പ്രായമായവരിൽ നിന്ന് ജീവിതപാഠങ്ങൾ ഉൾക്കൊള്ളാം

ലോക വയോജനദിനം – പ്രായമായവർ നമ്മുടെ ജീവിതത്തിൽ വഹിക്കുന്ന വലിയ പ്രാധാന്യത്തെയാണ് ഇത് എടുത്തുകാണിക്കുന്നത്. പ്രായമായവരുടെ വിലയേറിയ ശബ്ദം തിരിച്ചറിയുന്നതിൽ സമൂഹത്തിലെ കൂടുതൽ പരിചയസമ്പന്നരായ ഈ അംഗങ്ങൾ നമുക്ക് വഴികാണിക്കുന്നത് എത്ര മഹത്തരമാണെന്ന് നമ്മെ ഓർമ്മപ്പെടുത്തുന്നു. നമ്മുടെ മുതിർന്നവർക്ക് എത്രമാത്രം ഉൾക്കാഴ്ചയും ധൈര്യവും ഉണ്ടായിരുന്നു എന്നുള്ളതിന്റെ തെളിവുകൾ അവരുടെ ജീവിതം തന്നെയാണ്. അതിനാൽ നാളെയ്ക്കുള്ള നമ്മുടെ വെളിച്ചം അവരുടെ ജീവിതത്തിൽ നിന്നുമാകട്ടെ. അവർ നൽകുന്ന ചില പാഠങ്ങളാണ് ചുവടെ ചേർക്കുന്നത്.

1. വിവാഹത്തിന്റെ ലാളിത്യം

സ്നേഹത്തിൽ ഒന്നുചേരാനുള്ള വലിയ വിളിയാണ് വിവാഹം. അവർ നയിച്ച ജീവിതത്തിലെ സഹനങ്ങളും കഷ്ടതകളും നാളേക്കുള്ള വലിയ പ്രത്യാശയായിരുന്നു. പ്രാർത്ഥനയും സ്നേഹവും മാത്രം കൈമുതലായിരുന്ന അവരുടെ ഇടയിൽ വിള്ളലുകളുണ്ടാക്കാന്‍ ഒരു ബാഹ്യശക്തിക്കും സാധിച്ചിരുന്നില്ല. വിശ്വസ്തതാപൂർവ്വം അവരുടെ ജീവിതം വിശ്വാസത്തിൽ അധിഷ്ഠിതമാക്കി മാറ്റി. വിവാഹജീവിതത്തിൽ അവർ നമുക്ക് നൽകുന്ന ഏറ്റവും വലിയ മാതൃക ഈ സ്നേഹവും വിശ്വാസവും തന്നെയാണ്.

2. രക്ഷാകര്‍തൃത്തിൽ ആനന്ദിക്കുക

ഒന്നോ, രണ്ടോ കുഞ്ഞുങ്ങൾ മാത്രമുള്ള ഇന്നത്തെ കാലഘട്ടത്തിൽ ഒരു വീട്ടിൽ പത്തും പന്ത്രണ്ടും മക്കൾ ഉണ്ടായിരുന്ന കാലമുണ്ടായിരുന്നു. സാമ്പത്തികഭദ്രത എന്താണെന്നുപോലും അറിയാതിരുന്ന ആക്കാലഘട്ടത്തിൽ മക്കളെ ദൈവത്തിങ്കലേക്കു മാത്രം ഏല്പിച്ചുകൊടുത്തു കൊണ്ടായിരുന്നു മാതാപിതാക്കളുടെ ജീവിതം. എങ്കിലും അവരിൽ ഒരാൾ പോലും മോശം വഴിയിൽ ചരിച്ചിരുന്നില്ല. വലിയ വീടില്ലെങ്കിലും അടിസ്ഥാന സൗകര്യങ്ങളില്ലെങ്കിലും വലിയ കുടുംബത്തിൽ അവർ ആനന്ദം കൊണ്ടിരുന്നു. മക്കളായിരുന്നു അവരുടെ സമ്പത്ത്. നമ്മുടെ മക്കളിൽ ആനന്ദിക്കാന്‍ നമുക്കും ശീലിക്കാം.

3. ഭാവാത്മകതയോടെ ആയിരിക്കുക

ജീവിതത്തെ പ്രത്യാശയുടെ ഒരു പുഷ്പമായി കാണുക. നാളെ വാടിപ്പോയേക്കാമെങ്കിലും ഇന്ന് സൗരഭ്യം പരത്താന്‍ സാധിക്കുന്ന ഒന്നാണ് അതെന്ന് മനസിലാക്കുക. കൊടും വരൾച്ചയിലും പ്രതികൂല കാലാവസ്ഥയിലും ഇല്ലാതായിപ്പോകാതെ വളർന്നുപുഷ്പിക്കുന്ന പൂക്കൾക്ക് സൗന്ദര്യവും സൗരഭ്യവും അല്പം കൂടുതലായിരിക്കും. ജീവിതവും അങ്ങനെ തന്നെയാണ്. ആയതിനാൽ വിഷമതകൾ ജീവിതത്തിൽ ഇരുൾ പരത്തുമ്പോൾ നാളെ ഒരു പ്രഭാതത്തിൽ അതിമനോഹരമായി വിടരേണ്ടുന്നവരാണ് നാം എന്ന് ഓർമ്മയിൽ വയ്ക്കുക. പ്രതീക്ഷയും ആത്മവിശ്വാസവും കൈവെടിയാതിരിക്കുക.

