കുരിശിന്റെ വഴി

(പീഠത്തിന്‍ മുമ്പാകെ മുട്ടുകുത്തി)

ദിവ്യ ഈശോയെ, നിന്റെ ഈ കുരിശിന്റെ വഴി കഴിക്കുന്നവര്‍ക്ക് ലഭിക്കാവുന്ന ദണ്ഡവിമോചനങ്ങള്‍ ഞങ്ങള്‍ക്കും മരിച്ചവര്‍ക്കും നല്‍കേണമെ.

പരിശുദ്ധ ദൈവമാതാവേ, നിന്റെ തിരുക്കുമാരന്റെ തിരുമുറിവുകളെ എന്റെ ഹൃദയത്തില്‍ പതിച്ചരുളേണമെ.

(ഓരോ സ്ഥലത്തും ആദ്യം ചൊല്ലേണ്ടത്)

കാര്‍മ്മി. ഈശോമിശാഹായെ, നിന്നെ ഞങ്ങള്‍ ആരാധിച്ച് നിനക്ക് ഞങ്ങള്‍ സ്‌തോത്രം ചെയ്യുന്നു.

സമൂ. അതെന്തുകൊണ്ടെന്നാല്‍, നിന്റെ വിശുദ്ധ കുരിശാല്‍ ലോകത്തെ നീ വീണ്ടുകൊണ്ടു.

(ഓരോ സ്ഥലത്തും അവസാനം ചൊല്ലേണ്ടത്)

കാര്‍മ്മി. കര്‍ത്താവേ, അനുഗ്രഹിക്കേണമെ.

സമൂ. അനുഗ്രഹിക്കേണമെ. പരിശുദ്ധ മാതാവേ, നിന്റെ തിരുക്കുമാരന്റെ തിരുമുറിവുകളെ എന്റെ ഹൃദയത്തില്‍ പതിപ്പിച്ചുറപ്പിക്കേണമെ.

ഒന്നാം സ്ഥലം: ഈശോമിശിഹായെ മരണത്തിനു വിധിക്കുന്നു.

ഈശോമിശിഹായെ, നിന്നെ ഞങ്ങള്‍… ശേഷവും

ജപം

ദിവ്യ ഈശോയെ, അന്യായമായ മരണശിക്ഷയ്ക്ക് നീ വിധിക്കപ്പെട്ടതിനെക്കുറിച്ച് നിത്യ നരകവിധിയില്‍ നിന്ന് ഞങ്ങളെ രക്ഷിച്ചുകൊള്ളേണമെ. (1 സ്വർഗ്ഗ. 1 നന്മ.)

കര്‍ത്താവേ, അനുഗ്രഹിക്കേണമെ… ശേഷവും

രണ്ടാം സ്ഥലം: ഈശോമിശിഹാ കുരിശ് ചുമക്കുന്നു

ഈശോമിശിഹായെ, നിന്നെ ഞങ്ങള്‍… ശേഷവും

ജപം

ദിവ്യ ഈശോയെ, ഞങ്ങളുടെ പാപങ്ങളാല്‍ ഉണ്ടാക്കപ്പെട്ട കുരിശുമരണത്തെ സന്തോഷത്തോടെ നീ കൈക്കൊണ്ടുവല്ലോ. ദുഃഖസങ്കടമാകുന്ന കുരിശുകളെ നിന്റെ തൃക്കൈകളില്‍ നിന്ന് നല്ല മനസ്സോടെ ഞങ്ങള്‍ കൈക്കൊള്ളാന്‍ മനോഗുണം ചെയ്യേണമെ. (1 സ്വർഗ്ഗ. 1 നന്മ.)

കര്‍ത്താവേ, അനുഗ്രഹിക്കേണമെ… ശേഷവും

മൂന്നാം സ്ഥലം: ഈശോമിശിഹാ കുരിശ് ചുമന്നുകൊണ്ട് കമിഴ്ന്നു വീഴുന്നു

ഈശോമിശിഹായെ, നിന്നെ ഞങ്ങള്‍… ശേഷവും

ജപം

ദിവ്യ ഈശോയെ, ഞങ്ങളുടെ പാപങ്ങളുടെ ഭാരം നിന്നെ നിലത്തു വീഴിച്ചുവല്ലോ. ഞങ്ങളും പാപത്തില്‍ വീണുപോയാല്‍ മൂര്‍ഖതയോടെ അതില്‍ നിലനില്‍ക്കാതെ ഉടനെ വിട്ടുമാറുവാന്‍ കൃപ ചെയ്യേണമെ. (1 സ്വർഗ്ഗ. 1 നന്മ.)

