യുനെസ്‌കോ പൈതൃക പട്ടികയില്‍ ഇടംപിടിച്ച്, പുണ്യവീഥി വിയ ഫ്രാന്‍സിജേനിയ

ഇംഗ്ലണ്ടിലെ കാന്റര്‍ബറിയില്‍ നിന്നു തുടങ്ങി റോമാ നഗരംവരെ നീളുന്ന ആയിരം വര്‍ഷങ്ങള്‍ക്കുമേല്‍ പഴക്കമുള്ള നടപ്പാത ‘വിയ ഫ്രാന്‍സിജേനിയ’ യുനെസ്‌കോയുടെ സാംസ്‌കാരിക പൈതൃക പട്ടികയിലേക്ക്.

ഇംഗ്ലണ്ട്, ഫ്രാന്‍സ്, സ്വിറ്റസര്‍ലണ്ട് ഇറ്റലി എന്നീ രാജ്യാതിര്‍ത്തികള്‍ കടന്നാണ് വളഞ്ഞുതിരിഞ്ഞു 2000 കി. മീ. ദൈര്‍ഘ്യമുള്ള ഈ തീര്‍ത്ഥാടനവഴി റോമിലെത്തുന്നത്. വിദ്യാഭ്യാസത്തിനും ശാസ്ത്രപുരോഗതിക്കും സാംസ്‌കാരിക കാര്യങ്ങള്‍ക്കുമായുള്ള യു.എന്‍. സ്ഥാപനം ‘യുനേസ്‌കൊ’യാണ് (UNESCO) ആഗോളതലത്തില്‍ അതിപുരാതനമായ ഈ വഴി ഒരു സ്മാരകവും സാംസ്‌കാരിക പൈതൃകവുമാക്കി സംരക്ഷിക്കാന്‍ പോകുന്നത്. രാജ്യങ്ങള്‍ അവരുടെ രേഖകളും സമ്മതിയും യുനേസ്‌ക്കോയ്ക്കു നല്കുന്ന ഔദ്യോഗിക ക്രമങ്ങള്‍ ആഗസ്റ്റ് 20ന് ആരംഭിച്ചു.

ആയിരക്കണക്കിന് തീര്‍ത്ഥാടകരും, കച്ചവടക്കാരും, ജൊവാന്‍ ഓഫ് ആര്‍ക്ക്, ക്യാതറീന്‍ ഓഫ് സീയെന്ന തുടങ്ങിയ പുണ്യാത്മാക്കളും കാല്‍നടയായും കുതിരപ്പുറത്തും കഴുതപ്പുറത്തും സഞ്ചരിച്ചിട്ടുള്ള പാതയാണ് ഇന്നും തീര്‍ത്ഥാടകര്‍ക്ക് പ്രിയപ്പെട്ട ‘വിയ ഫ്രാന്‍സിജേന’. ബ്രിട്ടണ്‍, ഫ്രാന്‍സ്, സ്വിറ്റ്‌സര്‍ലണ്ട് രാജ്യങ്ങളുടെ അതിര്‍ത്തികള്‍ കടന്ന് വടക്കെ ഇറ്റലിയിലെ എമീലിയോ റൊമാഞ്ഞാ പ്രവിശ്യ, ലൊമ്പാര്‍ജി, പിയെഡ്‌മോണ്ട്, ലിഗൂറിയ, ലാസ്സിയോ, വാലെ ദി അയോസ്ത, തസ്‌കണി എന്നിവ താണ്ടിയാണ് റോമാ നഗരത്തില്‍ എത്തുന്നത്. പുരാതന വഴി കടന്നുപോകുന്ന നാലു രാജ്യങ്ങളും യുനേസ്‌ക്കൊ സാംസ്‌കാരിക പൈതൃകപദ്ധതിയെ പിന്‍തുണയ്ക്കുന്നുണ്ട്.

യൂറോപ്പിന്റെ വടക്കന്‍ പ്രവിശ്യയിലൂടെ നീങ്ങുന്ന ഈ തീര്‍ത്ഥാടനവഴിയില്‍ ദൃശ്യമാകുന്ന അതിമനോഹരമായ പ്രകൃതിയും, പുരാതന ദേവാലയങ്ങളും ബസിലിക്കകളും, പുരാതനമായ വാസ്തുഭംഗിയുള്ള വീടുകളും, ചരിത്രസ്മാരകങ്ങളും, പഴയ സാങ്കേതികതയില്‍ പണിതീര്‍ത്ത പാലങ്ങളും, വഴിവിളക്കുകളും, മനോഹരമായ പ്രതിമകളും, ജലധാരകളും ‘ഫ്രാന്‍സിജേന വഴി’യെ സവിശേഷവും ചരിത്രപ്രാധാന്യമുള്ളതും പ്രിയങ്കരവുമാക്കുന്നു. നിത്യനഗരമായ റോമിലും, ആഗോള കത്തോലിക്കാ സഭയുടെ പരമാദ്ധ്യക്ഷനായ വിശുദ്ധ പത്രോസിന്റെ പിന്‍ഗാമിയായ പാപ്പായുടെയും സവിധത്തില്‍ എത്തിച്ചേരും മുന്‍പ് ഇറ്റലിയിലൂടെ മാത്രം സഞ്ചരിക്കുമ്പോള്‍ ഫ്രാന്‍സിജേന വഴിയില്‍ 350 അതിവിശിഷ്ടവും പുരാതനവുമായ ചരിത്രസ്മാരകങ്ങള്‍ കാണാമെന്നതും ശ്രദ്ധേയമാണ്.