‍ ജോര്‍ജ്ജ് വെയ്ലെന്റ്റ് മുന്നോട്ടുവച്ച നിഗമനം വെറും മൂന്നു വാക്കുകളില്‍ ഒതുങ്ങിയതായിരുന്നു: ‘Happiness is Love’ – സ്നേഹമാണ് സന്തോഷം!

4. ജോലിസ്ഥലത്തേയ്ക്കുള്ള യാത്രയുടെ നീളം കുറയുന്നതാണ് ഏറ്റവും നല്ലത്

ദിവസത്തില്‍ രണ്ടു തവണയും ആഴ്ചയില്‍ ഏഴു ദിവസവും ജോലിസ്ഥലത്തേയ്ക്ക് യാത്ര ചെയ്യേണ്ടിവരുമ്പോള്‍ ഏറ്റവും കുറച്ച്‌ യാത്ര ചെയ്യുന്നതായിരിക്കും ഉചിതം. വഴിയിലെ തിരക്കും ട്രാഫിക്കും ഒക്കെ മനസീകാവസ്ഥയെ വല്ലാതെ ബാധിക്കും.

5. ശുദ്ധവായു ശ്വസിക്കൂ

വീടിന് പുറത്ത് പ്രകൃതിയുമായി ദിവസവും 20 മിനിറ്റെങ്കിലും ചെലവിടുന്നത് ആരോഗ്യത്തെയും മനസിനെയും കാര്യമായി തന്നെ സ്വാധീനിക്കുമെന്ന് പഠനങ്ങള്‍ സൂചിപ്പിക്കുന്നു.

6. മറ്റുള്ളവര്‍ക്കു വേണ്ടി സമയം കണ്ടെത്തുക

ഒരു വര്‍ഷത്തില്‍ 100 മണിക്കൂര്‍ അതായത്, ഒരാഴ്ചയില്‍ 2 മണിക്കൂറെങ്കിലും മറ്റുള്ളവരെ സഹായിക്കുന്നതിനായി മാറ്റിവയ്ക്കുക. 150 ആളുകളില്‍ നടത്തിയ പഠനത്തില്‍, സ്വന്തം ആവശ്യങ്ങള്‍ക്ക് പണം ചെലവഴിക്കുന്നതിലും അധികം സന്തോഷം മറ്റുള്ളവര്‍ക്കു വേണ്ടി ചെയ്യുമ്പോഴാണെന്ന് കണ്ടെത്തി.

7. യാത്രകള്‍ നടത്തുക

ദിവസവുമുള്ള ജോലിഭാരവും എന്നും യാത്ര ചെയ്യുന്ന വഴികളുമൊക്കെ മനുഷ്യരില്‍ മടുപ്പ് ഉളവക്കുന്നതിനാല്‍ ഇടയ്ക്കിടെ വിനോദയാത്രകള്‍ നടത്തുന്നത് നല്ലതാണ്. ഷാന്‍ ആങ്കറിന്റെ ‘The Jorunal of Happiness Studies’ പറയുന്നത് ഇഷ്ടമുള്ള ഒരു സിനിമ കാണണമെന്ന് ഓര്‍ക്കുന്നതു പോലും ശരീരത്തില്‍, എന്‍ടോര്‍ഫിന്‍ എന്ന ഹോര്‍മോണിനെ 27 % വര്‍ദ്ധിപ്പിക്കുമെന്നാണ്.

8. നന്നായി ഉറങ്ങൂ

ശരീരത്തിലെ പ്രവര്‍ത്തനങ്ങളെ നല്ല രീതിയില്‍, അടുത്ത ദിവസത്തേയ്ക്ക് വീണ്ടെടുക്കാന്‍ ഉറക്കം സഹായിക്കും എന്നതുപോലെ തന്നെ നല്ല പോസിറ്റീവ് ചിന്തകള്‍ക്കും ഉറക്കം വഴിയൊരുക്കും. അതേ സമയം, ഉറക്കക്കുറവ് ദുഷ്ച്ചിന്തകളെ  സ്വാധീനിക്കും. തലച്ചോറിലെ അമിഗ്ടാലയാണ് ദുഷ്ച്ചിന്തകള്‍ക്ക് വഴിയൊരുക്കുന്നത്; ഹിപ്പോക്യാംപസ്, ശുഭചിന്തകളെയും. ഉറക്കക്കുറവ് ഹിപ്പോക്യാംപസിനെയാണ് ഏറ്റവും കൂടുതല്‍ തളര്‍ത്തുന്നത്. അതുകൊണ്ടു തന്നെ കൃത്യമായ ഉറക്കം ശരീരത്തിനും മനസ്സിനും സന്തോഷം പ്രദാനം ചെയ്യും.

9. ധ്യാനം അഥവാ മെഡിറ്റേഷന്‍

മനസിന്‌ സന്തോഷം നല്‍കുന്ന ഒന്നാണ് ധ്യാനം. സ്വയം മനസ്സിലാക്കാനും പ്രകൃതിയെയും മനുഷ്യനെയും കുറിച്ച് ചിന്തിക്കുവാനും വഴിയൊരുക്കുന്നതിനാല്‍ ധ്യാനം, സന്തോഷം പ്രദാനം ചെയ്യുന്ന ഒന്നാണ് എന്ന് പഠനങ്ങള്‍ സൂചിപ്പിക്കുന്നു.

10. ഓരോ സഹജീവിയോടും കൃതജ്ഞത സൂക്ഷിക്കുക

നമുക്ക് ഓരോ ദിവസവും സംഭവിക്കുന്ന നന്മകള്‍ക്ക് കടപ്പെട്ടിരിക്കുക. സഹജീവികളോട് സ്നേഹം വര്‍ദ്ധിപ്പിക്കാനും അതുവഴി സമാധാനവും സന്തോഷവും കൈവരിക്കാനും ഇതിലൂടെ സാധ്യമാവും.