ദീർഘായുസ്സും സന്തോഷവുമുള്ള ജീവിതം നയിക്കണോ? ഇക്കാര്യങ്ങൾ ശ്രദ്ധിക്കൂ…

അടുത്തിടെ നടത്തിയ ചില പഠനങ്ങൾ പ്രകാരം ദൈവവിശ്വാസം നിറഞ്ഞ അന്തരീക്ഷത്തിൽ ജീവിക്കുന്നവർക്ക് ദീർഘായുസ്സും സന്തോഷവും ഉണ്ടാവും എന്നാണ്. ആളുകൾക്ക് ആയുസ് കൂടുതലുള്ള പ്രദേശങ്ങളിൽ നടത്തിയ പഠനങ്ങളിലാണ് ഇക്കാര്യം വ്യക്തമായിരിക്കുന്നത്. ആഴ്ചയിൽ ഒരിക്കലെങ്കിലും മതപരമായ ചടങ്ങുകളിൽ പങ്കെടുക്കുന്നവർക്ക് അവിശ്വാസികളെക്കാൾ നാലു മുതൽ പതിനാല് വര്‍ഷം വരെ ആയുസ് കൂടുതലുണ്ടെന്നാണ് തെളിഞ്ഞിരിക്കുന്നത്. ഇതിന് പ്രധാനമായും നാല് കാരണങ്ങളാണുള്ളത്.

1. ആരോഗ്യകരമായ ജീവിതം

മദ്യം, മയക്കുമരുന്ന് പോലുള്ളവയുടെ ഉപയോഗം, വിവാഹേതരബന്ധം പോലുള്ള ശാരീരിക-മാനസിക ആരോഗ്യത്തെ തകര്‍ക്കുന്ന പ്രവര്‍ത്തികൾ ഒരു മതവും പ്രോത്സാഹിപ്പിക്കുന്നില്ല. മാത്രവുമല്ല, ആരോഗ്യം സന്തുലിതമാക്കുന്നതിന് സഹായകമായ ഉപവാസവും മിക്ക മതങ്ങളുടെയും ഭാഗമാണ്. ഇക്കാരണങ്ങളാൽ തന്നെ മതവിശ്വാസികളായ വ്യക്തികളുടെ ആരോഗ്യം എപ്പോഴും മികച്ചതായിരിക്കും.

2. കുറഞ്ഞ ഉത്കണ്ഠയും ആശങ്കയും

ധ്യാനം, പ്രാർത്ഥന, കൗൺസിലിംഗ്, കുമ്പസാരം പോലുള്ള പ്രവർത്തികളിലൂടെ എല്ലാ മതവിഭാഗങ്ങളും വിശ്വാസികളുടെ മാനസികാരോഗ്യം കാത്തുസൂക്ഷിക്കാൻ പരിശ്രമിക്കുന്നുണ്ട്. അതുകൊണ്ടു തന്നെ അമിത സമ്മര്‍ദം, ആകുലത എന്നിവ ഇക്കൂട്ടരെ പിടികൂടുന്നില്ല.

3.  ജീവിതത്തിന് വ്യക്തമായ ലക്ഷ്യം

എന്റെ ജീവിതത്തിന് അർത്ഥവും ഭംഗിയുമുണ്ടെന്ന് ഓരോ മതവിഭാഗവും തങ്ങളുടെ വിശ്വാസികളെ പഠിപ്പിക്കാൻ ശ്രമിക്കുന്നുണ്ട്. പരസ്നേഹവും പരോപകാരവും പ്രോത്സാഹിപ്പിച്ചു കൊണ്ടാണത്. കുടുംബത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും മതം വ്യക്തമായി പഠിപ്പിക്കാറുണ്ടല്ലോ.

4. സമൂഹജീവിതം

ഏതെങ്കിലും മതത്തോട് ബന്ധപ്പെട്ടിരിക്കുമ്പോൾ സമൂഹജീവിതവും നയിക്കേണ്ടതായി വരും. അതുവഴിയായി നല്ല ബന്ധങ്ങളും സൗഹൃദങ്ങളും ലഭിക്കും. ഇവയെല്ലാം ഒരു മനുഷ്യന്റെ സന്തോഷത്തിനും മാനസികാരോഗ്യത്തിനും അത്യന്താപേക്ഷിതമായിരിക്കെ ഇതുവഴിയായും ദീർഘായുസ്സ് സ്വന്തമാക്കാൻ മതവിശ്വാസം നമ്മെ സഹായിക്കും.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

അഭിപ്രായങ്ങൾ