4. സ്നേഹമാകട്ടെ ഏറ്റവും വലിയ പ്രചോദനം

വീട്ടിലെ മുതിർന്ന മാതാപിതാക്കളും കൊച്ചുമക്കൾക്കുമിടയിൽ ഒരു വലിയ സൗഹൃദാന്തരീക്ഷം സ്ഥാപിച്ചെടുക്കേണ്ടതുണ്ട്. അവരുടെ ഉള്ളിലെ നന്മകളും പ്രാർത്ഥനയും നമ്മുടെ കുഞ്ഞുങ്ങളിലേക്കെത്തിക്കാന്‍ മറ്റൊരു മികച്ച മാർഗ്ഗം ഇല്ല തന്നെ. നാം ചൊല്ലിപ്പഠിപ്പിക്കുവാൻ ബുദ്ധിമുട്ടുന്ന പലതും സ്നേഹമെന്ന ഒരു ആംഗ്യത്തിലൂടെ പഠിപ്പിക്കാന്‍ അവർക്കറിയാം. പങ്കുവക്കലിന്റെയും നിസ്വാർത്ഥ സ്നേഹത്തിന്റെയും വിത്തുകൾ കുഞ്ഞുഹൃദയത്തിൽ പാകാന്‍ അവർക്കല്ലാതെ മറ്റാർക്കും കഴിയും!

5. പ്രായത്തെ ഒരു പരിധിയായി കാണാതിരിക്കുക

ആരോഗ്യപരമായ ഒരുപാട് പ്രശ്നങ്ങൾ ഉണ്ടാകാമെങ്കിലും അവരുടെ അനുഭവങ്ങളെയും ജ്ഞാനത്തെയും നാം മാനിക്കണം. കഴിഞ്ഞ കാലത്തിൽ അവർക്കുണ്ടായ അനുഭവങ്ങളുടെ ആകെത്തുകയാണ് അവരുടെ വ്യക്തിത്വം. അവർ നമുക്കായി സമ്പാദിച്ച അനുഭങ്ങളാണ് ഇന്ന് നാം ആയിരിക്കുന്ന അവസ്ഥ. അതിനാൽ തന്നെ അവരുടെ പ്രായത്തെ ബഹുമാനിക്കുക. അവർ നമുക്കായി നൽകിയ എല്ലാ നന്മകളെയും വിലമതിക്കുക.

6. സഹാനുഭൂതി ഉള്ളവരാകുക

പരസ്പരം സ്നേഹിക്കേണ്ടതിന്റെയും സംരക്ഷിക്കപ്പെടേണ്ടതിന്റെയും ആവശ്യകത നമ്മെ പഠിപ്പിച്ചത് അവരാണ്. നമ്മുടെ മുതിർന്നവർ നമ്മെ സ്നേഹിക്കാനും ശുശ്രൂഷിക്കാനും കാണിച്ച ആ ധൈര്യത്തെയും വലിയ വിളിയെയും നാം എക്കാലവും ഓർത്തിരിക്കണം. സ്നേഹം എന്തെന്ന് പഠിപ്പിച്ചുതരുന്ന അവരോടും നമുക്ക് കരുണയുള്ളവരായിരിക്കാം. സഹാനുഭൂതി എന്ന വലിയ ഗുണത്തെ നമ്മുടെ ഉള്ളിൽ നിറച്ച അവരെയും നമുക്ക് ആ ഒരു കണ്ണുകളോടു കൂടി കാണാം. നമുക്ക് നൽകിയതിന്റെ ഇരട്ടി സ്നേഹം പ്രതിഫലമായി കൊടുക്കുന്നത് നമ്മുടെ മക്കളും കാണട്ടെ, എന്നാലല്ലേ നാളെയൊരിക്കൽ നമുക്കും ഇതൊക്കെ അനുഭവിക്കാനാകൂ.

7. എപ്പോഴും വിശ്വാസമുള്ളവരായിരിക്കുക

ദൈവത്തിലുള്ള ഉറപ്പു മാത്രമേ നമ്മുടെ മുതിർന്ന മാതാപിതാക്കൾക്ക് ഉണ്ടായിരുന്നുള്ളൂ. അന്നത്തെ ജീവിതസാഹചര്യങ്ങളെ ദൈവികമായ ഒരു കാഴ്ചപ്പാടോടെ മാത്രമേ അവർക്ക് കാണാന്‍ സാധിച്ചിരുന്നുള്ളൂ. ആ ഒരു വിശ്വാസമാണ് അവരുടെ പ്രത്യാശയുടെ അടിസ്ഥാനവും. ആയതിനാൽ നമ്മുടെ വിശ്വാസവും അചഞ്ചലമായിരിക്കട്ടെ. ജീവിതത്തിൽ എത്ര വലിയ പ്രതിസന്ധി വന്നാലും അവിടുന്ന് നോക്കിക്കൊള്ളുമെന്ന ആ വലിയ ഉറപ്പാണ് നമുക്ക് ആവശ്യം. അതിനായി എന്നും പ്രാർത്ഥനാപൂർവ്വം നമ്മുടെ ദിനം ആരംഭിക്കുകയും അവസാനിപ്പിക്കുകയും ചെയ്യാം.

സുനീഷ നടവയല്‍

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.