നോമ്പ് വിചിന്തനം 2: യേശു മരണത്തിനു വിധിക്കപ്പെടുന്നു

മനുഷ്യകുലത്തിന്റെ രക്ഷക്കുവേണ്ടിയുള്ള നമ്മുടെ കര്‍ത്താവിന്റെ ഈ ലോകത്തിലെ അവസാനയാത്രയുടെ ആരംഭമാണ് കുരിശിന്റെ വഴിയുടെ ഒന്നാംസ്ഥലം. പീലാത്തോസിന്റെ അരമനയില്‍ നിന്ന് കുരിശും വഹിച്ചുകൊണ്ട് ആരംഭിയ്ക്കുന്ന ആ യാത്ര ഗാഗുല്‍ത്താമലയുടെ മുകളില്‍ അവസാനിക്കുന്നു. വേദനാജനകമായ കുരിശിന്റെ വഴിയിലെ യാത്രയിലൂടെയാണ് മനുഷ്യകുലത്തിന്റെ രക്ഷയുടെ ചുരുളഴിയുന്നത്. പാപം ചെയ്തു ദൈവകൃപ നഷ്ടപ്പെടുത്തിയ മനുഷ്യന്‍ അതു നേടിയെടുക്കുന്നതിനുള്ള മാര്‍ഗ്ഗങ്ങളന്വേഷിച്ചു ചെന്നു നില്ക്കുന്നത് കുരിശിന്‍ ചുവട്ടിലാണ്. കുരിശുമരണത്തിലൂടെ യേശുക്രിസ്തു നമ്മുടെ പാപത്തിനു ശിക്ഷയേറ്റുവാങ്ങി പരിഹാരം ചെയ്തു ദൈവവുമായുള്ള നമ്മുടെ ബന്ധത്തെ പുന:സ്ഥാപിച്ചു. ”യേശു മരണത്തിനു വിധിക്കപ്പെടുന്ന” ഒന്നാം സ്ഥലത്തു നിന്നും ഒരു ക്രിസ്തീയ വിശ്വാസിയുടെ വികാര വിചാരങ്ങളോടെ അവിടുന്നു നടന്നുപോയ കുരിശിന്റെ വഴിയേ ധ്യാനാത്മകമായി നടക്കാന്‍ നമുക്കും പരിശ്രമിക്കാം.

സൃഷ്ടാവിനെ വിധിക്കുന്ന സൃഷ്ടി

നമ്മുടെ കര്‍ത്താവിന്റെ ഒന്നാമത്തെ വരവിന്റെ (മനുഷ്യാവതാരം) ലക്ഷ്യം മനുഷ്യകുലത്തിന്റെ രക്ഷയായിരുന്നു. എന്നാല്‍ രണ്ടാമത്തെ വരവ് ലോകത്തെ നീതിപൂര്‍വ്വം വിധിക്കുന്നതിനാണ്. രക്ഷകനെ ശിക്ഷയ്ക്കു വിധിക്കുകയെന്ന വിരോധാഭാസമാണ് പ്രധാന പുരോഹിതന്മാരും, പ്രമാണികളും ചേര്‍ന്ന് നടത്തുന്നത്. സെന്‍ഹെദ്രീന്റെ മുന്‍പില്‍ മനുഷ്യനാല്‍ വിധിക്കപ്പെടാനായി നിസ്സഹായനായി നില്ക്കുന്ന കര്‍ത്താവ് ലോകത്തെ നീതിയുക്തം വിധിക്കാനായി വീണ്ടും വരുമെന്ന് അവര്‍ക്കപ്പോള്‍ അറിയില്ലായിരുന്നു.

