ആയിരിക്കുന്ന അവസ്ഥയില്‍ സമാധാനം കണ്ടെത്താന്‍ വിശുദ്ധ ബോണവെന്‍ചര്‍ നിര്‍ദ്ദേശിക്കുന്ന മാര്‍ഗ്ഗങ്ങള്‍

ചിലപ്പോള്‍ ഞാന്‍ ആരുമല്ലെന്ന, എന്നെ ഒന്നിനും കൊള്ളില്ലെന്ന തോന്നല്‍. ചിലപ്പോള്‍ ഞാന്‍ വലിയ സംഭവമാണ്, എന്നേക്കാള്‍ കേമനായി ആരും ഇല്ലെന്ന തോന്നല്‍. ഈ രണ്ട് തോന്നലുകളും ഓരോ വ്യക്തിയിലും മാറിമാറി ഉണ്ടാവാറുള്ളതാണ്. രണ്ടില്‍ ഏത് തോന്നിയാലും അത് അപകടമാണ്. ആയിരിക്കുന്ന അവസ്ഥയെ അനുഭവിക്കാന്‍ കഴിയില്ലെന്നതാണ് ഒന്നാമത്തെ പ്രശ്‌നം. രണ്ടാമത്തേത്, മനസമാധാനം മുഴുവന്‍ നാം അറിയാതെ തന്നെ നഷ്ടപ്പെടുകയും ചെയ്യും.

ഈ ലോകത്ത് സ്വന്തമായ ഒരു അവസ്ഥ കണ്ടെത്തുക എന്നതാണ് പരമപ്രധാനം. ഞാന്‍ ആരെന്നോ, എന്റെ സ്ഥാനമെന്തെന്നോ ചിന്തിച്ച് ആകുലപ്പെടാതെ ആയിരിക്കുന്ന അവസ്ഥയില്‍ സന്തോഷം കണ്ടെത്തുക എന്നതാണ് പരമപ്രധാനം. അതിനുള്ള കൃപ നേടാനായി വി. ബോണവെന്‍ചര്‍ ഒരു മാര്‍ഗ്ഗം നിര്‍ദ്ദേശിക്കുന്നുണ്ട്. യൂണിവേഴ്‌സിറ്റി ഓഫ് പാരീസില്‍ വിശുദ്ധന്റെ സുഹൃത്തുക്കളായിരുന്നു, വി. തോമസ് അക്വീനാസും കിംഗ് ലൂയിസ് ഒമ്പതാമനും. വി. അക്വീനാസിനെപ്പോലെ മിടുക്കനായിരുന്നില്ല, വി. ബോണവെന്‍ചര്‍. എങ്കിലും അദ്ദേഹത്തിന് ആ കൂട്ടുകാരനോട് അസൂയ ഉണ്ടായിരുന്നില്ല. കിംഗ് ലൂയിസിനോളം സമ്പത്തുണ്ടായിരുന്നില്ലെങ്കിലും പണമോ സ്ഥാനമാനങ്ങളോ അദ്ദേഹം ആഗ്രഹിച്ചതുമില്ല. എന്നാല്‍ കാലക്രമേണ ഫ്രാന്‍സിസ്‌കന്‍ സഭയുടെ നേതാവായി അദ്ദേഹം മാറുകയും ചെയ്തു.

ഇത്തരത്തിലുള്ള ഒരു മാനസികാവസ്ഥ നേടിയെടുക്കുതിന് വിശുദ്ധന്‍ നിര്‍ദ്ദേശിക്കുന്ന ചില കാര്യങ്ങളുണ്ട്.

1. ജീവിതത്തില്‍ നമുക്കുള്ള, ലഭിച്ചിട്ടുള്ള നല്ല കാര്യങ്ങളെ ഇടയ്ക്കിടെ നന്ദിയോടെ ഓര്‍ക്കുക, അവ നഷ്ടപ്പെടാതിരിക്കാന്‍ ആവശ്യമായവ ചെയ്യുക.

2. എല്ലാം നന്മയ്ക്ക്… എന്ന ചിന്ത ഉണ്ടാക്കുക. നാം ഒരു യാത്രയിലാണെന്നും നല്ലതും നന്മയായതും ഇനിയും സംഭവിക്കാനിരിക്കുന്നതേ ഉള്ളൂ എന്നും വിശ്വസിക്കുക.

3. നന്മയായത് മാത്രം ആഗ്രഹിക്കുക, നന്മയായത് മാത്രം ചിന്തിക്കുക. അതിനുവേണ്ടി പരിശ്രമിക്കുക. സമാധാനം താനേ വന്നുകൊള്ളും.