കര്‍ത്താവേ, അനുഗ്രഹിക്കേണമെ… ശേഷവും

നാലാം സ്ഥലം: ഈശോമിശിഹാ തന്റെ പരിശുദ്ധ മാതാവ് എതിരെ വരുന്നതിനെ കാണുന്നു

ഈശോമിശിഹായെ, നിന്നെ ഞങ്ങള്‍… ശേഷവും

ജപം

സ്‌നേഹം നിറഞ്ഞ ഈശോയെ, അങ്ങേ പരിശുദ്ധ മാതാവ് എതിരെ വരുന്നതിനെ കണ്ടപ്പോള്‍ പറഞ്ഞൊപ്പിക്കാവതല്ലാത്ത വ്യാകുലം നിങ്ങള്‍ അനുഭവിച്ചുവല്ലോ. ഞങ്ങളുടെ മരണനേരത്തില്‍ വ്യാകുലമാതാവിന്റെ സഹായം ഞങ്ങള്‍ക്ക് തന്നരുളേണമെ. (1 സ്വർഗ്ഗ. 1 നന്മ.)

കര്‍ത്താവേ, അനുഗ്രഹിക്കേണമെ… ശേഷവും

അഞ്ചാം സ്ഥലം: ഈശോമിശിഹാ കുരിശ് ചുമന്നുകൊണ്ട് പോകയില്‍ ശെമയോന്‍ എന്ന മഹാത്മാവ് സഹായിക്കുന്നു

ഈശോമിശിഹായെ, നിന്നെ ഞങ്ങള്‍… ശേഷവും

ജപം

പ്രിയ ഈശോയെ, നിന്റെ കുരിശിനെ ചുമക്കുന്നതിന് ശെമയോന്‍ എന്നയാള്‍ സഹായിച്ചതിനെ ഓര്‍ത്ത് ദുഃഖസങ്കടങ്ങളായ കുരിശുകളെ ക്ഷമയോടെ ചുമപ്പാന്‍ ഞങ്ങളെയും സഹായിക്കേണമെ. (1 സ്വർഗ്ഗ. 1 നന്മ.)

കര്‍ത്താവേ, അനുഗ്രഹിക്കേണമെ… ശേഷവും

ആറാം സ്ഥലം: വിശുദ്ധ വേറോനിക്കാ കര്‍ത്താവിന്റെ തിരുമുഖം തുടയ്ക്കുന്നു

ഈശോമിശിഹായെ, നിന്നെ ഞങ്ങള്‍… ശേഷവും

ജപം

സ്‌നേഹം നിറഞ്ഞ രക്ഷിതാവേ, വേറോനിക്കാ എന്ന സ്ത്രീ നിനക്കു ചെയ്ത സഹായത്തിന് നീ പ്രതിനന്ദി കാണിച്ചുവല്ലോ. മുഖദാക്ഷിണ്യം കൂടാതെ പുണ്യവഴിയില്‍ നടപ്പാന്‍ ഞങ്ങള്‍ക്ക് ധൈര്യം തരേണമെ. (1 സ്വർഗ്ഗ. 1 നന്മ.)

കര്‍ത്താവേ, അനുഗ്രഹിക്കേണമെ… ശേഷവും

ഏഴാം സ്ഥലം: ദിവ്യരക്ഷിതാവ് രണ്ടാം പ്രാവശ്യവും കുരിശിനോടുകൂടെ കമിഴ്ന്നു വീഴുന്നു

ഈശോമിശിഹായെ, നിന്നെ ഞങ്ങള്‍… ശേഷവും

ജപം

ദിവ്യ ഈശോയെ, അങ്ങുന്ന് കുരിശിനോടുകൂടി രണ്ടാമതും നിലത്തുവീണതിനെക്കുറിച്ച്, ഞങ്ങള്‍ വീണ്ടും പാപത്തില്‍ വീഴാതിരിപ്പാന്‍ മനോഗുണം ചെയ്യേണമെ. (1 സ്വർഗ്ഗ. 1 നന്മ.)