യേശുവിന്റെ ഗദ്‌സമേന്‍ തോട്ടത്തിലെ രക്തം വിയര്‍ത്തുള്ള പ്രാര്‍ത്ഥനയുടെ അവസാനമാണ് ദേവാലയസംരക്ഷകരായ റോമന്‍പടയാളികള്‍ ഒറ്റുകാരനായ യൂദാസിനെയും കൂട്ടിവന്ന് യേശുവിനെ ബന്ധിക്കുന്നത്. അവിടെനിന്നും യേശുവിനെ ”ക്രൂരനും, ക്ഷിപ്രകോപിയുമായ” പ്രധാന പുരോഹിതന്‍ അന്നാസിന്റെ ഭവനത്തില്‍ കൊണ്ടുവരുന്നു. രണ്ടു നീതിന്യായ വ്യവസ്ഥകളാല്‍ മൂന്നു പ്രാവശ്യം വീതം യേശു വിചാരണ ചെയ്യപ്പെടുന്നുണ്ട്.  മതപരമായ കുറ്റവിചാരണ നടത്തിയിരുന്ന യഹൂദന്മാരുടെ പരമോന്നത കോടതിയായ സെന്‍ഹെദ്രീനും, മരണാര്‍ഹമായ ശിക്ഷകളും രാജ്യദ്രോഹക്കുറ്റങ്ങളും വിചാരണ ചെയ്തിരുന്ന റോമന്‍ ഭരണാധിപന്മാരുടെ കോടതിയും.  ഒന്നാമത്തെ വിചാരണ അന്നാസിന്റെയും, പിന്നീട് കയ്യാഫാസിന്റെയും, അവസാനം സെന്‍ഹെദ്രീന്റെയും മുന്‍പില്‍ നടക്കുന്നു. രണ്ടാമത്തേത് പീലാത്തോസിന്റെയും, ഹേറോദേസിന്റെയും, വീണ്ടും പീലാത്തോസിന്റെയും മുന്‍പിലാണു നടക്കുന്നത്.

എല്ലാ നിയമങ്ങളും ലംഘിച്ചുള്ള വിധി

യേശു മരിക്കണമെന്ന് പ്രധാന പുരോഹിതന്‍മാരും, പ്രമാണിമാരും, നിയമജ്ഞരും മുന്‍കൂട്ടി തീരുമാനിച്ച തിരക്കഥ ആയതിനാല്‍ ഇപ്പോള്‍ നടക്കുന്ന വിചാരണ ഒരു പ്രഹസനം മാത്രമായിരുന്നു. തങ്ങളുടെ തെറ്റായ തീരുമാനങ്ങള്‍ക്ക് നിയമത്തിന്റെ പിന്‍ബലമുണ്ടെന്ന് വരുത്തിത്തീര്‍ക്കാനുള്ള ഒരു പരിശ്രമം മാത്രമായിരുന്നു അത്. യഹൂദനിയമത്തിന്റെ നഗ്മമായ ലംഘനങ്ങളുടെ പരിസമാപ്തിയായിരുന്നു കര്‍ത്താവിനെ കുരിശില്‍ തറയ്ക്കാനുള്ള വിധി.

1. ഒരാളെ തെറ്റുകാരനെന്ന് വിധിക്കണമെങ്കില്‍ – പ്രത്യേകിച്ചും മരണാര്‍ഹനെന്ന് – കുറഞ്ഞത് രണ്ടു സാക്ഷികളെങ്കിലും ഉണ്ടായിരിക്കണം (നിയമാ. 19:15; സംഖ്യ 11:15-17; 12: 38-40). ഒരു സങ്കീര്‍ത്തനവാചകം യേശുവില്‍ ഇവിടെ പൂര്‍ത്തീകരിക്കപ്പെടുന്നു: ”നീച സാക്ഷികള്‍ എഴുന്നേല്‍ക്കുന്നു, ഞാന്‍ അറിയാത്ത കാര്യങ്ങള്‍ അവര്‍ എന്നോടു ചോദിക്കുന്നു. നന്മയ്ക്കു പ്രതിഫലമായി അവര്‍ എനിക്കു തിന്മ തരുന്നു. ഞാന്‍ നിസഹായനായിരിക്കുന്നു” (സങ്കീ. 35:11-12). യേശുവിനെതിരെ അവര്‍ക്കു സാക്ഷികളില്ലായിരുന്നു.

2. രാത്രിയിലുള്ള നിയമ നടപടികള്‍ യഹൂദനിയമം വിലക്കിയിരുന്നു. രാവിലെയുള്ള ബലിയര്‍പ്പണത്തിനുശേഷം വൈകുന്നേരത്തെ ബലിയര്‍പ്പണത്തിനു മുന്‍പായി കോടതി നടപടികള്‍ പൂര്‍ത്തിയായിരിക്കണം. ഏകവിധി കര്‍ത്താവ് ദൈവം മാത്രമാണ്. കയ്യാഫാസ് ഏകനായി രാത്രിയില്‍ രഹസ്യമായി നടത്തുന്ന വിധി ദൈവത്തിന്റെ അധികാരത്തിലുള്ള കൈകടത്തലാണ്. യേശുവിന്റെ വിചാരണ രാത്രിയിലായിരുന്നു.

