നിങ്ങളുടെ കുഞ്ഞുങ്ങള്‍ക്ക്‌ സ്വര്‍ഗ്ഗീയസംരക്ഷണം ആവശ്യമാണോ..? എങ്കില്‍ ഈ വിശുദ്ധരിലേയ്ക്ക് തിരിയാം

    കുഞ്ഞുങ്ങള്‍ ദൈവത്തിന്റെ ദാനമാണ്. അവരെ ദൈവത്തിന് ഇഷ്ടമായ വിധത്തില്‍ വളര്‍ത്തുക എന്ന കടമയാണ് മാതാപിതാക്കള്‍ക്കുള്ളത്. അതിനാല്‍ തന്നെ മക്കളെ വിശ്വാസത്തിലും വിശുദ്ധിയിലും വളര്‍ത്തുവാന്‍ മാതാപിതാക്കള്‍ക്കുള്ള ഉത്തരവാദിത്വം വളരെ വലുതാണ്‌.

    കുഞ്ഞുങ്ങള്‍ ജീവിതത്തില്‍ വരുന്നതോടുകൂടി മാതാപിതാക്കളുടെ ലോകം സന്തോഷത്താല്‍ നിറയുന്നു. പിന്നീടുള്ള അവരുടെ സന്തോഷവും സ്വപ്നങ്ങളും എല്ലാം കുഞ്ഞുങ്ങളെ ചുറ്റിപ്പറ്റിയാണ്. അവര്‍ ആയിരിക്കുന്ന ഇടങ്ങളില്‍ എല്ലാം സുരക്ഷിതരായിരിക്കുമോ എന്ന ചിന്തയാണ് മാതാപിതാക്കളെ ഏറ്റവും കൂടുതല്‍ ആകുലപ്പെടുത്തുന്നത്. കുഞ്ഞുങ്ങളുടെ വളര്‍ച്ചയില്‍, അവരുടെ ഓരോ പ്രായത്തിലും അവര്‍ക്ക് ആവശ്യമായ മധ്യസ്ഥം വഹിച്ചു പ്രാര്‍ത്ഥിക്കുന്നതിനായി ഓരോ വിശുദ്ധര്‍ ഉണ്ട്. ഇവരുടെ മധ്യസ്ഥതയില്‍ കുഞ്ഞുങ്ങളെ സമര്‍പ്പിക്കുന്നതിലൂടെ അവര്‍ക്ക് സ്വഗ്ഗീയമായ സംരക്ഷണം ഉറപ്പുവരുത്താം. ആ വിശുദ്ധര്‍ ഇതാ…

    1. കുഞ്ഞുങ്ങള്‍ക്കായി ടോളന്റിനോയിലെ വിശുദ്ധ നിക്കോളാസ്

    മാതാപിതാക്കള്‍ക്ക് പ്രായമേറിയപ്പോഴാണ് നിക്കോളാസ് ജനിക്കുന്നത്. ഉദരത്തില്‍ കുഞ്ഞ് ഉരുവായത് അറിഞ്ഞ നിമിഷം മുതല്‍ മാതാപിതാക്കള്‍ അദ്ദേഹത്തിനായി ധാരാളം പ്രാര്‍ത്ഥിച്ചിരുന്നു. കൂടാതെ വി. നിക്കോളസിന്റെ പക്കലെത്തി തങ്ങളുടെ മകനായി മധ്യസ്ഥം വഹിച്ചു പ്രാര്‍ത്ഥിക്കുകയും ചെയ്തു. ഇതിന്റെ ഫലമായി കുഞ്ഞ് വിശുദ്ധിയില്‍ വളരുകയും പതിനെട്ടാം വയസില്‍ സന്യാസിയാവുകയും ചെയ്തു. കൂടാതെ, അദ്ദേഹം സമാധാനത്തിനായി വര്‍ത്തിച്ച് അറിയപ്പെടുന്ന പ്രഭാഷകനായി മാറി. ടോളന്റിനോയിലെ വി. നിക്കോളാസിനോടുള്ള പ്രാര്‍ത്ഥന കുഞ്ഞുങ്ങൾക്ക് പ്രത്യേകിച്ച്, ജനിച്ചയുടനെ ഉള്ള ശിശുക്കള്‍ക്ക് പ്രത്യേക സംരക്ഷണം നല്‍കും.

    2. പെണ്‍കുട്ടികള്‍ക്കായി ജെനോവയിലെ വിശുദ്ധ കാതറിന്‍

    ആഴമായ പ്രാര്‍ത്ഥനാജീവിതം നയിച്ചിരുന്ന പെണ്‍കുട്ടിയായിരുന്നു കാതറിന്‍. സന്യാസജീവിതം നയിക്കുവാനാണ് താന്‍ തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത് എന്ന് വിചാരിച്ചിരുന്ന അവള്‍ക്ക് ഒടുവില്‍ വിവാഹജീവിതത്തിലേയ്ക്ക് പ്രവേശിക്കേണ്ടി വന്നു. അവളുടെ ആഴമായ പ്രാര്‍ത്ഥനാജീവിതം ഭര്‍ത്താവിനെ മാനസാന്തരത്തിലേയ്ക്കും വിശ്വാസത്തിലേയ്ക്കും നയിച്ചു. ഒപ്പംതന്നെ രോഗബാധിതരായ ആളുകളെയും പാവങ്ങളെയും അവള്‍ ശുശ്രൂഷിച്ചു.

    3. ആണ്‍കുട്ടികള്‍ക്കായി വിശുദ്ധ ഡോണ്‍ ബോസ്കോ

    വളരെ ചെറുപ്രായത്തില്‍ തന്നെ അച്ഛനില്ലാതായ വ്യക്തിയാണ് വി. ഡോണ്‍ ബോസ്കോ. തന്നാലാകുംവിധം എല്ലാ സഹായവും തന്റെ ഭവനത്തിനായി ചെയ്ത ഡോണ്‍ ബോസ്കോയ്ക്ക് കുട്ടികളോട് വലിയ ഒരു സ്നേഹം ഹൃദയത്തില്‍ ഉണ്ടായിരുന്നു. ആ സ്നേഹമാണ് ആണ്‍കുട്ടികളുടെ ഇടയില്‍ സേവനം ചെയ്യുവാനും അവര്‍ക്ക് ശരിയായ വിദ്യാഭ്യാസം നല്‍കുവാനും ഒരു സന്യാസ സമൂഹം തുടങ്ങുന്നതിനും അദ്ദേഹത്തെ പ്രേരിപ്പിച്ചത്.

    4. എല്ലാ കുട്ടികള്‍ക്കുമായി വിശുദ്ധ യൗസേപ്പിതാവ്

    ഉണ്ണീശോയെ-ദൈവപുത്രനെ വളർത്തിയ യൗസേപ്പിതാവിനോളം മാതൃക ജീവിതത്തിലൂടെ പകർന്ന മറ്റൊരു വിശുദ്ധൻ ഇല്ല. ദൈവത്തിന്റെ കല്പനയെ അക്ഷരംപ്രതി അനുസരിച്ച വി. യൗസേപ്പിതാവ് ലോകം മുഴുവനുമുള്ള എല്ലാ പ്രായക്കാരായ കുട്ടികൾക്കുമായി ദൈവതിരുമുമ്പിൽ മാധ്യസ്ഥ്യം വഹിക്കും.