ഈശോയുടെ ജനനത്തിനായുള്ള ഒരുക്കം വിജയകരമാക്കുവാന്‍ സഹായിക്കുന്ന ചില നിര്‍ദ്ദേശങ്ങള്‍

  ഈശോയുടെ ജനനത്തിനായി നമ്മെ തന്നെ ഒരുക്കുന്ന നോമ്പിലൂടെ നാം കടന്നു പോവുകയാണ്. ഈ നോമ്പുകാലത്ത് ചെയ്യാനായി കുറേ തീരുമാനങ്ങള്‍ ഇപ്പോള്‍ തന്നെ നിങ്ങള്‍ എടുത്തിട്ടുണ്ടാവും. ചിലത് നടപ്പിലാക്കുവാനും തുടങ്ങിക്കാണും.

  ഭക്ഷണ പദാര്‍ത്ഥങ്ങള്‍ ഉപേക്ഷിക്കുക എന്നതില്‍ ഉപരി ആ ത്യാഗ പ്രവര്‍ത്തിയിലൂടെ മറ്റുള്ളവരുടെ ആത്മീയവും ശാരീരികവുമായ വിശപ്പ് അകറ്റുവാന്‍ നാം ശ്രമിക്കുമ്പോഴേ നമ്മുടെ നോമ്പ് പൂര്‍ണ്ണമായും വിജയത്തിലെത്തുകയും ഒരു ക്രിസ്തുമസ് അനുഭവം നമ്മില്‍ ഉണ്ടാവുകയും ചെയ്യുകയുള്ളു. അതിനായി നിങ്ങളെ സഹായിക്കുന്ന ചില നിര്‍ദ്ദേശങ്ങള്‍ ഇതാ:

  1 . പ്രാര്‍ത്ഥനയില്‍ ആഴപ്പെടാം 

  നോമ്പ് പ്രാര്‍ത്ഥനയില്‍ ആഴപ്പെടുവാനുള്ള അവസരമാണെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. നമ്മുടെ ചില ഇഷ്ടങ്ങളും ആഗ്രഹങ്ങളും ഒക്കെ മാറ്റിവച്ച് ഈശോയുടെ ജനനത്തിനായി ഒരുങ്ങുന്ന ഈ നിമിഷം ചില പ്രലോഭനങ്ങള്‍ ഉണ്ടാകുവാന്‍ സാധ്യയുണ്ട്. അതിനെയൊക്കെ അതിജീവിക്കുവാന്‍ പ്രാര്‍ത്ഥന നമ്മെ സഹായിക്കും.

  കഴിയുന്ന ദിവസമെല്ലാം വിശുദ്ധ കുര്‍ബാനയില്‍ പങ്കെടുക്കുവാന്‍ ശ്രമിക്കുക. സന്ധ്യാപ്രാര്‍ത്ഥന പതിവാക്കുക. അതിനായി കൃത്യമായ ഒരു സമയം മാറ്റിവയ്ക്കാം. ഒപ്പം ചെറിയ സുകൃതജപങ്ങള്‍ ഇടയ്ക്കിടെ ചൊല്ലാന്‍ ശ്രമിക്കാം.

  2 . ക്രിസ്തുമസ് ജീവകാരുണ്യ പ്രവര്‍ത്തികളില്‍ അധിഷ്ഠിതമാക്കാം 

  നോമ്പിന്റെ അവസരത്തില്‍ ഉപവാസം എടുക്കുകയും ഭക്ഷണ  പദാര്‍ത്ഥങ്ങള്‍ ഉപയോഗിക്കാതിരിക്കുകയും ഒക്കെ നമ്മള്‍ ചെയ്യാറുണ്ട്. അതില്‍ മാത്രം ഒതുങ്ങി നില്‍ക്കാതെ നമ്മുടെ ചുറ്റും ഉള്ള പാവങ്ങളിലേയ്ക്കും വേദനിക്കുന്നവരിലേയ്ക്കും ഇറങ്ങിച്ചെല്ലുവാന്‍ നമുക്ക് ശ്രമിക്കാം. പാവങ്ങള്‍ക്ക് ഒരു നേരത്തെ ആഹാരം നല്‍കുക, അവര്‍ക്കൊപ്പം സമയം ചിലവഴിക്കുക തുടങ്ങിയ കാര്യങ്ങള്‍ ചെയ്യാം.