3. സാബത്തു ദിവസത്തിനു മുന്‍പുള്ള ദിവസം, പ്രത്യേകിച്ചും പെസഹാതിരുനാളിന്റെ സമയം ഒരുക്കത്തിന്റെ സമയമാണ്. അങ്ങനെയുള്ള അവസരങ്ങളില്‍ കോടതി നടപടികള്‍ പാടില്ല. കോടതി കൂടാന്‍ പാടില്ലാത്ത സമയത്താണു യേശുവിന്റെ വിചാരണ.

4. മരണാര്‍ഹമായ ശിക്ഷ ഒരു ദിവസത്തെ കോടതി നടപടികളിലൂടെ വിധിക്കാന്‍ നിയമം അനുവദിച്ചിരുന്നില്ല. യേശുവിന്റെ വിചാരണയും, വിധിയും ഒറ്റ ദിവസം കൊണ്ട് സംഭവിച്ചു.

”ഒരാള്‍ എല്ലാവരുടെയും പാപത്തിനായി മരിക്കുക”

പ്രധാന പുരോഹിതനായ കയ്യാഫാസ് അസാധാരണമായ ഒരു പ്രവചനം നടത്തുന്നു. ”ജനം മുഴുവന്‍ നശിക്കാതിരിക്കാനായി അവര്‍ക്കുവേണ്ടി ഒരുവന്‍ മരിക്കുന്നത് യുക്തമാണ് (യോഹ. 11:50). അതുവരെ ഭയചകിതരായിരുന്ന, തീരുമാനമെടുക്കാന്‍ വിഷമിച്ചിരുന്ന, അവര്‍ക്ക് ഒരു വെളിച്ചം പോലെയായിരുന്നു ഈ പ്രസ്താവന. അശുദ്ധനായ ഒരാള്‍ വിശുദ്ധമായ ഒരു സ്ഥാനത്തിരുന്നുകൊണ്ട് തെറ്റായ ലക്ഷ്യത്തോടെയാണെങ്കിലും ഒരു നിത്യസത്യം വെളിപ്പെടുത്തുന്നു. യേശുവിന്റെ മരണമല്ലാതെ മനുഷ്യകുലത്തിനു രക്ഷ പ്രാപിക്കാന്‍ മറ്റൊരു മാര്‍ഗ്ഗമില്ല. സ്വന്തം മരണത്തിലൂടെ നമ്മുടെയെല്ലാം മരണം ഏറ്റെടുത്തു അവിടുന്നു നമുക്കു നിത്യജീവന്‍ നല്കി. യേശുവിന്റെ മരണം നമ്മുടെയെല്ലാം പാപത്തിനു പരിഹാരമായിത്തീര്‍ന്നു. നമ്മുടെ സ്ഥാനത്തു നമ്മുടെ പാപങ്ങള്‍ക്കു കുരിശില്‍ പീഢയേറ്റെടുത്ത കര്‍ത്താവിനു നമ്മോടുള്ള സ്‌നേഹം കാണിക്കാന്‍ ഇതിനേക്കാള്‍ വലിയ മാര്‍ഗ്ഗം എന്താണുള്ളത്.  ഏശയ്യാ പ്രവാചകന്‍ ഇതു മുന്‍കൂട്ടി പ്രവചിച്ചിരിക്കുന്നു: ”ആടുകളെപ്പോലെ നാം വഴിതെറ്റിപ്പോയി. നാമോരോരുത്തരും സ്വന്തം വഴിക്കുപോയി. നമ്മുടെ അകൃത്യങ്ങള്‍ കര്‍ത്താവ് അവന്റെ മേല്‍ ചുമത്തി” (ഏശയ്യാ 53:6).

