യേശുവിനെ കണ്ടുമുട്ടുന്ന സമയത്ത് വിശുദ്ധ പത്രോസ് വിവാഹിതനായിരുന്നോ?

    യേശുവിനെ കണ്ടുമുട്ടുന്നതിന് മുമ്പ് ശ്ലീഹന്മാരുടെ ജീവിതം എങ്ങനെയായിരുന്നു എന്നതിന് ബൈബിളിൽ അധികം വിശദീകരണങ്ങളില്ല. എന്നാൽ ഒരു കാര്യം ഉറപ്പാണ്, വിശുദ്ധ പത്രോസ് ശ്ലീഹാ വിവാഹിതനായിരുന്നു. വിശുദ്ധ മത്തായിയുടെ സുവിശേഷത്തിൽ അക്കാര്യം വ്യക്തമാക്കുന്നുണ്ട്. യേശു ഒരിക്കൽ പത്രോസിന്റെ വീട്ടിലെത്തിയപ്പോൾ അദ്ദേഹത്തിന്റെ അമ്മായിയമ്മ പനി പിടിച്ചു കിടക്കുന്നത് കാണുന്നതും യേശു അവരെ സുഖപ്പെടുത്തുന്നതും.

    പത്രോസ് വിവാഹിതനായിരുന്നു എന്നാണല്ലൊ ഇത് നൽകുന്ന സൂചന. അതേസമയം പത്രോസിന്റെ ഭാര്യയെക്കുറിച്ച് വിശുദ്ധ ഗ്രന്ഥത്തിൽ വിശദീകരണം ഒന്നുമില്ല താനും. താൻ മാത്രമാണ് ആ വീട്ടിലെ ഏക സ്ത്രീസാന്നിധ്യം എന്ന രീതിയിലാണ് പത്രോസിന്റെ അമ്മായിയമ്മ യേശുവിനെയും കൂടെയെത്തിയവരെയും പരിചരിക്കുന്നതായി കാണുന്നതും. അപ്പോഴും പത്രോസിന്റെ ഭാര്യ എവിടെ എന്ന ചോദ്യമാണ് ഉയരുന്നത്.

    പഴയകാല സഭാ പിതാക്കന്മാരിൽ ചിലർ പറയുന്നത് പത്രോസ് യേശുവിനെ കണ്ടുമുട്ടുന്നതിന് മുമ്പ് അവർ മരിച്ചിരുന്നു, അതുകൊണ്ടാണ് ബൈബിളിൽ ഒരിടത്തും അവരെക്കുറിച്ച് പ്രതിപാദിക്കാത്തതും എന്നാണ്. പത്രോസിന് മറ്റു തടസങ്ങളൊന്നും ഉണ്ടാവാതെ സഭാ തലവനാകാൻ സാധിച്ചത് അതുകൊണ്ടാണെന്നും അവർ വാദിക്കുന്നു.

    ചിലർ പറയുന്നത്, അവർ ജീവിച്ചിരുന്നിരുന്നുവെന്നും പത്രോസിനൊപ്പം റോമിലേയ്ക്കും മറ്റും യാത്രകൾ നടത്തിയിരുന്നുവെന്നും പിന്നീട് അദ്ദേഹത്തോടൊപ്പം തന്നെ രക്തസാക്ഷിത്വം വരിക്കുകയായിരുന്നു എന്നുമാണ്.

    വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.