കര്‍ത്താവേ, അനുഗ്രഹിക്കേണമെ… ശേഷവും

എട്ടാം സ്ഥലം: ഈശോമിശിഹാ ഓര്‍ശ്ലെമിലെ സ്ത്രീകളെ ആശ്വസിപ്പിക്കുന്നു

ഈശോമിശിഹായെ, നിന്നെ ഞങ്ങള്‍… ശേഷവും

ജപം

കരുണ നിറഞ്ഞ ഈശോ തമ്പുരാനെ, നിന്നെ നോക്കി കരഞ്ഞ ഓര്‍ശ്ലെമിലെ സ്ത്രീകളെ നീ ആശ്വസിപ്പിച്ചുവല്ലോ. ഞങ്ങള്‍ ചെയ്തുപോയ പാപങ്ങളിന്മേല്‍ മനസ്താപപ്പെട്ട് കരയുവാന്‍ ഞങ്ങള്‍ക്ക് മനോഗുണം ചെയ്യേണമെ. (1 സ്വർഗ്ഗ. 1 നന്മ.)

കര്‍ത്താവേ, അനുഗ്രഹിക്കേണമെ… ശേഷവും

ഒന്‍പതാം സ്ഥലം: ഈശോമിശിഹാ മൂന്നാംവട്ടം കമിഴ്ന്നു വീഴുന്നു

ഈശോമിശിഹായെ, നിന്നെ ഞങ്ങള്‍… ശേഷവും

ജപം

അനുഗ്രഹമുള്ള രക്ഷിതാവേ, ഞങ്ങളുടെ പാപങ്ങളുടെ വലിയ ഭാരം നിന്നെ മൂന്നാമതും നിലത്തടിച്ചു വീഴിച്ചുവല്ലോ. ഞങ്ങള്‍ ചാവുദോഷത്തോടു കൂടി മരിച്ച് നിത്യനരകത്തില്‍ വീഴാതിരിക്കുന്നതിന് കൃപ ചെയ്യേണമെ. (1 സ്വർഗ്ഗ. 1 നന്മ.)

കര്‍ത്താവേ, അനുഗ്രഹിക്കേണമെ… ശേഷവും

പത്താം സ്ഥലം: ദിവ്യരക്ഷിതാവിന്റെ വസ്ത്രങ്ങള്‍ ഉരിഞ്ഞ് തന്നെ കൈപ്പ് കുടിപ്പിക്കുന്നു

ഈശോമിശിഹായെ, നിന്നെ ഞങ്ങള്‍… ശേഷവും

ജപം

സ്‌നേഹം നിറഞ്ഞ ഈശോ കര്‍ത്താവേ, നിന്റെ തിരുവസ്ത്രങ്ങള്‍ ഉരിഞ്ഞെടുത്ത് ശത്രക്കള്‍ നിന്നെ കൈപ്പുനീര്‍ കുടിപ്പിച്ചുവല്ലോ. ഭക്ഷണപ്രിയവും മാംസേച്ഛയും വഴിയായി ഇഷ്ടപ്രസാദത്തിന്റെ വസ്ത്രം നഷ്ടമാകാതിരിക്കാന്‍ മനോഗുണം ചെയ്യേണമെ. (1 സ്വർഗ്ഗ. 1 നന്മ.)

കര്‍ത്താവേ, അനുഗ്രഹിക്കേണമെ… ശേഷവും

പതിനൊന്നാം സ്ഥലം: ദിവ്യരക്ഷിതാവ് കുരിശില്‍ തറയ്ക്കപ്പെടുന്നു

ഈശോമിശിഹായെ, നിന്നെ ഞങ്ങള്‍… ശേഷവും

ജപം

എന്റെ പ്രിയമുള്ള രക്ഷിതാവേ, നീ ആണികളാല്‍ കഠിനമായി കുരിശിന്മേല്‍ തറയ്ക്കുപ്പെട്ടുവല്ലോ! ഞാനും എന്റെ പാപങ്ങള്‍ക്ക് കാരണമായ ദുഷ്ടശരീരത്തെ അമര്‍ത്തി ജീവിപ്പാന്‍ മനോഗുണം ചെയ്യേണമേ. (1 സ്വർഗ്ഗ. 1 നന്മ.)