യേശു പീലാത്തോസിന്റെ മുന്‍പില്‍

യഹൂദ നീതിന്യായക്കോടതി ദൈവദൂഷണക്കുറ്റം ആരോപിച്ച് യേശുവിനെ മരണശിക്ഷയ്ക്കു വിധിക്കുന്നു. എന്നാല്‍ ഈ വിധി നടപ്പാക്കാനുള്ള അധികാരം റോമന്‍ ചക്രവര്‍ത്തിയുടെ പ്രതിനിധിയായ പീലാത്തോസിനായിരുന്നു. ”ദൈവദൂഷണം” എന്ന കുറ്റം അവിടെ ഏശുകയില്ലെന്നറിഞ്ഞിട്ടാണ് യേശു തന്നെത്തന്നെ രാജാവാക്കാന്‍ ശ്രമിക്കുന്നുവെന്ന് പറയേണ്ടിവന്നത്. അത്തരം ചിന്തകള്‍ റോമിനെതിരെയുള്ള രാജ്യദ്രോഹക്കുറ്റമാണ്. എന്നാല്‍ പീലാത്തോസ് യേശുവില്‍ ആരോപിക്കപ്പെട്ട കുറ്റം മരണാര്‍ഹമല്ലെന്നു വിധിക്കുന്നു. അതുകൊണ്ടാണ് എല്ലാ പെസഹാതിരുനാളിലും ചെയ്യുന്നതുപോലെ ഒരു കുറ്റവാളിയെ മോചിപ്പിക്കാമെന്നും, അതു യേശുവായിക്കൂടെയെന്നും പീലാത്തോസ് ചോദിക്കുന്നത്. എന്നാല്‍ കുറ്റമില്ലാത്തവനായ യേശുവിനു പകരം കൊലപാതകിയായ ബറബാസിനെ തിരഞ്ഞെടുത്തുകൊണ്ട് അവര്‍ വീണ്ടും തെറ്റു ചെയ്തു. ഇവിടെയും ചെറിയൊരു വിരോധാഭാസം നമുക്കു കാണാം – ബറബാസ് എന്ന വാക്കിന്റെ അര്‍ത്ഥം ”പിതാവിന്റെ പുത്രന്‍” എന്നാണ്. പിതാവിന്റെ യഥാര്‍ത്ഥ പുത്രനായ ക്രിസ്തുവിനു പകരം ”വ്യാജനായ” ബറബാസിനെ ജനം തിരഞ്ഞെടുക്കുന്നു. അതുകൊണ്ടാണ് സത്യത്തിന്റെ മുന്‍പില്‍ കൈകഴുതി ”ഇതാ നിങ്ങളുടെ രാജാവ്” (യോഹ. 19:14) എന്നു പറഞ്ഞുകൊണ്ട് യേശുവിനെ കുരിശുമരണത്തിനായി പീലാത്തോസ് വിധിക്കുന്നത്.

വിശുദ്ധ പടവുകള്‍

നമ്മുടെ കര്‍ത്താവു വിചാരണ ചെയ്യപ്പെട്ട, പീലാത്തോസിന്റെ അരമനയിലെ പ്രിത്തോറിയത്തിലേയ്ക്കുള്ള മാര്‍ബിള്‍ പടവുകള്‍ 4-ാം നൂറ്റാണ്ടില്‍ കോണ്‍സ്റ്റെന്റ്റെന്‍ ചക്രവര്‍ത്തിയുടെ അമ്മയായ വി. ഹെലനാ രാജ്ഞി വീണ്ടെടുത്ത് റോമില്‍ കൊണ്ടുവന്നു. യേശുവിന്റെ പാദസ്പര്‍ശം ഏറ്റുവെന്നു കരുതപ്പെടുന്ന 28 മാര്‍ബിള്‍ പടവുകള്‍ റോമിലെ ലാറ്ററന്‍ ബസിലിക്കായോടു ചേര്‍ന്നുള്ള മാര്‍പാപ്പാമാരുടെ ചാപ്പലിലേയ്ക്കുള്ള പ്രധാന വഴിയിലാണ് സ്ഥാപിച്ചിരിക്കുന്നത്. ഇന്ന് അതിന്റെ മുകളില്‍ തടി കൊണ്ടുള്ള ഒരു ആവരണവുമുണ്ട്. നമ്മുടെ കര്‍ത്താവിന്റെ ശരീരത്തില്‍ നിന്നും രക്തത്തുള്ളികള്‍ വീണെന്നു കരുതപ്പെടുന്ന ഈ അതിവിശുദ്ധ പടവുകള്‍ പ്രാര്‍ത്ഥനചൊല്ലി മുട്ടിന്‍മേല്‍ നിരങ്ങി കയറുന്നതിന് നൂറുകണക്കിനു വിശ്വാസികള്‍ ഇവിടെ എത്താറുണ്ട്.

