നോമ്പ് വിചിന്തനം 11: രണ്ടാം സ്ഥലം – ഈശോ കുരിശു ചുമക്കുന്നു

“അവന്‍ സ്വയം കുരിശു ചുമന്നുകൊണ്ട് തലയോടിടം -ഹെബ്രായ ഭാഷയില്‍ ഗൊല്‍ഗോഥാ – എന്നു വിളിക്കപ്പെടുന്ന സ്ഥലത്തേയ്ക്കു പോയി” (യോഹ. 19:17).

കുരിശിന്റെ വഴിയിലെ രണ്ടാം സ്ഥലം. തോളില്‍ കുരിശുമായി നീങ്ങുന്ന യേശു. പീലാത്തോസും യഹൂദ മതനേതൃത്വവും കള്ളസാക്ഷികളും ഒരുക്കിയ ന്യായവിസ്താരത്തിന്റെ അവസാനത്തില്‍ നിരപരാധിയാണെന്നറിഞ്ഞിട്ടും യേശുവിനെ കുറ്റക്കാരനായി വിധിച്ച് ഭാരമേറിയ കുരിശ് ചുമലില്‍ വച്ചുകൊടുക്കുന്നു. താങ്ങാവുന്നതിലധികം ഭാരമുണ്ടായിട്ടും പിതാവിന്റെ കരങ്ങളില്‍ നിന്നെന്നപോലെ സന്തോഷത്തോടെ അവിടുന്ന് കുരിശ് വഹിച്ചു. “എന്റെ ഹിതമല്ല അവിടുത്തെ ഹിതം നിറവേറട്ടെ” (ലൂക്ക 22:42) എന്നു പ്രാര്‍ത്ഥിച്ച യേശു നീച പാപിയെപ്പോലെ കുരിശു വഹിക്കാന്‍ നിര്‍ബന്ധിക്കപ്പെട്ടപ്പോള്‍ അസ്വസ്ഥനായില്ല. നിന്ദിക്കപ്പെട്ടപ്പോള്‍ പകരം അവന്‍ നിന്ദിച്ചില്ല. പീഡനമേറ്റപ്പോള്‍ ഭീഷണിപ്പെടുത്തിയില്ല. പിന്നെയോ നീതിയോടെ വിധിക്കുന്നവന് തന്നെതന്നെ ഭരമേല്‍പ്പിക്കുകയാണ് ചെയ്തത് (1 പത്രോ. 2:23). കാരണം, നമ്മുടെ വേദനകളാണ് അവന്‍ വഹിച്ചത് (ഏശ. 53:4). നമ്മുടെ പാപങ്ങള്‍ സ്വന്തം ശരീരത്തില്‍ വഹിച്ചുകൊണ്ട് അവന്‍ കുരിശിലേറി (1പത്രോ. 2:24). നമ്മുടെ പാപങ്ങളും അകൃത്യങ്ങളും രൂപപ്പെടുത്തിയതാണ് യേശുവിന്റെമേല്‍ വച്ചുകൊടുത്ത കുരിശ്. സാധാരണ, മനുഷ്യശക്തിയ്ക്കതീതമായിരുന്നിട്ടും ദൈവഹിതം അനുസരിക്കുന്നതായി കരുതി സ്വീകരിച്ചപ്പോള്‍ കുരിശിന് ഭാരമില്ലാതാകുന്നു.

മനുഷ്യപാപങ്ങള്‍ ചിട്ടപ്പെടുത്തിയതാണ് യേശു വഹിച്ച കുരിശ്. സമൂഹത്തിലെ ഏറ്റവും നിന്ദ്യപാപിക്കു നല്‍കുന്നതായിരുന്നു യഹൂദര്‍ക്കിടയില്‍ കുരിശുമരണം. എന്നാല്‍, നമ്മുടെ പാപങ്ങള്‍ക്കുവേണ്ടി പാപമില്ലാത്ത ദൈവപുത്രന്‍ പാപങ്ങളുടെ ഭാരമായ കുരിശ് ഏറ്റെടുക്കുന്നു. അങ്ങനെ കുരിശിനെ രക്ഷയുടെ അടയാളമാക്കി അതിലൂടെ പാപമോചനം നല്‍കി മാനവരക്ഷയ്ക്കുള്ള പാപപരിഹാര ബലിയര്‍പ്പണം കുരിശില്‍ പൂര്‍ത്തിയാക്കി. തത്ഫലമായി പാപത്തില്‍ മൃതമായ മനുഷ്യസ്വഭാവത്തിന് ജീവനേകി. യേശു തോളില്‍ വഹിച്ചത് പാപഭാരമായ കുരിശല്ല. മറിച്ച്. രക്ഷയുടെ അടയാളവും ഉറവയുമായ കുരിശാണ്.