കര്‍ത്താവേ, അനുഗ്രഹിക്കേണമെ… ശേഷവും

പന്ത്രണ്ടാം സ്ഥലം: ഈശോമിശിഹാ കുരിശിന്മേല്‍ തൂങ്ങി മരിക്കുന്നു

ഈശോമിശിഹായെ, നിന്നെ ഞങ്ങള്‍… ശേഷവും

ജപം

പക്ഷം നിറഞ്ഞ എന്റെ ഈശോയെ, നീ എനിക്കായി കുരിശിന്മേല്‍ ജീവന്‍ വെടിഞ്ഞതിനെ കുറിച്ച് അന്ത്യം വരെ നിന്റെ ഇഷ്ടത്തില്‍ നിലനിന്ന് യോഗ്യമായി മരിപ്പാന്‍ എനിക്ക് കൃപ ചെയ്യേണമേ. (1 സ്വർഗ്ഗ. 1 നന്മ.)

കര്‍ത്താവേ, അനുഗ്രഹിക്കേണമെ… ശേഷവും

പതിമൂന്നാം സ്ഥലം: ഈശേമിശിഹായുടെ തിരുമേനി കുരിശില്‍ നിന്നിറക്കി തന്റെ തിരുമാതാവിന്റെ മടിയില്‍ കിടത്തുന്നു

ഈശോമിശിഹായെ, നിന്നെ ഞങ്ങള്‍… ശേഷവും

ജപം

വ്യാകുലം നിറഞ്ഞ മാതാവേ, നിന്റെ തിരുക്കുമാരന്റെ തിരുമേനി നിന്റെ മടിയില്‍ കിടത്തപ്പെട്ടപ്പോള്‍ നീ വാക്കിലടങ്ങാത്ത വ്യാകുലം അനുഭവിച്ചുവല്ലോ! പ്രിയമുള്ള മാതാവേ, നിന്റെ വ്യാകുലവും ഈശോയുടെ പീഡാനുഭവവും എന്റെ ഹൃദയത്തില്‍ ആഴമായി പതിച്ചരുളേണമെ. (1 സ്വർഗ്ഗ. 1 നന്മ.)

കര്‍ത്താവേ, അനുഗ്രഹിക്കേണമെ… ശേഷവും

പതിനാലാം സ്ഥലം: ഈശോമിശിഹായുടെ തിരുശരീരം കല്ലറയില്‍ അടക്കപ്പെടുന്നു

ഈശോമിശിഹായെ, നിന്നെ ഞങ്ങള്‍… ശേഷവും

ജപം

സ്‌നേഹമുള്ള ഈശോയെ, നിന്റെ ശരീരം കല്ലറയില്‍ അടക്കപ്പെട്ടുവല്ലോ. ഞാനും ഇഹലോകത്തിന് മരിച്ചവനെപ്പോലെ അടക്കമൊതുക്കത്തോടെ ജീവിപ്പാന്‍ അനുഗ്രഹം ചെയ്യേണമേ. (1 സ്വർഗ്ഗ. 1 നന്മ.)

കര്‍ത്താവേ, അനുഗ്രഹിക്കേണമെ… ശേഷവും

പ്രാര്‍ത്ഥിക്ക

നിന്റെ തിരുക്കുമാരന്റെ കുരിശ് വഴിയായി ലോകത്തെ രക്ഷിച്ച സര്‍വ്വേശ്വരാ, ആ കുരിശുമരണത്തില്‍ സന്തോഷിക്കുന്നവരെല്ലാവരും രക്ഷയുടെ ഫലത്തെ അനുഭവിപ്പാന്‍ കൃപ ചെയ്യേണമെ. (1 സ്വർഗ്ഗ. 1 നന്മ. 1 ത്രി.)

ഫാ. മാത്യു ആലക്കളം mcbs