വിചിന്തനം

നമ്മുടെ കര്‍ത്താവ് മരണത്തിനു വിധിക്കപ്പെട്ടു. ഒരു തരത്തില്‍ എന്റെ പാപങ്ങള്‍ തന്നെയല്ലേ അവിടുത്തെ കുരിശിലേറ്റിയത്. കുറ്റമില്ലാത്തവന്‍ കുറ്റക്കാരനെപോലെ വിധിക്കപ്പെട്ടു. ”അവനെ ക്രൂശിക്കുക” എന്ന ജനക്കൂട്ടത്തിന്റെ ആരവം ഞാന്‍ തെറ്റു ചെയ്യുമ്പോഴെല്ലാം ആവര്‍ത്തിക്കപ്പെടുകയല്ലേ ചെയ്യുന്നത്. അതുപോലെതന്നെ ഇന്ന് അന്യായമായി വിധിക്കപ്പെടുന്ന അനേകര്‍ നമുക്കു ചുറ്റും ഉണ്ട്. തെറ്റു ചെയ്യാത്തവര്‍ക്ക് ഒന്നിനെയും ഭയപ്പെടേണ്ടതില്ല. പക്ഷേ ഒരു തെറ്റും ചെയ്യാതെ കുറ്റക്കാരായി വിധിക്കപ്പെടുന്ന അനേകര്‍ നമുക്കു ചുറ്റും ഉണ്ട്. അങ്ങനെ സഹിക്കുന്നവര്‍ തങ്ങളുടെ സഹനങ്ങളെ കര്‍ത്താവിന്റെ കുരിശിനോടു ചേര്‍ത്തു വയ്ക്കുമ്പോള്‍ അതു പുണ്യമായി മാറും. അതുകൊണ്ട് കര്‍ത്താവിന്റെ കുരിശുമരണത്തിന്റെ അര്‍ത്ഥം നമുക്കു മനസിലായിട്ടില്ലെങ്കില്‍ നാം ഇനിയും ക്രിസ്ത്യാനി ആയിട്ടില്ലെന്നു വേണം കരുതാന്‍.

പ്രാര്‍ത്ഥന

കര്‍ത്താവേ, ഈ കുരിശിന്റെ വഴിയില്‍ എന്റെ ജീവിതത്തിലെ കുരിശുമെടുത്തു അങ്ങയെ ഞാന്‍ അനുധാവനം ചെയ്യുന്നു. സ്‌നേഹിച്ച ശിഷ്യന്മാര്‍ ഓടിയൊളിച്ചതും, സ്വന്തം ജനം ”അവനെ ക്രൂശിക്കുക” എന്ന് ആര്‍ത്തുവിളിച്ചതും, ജനക്കൂട്ടം അങ്ങയെ പരിഹസിച്ചതുമെല്ലാം പരാതിയൊന്നും കൂടാതെ എനിക്കുവേണ്ടി, എന്റെ പാപങ്ങള്‍ക്കുവേണ്ടി അവിടുന്ന് ഏറ്റെടുത്തുവല്ലോ! എങ്കിലും എത്രയോ തവണ അങ്ങയുടെ സ്‌നേഹഹൃദയത്തെ എന്റെ പാപങ്ങളാല്‍ ഞാന്‍ വീണ്ടും, വീണ്ടും വേദനിപ്പിക്കുന്നു. അങ്ങയെ തള്ളിപ്പറഞ്ഞ പത്രോസിനെ അവിടുന്നു കരുണയോടെ നോക്കിയല്ലോ? ആ കരുണാര്‍ദ്രമായ നോട്ടം അവനെ അനുതാപത്താല്‍ കരയിച്ചുവല്ലോ.  അവിടുന്ന് എന്നെയും അലിവോടെ കടാക്ഷിക്കേണമേ. പത്രോസിനെപ്പോലെ ഞാനും ഉള്ളുരുകി കരയട്ടെ, അങ്ങിലേയ്ക്കു വീണ്ടും തിരികെവരട്ടെ! ഇന്നത്തെ ലോകത്തില്‍ എനിക്കു ചുറ്റുമുള്ള വേദനിക്കുന്നവരുടെയും, പരിത്യക്തരുടെയും മുഖത്ത് അവിടുത്തെ മുഖം ഞാന്‍ ദര്‍ശിക്കട്ടെ.  എന്റെ കുരിശിനെ ഉപേക്ഷിച്ചോടാതെ, അതെടുത്തുകൊണ്ട് അങ്ങയെ അനുധാവനം ചെയ്യാന്‍ എന്നെ പ്രാപ്തനാക്കണമേ. വീണവനായ എനിക്കു വീണ്ടും എഴുന്നേറ്റു നടക്കാന്‍ അവിടുത്തെ ബലമുള്ള കരം നീട്ടിത്തന്ന് സഹായിക്കണമേ. ആമ്മേന്‍.

ഫാ. മാത്യു ചാര്‍ത്താക്കുഴിയില്‍

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.