ആത്മാര്‍പ്പണത്തിന്റെ വഴികളില്‍ ശിഷ്യന് ഒഴിച്ചുകൂടാനാവാത്തതാണ് കുരിശ്. അതുകൊണ്ടാണ് സ്വന്തം കുരിശു വഹിക്കാതെ എന്റെ പിന്നാലെ വരുന്നവന് എന്റെ ശിഷ്യനായിരിക്കാന്‍ കഴിയുകയില്ലെന്ന് ഗുരു അരുളിയത്. സ്വയം ഇഷ്ടമായി കുരിശു വഹിക്കണം. ആരുടെയും നിര്‍ബന്ധത്തിനു വഴങ്ങിയാകരുത്. സ്വന്തമായോ മറ്റുള്ളവര്‍ക്കുവേണ്ടിയോ കുരിശു വഹിക്കാന്‍ ശിഷ്യന് നിയോഗം ലഭിക്കും. പൂര്‍ണ്ണമായും ദൈവാശ്രയത്തോടെ അവയെ സ്വീകരിക്കണം. ആത്മവിശുദ്ധീകരണത്തിനും മറ്റുള്ളവരുടെ വിശുദ്ധിക്കും സൗഖ്യത്തിനും കുരിശുകള്‍ കാരണമാകും. അപ്പോള്‍ കുതറിമാറുന്നവന്‍ യാഥാര്‍ത്ഥ ശിഷ്യനല്ല. നിസ്സഹായത കൊണ്ട് ഏറ്റെടുക്കുന്നതാവരുത് കുരിശ്. രക്ഷപ്പെടാന്‍ എല്ലാ വഴികളുണ്ടായിട്ടും ദൈവഹിതമായി കരുതി അപരന്റെ രക്ഷയ്ക്കുവേണ്ടി കുരിശു സ്വീകരിച്ച ഗുരുവിന്റെ വഴികള്‍ പിന്തുടരണം.

കുരിശിനെ സ്‌നേഹത്തിന്റെ പ്രതീകമാക്കി; അതുകൊണ്ട് സന്തോഷത്തോടെ വഹിച്ചു. നിസ്വാര്‍ത്ഥസ്‌നേഹം ജീവിക്കുന്നവര്‍ക്കേ കുരിശ് തോളില്‍ വഹിക്കാനാകൂ. പരാതി കൂടാതെ സഹനങ്ങള്‍ സ്വീകരിക്കണമെങ്കില്‍ സ്‌നേഹം നിര്‍മ്മലവും ദൈവീകവുമാകണം. സ്‌നേഹിതനുവേണ്ടി ജീവനര്‍പ്പിക്കുന്നതിനെക്കാള്‍ വലിയ സ്‌നേഹമില്ലെന്നു പറഞ്ഞ് (യോഹ. 15:13) സ്വന്തം ജീവന്‍ നമുക്ക് തന്ന യേശുവിന്റെ സ്‌നേഹം നമ്മിലുണ്ടാകണം. അപ്പോള്‍ കാരണം കൂടാതെ ഏറ്റെടുക്കാം. സ്വയം ശുന്യവല്‍ക്കരിക്കുന്നതും അപരന്റെ വേദനകളില്‍ അവരോട് താദാത്മ്യപ്പെടുന്നതും ആത്മദാനപരമായ സ്‌നേഹമാണ്. മാതാപിതാക്കളും മക്കളും പരസ്പരവും അദ്ധ്യാപകന്‍ വിദ്യാര്‍ത്ഥികള്‍ക്കു വേണ്ടിയും, വൈദ്യന്‍ രോഗികള്‍ക്കു വേണ്ടിയും പുരോഹിതന്‍ ദൈവജനത്തിനു വേണ്ടിയും ത്യാഗങ്ങള്‍ ഏറ്റെടുക്കുന്നതിന് ഈ സ്‌നേഹം ആവശ്യമാണ്.

