കൊച്ചുകുഞ്ഞുങ്ങളിൽ വിശ്വാസം വളർത്താൻ മാതാപിതാക്കളെ സഹായിക്കുന്ന രസകരമായ മാർഗ്ഗങ്ങൾ 

  ചുട്ടയിലെ ശീലം ചുടല വരെ എന്നാണല്ലോ പഴമക്കാർ പറയുന്നത്. ചെറുപ്പത്തിൽ പഠിക്കുന്ന കാര്യങ്ങളാണ് കുഞ്ഞുങ്ങളിൽ മരണം വരെ നിലനിൽക്കുന്നതും. കുഞ്ഞുങ്ങൾ ആഴമായ വിശ്വാസത്തിൽ വളർന്നുവരണം എന്നാഗ്രഹിക്കുന്ന മാതാപിതാക്കളാണോ നിങ്ങൾ..? എങ്കിൽ അവർക്ക് അതിനുള്ള പരിശീലനം ചെറുപ്പം മുതലേ നൽകേണ്ടിയിരിക്കുന്നു.

  കുഞ്ഞുങ്ങളല്ലേ, വളരട്ടെ എന്നിട്ടാകാം വിശ്വാസകാര്യങ്ങൾ പഠിപ്പിക്കുന്നത് എന്ന് ചിന്തിച്ചു മാറിയിരിക്കുന്നത് കൂടുതൽ അപകടം സൃഷ്ടിക്കുകയേയുള്ളൂ. ഓരോ പ്രായത്തിലും കുട്ടികൾക്ക് മനസിലാക്കാൻ സാധ്യതയുള്ള വസ്തുക്കളെ ഉപയോഗപ്പെടുത്തി അവരിലേയ്ക്ക്‌ വിശ്വാസം പകരുവാൻ ശ്രമിക്കണം. മുതിർന്ന കുട്ടികളെ സംബന്ധിച്ചിടത്തോളം അവർക്ക് പറഞ്ഞുകൊടുത്താൽ മനസിലാകും. എന്നാൽ, കൊച്ചുകുട്ടികളിലേയ്ക്ക് വിശ്വാസമൂല്യങ്ങളുടെ അടിസ്ഥാനം പകർന്നു കൊടുക്കേണ്ടത് എങ്ങനെയെന്ന് പലപ്പോഴും മാതാപിതാക്കൾക്ക് അറിയില്ല.

  ഈ കാര്യത്തിൽ മാതാപിതാക്കളെ സഹായിക്കാൻ ഏതാനും ചില പൊടിക്കൈകൾ ഇതാ:

  1. ബൈബിൾ ഹീറോയെ കണ്ടെത്താം

  ബൈബിളിലെ ഓരോ കഥാപാത്രങ്ങളെയും കുറിച്ച് കഥാരൂപത്തിൽ കുട്ടികൾക്ക് പറഞ്ഞുകൊടുക്കാം. അതിനുശേഷം അവർക്ക് ഏറ്റവും ഇഷ്ടപ്പെട്ട അല്ലെങ്കിൽ അവർ ഹീറോയായി കണ്ടെത്തുന്ന ഒരാളെ തിരഞ്ഞെടുക്കുവാൻ ആവശ്യപ്പെടാം. തുടർന്ന് അത് മാതാപിതാക്കൾ ഊഹിച്ചെടുക്കാൻ ശ്രമിക്കാം. ഒരു ഗെയിം പോലെ ഇത് ആവർത്തിക്കുക. എന്തുകൊണ്ടാണ് കുട്ടികൾ അവരെ തങ്ങളുടെ ഹീറോ ആയി തിരഞ്ഞെടുത്തതെന്നും എങ്ങനെയാണ് ആ ബൈബിൾ കഥാപാത്രം അവരുടെ മനസ്സിൽ സ്ഥാനം പിടിച്ചതെന്നും ചോദിച്ചു മനസിലാക്കാം.

  തുടർന്നും ആ ബൈബിൾ കഥാപാത്രവുമായുള്ള ബന്ധത്തിൽ വളരുവാൻ കുട്ടികളെ പ്രോത്സാഹിപ്പിക്കാം.

  2. കുഞ്ഞുങ്ങൾക്ക് ഏറ്റവും ഇഷ്ടപ്പെട്ട പ്രാർത്ഥന അലങ്കരിക്കാം

  കുഞ്ഞുങ്ങൾക്ക് ചെറിയ ചെറിയ പ്രാർത്ഥനകള്‍, വചനങ്ങൾ തുടങ്ങിയവ പഠിപ്പിച്ചു കൊടുക്കാം. അവ ഹൃദിസ്ഥമാക്കിയതിനു ശേഷം കുട്ടികളെ കൂടെയിരുത്തി അത് ഒരു പേപ്പറിൽ എഴുതുക. എന്നിട്ട് ആ പേപ്പർ കുട്ടികളെക്കൊണ്ടു തന്നെ അലങ്കരിപ്പിച്ച് അവരുടെ മുറിയിൽ അവർക്ക് ഏറ്റവും ഇഷ്ടപ്പെട്ട സ്ഥലത്ത് തൂക്കിയിടുക. എന്നും കണ്ണ് തുറക്കുമ്പോൾ ആ പ്രാർത്ഥന ചൊല്ലി എഴുന്നേൽക്കുവാൻ അവരെ പ്രേരിപ്പിക്കാം.