  3 . ക്ഷമയുടെ അനുഭവം പകരുന്ന ക്രിസ്തുമസ് 

  ഒരു പക്ഷെ ദീര്‍ഘകാലമായി നമ്മള്‍ മിണ്ടാതിരിക്കുന്ന, ഉള്ളില്‍ ചെറിയൊരു വൈരാഗ്യം വച്ചുകൊണ്ടിരിക്കുന്ന ആരെങ്കിലും ഒക്കെ നമ്മുടെ ജീവിതത്തില്‍ ഉണ്ടാകാം. അവരോടു ക്ഷമിക്കുവാന്‍ ഈ ക്രിസ്തുമസ് ഒരുക്ക കാലം ഒരു അവസരമാകണം. പിണങ്ങിയിരിക്കുന്നവരോട്, ഉള്ളില്‍ ദേഷ്യം ഉള്ളവരോട് ക്ഷമിച്ചു കൊണ്ട്, അവരുമായി സംസാരിച്ചു കൊണ്ട് നമുക്ക് പുല്‍ക്കൂട് യാത്ര നടത്താം.

  4 . പ്രായമായ മാതാപിതാക്കളോടൊപ്പം സമയം ചിലവിടാം

  നമ്മുടെ ജീവിതത്തില്‍ പലപ്പോഴും നാം അവഗണിക്കുന്ന ഒരു കൂട്ടരാണ് പ്രായമായ മാതാപിതാക്കള്‍. ഈ നോമ്പുകാലം അവരോടൊപ്പം ചിലവിടുവാന്‍ അല്പം സമയം കണ്ടെത്തണം. വിദേശത്തുള്ള മക്കളാണ് നിങ്ങളെങ്കില്‍ നിങ്ങളുടെ മാതാപിതാക്കളെ രണ്ടു മൂന്നു ദിവസം കൂടി ഇരിക്കുമ്പോള്‍ വിളിക്കാം. അവര്‍ക്കായി ക്രിസ്തുമസ് കാര്‍ഡ് അയക്കാം. യാത്ര ചെയ്ത് എത്താന്‍ കഴിയുന്ന അകലത്തിലാണ് അവരെങ്കില്‍ കൊച്ചുമക്കളെയും കൂട്ടി അവരുടെ പക്കലേയ്ക്ക് യാത്ര ചെയ്യാം.

  5 . നക്ഷത്രമാകാം 

  ഈ ക്രിസ്തുമസ് കാലം നമുക്ക് ഒരു നക്ഷത്രമായി മാറുവാന്‍ ശ്രമിക്കാം. മറ്റുള്ളവരിലേക്ക് പ്രകാശം പകരുകയാണ് നക്ഷത്രം ചെയ്യുന്നത്. ഒപ്പം അത് പ്രത്യാശയുടെ പ്രതീക്ഷയുടെ ഒക്കെ പ്രതീകമാണ്. നമ്മുടെ ജീവിതത്തിലും നിരാശയിലും മറ്റും കഴിയുന്ന ധാരാളം ആളുകള്‍ ഉണ്ട്. അവരെ കേള്‍ക്കുവാനും അവര്‍ക്കൊപ്പം സമയം ചിലവിടുവാനും അവരെ പ്രത്യാശയിലേയ്ക്ക് നയിക്കുവാനും നമുക്ക് കഴിയണം.

  ഒപ്പം നമ്മുടെ ജീവിതത്തിലൂടെ അനേകര്‍ക്ക് നന്മയിലേക്കുള്ള പാത തെളിയിക്കുവാനും ഈ നോമ്പുകാലം വിനയോഗിക്കാം.

  വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

  വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.