വ്യവസ്ഥകളില്ലാതെ തങ്ങളുടെ ഉത്തരവാദിത്വങ്ങള്‍ നിര്‍വ്വഹിക്കുന്ന ഉദ്യോഗസ്ഥരും ജനസേവകരും വിരളമാണിന്ന്. മറ്റുള്ളവരുടെ സഹനങ്ങളില്‍ അവരോട് പക്ഷംചേര്‍ന്ന് അവയുടെ തീവ്രത കുറയ്ക്കാതെ അവരുടെ നിസ്സഹായവസ്ഥയെ ചൂഷണം ചെയ്ത സ്വാര്‍ത്ഥലാഭം ലക്ഷ്യമാക്കുന്നവരുടെ സംഖ്യ വര്‍ദ്ധിക്കുന്നു. അതുകൊണ്ടാണ് സാമൂഹ്യക്ഷേമ പ്രവര്‍ത്തനങ്ങള്‍ പലപ്പോഴും അവ നടത്തുന്ന വ്യക്തികളുടെ ക്ഷേമപ്രവര്‍ത്തനങ്ങളാകുന്നത്. വൃദ്ധമാതാപിതാക്കളും ഉപേക്ഷിക്കപ്പെടുന്ന ബാല്യങ്ങളും അംഗവൈകല്യം സംഭവിച്ചവരും സവിശേഷമായി തോളില്‍ വഹിക്കേണ്ടവരാണെന്ന ചിന്ത അന്യമാകുന്നു. അവരെ ശുശ്രൂഷിക്കേണ്ടവര്‍ ബോധപൂര്‍വ്വം ഉത്തരവാദിത്വം മറ്റുള്ളവരില്‍ ഏല്പിച്ച് സ്വന്തം സുരക്ഷിതയിടങ്ങളില്‍ ഒതുങ്ങിക്കൂടുന്നു. അവരിലൂടെ തലമുറകളിലേയ്ക്ക് കൈമാറേണ്ട ദൈവനുഗ്രഹങ്ങള്‍ ലഭിക്കാതെ വരുന്നു.

ജീവിതത്തില്‍ ദൈവത്തിന് പ്രഥമസ്ഥാനം കൊടുക്കണം. കുരിശുകള്‍ രക്ഷയ്ക്കും സൗഖ്യത്തിനും പാപമോചനത്തിനുമുള്ള ദൈവത്തിന്റെ ദാനങ്ങളായി സ്വീകരിക്കണം. അവയെ സ്‌നേഹപൂര്‍വ്വം തോളില്‍ വഹിക്കണം. മറ്റുള്ളവരുടെ കുരിശിന്റെ ഭാരം സ്വന്തം ചുമലില്‍ ഏറ്റെടുത്ത് അവര്‍ക്ക് വിമോചനം നല്‍കണം. അങ്ങനെ കുരിശ് വഹിച്ച് കാല്‍വരിയിലേയ്ക്കു പോയ കര്‍ത്താവിനെ നമുക്കും അനുഗമിക്കാം.

പ്രാര്‍ത്ഥന

എന്റെ ഈശോയെ, ഞങ്ങളുടെ പാപഭാരമായ കുരിശ് അങ്ങ് തോളില്‍ വഹിച്ചല്ലോ. ഞങ്ങള്‍ ചെയ്യുന്ന പാപങ്ങള്‍ ഓരോന്നും ആ കുരിശിന്റെ ഭാരം കൂട്ടുകയാണെന്നറിയുന്നു. ഇനി മേലില്‍ പാപം ചെയ്യാതെ ജീവിക്കാന്‍ ഞങ്ങളെ അനുഗ്രഹിക്കണേ. സഹനങ്ങളാകുന്ന കുരിശുകളെ രക്ഷയ്ക്കുള്ള മാര്‍ഗ്ഗമായി കരുതി സ്‌നേഹത്തോടെ സ്വീകരിക്കാന്‍ ആവശ്യമായ ആത്മജ്ഞാനം നല്‍കണേ. അങ്ങയെപ്പോലെ സ്വാര്‍ത്ഥത വെടിഞ്ഞ് ദൈവഹിതത്തിനു വിധേയപ്പെടാന്‍ സഹായിക്കണേ. കുരിശിലെ ബലിയാല്‍ ഞങ്ങളെ വിശുദ്ധീകരിച്ച് സഹനത്തിന്റെ വേളകളില്‍ അസ്വസ്ഥരാകാതെ ഞങ്ങളുടെയും ലോകം മുഴുവന്റെയും                   പാപപരിഹാരങ്ങള്‍ക്കായി അവയെ സ്വീകരിക്കാന്‍ വരം നല്‍കി അനുഗ്രഹിക്കണമെയെന്ന് താഴ്മയോടെ അപേക്ഷിക്കുന്നു.

ഫാ. ഗീവര്‍ഗ്ഗീസ് വല്യചാങ്ങവീട്ടില്‍

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.