  3. ബൈബിൾ ഷോ നടത്താം

  ബൈബിളിലെ ഏതെങ്കിലും സംഭവമോ, കഥാപാത്രത്തിന്റെ ജീവിതമോ തിരഞ്ഞെടുക്കാം. അത് കുട്ടികളെ പഠിപ്പിച്ച ശേഷം കഥയ്ക്ക് അനുകൂലമായ വേഷവിധാനങ്ങളോടെ അത് അവതരിപ്പിക്കാം. കുട്ടികളില്‍, കേൾക്കുന്നതിനേക്കാൾ കൂടുതൽ അവതരിപ്പിച്ച കാര്യമാണ് മനസ്സിൽ തങ്ങിനിൽക്കുക. അതിനാൽ തന്നെ ഇടവേളകളിൽ ഇത്തരം ബൈബിൾ ഷോകൾ സംഘടിപ്പിക്കാം. അപ്പനും അമ്മയും മാറിനിൽക്കാതെ ഇതിന്റെ ഭാഗമാകുന്നത് കുട്ടികളുടെ വിശ്വാസത്തിന് കൂടുതൽ കരുത്ത് പകരും.

  4. കുട്ടികൾക്കൊപ്പം നടക്കാം

  കുട്ടികളെയും കൂട്ടി ഇടയ്ക്കിടെ നടക്കാൻ പോകുന്നത് മാതാപിതാക്കളും മക്കളും തമ്മിലുള്ള ബന്ധം ഊട്ടിയുറപ്പിക്കാൻ സഹായിക്കും. മാതാപിതാക്കൾ പകരുന്ന വിശ്വാസം മക്കൾ അതുപോലെ സ്വീകരിക്കണമെങ്കിൽ മാതാപിതാക്കളുമായി ഒരു ഗാഢമായ ബന്ധം കുട്ടികൾക്ക് ഉണ്ടാകേണ്ടത് ആവശ്യമാണ്. കുട്ടികളെ കൂട്ടി നടക്കാൻ പോകുന്നതും യാത്രകൾ നടത്തുന്നതും ഈ ബന്ധം ഊഷ്മളമാക്കുവാൻ സഹായിക്കുന്നു. ഒപ്പംതന്നെ ഈ യാത്രകൾ മൂല്യങ്ങൾ പകരുന്നതിനും നല്ല ആശയങ്ങൾ പകർന്നുനൽകുന്നതിനുമുള്ള അവസരങ്ങളാക്കി മാറ്റം.

  5. വിശ്വാസ സംബന്ധമായ കാര്യങ്ങൾ പങ്കുവയ്ക്കുന്ന ചിത്രങ്ങള്‍ കാണാം

  വിശ്വാസ സംബന്ധമായ കാര്യങ്ങൾ പങ്കുവയ്ക്കുന്ന, വിശുദ്ധരുടെ ജീവിതകഥ പറയുന്ന ചിത്രങ്ങൾ ഇന്ന് ഒരുപാടുണ്ട്. ഇത്തരം ചിത്രങ്ങള്‍ ഭവനങ്ങളിൽ ഒന്നിച്ചിരുന്ന് കാണുന്നത് കുട്ടികളിൽ നല്ല മൂല്യങ്ങൾ പകരുന്നതോടൊപ്പം തന്നെ ആ കണ്ട കാര്യങ്ങൾ അവരുടെ മനസ്സിൽ നിലനിൽക്കുകയും ചെയ്യും. ആഴമായ ഒരു വിശ്വാസജീവിതം നയിക്കാൻ, നല്ല ബോധ്യങ്ങൾ നൽകാൻ അത് അവരെ സഹായിക്കും.

  6. ജീവകാരുണ്യ പ്രവർത്തികളിൽ കുട്ടികളെ ഉൾപ്പെടുത്താം

  വചനം പഠിക്കുക മാത്രമല്ല അത് പ്രാവർത്തികമാക്കുക കൂടി ചെയ്യേണ്ടതാണ് എന്ന് കുട്ടികളെ പഠിപ്പിക്കാം. അതിനായി അയൽക്കാരെ സഹായിക്കുക, പ്രായമായ ആളുകളെ സന്ദർശിക്കുക, സഹായങ്ങൾ നൽകുക തുടങ്ങിയ കാര്യങ്ങളിൽ കുട്ടികളെക്കൂടി ഉൾപ്പെടുത്താം. മറ്റുള്ളവരെ സഹായിക്കുക എന്നത് സുവിശേഷമൂല്യങ്ങളുടെ അനുസരണം ആണെന്നും ഈശോ അതാണ് കാണിച്ചു തന്നതെന്നും കുട്ടികളെ പഠിപ്പിക്കുവാൻ ഇത്തരം ജീവകാരുണ്യ പ്രവർത്തികൾ കുട്ടികളെക്കൊണ്ട് ചെയ്യിക്കുന്നതിലൂടെ കഴിയും.

  ഈ കാര്യങ്ങളൊക്കെ ഒറ്റദിവസം കൊണ്ട് സാധിക്കുന്ന ഒന്നല്ല. അതിന് നാളുകൾ എടുത്തേക്കാം. ഈ സമയമത്രയും കുട്ടികൾക്കൊപ്പം, ക്ഷമയോടെ സമയം കണ്ടെത്തി ആയിരിക്കുവാൻ മാതാപിതാക്കൾ ശ്രദ്ധിക്കണം. അത് നിങ്ങളുടെ കുഞ്ഞുങ്ങളുടെ വിശുദ്ധമായ ജീവിതത്തിന് നിങ്ങൾ നൽകുന്ന പ്രധാന സംഭാവനയായിരിക്കും.

  വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.